മൂന്നാം അദ്ധ്യായം മൂന്നാം പാദം
ആത്മഗൃഹീത്യധികരണം
ഈ അധികരണത്തില്‍ രണ്ട് സൂത്രമുണ്ട്.
സൂത്രം- ആത്മഗൃഹീതിരിതരവദുത്തരാത്.
ആത്മാവ് എന്ന ശബ്ദം പരമാത്മാവാചകമാണ്. മറ്റ് സൃഷ്ടി പ്രകരണത്തിലും മറ്റും കാണുന്നത് പോലെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്ന് അത് വ്യക്തമാണ്.
ആത്മശബ്ദം കൊണ്ട് പരമാത്മാവ് എന്ന അറിയണം. മറ്റു സ്ഥലങ്ങളിലും തുടര്‍ന്നു വരുന്ന വര്‍ണനകളിലും ഇത് ബോധ്യമാകും.
ആത്മാവ് എന്ന് പറഞ്ഞാല്‍ ജീവാത്മാവെന്നാണ് പൊതുവെ കരുതുന്നത്. പിന്നെയെങ്ങനെ പരമാത്മാവെന്ന് പറയും എന്നാണ് സംശയം.
ഐതരേയോപനിഷത്തില്‍ ‘ ആത്മാ വാ ഇദമേക ഏവാഗ്ര ആസീത് നാന്യത് കിഞ്ചന മിഷത് സ ഈക്ഷത ലോകാന്നു സൃജാ ഇതി’ ചരാചരാത്മകമായ ഈ ലോകം ഉണ്ടാകുന്നതിന് മുമ്പ് ഇതെല്ലാം ഒരേ ആത്മാവ് മാത്രമായിരുന്നു. ചലിക്കുന്ന മറ്റൊന്നുമുണ്ടായിരുന്നില്ല. ഞാന്‍ ലോകങ്ങളെ സൃഷ്ടിക്കട്ടെ എന്ന് അത് സകല്പിച്ചു. തുടര്‍ന്ന് ‘ സ ഇമാന്‍ ലോകാനസൃജതാം അംഭോ മരീചിര്‍മരമാപഃ ആ ആത്മാവ് സ്വര്‍ഗ്ഗം അന്തരീക്ഷം, ഭൂമി, പാതാളം എന്നിവയെ സൃഷ്ടിച്ചു. ഇവിടെ പറഞ്ഞ ആത്മ ശബ്ദം പരമാത്മാവിനെ കാണിക്കുന്നതാണോ അതോ പിന്നീടുണ്ടായ ഹിരണ്യഗര്‍ഭന്‍ മുതലായവയെ കാണിക്കുന്നതാണോ? എന്ന് സംശയിക്കുന്നു. ആത്മശബ്ദം കൊണ്ട് പരമാത്മാവിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ പഞ്ചഭൂത സൃഷ്ടിയെക്കുറിച്ച് പറയേണ്ടേ? പഞ്ചഭൂതങ്ങളെ സൃഷ്ടിച്ചിട്ട് അവ കൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിക്കുന്നത്. അതിനാല്‍ പിന്നീടുണ്ടായ അവാന്തര സൃഷ്ടിയെപ്പറ്റിയാകും ഇവിടെ പറയുന്നതെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. ഇത് ശരിയല്ല. ആത്മശബ്ദം കൊണ്ട് പരമാത്മാവിനെത്തന്നെ അറിയണം. ബൃഹദാരണ്യകത്തില്‍ ‘ആത്മൈവേദമഗ്ര ആസീത് പുരുഷവിധഃ പുരുഷ സ്വരൂപത്തോടു കൂടിയ ആത്മാവിനെപ്പറ്റിയും ശ്രുതി പറയുന്നുണ്ട്. സൃഷ്ടിയെപ്പറ്റിയും പല അഭിപ്രായഭേദങ്ങളും ശ്രുതിയില്‍ കാണാം. എല്ലായിടത്തും എല്ലാ ക്രമങ്ങളും മുഴുവന്‍ പറയണമെന്നില്ല. ഛാന്ദോഗ്യത്തില്‍ ‘തത്തേജോ/സൃജത ‘ എന്ന് അഗ്‌നിയെ ആദ്യം സൃഷ്ടിച്ചുവെന്ന് പറയുന്നുണ്ട്. അതിനാല്‍ ആത്മാവ് എന്ന് ഉപയോഗിച്ചിരിക്കുന്നത് പരമാത്മാവിനെയാണ് .
തൈത്തിരീയത്തിലെ ‘സോ കാമയത ബഹു സാം…. എന്ന ശ്രുതിയിലും പരമാത്മാവിനെ തന്നെയാണ്.
സൂത്രം- അന്വയാദിതി ചേത് സ്യാദവധാരണാത്
വിരാട് പുരുഷനില്‍ ആത്മശബ്ദത്തിന് അന്വയം യോജിക്കുന്നതിനാല്‍ പരമാത്മാവ് എന്ന് അര്‍ത്ഥം പറയാന്‍ പറ്റില്ലെന്ന് പൂര്‍വപക്ഷം വാദം ഉന്നയിക്കുന്നു. അതിനുള്ള മറുപടിയാണ് ഈ സൂത്രം.
ശ്രുതി വാക്യത്തില്‍ ‘ഏക ഏവ’ എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ അത് പരമാത്മാവിനെക്കുറിച്ച് തന്നെയാണെന്നറിയണം. ഉത്പത്തിക്കു മുമ്പ് വേറെ ഒന്നും ഇല്ലാതിരുന്നതിനാല്‍ പരമാത്മാവിനെ തന്നെ ആത്മശബ്ദം കൊണ്ട് പറയണം. അങ്ങനെയെങ്കില്‍ മാത്രമേ മറ്റ് ശ്രുതി വാക്യങ്ങള്‍ക്കും വേണ്ട വിധത്തില്‍ അര്‍ത്ഥമുണ്ടാകൂ. ആത്മാവും ബ്രഹ്മവും ഒന്ന് തന്നെ എന്നറിയണം. മറ്റൊരു വ്യാഖ്യാന പ്രകാരം ആനന്ദമയശബ്ദത്തിന് ബ്രഹ്മമെന്ന് ഈ സൂത്രം കൊണ്ട് സമര്‍ത്ഥിക്കാമെന്ന് പറയുന്നു. തൈത്തിരീയത്തിലെ പഞ്ചകോശ വര്‍ണനയ്‌ക്ക് ശേഷം ആനന്ദമയകോശത്തെ വര്‍ണിച്ചപ്പോള്‍ അന്തരാത്മാവായി മറ്റൊന്നിനേയും പറയാത്തതിനാല്‍ അവിടെ പറഞ്ഞ ആത്മശബ്ദം ബ്രഹ്മ വാചകമാണെന്ന് വ്യക്തമാക്കുന്നു. പിന്നീട് ആനന്ദമയത്തില്‍ നിന്നും ജഗത്‌സൃഷ്ടിയെ പറയുന്നതും കാണാം. അതിനാല്‍ ആനന്ദമയവും അതുമായി ബന്ധപ്പെട്ട ആത്മശബ്ദവും ബ്രഹ്മം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: