ബാഹ്യ വായുര്‍ യഥാ ലീനഃ
തഥാ മദ്ധ്യോ ന സംശയഃ
സ്വസ്ഥാനേ സ്ഥിരതാമേതി
പവനോ മനസാ സഹ 4-51
ബാഹ്യ വായുവും മധ്യ വായുവും ലയിച്ചാല്‍ പ്രാണനും മനസ്സും സ്വസ്ഥാനത്ത് ഉറച്ചിരിക്കും.
ഖേചരിയില്‍ വരുന്നതാണിത്. ബാഹ്യവായു എന്നാല്‍ പുറത്തെ ശ്വാസം. അത് നിന്നു പോകും. അതിന് അകത്തു പ്രവൃത്തി യില്ലാത്തതിനാല്‍. ദേഹ മധ്യത്തിലുള്ളതും ലയിക്കും.കാരണം അതിന് പുറത്തു വ്യാപാരമില്ല. കേവല കുംഭകം എന്ന ഒരു അവസ്ഥയുണ്ട്. കുറേ തവണ വളരെ വേഗത്തില്‍ ശ്വാസം കഴിച്ചാല്‍ (കപാല ഭാതിപോലെ) പിന്നെ കുറച്ചു സമയം ശ്വാസം ആവശ്യമില്ലാത്ത അവസ്ഥ വരും. ശ്വാസം അകത്തോ പുറത്തോ എന്നറിയാത്ത ശ്വാസകോശം നിശ്ചലമായ അവസ്ഥ. അതാണ് കേവല കുംഭകം. അത് ഖേചരിയില്‍ സ്വാഭാവികമായി ലഭിക്കുന്നു. ഖേചരി പൂര്‍ണമാവുമ്പോള്‍ മനസ്സും പ്രാണനും ഐക്യപ്പെട്ട് സ്വന്തസ്ഥാനമായ ബ്രഹ്മരന്ധ്രത്തില്‍ സ്ഥിര മായിരിക്കുന്നു; നിശ്ചലമായിരിക്കുന്നു.
ഏവമഭ്യസ്യതസ്തസ്യ
വായുമാര്ഗ്ഗേ ദിവാനിശം
അഭ്യാസാജ്ജീര്യതേ വായുഃ
മനസ്തെ്രെതവ ലീയതേ 4 52
ഇങ്ങനെ സുഷുമ്നയിലൂടെ രാപകല്‍ അഭ്യസിക്കുന്ന യോഗിയുടെ പ്രാണന് ലയിക്കുന്നു. അവിടെത്തന്നെ മനസ്സും ലയിക്കുന്നു.
വായുമാര്ഗമെന്നാല് പ്രാണന്റെ മാര്‍ഗ്ഗം ചലന പാത അത് സുഷുമ്നയാണ്. ദിവാ നിശം എന്നാല്‍ പകലും രാത്രിയും (എപ്പോഴും) എന്നര്ഥമാണെങ്കിലും നാഡികളിലേക്കും ഇതിനെ യോജിപ്പിക്കാം. രാവ് ചന്ദ്രനും പകല്‍ സൂര്യനുമത്രെ. ചന്ദ്രനിലൂടെ ശ്വാസം ഒഴുകുമ്പോഴും (രാവില്‍)സൂര്യനിലൂടെ ശ്വാസമൊഴുകുമ്പോഴും (പകല്‍)അതിനെ അഭ്യാസത്തിലൂടെ സുഷുമ്നയിലേക്ക് കൊണ്ടുവരണം.
അമൃതൈഃ പ്ലാവയേത് ദേഹം
ആപാദതല മസ്തകം
സിദ്ധ്യത്വേന മഹാകായോ
മഹാബല പരാക്രമഃ 4-53
അമൃതുകൊണ്ട് ദേഹം അടിമുടി ഉഴിയണം. അതിനാല്‍ മഹാകായനും മഹാബല പരാക്രമിയുമായ യോഗി സിദ്ധനായിത്തീരും.
മൃതമെന്നാല് മരിച്ചത്. അമൃതെന്നാല് മരിക്കാത്തത്, മരണത്തെ കടന്നു വെച്ചത്.
പുറത്തുള്ള ഇന്ദ്രിയങ്ങളാല്‍ അനുഭവിക്കുന്ന വസ്തുക്കളെല്ലാം മരിക്കുന്നവയാണ്. മരിക്കാത്തതിനെ പുറത്തു തേടിയിട്ടു കാര്യമില്ല. അതു ധീരന്മാരായ അല്പം ചിലര്‍ കണ്ണിനെ ഉള്ളിലേക്കു തിരിച്ച് അമൃതിനെ തേടി കണ്ടെത്തുന്നു. (കഠം) ആത്മാവു മാത്രമാണ് അമൃത്. മഹാകായം എന്നാല്‍ വലിയ, തടിയുള്ള ശരീരമെന്നെടുക്കേണ്ടതില്ല. ഉല്‍കൃഷ്ടമായ എന്നെടുത്താല്‍ മതി. ബലപരാക്രമങ്ങളും ഭൗതിക അര്‍ഥത്തിലുപരി തപസ്സിലും കര്‍മ്മയോഗത്തിലും തെളിഞ്ഞവന് എന്നെടുക്കുന്നതാണ് സന്ദര്‍ഭോചിതം.
ശക്തി മദ്ധ്യേ മനഃ കൃത്വാ
ശക്തിം മാനസ മധ്യഗാം
മനസാ മന ആലോക്യ
ധാരയേത് പരമം പദം. 4-54
ശക്തിയെ മനസ്സിനുള്ളിലും മനസ്സ് ശക്തിയിലും ചേര്‍ത്ത് മനസ്സു കൊണ്ട് മനസ്സറിഞ്ഞ് പരമപദത്തെ ധാരണ ചെയ്യുക.
ശക്തി കുണ്ഡലിനീ ശക്തി തന്നെ. അതില്‍ മനസ്സുനിര്ത്തുക എന്നാല്‍ മനസ്സ് അതായി മാറുക. അങ്ങിനെ കുണ്ഡലിനിയെ ഉണര്‍ത്തുക. ‘പ്രബുദ്ധാ വഹ്നിയോഗേന മനസാ മരുതാ സഹ’ എന്നാണ് ഗോരക്ഷാ നാഥന് പറയുന്നത്. മനസ്സും പ്രാണനും ചേര്‍ന്ന് ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനിയെ ഉണര്‍ത്തുമെന്ന്.
മനസ്സുകൊണ്ട് മനസ്സിനെ അവലോകനം ചെയ്യുക എന്നത് മനുഷ്യനു മാത്രമുള്ള ഒരു അനുഗ്രഹമാണ്. നമ്മള് തന്നെ നമ്മുടെ തെറ്റും ശരിയും കണ്ടെത്തണം.’ഉദ്ധരേദ് ആത്മനാ ആത്മാനം’ തന്നെ താന്‍ ഉദ്ധരിക്കണം എന്നു ഗീത. ബുദ്ധിയെ പരമപദത്തില്, സ്വരൂപത്തില്‍ ഉറപ്പിക്കാന്‍ നിരന്തരം സ്വയം നിരീക്ഷണം നടക്കണം. മോക്ഷത്തിലേക്കുള്ള മാര്‍ഗം എപ്പോഴും ഉണര്‍ന്നിരിക്കുക എന്നതുതന്നെ.
ഖമദ്ധ്യേ കുരു ചാത്മാനം
ആത്മ മദ്ധ്യേ ച ഖം കുരു
സര്‍വം ച ഖമയം കൃത്വാ
ന കിഞ്ചിദപി ചിന്തയേത് 4-55
ബ്രഹ്മത്തില്‍ (ഖം) ആത്മാവിനെയും ആത്മാവില്‍ ബ്രഹ്മത്തെയും ഉറപ്പിക്കുക. എല്ലാം ബ്രഹ്മമയമെന്നറിഞ്ഞ് ഒന്നും ചിന്തിക്കാതിരിക്കുക.
ഖം എന്നാല്‍ ആകാശം എന്നര്‍ഥം. ആകാശം പോലെ പൂര്ണമായതേത്? ബ്രഹ്മം തന്നെ. ‘പൂര്‍ണമദഃ പൂര്‍ണമിദം ‘ എന്ന ബ്രഹ്മം. അതില്‍ ആത്മാവിനെ ഭാവന ചെയ്യുക. ‘ബ്രഹ്മാ അഹം’ എന്ന ഭാവന. ഇനി തന്നില്‍ ബ്രഹ്മത്തെ ഭാവന ചെയ്യുക. ‘അഹം ബ്രഹ്മാ സ്മി’ എന്ന മഹാവാക്യത്തിന്റെ സാരം തന്നെ ഇത്. പിന്നെ ‘സര്‍വം ബ്രഹ്മമയം’ എന്നറിയുക.
ഞാനും ബ്രഹ്മവും ഒന്ന് എന്നറിഞ്ഞാല്‍ പിന്നെ ഒരു ചിന്തയും ഭാവനയും വേണ്ട. രമണമഹര്‍ഷി മൊഴിഞ്ഞതുപോലെ ‘ചുമ്മാ ഇരി’. ‘സമപ്രാപ്തം ന ചാലയേത് ‘എന്ന് മാണ്ഡൂക്യകാരിക. സമത്വം എന്ന അവസ്ഥ നേടിയാല്‍ പിന്നെ ഒരനക്കവും വേണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: