Categories: Editorial

ഗാന്ധിജി എന്ന വെളിച്ചം

Published by

ഭാരതം ലോകത്തിന്റെ വെളിച്ചമായി മാറിയത് എന്തുകൊണ്ടാണെന്ന് ചിന്തിച്ച് അധികം മനസ്സ് വിഷമിപ്പിക്കേണ്ടതില്ല. ഋഷിപരമ്പരയും സംസ്‌കാരവും ജീവിതരീതിയും സൃഷ്ടിച്ച അപൂര്‍വമായ ഒരു സവിശേഷതകൊണ്ടാണത്. ഇന്നും ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന പാശ്ചാത്യര്‍ ഉറ്റുനോക്കുന്നത് ഭാരതത്തിലേക്കാണ്. ഇവിടുത്തെ സഞ്ചിതപുണ്യത്തിലാറാടാന്‍ അവര്‍ നിരന്തരം യാത്ര ചെയ്യുന്നു. ഇവിടുത്തെ ഓരോ പുല്‍ക്കൊടിയിലും മണ്‍തരിയിലും തുടിച്ചുതുള്ളുന്ന സംസ്‌കാരത്തില്‍ മാനവികതയുടെ സുന്ദരവും സുശോഭിതവുമായ ഒരു ഊര്‍ജമുണ്ട്. നിര്‍ഭാഗ്യവശാല്‍ അത് മനസ്സിലാക്കാത്തവര്‍ ഭാരതീയര്‍ തന്നെയാണെന്നതാണ് ഖേദകരമായ വസ്തുത.

ഭാരതത്തിന്റെ ഈ മഹത്തായ സംസ്‌കൃതിയെ അതിന്റെ ആഴത്തിലും പരപ്പിലും അറിഞ്ഞ മഹാവ്യക്തിയാണ് നമ്മുടെ പ്രിയങ്കരനായ ബാപ്പു. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍ നിന്ന് ഓരോ ഭാരതീയന്റെയും അഭിമാന സംസ്‌കാരമായി മാറി ഗാന്ധിജി. അദ്ദേഹം വിഭാവനം ചെയ്ത അവസ്ഥയിലേക്ക് നാട് അനുദിനം മുന്നേറുകയാണ്. ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷിക ദിനത്തില്‍ ആ മഹാവ്യക്തിത്വത്തെ എങ്ങനെയാണ് നാം ഉള്‍ക്കൊള്ളുന്നതെന്നതാണ് പ്രധാന ചോദ്യം. കേവലം ഗാന്ധിജിയെക്കുറിച്ചുള്ള ഉപന്യാസവും പ്രസംഗവും പ്രഭാഷണവും നടത്തി അദ്ദേഹത്തിലൂടെ സ്വയംപ്രചാരണമെന്ന നാലാംകിട രീതിയിലേക്ക് അധപ്പതിക്കണോ എന്നതിനെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കണം. ഗാന്ധിജി ആരായിരുന്നു എന്നതിനെക്കുറിച്ച് നിരന്തരം ചോദ്യം ചോദിക്കുകയും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും വേണം. ആ ഉത്തരങ്ങളിലൂടെ സക്രിയമായ ഒരു ഗാന്ധിയന്‍ സംസ്‌കാരം ഉരുത്തിരിയണം. അങ്ങനെ ഗാന്ധിജി നമുക്ക് ഹൃദയത്തിന്റെ വിളക്കാവണം.

ശാന്തിയും സമാധാനവും ശാശ്വതമായി മാനവരാശിക്കുണ്ടാവണമെങ്കില്‍ മാനവികതയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാവണം. ഒരു സാധാരണക്കാരന്റെ വികാരവിചാരങ്ങളില്‍പ്പോലും രാഷ്‌ട്രത്തിന്റെ സുശോഭനമായ ഭാവിയുടെ അനുരണനങ്ങള്‍ ഉണ്ടെന്ന് സൂക്ഷ്മമായി അറിഞ്ഞയാളായിരുന്നു ഗാന്ധിജി. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ മഹാത്മാ എന്ന് വിളിക്കാന്‍ നിസ്സംശയം ജനങ്ങള്‍ തയാറായത്. ബലിദാനിയായി വര്‍ഷങ്ങള്‍ കഴിയുമ്പോഴും ആ മഹാവ്യക്തിത്വത്തിന്റെ ഗരിമയും തനിമയും പുതിയ മാനങ്ങള്‍ തേടുകയാണ്. ലോക നേതാക്കള്‍ ആദരവോടും അഭിമാനത്തോടുമാണ് ഗാന്ധിജിയുടെ പേര് ഉച്ചരിക്കുന്നതുപോലും. ഇത്രമാത്രം ജനകീയ സ്പന്ദനമായി അദ്ദേഹം മാറാനുണ്ടായ കാരണം ഭാരതത്തിന്റെ അടിസ്ഥാനസങ്കല്‍പങ്ങള്‍ സ്വായത്തമാക്കിയതുതന്നെ എന്നു പറയേണ്ടിവരും.

ആധ്യാത്മികതയുടെ സാധാരണ വിതാനങ്ങളില്‍ നിന്ന് മാറിനിന്നുകൊണ്ടുള്ള ഒരു സംസ്‌കാരമാണ് ഗാന്ധിജി തന്റെ ജീവിതവ്രതമായി സ്വീകരിച്ചത്. കഠിനവും ത്യാഗനിര്‍ഭരവുമായ ഒരു വഴിയിലൂടെ അനവരതം സഞ്ചരിച്ചുകൊണ്ട് അദ്ദേഹം കൈവശപ്പെടുത്തിയ സംസ്‌കാരത്തിന്റെ പ്രഭ രാഷ്‌ട്രത്തിന്റെ മുഖശോഭയായിത്തീര്‍ന്നുവെന്നത് ലോകസത്യം. അതുകൊണ്ടാണ് ഗാന്ധിജിയെന്ന വിചാരധാര ജനകോടികളുടെ ആശ്വാസ വഴിയായി മാറിയത്. മതവും ജാതിയും വിവിധ വര്‍ഗ-വര്‍ണ വ്യത്യാസങ്ങളും ഗാന്ധിജിക്കു മുമ്പില്‍ ഒന്നുമല്ലായിരുന്നു. മനുഷ്യന്‍, മാനവികത, അഹിംസ എന്നിവയില്‍ ഊന്നിനിന്നുകൊണ്ട് പരിവര്‍ത്തനത്തിന്റെ പാത അദ്ദേഹം ചൂണ്ടിക്കാണിച്ചു. പറയാന്‍ എളുപ്പവും പ്രവര്‍ത്തിക്കാന്‍ പ്രയാസമുള്ളതുമായ ആ പാത സ്വീകരിക്കാന്‍ അത്ര എളുപ്പത്തില്‍ കഴിയില്ലെന്ന് വ്യക്തമാണ്. പക്ഷേ, കൃശഗാത്രനായ ആ മനുഷ്യന്‍ അനായാസം ആ വഴിയിലൂടെ നടന്നു. പരശ്ശതം പേര്‍ക്ക് നടക്കാന്‍ കരുത്തുപകര്‍ന്നു.

ഗാന്ധിജി എന്ന വെളിച്ചത്തെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്തോറും ഓരോരുത്തരും നല്ല മനുഷ്യനാവുന്നു എന്നതത്രെ വസ്തുത. വഞ്ചനയും തട്ടിപ്പും ഹിംസയും നിറഞ്ഞ ആധുനികകാലത്തും എന്തുകൊണ്ട് ഗാന്ധിജി സകലരേയും പ്രോജ്ജ്വലിപ്പിക്കുന്നു എന്ന ചോദ്യത്തിന്, അദ്ദേഹത്തിന്റെ ജീവിതം അത്തരത്തിലുള്ളതായിരുന്നു എന്ന് മറുപടി. ആത്മാര്‍ഥതയും സത്യസന്ധതയും എന്താണെന്ന് സ്വജീവിതത്തിലൂടെ കാണിച്ചുകൊടുക്കാന്‍ ഗാന്ധിജിക്കു കഴിഞ്ഞു എന്നതാണ് മറ്റെല്ലാറ്റിനെക്കാളുമുപരി ആ പുണ്യാത്മാവിനെ മഹാത്മാവാക്കുന്നത്. ആ പേരുപോലും സ്‌നേഹത്തിന്റെ നിറകുടമായി മാറുന്നുവെന്ന് നാമറിയണം. ഇനിയുള്ള തലമുറ ഇത്തരമൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരുന്നോ എന്ന് ഒരു പക്ഷേ, അത്ഭുതംകൂറുമായിരിക്കും. കാരണം അവര്‍ക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ഉത്തുംഗതയിലാണ് ഗാന്ധിജിയും അദ്ദേഹം പരീക്ഷിച്ചറിഞ്ഞ സത്യവും വിരാജിക്കുന്നത്. സ്വജീവിതം തന്നെ സന്ദേശമാക്കി മാറ്റാന്‍പോന്ന ആ സംശുദ്ധവ്യക്തി പ്രഭാവത്തിനു മുമ്പില്‍ നമ്രശിരസ്‌കരാവുകയല്ലാതെ മറ്റെന്ത്?

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by