ഉറങ്ങാന്‍ കിടന്നപ്പോള്‍ വെളുപ്പിനു രണ്ടുമണി കഴിഞ്ഞിരുന്നു. പക്ഷേ, കണ്ണീരിന്റെ നിലയ്‌ക്കാത്ത ധാരയില്‍ കുതിര്‍ന്നുപോയ എന്റെ കണ്‍പോളകള്‍ അടയാന്‍ കൂട്ടാക്കിയില്ല.
അതിരാവിലെതന്നെ വിമാനത്താവളത്തില്‍ എത്തി. ന്യൂയോര്‍ക്കിലെ ഗതാഗതക്കുരുക്കില്‍നിന്നും രക്ഷപ്പെടാന്‍, നഗരത്തിനടുത്തുള്ള ലാഗാര്‍ഡിയാ എയര്‍പ്പോര്‍ട്ടിലേക്കാന്നു ടിക്കറ്റ് എടുത്തത്. അവിടെനിന്നും കാനഡ എംബസിയിലേക്കു കഷ്ടിച്ചു മുപ്പതു മിനിറ്റു യാത്രയേ ഉള്ളൂ. എന്നാല്‍, അവിടെയും വിധി എന്നെ തുണച്ചില്ല. രാവിലെ ഒന്‍പതു മണിക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം ലാഗാര്‍ഡിയായിലെ കനത്ത മഴയും ഇടിമിന്നലും കാരണം സമയത്തിനു പുറപ്പെട്ടില്ല. അവസാനം കലാവസ്ഥ അനുകൂലമായി വിമാനം ബഫലോ വിമാനത്താവളത്തില്‍നിന്നും പുറപ്പെട്ടപ്പോള്‍, ഉച്ചയ്‌ക്കു 12:30 കഴിഞ്ഞു. എംബസിയില്‍ എത്തിയപ്പോള്‍ മണി 3:00 കഴിഞ്ഞിരുന്നു. അന്നു വെള്ളിയാഴ്ചയായിരുന്നു. എംബസി 3:00 മണിക്കടക്കും. വിസ ലഭിക്കാനുള്ള അവസാനവഴിയും എന്റെ മുന്‍പില്‍ അടയ്‌ക്കപ്പെട്ടു.
എംബസി ഇനിയും തിങ്കളാഴചയേ തുറന്നു പ്രവര്‍ത്തിക്കു. അപ്പോഴേക്കും കാനഡയിലെ പരിപാടികള്‍ അവസാനിക്കാറാകും. ഇനിയെന്തെന്നു ചിന്തിച്ചു ഞാനും സ്‌േനഹയും എംബസിയുടെ അടഞ്ഞ വാതിലിനു മുന്‍പില്‍ നില്ക്കുമ്പോള്‍, തിങ്കളാഴ്ച ദിവസങ്ങളില്‍ രാവിലെ എംബസിയില്‍ ‘വാക്ക് ഇന്‍ ഇന്റര്‍വ്യൂ’ (നേരെ ചെന്നു വിസയ്‌ക്കപേക്ഷിച്ചു്, ഇന്റര്‍വ്യൂവില്‍ പങ്കുചേരുക) എന്നൊരു സമ്പ്രദായമുണ്ടെന്നറിയാന്‍ കഴിഞ്ഞു. അതു വിജയകരമായാല്‍, അന്നുതന്നെ വിസ കിട്ടാന്‍ സാദ്ധ്യതയുണ്ടുപോലും. പക്ഷേ, യാതൊരുറപ്പുമില്ല. ‘പ്രോഗ്രാമിന്റെ അവസാന ദിവസം എത്താന്‍ കഴിഞ്ഞാലും മതി. അമ്മയോടൊപ്പം തിരിയെ ഭാരതത്തിലേക്കു യാത്ര ചെയ്യാമല്ലോ’ എന്ന ചിന്തയായിരുന്നപ്പോള്‍. അങ്ങനെ ആ രാത്രി ന്യൂയോര്‍ക്കില്‍ താമസിച്ചു.
കണ്‍പോള അല്പംപോലും അടഞ്ഞില്ല. 2:30 ആയപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. മറുവശത്തു് അമ്മയുടെ ശബ്ദം. മുഖവുരയൊന്നും കൂടാതെ അമ്മ പറഞ്ഞു, ”മോന്‍ നാളെ രാവിലെതന്നെ ബഫലോയിലേക്കു തിരിയെ വരൂ. ഗൗതമന്‍ അവിടെയുണ്ടാകും. മോനെ അതിര്‍ത്തിയിലേക്കു കൂട്ടിക്കൊണ്ടുപോകും. ഒന്നുകൂടി ശ്രമിച്ചു നോക്കാം. നമ്മള്‍ പ്രയത്‌നിക്കണമല്ലോ. ബാക്കി കൃപ.” ഫോണിലൂടെയുള്ള അമ്മയുടെ വാക്കുകള്‍ ഗീതാവചനത്തിനെ ഓര്‍മ്മപ്പെടുത്തി. ദര്‍ശനം നല്കുന്നതിനിടയിലാണ് അമ്മ വിളിച്ചത്.
പിന്നീടു ഗൗതമന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അമ്മയെയും ടൊറൊന്റൊയില്‍ നടക്കുന്ന പരിപാടിയെയും അതില്‍ എന്റെ പങ്കിനെയുംകുറിച്ചു വിശദീകരിക്കുന്ന ചില രേഖകളും ലേഖനങ്ങളും ശേഖരിച്ചു വീണ്ടും അതിര്‍ത്തിയിലുള്ള ഇമിഗ്രേഷന്‍ ഓഫീസിനെ സമീപിക്കാനാന്നു പദ്ധതി. താത്കാലിക വിസ കിട്ടിയാലോ? ”അമ്മയുടെ അനുമതിയും അനുഗ്രഹവുമുണ്ട് ” ഗൗതമന്‍ പറഞ്ഞു.
വെളുപ്പിനുതന്നെ ബഫലോയിലേക്കു തിരിച്ചു. ഭരത് ജയറാമിന്റെ വീട്ടില്‍ ഗൗതം കാത്തുനില്പുണ്ടായിരുന്നു. പത്തുമണിയോടെ കാനഡ അതിര്‍ത്തിയിലേക്കു യാത്രയായി. അരമണിക്കൂറിനുള്ളില്‍ അവിടെയെത്തി.
ഇമിഗ്രേഷന്‍ ഓഫീസിനുള്ളിലേക്കു കയറുന്നതിനു മുന്‍പു്, നിരത്തില്‍തന്നെ ഒരു കൗണ്ടര്‍ ഉണ്ടായിരുന്നു. അവിടെയിരുന്ന ഉദ്യോഗസ്ഥന്‍ എന്റെ പാസ്‌പോര്‍ട്ടു വാങ്ങി. ”എന്തുകൊണ്ടാണു കഴിഞ്ഞദിവസം നിങ്ങള്‍ക്കു വിസ നിഷേധിച്ചതു്?” രേഖകള്‍ പരിശോധിക്കുന്നതിനിടയില്‍ ഓഫീസര്‍ വളരെ സൗമ്യമായി ചോദിച്ചു. കാര്യങ്ങള്‍ സത്യസന്ധമായിതന്നെ ബോധിപ്പിക്കുന്നതിനിടയില്‍ താത്കാലിക വിസ ലഭിക്കുന്നതിന്റെ സാദ്ധ്യതയെക്കുറിച്ചും ഗൗതമന്‍ ഉദ്യോഗസ്ഥനോടു തിരക്കി.
കാറിനുള്ളിലിരുന്ന എന്നെ അയാള്‍ കുനിഞ്ഞു നോക്കി പുഞ്ചിരിച്ചു. എന്നിട്ടു ശാന്തസ്വരത്തില്‍ വളരെ മര്യാദയോടെ പറഞ്ഞു, ”താത്കാലിക വിസ അസാദ്ധ്യമാണെന്നു ഞാന്‍ പറയില്ല. പക്ഷേ, അതിനൊരുപാടു നിയമങ്ങളും ഔപചാരികതയും ഉണ്ടു്. പല രേഖകളും ഹാജരാക്കേണ്ടി വരും. കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.”
ആ ഉദ്യോഗസ്ഥന്റെ ഉപചാരപൂര്‍വ്വമുള്ള സംഭാഷണവും പെരുമാറ്റവും എന്നെ അദ്ഭുതപ്പെടുത്തി. തൊട്ടടുത്തുതന്നെയുള്ള ഇമിഗ്രേഷന്‍ ഓഫീസിലേക്കു പോകാന്‍ അദ്ദേഹം ഞങ്ങളോടു നിര്‍ദ്ദേശിച്ചു.
കാനഡയില്‍ പ്രവേശിക്കാനുള്ള അനുമതിയും കാത്തു് അനവധിപേര്‍ ആ ഓഫീസിലുണ്ടായിരുന്നു. പ്രാര്‍ത്ഥനയോടെ ഊഴവും കാത്തു ഞങ്ങളും ആ കൂട്ടത്തില്‍ ചേര്‍ന്നു.
അതിനുള്ളില്‍ കാത്തിരുന്നപ്പോള്‍, നിമിഷങ്ങള്‍ക്കുപോലും വല്ലാത്ത ദൈര്‍ഘ്യം. താമസിച്ചില്ല, എന്റെ പേരു വിളിച്ചു. ഉദ്യോഗസ്ഥന്റെ കൈയിലേക്കു പാസ്‌പോര്‍ട്ടും മറ്റു രേഖകളും പ്രാര്‍ത്ഥനയോടെ നല്കി. കാഴ്ചയില്‍തന്നെ ഗൗരവക്കാരനായിരുന്നു ആ ഓഫീസര്‍. രേഖകളില്‍ ഒന്നു കണ്ണോടിച്ചു നോക്കിയിട്ട്, ഒരു ദാക്ഷണ്യവുമില്ലാത്ത സ്വരത്തില്‍ അദ്ദേഹം പറഞ്ഞു, ”അമേരിക്കയില്‍ പ്രവേശിക്കാന്‍ വിസ വേണമെന്നുള്ള കാര്യം നിങ്ങള്‍ക്കു നല്ലവണ്ണം അറിയാമായിരുന്നു. കാനഡയിലേക്കു വരാനും വിസ ആവശ്യമാണെന്നു നിങ്ങള്‍ക്കറിയാമായിരുന്നില്ലേ? എന്നിട്ടും അതു ചെയ്തില്ല? മറന്നുപോയി, അല്ലെ? നിങ്ങള്‍ ആരായാലും എത്ര വലിയ ആളാണെങ്കിലും എനിക്കതു പ്രശ്‌നമല്ല.” അദ്ദേഹത്തിന്റെ ജന്മനാടിനെ ഞാന്‍ ചെറുതായി കാണാന്‍ ശ്രമിച്ചു എന്നൊരു ധ്വനി ആ വാക്കുകളിലുണ്ടായിരുന്നോ…? ഉണ്ടെങ്കില്‍തന്നെ ആ വികാരം മനസ്സിലാക്കുകയും മാനിക്കുകയും വേണം.
വീണ്ടും അപേക്ഷിച്ചപ്പോള്‍, ഉദ്യോഗസ്ഥന്‍ മുഖം ചുളിച്ചുകൊണ്ടു പറഞ്ഞു, ”കാത്തിരിക്കൂ. മറ്റൊരു ഓഫീസര്‍ വരും.” കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാകുകയാണ്. പ്രതീക്ഷയ്‌ക്കു തീരെവകയില്ലാത്തതുപോലെ.
പിന്നെയും കാത്തിരിപ്പിന്റെ നിമിഷങ്ങള്‍. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മറ്റൊരു ഓഫീസര്‍ ആദ്യത്തെ ഉദ്യോഗസ്ഥന്റെ തൊട്ടടുത്തുള്ള സീറ്റിലെത്തി. അദ്ദേഹം എന്നെ വിളിച്ചു. അടുത്തെത്തിയപ്പോള്‍, ആശ്ചര്യം. അതു പുറത്തുള്ള കൗണ്ടറില്‍ കണ്ട സൗമ്യനായ അതേ ഉദ്യോഗസ്ഥനായിരുന്നു. രേഖകളെല്ലാം അദ്ദേഹത്തെ ഏല്പിച്ചു. ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞിട്ട്, അതെല്ലാം ക്ഷമയോടെ അദ്ദേഹം വായിക്കാന്‍ തുടങ്ങി. പിന്നെയും പ്രാര്‍ത്ഥനാനിര്‍ഭരമായ നിമിഷങ്ങള്‍. ‘മിസ്റ്റര്‍ പുരി’ പേരുകേട്ടു ഞാന്‍ കൗണ്ടറിനടുത്തു ചെന്നു.
എന്താണദ്ദേഹം പറയാന്‍ പോകുന്നത്്. ആകാംക്ഷയോടെ ഞാന്‍ ഉദ്യോഗസ്ഥന്റെ മുഖത്തേക്കു നോക്കി. ”നിങ്ങള്‍ക്കു ഞാന്‍ താത്കാലിക വിസ നല്കാം. ”ഇത്തവണത്തേക്കു മാത്രം.” പുഞ്ചിരിയോടെ അദ്ദേഹം അതു പറഞ്ഞപ്പോള്‍, കാതുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, ഹൃദയം പറഞ്ഞു, ”കൃപ… അമ്മയുടെ അപാര കൃപ…”
നല്ലവനായ ആ ഉദ്യോഗസ്ഥനു ഞങ്ങള്‍ നാലുപേരും മാറിമാറി നന്ദി പ്രകാശിപ്പിച്ചു.
ബുദ്ധികൊണ്ടു് അപഗ്രഥിക്കാനോ, ഉത്തരം കണ്ടെത്താനോ കഴിയാത്ത ഇത്തരം എത്രയെത്ര അനുഭവങ്ങള്‍. നയാഗ്രയില്‍നിന്നും പുറപ്പെടുമ്പോള്‍, പ്രത്യക്ഷത്തില്‍ കാരണമൊന്നുമില്ലാതെ വണ്ടി നിര്‍ത്തുവാന്‍ അമ്മ പറഞ്ഞതൊരു സൂചനയായിരുന്നു. അല്ലെങ്കില്‍, വിസയുണ്ടെന്ന ധാരണയിലിരുന്നേനെ. വണ്ടി നിര്‍ത്തിയതുകൊണ്ടാണ് പാസ്‌പോര്‍ട്ടു പരിശോധിച്ചത്്. ഇമിഗ്രേഷന്‍ ഓഫീസില്‍ എത്തിയശേഷമാണിതു സംഭവിച്ചതെങ്കിലോ? ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിനെ ‘കബളിപ്പിക്കാന്‍’ ശ്രമിച്ച കുറ്റത്തിനു ചിലപ്പോള്‍ ജയില്‍ശിക്ഷ വരെ അനുഭവിക്കേണ്ടി വരുമായിരുന്നു.
”എന്നാല്‍പ്പിന്നെ വിസ ഇല്ലെന്നുള്ള വിവരം ഈ സംഭവങ്ങളൊക്കെ ഉണ്ടാകുന്നതിനു മുന്‍പുതന്നെ അമ്മയ്‌ക്കു പറയാമായിരുന്നില്ലേ?” എന്നൊരു ചോദ്യം മനസ്സിലുണ്ടായേക്കാം. അതില്‍ യുക്തിയില്ലാതില്ല. ‘കുരുക്ഷേത്രയുദ്ധം നടക്കുമെന്ന്’ ശ്രീകൃഷ്ണനും നന്നായി അറിയാമായിരുന്നു.
‘ഒരു വ്യക്തിയുടെ ജീവിതത്തില്‍ ചിലതൊക്കെ സംഭവിച്ചേ മതിയാകൂ, ചില അനുഭവങ്ങളിലൂടെ കടന്നുപോയേ തീരൂ.,’ എന്നതു കാലേക്കൂട്ടി നിശ്ചയച്ചുറപ്പിച്ചിരിക്കുന്നു. പ്രപഞ്ചത്തിന്റെ അന്തരാളത്തില്‍ ഗുപ്തമായി സൂക്ഷിച്ചിരിക്കുന്ന രഹസ്യമാണത്. എന്നാല്‍, വിശ്വശക്തിയെ സാക്ഷാത്ക്കരിച്ച ഒരവതാരപുരുഷന്റെ, സദ്ഗുരുവിന്റെ, ദിവ്യപരിരക്ഷയുണ്ടെങ്കില്‍ ‘കണ്ണില്‍ കൊള്ളേണ്ടതു പുരികത്തു കൊള്ളും.’
(അവസാനിച്ചു)
















