ധര്‍മോ ജയതി നാധര്‍മഃ
സത്യം ജയതി നാനൃതം
ക്ഷമാ ജയതി ന ക്രോധോ
വിഷ്ണുര്‍ജയതി നാപരഃ
കൈലാസമന്ദിരത്തിലേക്ക് കടന്നുചെല്ലുന്നവരെ സ്വീകരിക്കുന്നത് ഈ അക്ഷരക്കൂട്ടങ്ങളാണ്. ഈ വരികള്‍ ആരെയും ഉപദേശിക്കാന്‍ എഴുതിയതല്ല. ആയുര്‍വേദത്തെ നെഞ്ചോട് ചേര്‍ത്ത് ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയ വൈദ്യരത്നം പി.എസ്.വാര്യരുടെ ജീവിത വിജയത്തിന്റെ മന്ത്രമാണിത്. ആദ്യം മുതല്‍ അവസാനം വരെ ശീലിച്ചിരുന്നതും പാലിച്ചിരുന്നതുമായ തത്ത്വം. ഈ വരികള്‍ക്കൊപ്പം ഇസ്ലാമിക ഹൈന്ദവ ക്രൈസ്തവ മതങ്ങളെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളും ആ കവാടത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ദരിദ്രനാരായണനായി ജനിച്ച മനുഷ്യനെ, സ്നേഹവൈദ്യനാക്കി മാറ്റിയ അത്ഭുതമന്ത്രം. അവസാന വിജയം ധര്‍മത്തിനും സത്യത്തിനും ക്ഷമയ്ക്കും വിഷ്ണുവിനും ആണെന്നുള്ള മന്ത്രം…അല്ല വിശ്വാസം.
ആയുര്‍വേദമെന്ന പ്രാചീന ശാസ്ത്രത്തെ കെട്ടുറപ്പുള്ളതാക്കി മാറ്റിയ മഹാരഥന് ഇന്നും അദൃശ്യനായി കൈലാസ മന്ദിരത്തിലുണ്ട്. താന്‍ നട്ടുനനച്ച സ്ഥാപനം വടവൃക്ഷമായി വളരുന്നത് ആസ്വദിച്ച് ആ പൂമുഖപ്പടിയില്‍ അദ്ദേഹം നില്‍ക്കുന്നുണ്ട്. കൈലാസമന്ദിരത്തില്‍ അദ്ദേഹം കിടന്ന മുറിയും കട്ടിലും പാദുകങ്ങളും താക്കോലിട്ടാല്‍ മണിയൊച്ച മുഴക്കുന്ന പൂട്ടറയുമെല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ അതിനപ്പുറമാണ് ആ മനുഷ്യസ്നേഹിയുടെ മഹത്വം. അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന കോട്ടക്കലിനൊപ്പം ലോകം മുഴുവനുണ്ട്.
മരായമംഗലത്ത് മങ്കുളങ്ങര രാമവാര്യരുടെയും പന്നിയമ്പള്ളി കുടുംബാംഗമായ കുഞ്ഞിക്കുട്ടി വാരസ്യാരുടെയും മകനായി 1869 മാര്‍ച്ച് 16ന് മീനമാസത്തിലെ അശ്വതി നാളില്‍ ജനനം. ശങ്കരന് എന്നായിരുന്നു പേരെങ്കിലും ശങ്കുണ്ണി എന്ന ഓമനപ്പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. ആദ്യഗുരു കൈക്കുളങ്ങര രാമവാര്യരായിരുന്നു. കോണത്ത് അച്യുതവാര്യരില്‍ നിന്ന് വൈദ്യം പഠിച്ചു. പിന്നീട് കുട്ടഞ്ചേരി അപ്ഫന്‍ മൂസ്സില്‍ നിന്ന് ശിക്ഷണം നേടി. അന്ന് മഞ്ചേരിയില്‍ ഭിഷഗ്വരനായിരുന്ന ദിവാന് ബഹാദൂര്‍ ഡോ.വി.വര്‍ഗ്ഗീസിന്റെ അടുക്കല്‍ കണ്ണുചികിത്സക്ക് പോയതിന് ശേഷം അലോപ്പതിയില്‍ ശങ്കുണ്ണിക്ക് താല്‍പ്പര്യം ജനിച്ചു. അദ്ദേഹത്തോടൊപ്പം താമസിച്ച് അലോപ്പതിയിലും വിജ്ഞാനം നേടി.
ചിന്തകള്‍ ചിട്ടയിലേക്ക്
ഡോ.വി.വര്‍ഗീസിനൊപ്പമുള്ള ആശുപത്രി ജീവിതമാണ് പി.എസ്.വാര്യരുടെ ജീവിതഗതി തന്നെ മാറ്റി മറിച്ചത്. അലോപ്പതി രംഗത്തെ അടുക്കും ചിട്ടയും അദ്ദേഹത്തെ ആഴത്തില്‍ ചിന്തിപ്പിച്ചു. ആയുര്‍വേദത്തിലും ഇതേ രീതി തുടരാന്‍ കഴിയുമോയെന്ന ചിന്തയാണ് കോട്ടക്കല്‍ ആര്യവൈദ്യശാല ഇന്നത്തെ അവസ്ഥയിലേക്ക് എത്താന്‍ കാരണം. വൈദ്യന് രോഗിയുടെ വീട്ടിലെത്തി പെട്ടെന്ന് കിട്ടുന്ന പച്ചമരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കുന്ന രീതി മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. രോഗനിര്‍ണയത്തിനും മറ്റും താന്‍ നേടിയെടുത്ത ആധുനികവിജ്ഞാനം അദ്ദേഹം പ്രയോജനപ്പെടുത്തി. അദ്ദേഹത്തിന്റെ ചികിത്സാരീതികള്‍ ക്രമേണ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. പക്ഷേ പൂര്‍ണമായൊരു മാറ്റമുണ്ടാവണമെങ്കില്‍ ആദ്യം വേണ്ടത് നല്ല അറിവുള്ള വൈദ്യന്മാരാണെന്ന തിരിച്ചറിവിലേക്ക് അദ്ദേഹമെത്തി. ശാസ്ത്രീയമായി ആയുര്‍വേദ ചികിത്സ പഠിപ്പിക്കുന്ന ഒരു സ്ഥാപനം – അതായിരുന്നു പ്രധാന ലക്ഷ്യം. അതിന് പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പലതവണ പരാജയപ്പെട്ടെങ്കിലും ദൃഢനിശ്ചയത്തോടെയുള്ള പ്രയത്നം ഫലം കണ്ടു. അങ്ങനെ ആരംഭിച്ച ആയുര്‍വേദ പാഠശാലയാണ് പിന്നീട് ആയുര്‍വേദ കോളേജായി മാറിയത്. ഇതോടെ തലമുറകളായി കൈമാറി വന്നിരുന്ന നാട്ടുവൈദ്യരീതി അവസാനിച്ചു. ആയുര്‍വേദ ചികിത്സാവിധികള്‍ ശാസ്ത്രീയമായി അഭ്യസിക്കാന്‍ ഒരുപാട് പേര് മുന്നോട്ട് വന്നു.
വിജ്ഞാപനത്തിലെ ആഹ്വാനം
1902 ഒക്ടോബര്‍ 12 വിജയദശമി ദിവസമാണ് കോട്ടക്കല്‍ ആര്യവൈദ്യശാല പ്രവര്‍ത്തനം ആരംഭിച്ചത്. ചെറിയൊരു കെട്ടിടത്തിലാണെങ്കിലും ദക്ഷിണേന്ത്യയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആദ്യം ആരംഭിച്ച ഔഷധ നിര്‍മാണശാലയായിരുന്നു അത്. കുറി പിരിച്ചുണ്ടാക്കിയ 500 രൂപയായിരുന്നു മുടക്കുമുതല്‍. പി.എസ്.വാര്യരെ കൂടാതെ ആകെയുണ്ടായിരുന്നത് ഒരു സഹായി മാത്രം. തുടക്കം ചെറുതായിരുന്നെങ്കിലും ലക്ഷ്യം വളരെ വലുതായിരുന്നു. ആര്യവൈദ്യശാല ആരംഭിക്കുന്നതിനെപ്പറ്റി ഒരു സുദീര്‍ഘമായ വിജ്ഞാപനം അദ്ദേഹം പൊതുജനസമക്ഷം സമര്‍പ്പിച്ചു. ആയുര്‍വേദത്തിന്റെ നവോത്ഥാനത്തിനായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ഒരു ആഹ്വാനം കൂടിയായിരുന്നു അത്. ആയുര്‍വേദത്തിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണരേഖയായി അത് മാറി.
വൈദ്യന്മാരുടെ സംഘടന
ആയുര്‍വേദത്തിന്റെ നവോത്ഥാന നായകനെന്ന് പി.എസ്.വാര്യരെ വെറുതെ വിശേഷിപ്പിക്കുന്നതല്ല. ഈ ശാസ്ത്രശാഖയെ പരിപോഷിപ്പിക്കാന്‍ അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണത്. ആയുര്‍വേദത്തിന്റെ അഭിവൃദ്ധിക്കായി അദ്ദേഹം തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തു. ആ പ്രവര്‍ത്തനങ്ങളിലൊന്ന് മാത്രമായിരുന്നു ആര്യവൈദ്യശാലയും. വൈദ്യന്മാരുടെ സംഘടന സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം മറ്റൊരു ചരിത്രം രചിച്ചത്. ആയുര്‍വേദത്തിന്റെ ഉദ്ധാരണമെന്നത് താന്‍ മാത്രം ചെയ്യേണ്ടതല്ലെന്നും അതിനൊരു കൂട്ടായ്മ ആവശ്യമാണെന്നും അദ്ദേഹം തിരിച്ചറിയുകയായിരുന്നു. 1903 ജനുവരിയില്‍ ‘ആര്യവൈദ്യസമാജം’ എന്ന സംഘടനയുടെ പ്രാഥമികയോഗം കോട്ടക്കലില്‍ നടന്നു. വൈദ്യന്മാരുടെ സംഘടിത പ്രവര്‍ത്തനത്തിന്റെ നാഴികക്കല്ലായി അത് മാറുകയായിരുന്നു.
‘ധന്വന്തരി’ ആദ്യത്തെ വൈദ്യമാസിക
മലയാളത്തില്‍ ആദ്യമായി പുറത്തിറങ്ങിയ വൈദ്യമാസികയായിരുന്നു ധന്വന്തരി. 1903ല്‍ ആര്യവൈദ്യസമാജം രൂപീകരിച്ച് വൈകാതെ തന്നെ ധന്വന്തരി മാസികയും പ്രസിദ്ധീകരിച്ച് തുടങ്ങി. പി.എസ്.വാര്യര്‍ പത്രാധിപരായിരുന്നു. പി.വി.കൃഷ്ണവാര്യര്‍ മാനേജരും പരമേശ്വരന് മൂസത് സഹപത്രാധിപരുമായി. ആയുര്‍വേദത്തിന്റെ പ്രചാരണവും ജനങ്ങളില്‍ ആരോഗ്യബോധവും വളര്‍ത്തുകയായിരുന്നു മാസികയുടെ ലക്ഷ്യം. 23 വര്‍ഷം മുടക്കമില്ലാതെ പ്രസിദ്ധീകരിച്ച വൈദ്യമാസികയെന്ന റെക്കോര്‍ഡും ധന്വന്തരിക്കാണ്.
ധര്‍മ്മാശുപത്രിയുടെ ആരംഭം
ഒന്നാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലമായി ലോകമെങ്ങും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് കൂപ്പുകുത്തി. ഇത് ആര്യവൈദ്യശാലയേയും ബാധിച്ചു. ഔഷധവില്‍പ്പന സ്വാഭാവികമായി കുറഞ്ഞു. എന്നാല്‍ ഈ അവസരത്തില്‍ പി.എസ്.വാര്യര്‍ ചിന്തിച്ചത് നാട്ടിലെ തൊഴിലില്ലായ്മയും സാമ്പത്തിക വിഷമതകളും ഇല്ലാതാക്കുന്നതിനെ കുറിച്ചായിരുന്നു. ആര്യവൈദ്യശാലയുടെ ആദായത്തിന്റെ ഒരു വിഹിതം സാധുക്കളായ രോഗികളുടെ ചികിത്സയ്ക്കായി നീക്കിവെയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ കോട്ടക്കല്‍ നഗരത്തില്‍ ധര്‍മ്മാശുപത്രി (ആര്യവൈദ്യശാല ചാരിറ്റബിള്‍ ഹോസ്പിറ്റല്‍) ആരംഭിച്ചു.
വൈദ്യന് രത്നമാകുന്നു
ആയുര്‍വേദത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വൈദ്യന് പിന്നീട് വൈദ്യരത്നമായി മാറുന്ന കാഴ്ചയാണ് കണ്ടത്. ആയുര്‍വേദത്തിന്റെ അഭ്യുന്നതിക്കായി അദ്ദേഹം നടത്തിയ ബഹുമുഖ പ്രവര്‍ത്തനങ്ങളെ രാജ്യം ആദരിച്ചു. 1993ലെ പുതുവത്സര ബഹുമതിയായി ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് വൈദ്യരത്നം എന്ന സമ്മാന്യപദവി നല്കി. ചികിത്സാരംഗത്ത് മാത്രമല്ല സംഘാടനം, കല, സാഹിത്യം, സേവനം തുടങ്ങി സമസ്തമേഖലകളിലും അദ്ദേഹമൊരു മാതൃകയാണ് ഇപ്പോഴും. അതുകൊണ്ട് തന്നെ വൈദ്യരത്നമെന്ന പദവി ഏറ്റവും നന്നായി യോജിക്കുന്നത് പന്നിയമ്പള്ളി വാര്യത്ത് ശങ്കുണ്ണി വാര്യര്‍ക്കാണ്….അതെ വൈദ്യരത്നം പി.എസ്.വാര്യര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: