അമിതമായി ആഹാരം കഴിക്കുക, ദഹിക്കാന്‍ പ്രയാസമുള്ളതും വായു കോപമുണ്ടാക്കുന്നതുമായ ആഹാരം കഴിക്കുക,തണുത്ത വെള്ളം കുടിക്കുക, തണുത്ത തറയില്‍ കിടക്കുക, ശക്തിയേറിയ കാറ്റു കൊള്ളുക, ശാരീരിക ക്ഷമതയ്ക്ക് താങ്ങാവുന്നതിലേറെ വ്യായാമം ചെയ്യുക, അടി, ഇടി ഇവ ഏല്ക്കുക, ശരീരം ക്ഷീണിച്ച് അവശമാകും വരെ വഴി നടക്കുക, ചുമടെടുക്കുക, അമിതമായ സ്ത്രീ സേവ, മലമൂത്രങ്ങള്‍ തടയുക, പട്ടിണി കിടക്കുക എന്നീ കാരണങ്ങളാല്‍ വാത ദോഷങ്ങള്‍ കോപിച്ച് വായുവിനെ ഉദരത്തിലേക്ക് താഴ്ത്തുമ്പോഴാണ് എക്കിള്‍ ഉണ്ടാകുന്നത്. എക്കിള്‍ രോഗികളുടെ വായ്ക്ക് എപ്പോഴും ചവര്പ്പുരസമായിരിക്കും. നെഞ്ചിലും കഴുത്തിലും ഭാരമനുഭവപ്പെടും. താഴെ പറയുന്ന പ്രയോഗവും മരുന്നുകളും എക്കിളിനെ ശമിപ്പിക്കും.
നിനച്ചിരിക്കാത്ത നേരത്ത് എക്കിള്‍ രോഗിയെ ഒരു സൂചി കൊണ്ട്് പതുക്കെ കുത്തുക. അതല്ലെങ്കില്‍ പെട്ടെന്ന് വായു പിടിച്ചു നിര്‍ത്തി സ്തബ്ധരാക്കുക. എക്കിള്‍ രോഗി ഞെട്ടിപ്പോകുന്ന തരത്തിലുള്ള സൂത്രങ്ങള്‍ ചെയ്യുക. ഈ പ്രയോഗങ്ങളെല്ലാം എക്കിളിനെ തടയും.
എക്കിളിനുള്ള മരുന്നുകള്‍: ഇരട്ടിമധുരം പൊടിച്ചത് ഒരു സ്പൂണ്‍ എടുത്ത് തേനില്‍ ചാലിച്ച് രണ്ട് മണിക്കൂര്‍ ഇടവിട്ട് കഴിക്കുക. തിപ്പലി പൊടിച്ച് തേനും നെയ്യും ഉപയോഗിച്ചും ഈ പ്രയോഗം നടത്താം. 50 മില്ലി ചൂടു പാലില്‍ ഒരു സ്പൂണ്‍ നറുനെയ്യ് ചേര്‍ത്ത് സേവിക്കുക. അല്ലെങ്കില്‍ കരിമ്പിന് നീരില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കൊടുക്കുക. പത്തു മില്ലി നെയ്യില്‍ രണ്ടു ഗ്രാം ഇന്തുപ്പ് പൊടിച്ചു ചേര്‍ത്ത് സേവിക്കുക. ഇന്തുപ്പ് ചേര്‍ത്താല്‍ നെയ്യ് ഒന്ന് ചൂടാക്കണം. 50 മില്ലി തിളപ്പിച്ച വെള്ളത്തില്‍ രണ്ട് ഗ്രാം ഇന്തുപ്പ് പൊടി ചേര്‍ത്ത് നല്‍കുക. കടുക്കാത്തൊണ്ട് പൊടിച്ചത് ഒരു സ്പൂണ്‍ തേനില്‍ ചാലിച്ച് കഴിച്ചാലും എക്കിള്‍ ശമിക്കും.
ചെഞ്ചല്യം, ശുദ്ധി ചെയ്ത മനയോല, ഇവ തീക്കനലിലിട്ട് പുകച്ച ശേഷം ആ പുക ശ്വസിക്കുക. എക്കിള്‍ ശമിക്കും. പശുവിന്റെ വാലിലുള്ള രോമം, കുളമ്പ് ഇവ തീക്കനലിലിട്ട് പുകച്ച് ആ പുക വലിച്ചാലും എക്കിട്ടം ഭേദമാകും. ഹിക്കസ്ഥാനത്ത്, ( കഴുത്ത് , മുലക്കണ്ണില്‍ മൂന്നു വിരല്‍ മാറി നെഞ്ചിന്റെ കുഴി എന്നിവയാണ് ഹിക്കസ്ഥാനങ്ങള്) തുണിമുക്കി ചൂടാക്കി ചൂടു പിടിക്കുക,
തുവര്‍ച്ചിലക്കാരം രണ്ട്് ഗ്രാം എടുത്ത് ഒരു സ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ ചാലിച്ച് അരസ്പൂണ്‍ തേനും ചേര്‍ത്ത് നാലു മണിക്കൂര്‍ ഇടവിട്ട് രണ്ടു നേരം കഴിക്കുക. എത്ര ശക്തമായ എക്കിളും ശമിക്കും.
മയില്‍ പീലി കൊത്തി നുറുക്കി, ഒരു മണ്‍കുടത്തിലിട്ട് ആ കുടം പുകപോകാത്ത വിധം അടച്ച് രണ്ട് മണിക്കൂര്‍ തീ കത്തിച്ചാല്‍ അത് ഉരുകി ഭസ്മമാകും. ഈ ഭസ്മം ചുരണ്ടിയെടുത്ത് അരസ്പൂണ്‍ വീതം തേനില്‍ ചാലിച്ച് രണ്ടു നേരം സേവിച്ചാല്‍ എക്കിള്‍ എത്ര കഠിനമാണെങ്കിലും ശമിക്കും. ഇത് തുടര്‍ച്ചയായി രണ്ടു നേരം വീതം ഏഴു ദിവസം സേവിച്ചാല്‍ ആസ്ത്മയും ഭേദമാകും.
മുള്ളന്‍ പീലിയെടുത്ത് കൊത്തിനുറുക്കി ഇതേ രീതിയില്‍ ഭസ്മമാക്കി എടുത്ത് അര സ്പൂണ്‍ വീതം രണ്ടു നേരം സേവിച്ചാലും എക്കിള്‍ മാറും.
എക്കിളിനുള്ള ചൂര്‍ണം ഉണ്ടാക്കുന്ന വിധം: തിപ്പലി, നെല്ലിക്കാത്തൊണ്ട്, ചുക്ക് ഇവ സമം പൊടിച്ചത് ഒരു സ്പൂണ്‍, പഞ്ചസാര ഒരു സ്പൂണ്‍, അരസ്പൂണ്‍ വീതം തേനും നെയ്യും എന്ന ക്രമത്തിലെടുത്ത് ചാലിച്ച് ദിവസം രണ്ടു നേരം കഴിക്കുക. എക്കിള്‍ ശമിക്കും.
കുറിപ്പ്: കഫകാസത്തെക്കുറിച്ചുള്ള ഔഷധ വിധിയില്‍ ഇരട്ടി മധുരം എന്നത് ഇരട്ടി ശര്‍ക്കര എന്ന് തിരുത്തി വായിക്കുക.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: