തൃശൂര്‍: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്ഷികാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി അറുനൂറോളം തടവുകാരെ വിട്ടയച്ചപ്പോള്‍ സംസ്ഥാനത്തെ തടവുകാരെ മോചിപ്പിച്ചില്ല. ഒരു വര്‍ഷം നീണ്ട ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലും കഴിഞ്ഞ ഏപ്രില്‍ ആറിനും രണ്ടു ഘട്ടങ്ങളിലായി ഇതിനകം 1,424 തടവുകാരെ രാജ്യത്ത് മോചിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയ അന്തിമ പട്ടിക പ്രകാരമായിരുന്നു മോചനം. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ താത്പര്യമെടുക്കാത്തതാണ് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന നിരവധി പേര് തടവറയ്ക്കുള്ളില്‍ തുടരാന്‍ കാരണം. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്ത തടവുകാരെ മോചിപ്പിക്കാനുള്ള പ്രാഥമിക നടപടികള്‍ ജയിലുകളില്‍ പൂര്‍ത്തിയായെങ്കിലും ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. മോചനത്തിന് പോലീസ് റിപ്പോര്‍ട്ട്, പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് എന്നിവ ജയിലുകളില്‍ തയാറാക്കിയിരുന്നു. എന്നാല്‍, അര്‍ഹരുടെ പട്ടിക നിശ്ചിത സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്കാന് സംസ്ഥാനത്തിനാകാത്തത് മോചനത്തിന് തടസമായി.
സംസ്ഥാനത്ത് 55 ജയിലുകളിലായി 7000ഓളം തടവുകാരുണ്ട്. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ക്ക് പുറമേ വിവിധ സബ് ജയിലുകള്‍, വനിതാ ജയില്‍, തുറന്ന ജയില്‍ എന്നിവിടങ്ങളിലായി തടവില്‍ പാര്‍പ്പിച്ചിട്ടുള്ള ഇവരില്‍ 2500ഓളം പേരാണ് ശിക്ഷ അനുഭവിക്കുന്നവര്‍. ഇവര്‍ക്കാണ് സര്‍ക്കാര്‍ നടപടി തിരിച്ചടിയായത്. മറ്റുള്ളവര്‍ വിചാരണ നേരിടുന്ന റിമാന്‍ഡ് തടവുകാരാണ്. ഇവരെ മോചനത്തിന് പരിഗണിക്കില്ല. ശിക്ഷാകാലാവധി പകുതിയെങ്കിലും പൂര്‍ത്തിയാക്കിയ 55 വയസ് കഴിഞ്ഞ സ്ത്രീ തടവുകാര്‍ക്കും 60 കഴിഞ്ഞ പുരുഷ തടവുകാര്‍ക്കുമാണ് മോചനത്തിന് മുന്‍ഗണന.
കൊലപാതകം, മാനഭംഗം, അഴിമതി, ഭീകരപ്രവര്‍ത്തനം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവരെ പരിഗണിക്കില്ല. ട്രാന്‍സ്ജെന്‍ഡര്‍, ദിവ്യാംഗര്‍ എന്നിവര്‍ക്കും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണന നല്‍കും. ഗാന്ധിജയന്തി ദിനമായിരുന്ന ബുധനാഴ്ചയോടെ മൂന്നാംഘട്ടം പൂര്‍ത്തിയായതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖനേയുള്ള ഈ ആനുകൂല്യം ഇനി കേരളത്തിലെ ജയിലുകളിലുള്ള തടവുകാര്‍ക്ക് ലഭിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: