കൊച്ചി: ആളും ആവനാഴിയും സജ്ജമായി. ചാണക്യതന്ത്രങ്ങള്‍ മെനഞ്ഞ് പരിശീലകരും അവസാവനഘട്ട ഒരുക്കത്തില്‍. നാളെ അറബിക്കടലിന്റെ തിരുമുറ്റത്ത് ഐഎസ്എല്‍ ആറാം പതിപ്പിന് കൊടിയേറ്റം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും എടികെയും ഏറ്റുമുട്ടും.
കഴിഞ്ഞ സീസണില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ആരാധകര്‍ വരെ കൈവിട്ട ബ്ലാസ്റ്റേഴ്സിന് ഈ മത്സരം തിരിച്ചുവരവിന്റെ സീസണാകുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ അഞ്ച് സീസണുകളില്‍ രണ്ട് തവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം നേടാന്‍ കഴിയാതിരുന്നവരാണ് ബ്ലാസ്റ്റേഴ്സ്. മാത്രമല്ല ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന പ്രകടനം നടത്താനും കഴിഞ്ഞില്ല. അതിനെല്ലാം പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ ഇറങ്ങുന്നത്. മുന്‍ സീസണില്‍ കണ്ട ടീമിനെയാവില്ല ഇത്തവണ കളിക്കളത്തില്‍ കാണുകയെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് എല്‍കോ ഷെല്ട്ടോരി പറഞ്ഞു കഴിഞ്ഞു. മഞ്ഞപ്പട ആരാധകര്‍ പോയ സീസണ് മറന്ന് നാളത്തെ ആദ്യ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തണമെന്ന് ക്ലബ് അധികൃതരും പറഞ്ഞു.
ബെംഗളൂരു എഫ്സിയാണ് നിലവിലെ ചാമ്പ്യന്മാര്. രണ്ട് വര്‍ഷം മുന്‍പ് ഐഎസ്എല്ലില്‍ കളിക്കാനിറങ്ങിയ അവര്‍ രണ്ട് തവണയും ഫൈനലില്‍ കളിച്ചു. 2017-18-ല്‍ ചെന്നൈയിന് എഫ്സിയോട് തോറ്റപ്പോള്‍ കഴിഞ്ഞ വര്‍ഷം ഗോവ എഫ്സിയെ തോല്‍പ്പിച്ച് ആദ്യ കിരീടം സ്വന്തമാക്കി.
ഇത്തവണ ചില മാറ്റങ്ങളുമായാണ് ഐഎസ്എല്‍ തുടങ്ങുന്നത്. ഐ ലീഗിനെ പിന്തള്ളി ഐഎസ്എല്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ലീഗായി മാറി. ഐഎസ്എല്‍ ജേതാക്കള്‍ക്ക് ഏഷ്യയിലെ ഒന്നാം നിര ക്ലബ് ചാമ്പ്യന്‍ഷിപ്പായ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്ലേഓഫില്‍ കളിക്കാം. ഐലീഗ് ജേതാക്കള്‍ എഎഫ്സി കപ്പ് പ്ലേഓഫിനു യോഗ്യത നേടും.
ഇത്തവണയും പത്ത് ടീമുകളാണ് കിരീടം ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടീമുകള്‍ എല്ലാം ഇത്തവണയില്ല. ബ്ലാസ്റ്റേഴ്സ്, എടികെ, ബെംഗളൂരു, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ്സി ഗോവ, ചെന്നൈയിന് എഫ്സി, മുംബൈ എഫ്സി, ജംഷഡ്പൂര്‍ എഫ്സി, ദല്‍ഹി ഡൈനാമോസ്, പൂനെ സിറ്റി എഫ്സി ടീമുകളാണ് കഴിഞ്ഞ സീസണില്‍ പങ്കെടുത്തത്. ഇതില്‍ ദല്‍ഹിയും പൂനെയും ഒഴികെയുള്ള ടീമുകള്‍ ഇത്തവണയും കളത്തിലുണ്ട്. 10 സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 ടീമുകളാണ് കളത്തിലിറങ്ങുന്നത്.
പുനെ സിറ്റി എഫ്സിക്കു പകരം ഹൈദരാബാദിന്റെ ഫുട്ബോള്‍ വേരോട്ടമുള്ള മണ്ണില്‍ നിന്നാണ് ആറാമൂഴത്തിലെ ഒരു ടീം ഹൈദരാബാദ് എഫ്സി. ജി.എം.സി. ബാലയോഗി അത്ലറ്റിക് സ്റ്റേഡിയമാണ് അവരുടെ ഹോം ഗ്രൗണ്ട്. ദല്‍ഹിയിലെ തലസ്ഥാനത്തിരക്കില് നിന്നു ഡൈനാമോസും ഇക്കുറി കൂട് മാറി. പഴയ ഡല്‍ഹി ടീം ഇനി ഒഡീഷ എഫ്സിയാണ്. പുതിയ വേദി ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയവും.
10 ഫ്രാഞ്ചൈസികള്‍ എന്നതിലുപരി 10 സംസ്ഥാനങ്ങളുടെ ബാനറില്‍ നിറയുന്ന ഐഎസ്എല്‍ ആറാം പതിപ്പിലെ ടീമുകളിലും കാണാം അടിമുടി മാറ്റം. നിലവിലെ ചാമ്പ്യന്മാരെന്ന പേരുണ്ടായിട്ടും ബെംഗളൂരു എഫ്സി പോലും ടീമിന്റെ ഘടനയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തവണ എത്തുന്നത്. ബ്ലാസ്റ്റേഴ്സും മൊത്തം അഴിച്ചുപണിതാണ് ആറാം സീസണ് ഒരുങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: