ദേവീ മാഹാത്മ്യത്തില്‍ ഇരുപതോളം തവണ ആവര്‍ത്തിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അതിങ്ങനെ;
‘രൂപം ദേഹി ജയം ദേഹി
യശോ ദേഹി ദ്വിഷോ ജഹി’
അര്‍ത്ഥം: എനിക്ക് രൂപവും ജയവും യശസ്സും അരുളിയാലും. വൈരികളെ കൊന്നാലും. ലോകാംബികയായ ദേവിയോട് രൂപത്തിനും ജയത്തിനും കീര്‍ത്തിക്കുമായി പ്രാര്‍ത്ഥിക്കുന്നു. ഒപ്പം ശത്രുസംഹാരത്തിനായുള്ള അര്‍ത്ഥനയും. ഭൗതിക വ്യവഹാരത്തിലുള്ള അര്‍ത്ഥമല്ല ഇവിടെ രൂപജയാദികള്‍ക്കുള്ളത്. ധ്വനിതരളമാണ് ഈ പദങ്ങള്‍. രൂപം മാനസിക സൗന്ദര്യമായ വിനയമാണ്. ഇന്ദ്രിയദമനമാണിവിടുത്തെ ജയം. സദാചാര ജനിതമായ ഖ്യാതിയാണ് യശസ്സ്. ഭാരതീയാചാര്യന്മാരാരും ഇന്ദ്രിയഹനനം വിധിച്ചിട്ടില്ല. ആത്മനിയന്ത്രണം ഇന്ദ്രിയനിയന്ത്രണം തന്നെ. കാമാദി ആസുരീസമ്പത്തുകളാണ് പ്രസ്തുതത്തിലെ വൈരികള്‍. മധുരോദാരമായ ഈ പ്രാര്‍ത്ഥന ഇന്നത്തെ വിവരവ്യവസായയുഗത്തില്‍ പെണ്‍മക്കളൊത്ത് അമ്മമാര്‍ രണ്ടുനേരവും നടത്തേണ്ടതാണ്.
ദേവീ മാഹാത്മ്യം അഞ്ചാം അധ്യായം 19 മുതല്‍ 27 വരെയുള്ള 9 ശ്ലോകങ്ങള്‍ ദേവീമഹിമ പദാല്‍പ്പദം വിളിച്ചോതുന്നു. അത്യപൂര്‍വമായ വിന്യസനഭംഗിയാണ് ഈ ശ്ലോകങ്ങള്‍ക്കുള്ളത്.
യാ ദേവീ സര്‍വഭൂതേഷു വിഷ്ണുമായേതി സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോനമഃ
തുടര്‍ന്ന് ശക്തി/ ബുദ്ധി/ സൃഷ്ടി/ സ്ഥിതി/ ധൃതി/ സിദ്ധി/ ദയ/ മേധ എന്നീ ഗുണനാമങ്ങള്‍ ചേര്‍ത്ത് നമസ്തസൈ്യ നമോനമഃ എന്ന് ആവര്‍ത്തിക്കുന്നു. ഇവകളെ നാം ഒന്ന് അടുത്തുകാണുക.
1. വിഷ്ണുമായേതി… മായാശക്തി മൂന്നുവിധം ജ്ഞാനശക്തി – സാത്വികം, ആവരണശക്തി- രാജസം, വിക്ഷേപശക്തി – താമസം.
2. ശക്തിരൂപേണ…. ശക്തി മൂന്ന് വിധം. ശ്രീ സരസ്വതി – സാത്വികം, ശ്രീപാര്‍വതി – രാജസം, ശ്രീ ഭഗവതി – താമസം.
ബുദ്ധിരൂപേണ ….. ബുദ്ധി മൂന്ന് വിധം
വേദശാസ്ത്ര പഠനബുദ്ധി – സാത്വികം, കര്‍മ കുശല ബുദ്ധി- രാജസം, വഞ്ചനാദി ബുദ്ധി – താമസം.
4. ധൃതി രൂപേണ*…. ധൃതി മൂന്നുവിധം. ശ്രുതി / സ്മൃതിയാല്‍ നിവര്‍ത്തിതം – സാത്വികം, ലോകാപവാദ ഭയം – രാജസം, രാജദണ്ഡഭയം – താമസം.
5. സൃഷ്ടിരൂപേണ… സൃഷ്ടി മൂന്നുവിധം
ദേവാദി സൃഷ്ടി – സാത്വികം, മനുഷ്യ സൃഷ്ടി- രാജസം, സ്ഥാവര സൃഷ്ടി – താമസം.
6. സ്ഥിതിരൂപേണ…. സ്ഥിതി മൂന്ന് വിധം. അഹിംസാപരിപാലനം – സാത്വികം, ഹിംസാഹിംസാപരിപാലനം – രാജസം, നിരപരാധികളെ വധിക്കുക – താമസം.
7. സിദ്ധി രൂപേണ….. സിദ്ധി മൂന്നുവിധം. മോക്ഷസിദ്ധി – സാത്വികം, ബ്രഹ്മപദസിദ്ധി – രാജസം, പൈശാചരൂപപ്രാപ്തി-താമസം.
8. മേധാരൂപേണ…. മേധ മൂന്ന് വിധം.. ഗുരുവിനെ അറിയാനുള്ള പടുത- സാത്വികം, ഗ്രന്ഥപാരായണ പടുത – രാജസം, ശരീരപോഷണ പടുത -താമസം
9. ദയാ രൂപേണ…. ദയ മൂന്ന് വിധം, സജ്ജനങ്ങളോടുള്ള ആദരം- സാത്വികം, സമ്പദ്‌സമൃദ്ധികളോടുള്ള മമത- രാജസം, ദുഷ്ടന്മാരോടുള്ള ദയ – താമസം. മൂന്ന് നമസ്‌കാരങ്ങളാണ് നാം ദേവിക്ക് നല്‍കേണ്ടത്.
1. സാത്വിക മേധ/ ദയ/ സിദ്ധി/ സൃഷ്ടി/ ബുദ്ധി/ സ്ഥിതി/ ധൃതി/ശക്തി/ (വിഷ്ണു)മായാ രൂപിണിയായ ദേവിയ്‌ക്ക് നമസ്‌കാരം.
2. രാജസ മേധ/ ദയ/ സിദ്ധി/ സൃഷ്ടി/ ബുദ്ധി/ സ്ഥിതി/ ധൃതി/ശക്തി/ (വിഷ്ണു)മായാ രൂപിണിയായ ദേവിയ്‌ക്ക് നമസ്‌കാരം
3. താമസ മേധ/ ദയ/ സിദ്ധി/ സൃഷ്ടി/ ബുദ്ധി/ സ്ഥിതി/ ധൃതി/ശക്തി/ (വിഷ്ണു)മായാ രൂപിണിയായ ദേവിയ്‌ക്ക് നമസ്‌കാരം
* ധൃതിയുടെ നിര്‍വചനം ഇങ്ങനെ: ‘ശിശ്‌നോദര ജയോധൃതി’. ഉപസ്ഥവും ഉദരവും അതായത് ലൗകികവ്യവഹാരത്തില്‍ ഇരയും ഇണയും. അഗമ്യഗമനം (ഇണ) പാടില്ല. അഭക്ഷ്യഭക്ഷണം (ഇര) പാടില്ല. ഇതത്രെ ആത്മീയമായ അച്ചടക്കം.
9446442081
പ്രതികരിക്കാൻ ഇവിടെ എഴുതുക: