ഇന്ത്യന്‍ ദേശീയ വിമോചന പോരാട്ടങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന അധ്യായമാണ് ഭഗത്‌സിംഗിന്റെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍. സര്‍ദാര്‍ ഭഗത്‌സിങ്ങിനെപ്പറ്റി മഹാത്മജി ഇങ്ങനെ എഴുതി ”ഭഗത്‌സിങ്ങിന്റെ ദേശസ്‌നേഹം, ധൈര്യം, ഭാരതീയ മാനുഷികതയോടുള്ള അത്യഗാധമായ കൂറ് ഇവയോര്‍ക്കുമ്പോള്‍ ഇത്രമേല്‍ കാവ്യാത്മകമോ, കാല്‍പ്പനികോജ്ജ്വലമോ ആയ ഒരു ധന്യജീവിതം മറ്റാര്‍ക്കും ഉണ്ടായിട്ടില്ല എന്ന് പറയേണ്ടിവരും. ഭഗത്‌സിങിന്റെ ധീരതയ്‌ക്കും ത്യാഗത്തിനും ദേശാഭിമാനത്തിനും മുമ്പില്‍ ശിരസ്സ് നമിക്കുന്നു.”
ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായ പശ്ചിമ പഞ്ചാബിലെ ല്യാല്‍പൂര്‍ ജില്ലയില്‍ ബല്‍ഗ ഗ്രാമത്തില്‍ 1907 സപ്തംബര്‍ 28നാണ് ഭഗത്‌സിംഗ് ജനിച്ചത്. സ്വാതന്ത്ര്യസമര സേനാനിയായ കിഷന്‍സിംഗിന്റെയും വിദ്യാവതിയുടെയും അഞ്ചുമക്കളില്‍ രണ്ടാമനായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ജയില്‍വാസവും പീഡനങ്ങളും ഏല്‍ക്കേണ്ടിവന്ന കുടുംബമായിരുന്നു ഭഗത്തിന്റേത്. കിഷന്‍സിംഗും സഹോദരന്‍ സ്വരണ്‍സിംഗും ജയില്‍മോചിതരായ ദിവസം ജനിച്ചതുകൊണ്ട് ഭാഗ്യം എന്ന് സ്മരിക്കാനാണത്രേ സ്വപുത്രന് ഭഗത് എന്ന പേര് തെരഞ്ഞെടുത്തത്. കുടുംബത്തിന്റെ ബ്രിട്ടീഷ് വിരോധവും വിപ്ലവപശ്ചാത്തലവുമാണ് ഭഗത്തിനെ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ബല്‍ഗയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഭഗത് ലാഹോറിലെ ഡിഎവി ഹൈസ്‌കൂളിലും പഞ്ചാബ് നാഷണല്‍ കോളേജിലും പഠിച്ചു. പഞ്ചാബ് കേസരി എന്നറിയപ്പെട്ടിരുന്ന ലാലാ ലജ്പത്‌റായി ആയിരുന്നു ഈ സ്‌കൂളും കോളേജും സ്ഥാപിച്ചത്. ദേശസ്‌നേഹത്തിന്റെ ആദ്യപാഠങ്ങള്‍ ഭഗത് പഠിച്ചത് ഇവിടെനിന്നാണ്.
1919 ഏപ്രില്‍ 13നാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുന്നത്. തന്റെ നാട്ടുകാരോട് ബ്രിട്ടീഷുകാര്‍ കാട്ടിയ കാട്ടാളത്തത്തെ ഭഗത്തിനു സഹിക്കാനായില്ല. പിറ്റെദിവസം സ്‌കൂളിലേക്ക് പുറപ്പെട്ട അവന്‍ ചെന്നെത്തിയത് ആ ശ്മശാന ഭൂമിയിലായിരുന്നു. സ്വാതന്ത്ര്യപോരാളികളുടെ ചോരവീണ് കുതിര്‍ന്ന ഒരുപിടി മണ്ണ് വാരി തന്റെ സഞ്ചിയിലെ പാത്രത്തില്‍ നിറച്ച് ചുംബിച്ചു. വിളിപ്പാടകലെ ഒഴുകുന്ന റാബി നദിയെ നോക്കി ആ ബാലന്‍ പറഞ്ഞു, ”ഇവിടെ മാതൃഭൂമിക്കായി സര്‍വ്വവും ബലികഴിച്ച അറിയപ്പെടാത്ത ആയിരങ്ങളുടെ ജീവിനില്‍ കുതിര്‍ന്ന ഈ മണ്‍തരികള്‍ സാക്ഷി, നിങ്ങള്‍ തുടങ്ങിവച്ച മഹായജ്ഞം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ഉശിരോടെ പ്രവര്‍ത്തിക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ ആ സമരത്തില്‍ ഞാനെന്റെ ജീവന്‍ ബലിയര്‍പ്പിക്കും. പ്രിയപ്പെട്ട റാബി നദീ, ഒരുനാള്‍ എന്റെ നെഞ്ചിലെ ചോരകൊണ്ട് നിന്നെ ചുവപ്പിക്കും”. ദൃഢപ്രതിജ്ഞയെടുത്ത് വീട്ടില്‍ തിരിച്ചെത്തിയ ആ ബാലന്‍ ആ മണ്ണ് പവിത്രമായി സൂക്ഷിച്ചു. ദിവസവും അത് തൊട്ട് നെറ്റിയില്‍ വച്ചു. പൂക്കള്‍ വിതറി ആദരിച്ചു.
പതിമൂന്നാം വയസ്സില്‍ അദ്ദേഹം മഹാത്മാഗാന്ധി ആവിഷ്‌കരിച്ച നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കുകൊണ്ട് ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥി നേതാവായിത്തീര്‍ന്ന ഭഗത,് ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ച് മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം സ്‌കൂള്‍ വിട്ടിറങ്ങി. അഹിംസാ സിദ്ധാന്തം കൊണ്ട് ഭാരതത്തിന് സ്വാതന്ത്ര്യം നേടാനാവില്ലെന്നും സായുധ വിപ്ലവത്തിലൂടെ മാത്രമേ അത് സാധ്യമാകൂ എന്നുമുള്ള വിശ്വാസവും ഭഗത്തില്‍ രൂഢമൂലമായി. 1923ല്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം സമ്പാദിച്ച അദ്ദേഹം ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസ്സോസിയേഷനില്‍ അംഗമായി ചേര്‍ന്നു. നല്ല വാഗ്മിയും സംഘാടകനുമായ അദ്ദേഹം വളരെ പെട്ടെന്നുതന്നെ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി. ഭാരതീയ യുവാക്കളില്‍ ദേശീയ വിപ്ലവത്തിന്റെ വീര്യം ഉണര്‍ത്താന്‍ ഇക്കാലത്ത് ഭഗത് നൗജവാന്‍ ഭാരത് സഭ എന്ന ഒരു യുവജനസംഘടന രൂപീകരിച്ചു.
ഇതിനിടയില്‍ വീട്ടിലെത്തിയെ ഭഗത്‌സിംഗിനെ വിവാഹം കഴിപ്പിക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍ വിപ്ലവകാരിക്ക് വിവാഹവും കുടുംബജീവിതവും അപ്രസക്തമാണെന്നുകണ്ട് തന്നെ സ്‌നേഹിച്ചിരുന്ന ലാഹോറുകാരി പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന തള്ളിക്കളയുകയാണുണ്ടായത്. രാഷ്‌ട്രത്തിന്റെ മോചനമാണ് തന്റെ ലക്ഷ്യമെന്ന് ഭഗത്‌സിംഗ് പ്രഖ്യാപിച്ചു. ഭഗത് വീട്ടില്‍നിന്ന് അപ്രത്യക്ഷനായി. പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയും യോഗങ്ങളില്‍ പ്രസംഗിച്ചും ഭഗത് ക്രമേണ ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായി. വായനയും, എഴുത്തും, പ്രസംഗവുമായി കാണ്‍പൂരിലും, ദല്‍ഹിയിലും, അമൃത്‌സറിലും കഴിഞ്ഞു. അകാലി, കീര്‍ത്തി എന്നീ പത്രങ്ങളിലും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ആവേശകരമായ പ്രസംഗങ്ങള്‍ ജനങ്ങളെ ഇളക്കിമറിച്ചു. ഒറ്റപ്പെട്ട ഭീകര പ്രവര്‍ത്തനമല്ല, ബഹുജനങ്ങളെ അണിനിരത്തിയുള്ള സമരമാണ് മോചനമാര്‍ഗ്ഗമെന്ന ആശയത്തിലേക്ക്, അനുഭവങ്ങളില്‍നിന്നാണ് ഭഗത്‌സിംഗ് മാറിയത്.
പിന്നീട് പോലീസ് പീഡനത്തെതുടര്‍ന്ന് ലാലാ ലജ്പത് റായ് കൊല്ലപ്പെട്ടതോടെ ഭഗത്‌സിംഗ്, സ്‌നേഹിതരായ ചന്ദ്രശേഖര്‍ ആസാദ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരോടൊപ്പം ഒരു ഒളിസങ്കേതത്തില്‍ സമ്മേളിച്ചു. പ്രതികാരത്തിനുള്ള പദ്ധതി അവര്‍ തയ്യാറാക്കി. എസ്പിയായ സ്‌കോട്ട്, എഎസ്പിയായ സാണ്ടേഴ്‌സണ്‍ എന്നിവരെ വധിക്കാന്‍ അവര്‍ തീരുമാനിച്ചു. ലാലാജി മരിച്ചിട്ട് ഒരുമാസം തികഞ്ഞ 1928 ഡിസംബര്‍ 17ന് ലാഹോറിലെ പോലീസ് സൂപ്രണ്ട് ഓഫീസ് പരിസരത്തുവച്ച് സാണ്ടേഴ്‌സണ്‍ വെടിയേറ്റു മരിച്ചു. രാജ്ഗുരുവും ഭഗത്‌സിംഗും ചേര്‍ന്നാണ് വെടിവെച്ചു വീഴ്‌ത്തിയത്. പോലീസ് നഗരം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും അവരെ പിടികിട്ടിയില്ല. രക്ഷപ്പെടാന്‍ ഭഗത്‌സിംഗും കൂട്ടരും വേഷം മാറിയാണ് സഞ്ചരിച്ചത്. ഭഗത് മുടി പറ്റെ വെട്ടി ഒരു സായിപ്പിന്റെ വേഷമെടുത്തു. വിപ്ലവകാരിയായ ഭഗവതീചരണിന്റെ ഭാര്യ ദുര്‍ഗ്ഗാദേവി മദാമ്മയായി. രാജ്ഗുരു ഭൃത്യനും, ചന്ദ്രശേഖര്‍ ആസാദും ഒരു വൈദിക വേഷവും ധരിച്ചു.
1929 ഏപ്രില്‍ 8ന് തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന അസംബ്ലിയിലേക്ക് ബോംബെറിഞ്ഞ കേസില്‍ ഭഗത്‌സിംഗിനും ബട്‌കേശ്വര്‍ ദത്തിനും ജീവപര്യന്ത തടവായിരുന്നു വിധിച്ചത്. ഇതോടൊപ്പം ഭഗത്‌സിംഗ് രാജ്ഗുരു സുഖ്‌ദേവ് എന്നിവര്‍ ഉള്‍പ്പെടെ ഏതാനും വിപ്ലവകാരികളെ പ്രതിചേര്‍ത്ത് ലാഹോര്‍ ഗൂഢാലോചനകേസ് എന്ന കേസും കെട്ടിച്ചമച്ചു. ഈ കേസിലായിരുന്ന മൂന്നുപേരെയും വധശിക്ഷയ്‌ക്ക് വിധിച്ചത്. ഭഗത്‌സിംഗിനെ തൂക്കിലേറ്റാതിരിക്കാന്‍ നാടെങ്ങും ഹര്‍ത്താലും പ്രകടനങ്ങളും നടന്നു. പ്രിവി കൗണ്‍സിലിന് അപ്പീല്‍ നല്‍കിയെങ്കിലും അതു നിരസിക്കപ്പെട്ടു. ഗാന്ധിജി ഇടപെട്ട് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 1931 മാര്‍ച്ച് 23-ാം തീയതി സന്ധ്യാ സമയത്ത് മൂന്നുപേരെയും തൂക്കിലേറ്റി. ജഡം ബന്ധുക്കള്‍ക്ക് നല്‍കാതെ കത്തിച്ചുകളയുകയാണ് ചെയ്തത്.
മരണത്തിനുമുമ്പ് തന്റെ ഇളയ സഹോദരനായ കര്‍ത്താര്‍ സിംഗിനയച്ച കത്തില്‍ ഭഗത്‌സിംഗ് ഇപ്രകാരം എഴുതി. അദ്ദേഹത്തിന്റെ അവസാന കത്തായിരുന്നു ഇത്. ”ഓമനേ, നീ നിന്റെ പഠിപ്പ് ദൃഢനിശ്ചയത്തോടുകൂടി തുടരണം. നിന്റെ ആരോഗ്യത്തെ ശരിയായി പരിപാലിക്കുകയും വേണം. ഒരിക്കലും നിരാശനായി തീരരുത്. ഇതിലധികം എനിക്കെന്തു പറയാന്‍ കഴിയും? നിനക്കായിട്ട് ഞാന്‍ ഒരു പദ്യമെഴുതിത്തരാം. അതിനെ ശ്രദ്ധിച്ചു പഠിക്കുക. വിധിയെക്കുറിച്ച് ആവലാതിപ്പെടേണ്ട ആവശ്യമില്ല. ലോകം മുഴുവന്‍ നമുക്കെതിരാണെങ്കില്‍കൂടി വിരോധമല്ല വരിക, നമുക്കു വിധിയോടു പൊരുതാം.” കത്തിന്റെ അവസാന ഭാഗത്ത് നാട്ടുകാരോടുള്ള അഭ്യര്‍ത്ഥന ഇങ്ങനെയായിരുന്നു. ”ഞാന്‍ ഇനി എന്റെ അവസാന യാത്ര പറയുന്നു. എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്കു നല്ലതുവരട്ടെ. ഞങ്ങളൊരു ദീര്‍ഘയാത്ര ഇതാ ആരംഭിക്കുന്നു. നിങ്ങള്‍ ധൈര്യം ഉള്‍ക്കൊള്ളുക”. തൂക്കിലേറ്റപ്പെടുമ്പോള്‍ ഭഗത്‌സിംഗിന് 23 വയസ്സ് കഴിഞ്ഞിരുന്നു. 1930കളിലെ തിളങ്ങിനിന്ന വ്യക്തിത്വമായിരുന്ന ഭഗത്‌സിംഗ് സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ ബലിയര്‍പ്പിക്കപ്പെട്ടു. അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ ഇന്നും ഇന്ത്യയിലെ യുവതലമുറയെ ആവേശം കൊള്ളിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: