കര്പ്പൂരമനലേ യദ്വത്
സൈന്ധവം സലിലേ യഥാ
തഥാ സന്ധീയമാനം ച
മനസ്തത്വേ വിലീയതേ 4 51
തീയിലിട്ട കര്‍പ്പൂരം പോലെ, വെള്ളത്തിലിട്ട ഉപ്പുകട്ട പോലെ തത്വത്തില്‍ മനസ്സു ലയിക്കും.
സമാധിയിലെ മനസ്സിന്റെ അവസ്ഥയാണ് പറഞ്ഞു വന്നത്. നമ്മള് ഒരു ഉപ്പു കട്ടയാണെന്നു വിചാരിക്കുക. അത് വെള്ളത്തിലിടുന്നു. നാം അലിഞ്ഞ് വെള്ളത്തിന്റെ ഭാഗമായിത്തീരുന്നു. ഉപ്പു കട്ട എന്ന അവസ്ഥ പോയി. എന്നാല്‍ അതിന്റെ ഗുണം, ഉപ്പുരസം, മണം ഇവ നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ പ്രത്യേക അസ്തിത്വം ഇല്ലാതായി. അതുപോലെ വ്യക്തിമനസ്സിലെ വ്യതിരിക്ത ബോധം ഇല്ലാതാവും. ‘തത് ‘ (അത് വേമേ) എന്ന ബോധം, തത് ത്വം മാത്രം ബാക്കിയാവും.
ജ്ഞേയം സര്‍വം പ്രതീതം ച
ജ്ഞാനം ച മന ഉച്യതേ
ജ്ഞാനം ജ്ഞേയം സമം നഷ്ടം
നാന്യ: പന്ഥാ ദ്വിതീയകഃ 4 60
അറിയപ്പെടേണ്ടതും അറിഞ്ഞതും അറിവും എല്ലാം മനസ്സാണ്. മനസ്സു ലയിച്ചാല്‍ ജ്ഞാനവും ജ്ഞേയവും ഇല്ലാതാവും. ദ്വൈതമാര്ഗം ഇല്ലാതാവും.
മനസ്സു ലയിച്ചാല്‍ ദ്വൈതവും ഇല്ലാതാവും എന്നാണ് ഇനി മൂന്നു ശ്ലോകം കൊണ്ടു പറയുന്നത്. മനസ്സു കൊണ്ട്, അന്തഃകരണം കൊണ്ടാണ് എല്ലാം അറിയുന്നത്. മനസ്സിന്റെ ഭാവനയാണെല്ലാം. അതു പോയാല്‍ പിന്നെ രണ്ടാമതൊന്നിനെ അറിയാനില്ലാത്ത അവസ്ഥ വരും. ദ്വൈത ബുദ്ധി പോവും എന്നു താല്പര്യം.
പതഞ്ജലി മുനി പറയുന്നു: തെളിഞ്ഞ സ്ഫടികക്കട്ടയുടെ അടുത്തു വെച്ച ചെമ്പരത്തിപ്പൂവിന്റെ നിറം അതിനു കിട്ടും. അതുപോലെ വൃത്തികള്‍ ക്ഷയിച്ച മനസ്സില്‍ കാണുന്നവന്റെയും, കാണപ്പെടുന്നതിന്റെയും കാഴ്ചയുടെയും ഛായ പതിയും, അതായിത്തീരും. ഇതാണ് സമാപത്തി, സമാധിവഴി.
മനോദൃശ്യമിദം സര്‍വം
യത് കിഞ്ചിത് സചരാചരം
മനസോ ഹ്യുന്മനീ ഭാവാത്
ദ്വൈതം നൈവോപലഭ്യതേ 4 61
ഇക്കാണായ ചരാചരങ്ങളായ ജഗത്തെല്ലാം മനസ്സിന്റെ സങ്കല്പം മാത്രമാണ്. മനസ്സ് ലയിച്ചാല്‍ ദ്വൈതമില്ല.
ഇളകുന്നതും ഇളകാത്തതുമായി എന്തൊക്കെ ഈ ലോകത്തിലുണ്ടോ അതെല്ലാം മനസ്സിന്റെ സൃഷ്ടിയാണ്. മനസ്സു കൊണ്ട് കാണുന്ന രീതിയില്‍ അവ പ്രത്യക്ഷപ്പെടും. അവ മനസ്സിന്റെ സങ്കല്പം മാത്രമാണ്. ഒരേ വ്യക്തിയെ പലര് പല തരത്തിലല്ലേ കാണുന്നത്? ഭാര്യ ഭര്‍ത്താവായും മകന് അച്ഛനായും കാണുന്നത് ഒരേ ആളെത്തന്നെ. ദൃഷ്ടിക്കനുസരിച്ച് നമുക്ക് പ്രതീതമാവും. മനസ്സിന്റെ ലയം തന്നെ ഉന്മനീ ഭാവം. അപ്പോള്‍ ഭ്രാന്തി ദര്‍ശനം മറയും. ദ്വൈത പ്രതീതി ഇല്ലാതാവും.
ജ്ഞേയ വസ്തു പരിത്യാഗാത്
വിലയം യാതി മാനസം
മനസോ വിലയേ ജാതേ
കൈവല്യമവശിഷ്യതേ 4 62
ജ്ഞേയ വസ്തുവിനെ ത്യജിച്ചാല്‍ മനസ്സ് ലയിക്കും. മനസ്സിന്റെ ലയമുണ്ടായാല് കൈവല്യം മാത്രം ശേഷിക്കും.
നാമവും രൂപവും ഉള്ള ദൃശ്യ പ്രപഞ്ചത്തെ, ജ്ഞേയ വസ്തുക്കളെ, ഉപേക്ഷിക്കുമ്പോള്‍ മനസ്സ് ശൂന്യമാവും. അത് സച്ചിദാനന്ദ രൂപമായ ആത്മാവില്‍ ലയിക്കും. അതായിത്തീരും. പിന്നെ കേവലം ആത്മാവു മാത്രം, കൈവല്യം മാത്രം അവശേഷിക്കും. ദദ്വൈതം മറയും. അദ്വിതീയമായ ആത്മ സ്വരൂപം മാത്രം ബാക്കിയാവും. അവധൂത ഗീതയില്‍ പറയുന്നു:
‘അദ്വൈതം കേചിദിച്ഛന്തി’ (ചിലര്‍ക്ക് അദ്വൈതം വേണം)’ദ്വൈതമിച്ഛന്തി ചാപരേ’ (മറ്റു ചിലര്‍ക്ക് ദ്വൈതമാണ് വേണ്ടത്) എന്നാല്‍ ഇവര്‍ക്കൊന്നും ‘ദ്വൈതാദ്വൈത വിവര്‍ജ്ജിത’ മായ സമ തത്വത്തെ അറിയില്ല. (1 37)
ഏവം നാനാവിധോപായാഃ
സമ്യക് സ്വാനുഭവാന്വിതാഃ
സമാധിമാര്ഗാഃ കഥിതാഃ
പൂര്വാചാരൈ്യര് –
മഹാത്മഭിഃ4 63
ഇങ്ങനെ പൂര്‍വ ആചാര്യന്മാരായ മഹാത്മാക്കള്‍ സ്വാനുഭവത്തിലുള്ള പല തരം സമാധി മാര്‍ഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. ‘അന്തര്‍ ലക്ഷ്യം ബഹിര്‍ ദൃഷ്ടിഃ ‘ എന്ന് 36ാമത്തെ ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ട്. പുറത്തു ദൃഷ്ടിയും ഉള്ളില്‍ സുഷുമ്നാ മധ്യത്തിലെ ചക്രത്തില്‍ ലക്ഷ്യവും ആയുള്ള സമാധി പരിശീലനത്തിലൂടെ ശുദ്ധമായ അന്ത:ക്കരണത്തോടെയിരിക്കുന്നവനാണ് മഹാത്മാവ്. മത്സ്യേന്ദ്രാദികളെയാണിവിടെ പൂര്വാചാര്യന്മാരായ മഹാത്മാക്കളായി പറയുന്നത്. അവര്‍ പല തട്ടിലുള്ള ജനങ്ങള്‍ക്കു പറ്റിയ തരത്തില്‍ വിവിധങ്ങളായ യോഗമാര്‍ഗങ്ങള്‍ സ്വാനുഭവത്തിലൂടെ കണ്ടെത്തി രേഖപ്പെടുത്തി വെച്ചു. മനുഷ്യകുലത്തോടുള്ള അവരുടെ വാത്സല്യമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: