പോത്തന്‍കോട്: പ്രകൃതിസൗന്ദര്യത്താല്‍ പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും അറബിക്കടലിന്റെ കുളിര്കാറ്റുമായി അത്യപൂര്‍വ വിരുന്നൊരുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ് വെള്ളാണിക്കല്‍ പാറ എന്ന പാറമുകള്‍. കേരള ടൂറിസം ഭൂപടത്തില്‍ ഗ്രാമീണ ടൂറിസം പദ്ധതികളുടെ പ്രാധാന്യത്തെ വിളിച്ചോതുന്ന വെള്ളാണിക്കല്‍ പാറമുകള്‍ തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് മാണിക്കല്‍ മുദാക്കല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യസമര കാലഘട്ടത്തിന്റെ ചരിത്രം പേറുന്ന സ്ഥലം കൂടിയാണിവിടം. പറങ്കിമാവുകള്‍ തിങ്ങിനിറഞ്ഞ ഇവിടത്തെ കാടുകളില്‍ നിരവധി സ്വാതന്ത്ര്യസമര സേനാനികള്‍ ഒളിവില്‍ താമസിച്ചിട്ടുള്ളതായി പഴമക്കാര്‍ പറയുന്നു.
ഇരുപത്തിമൂന്ന് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പ്രകൃതി രമണീയമായ വെള്ളാണിക്കല്‍ പാറമുകള്‍ സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 500 അടി ഉയരത്തിലാണ്. പാറമുകളില്‍ നിന്ന് നോക്കിയാല്‍ തെക്കുപടിഞ്ഞാറ് നഗരക്കാഴ്ചകളും പടിഞ്ഞാറ് അറബികടലിന്റെ വശ്യതയും കിഴക്ക് പൊന്മുടിയും അഗസ്ത്യാര്‍കൂടവും ഉള്‍പ്പെടുന്ന സഹ്യപര്‍വത മലനിരകളും കാണാന്‍ സാധിക്കും. കുന്നിന്മുകളില് നിന്നുകൊണ്ട് ഇളംകാറ്റേറ്റ് സൂര്യാസ്തമയം കാണാന്‍ നിരവധി കുടുംബങ്ങളാണ് ഇവിടെ വൈകുന്നേരങ്ങളില്‍ എത്തിച്ചേരുന്നത്.
പോത്തന്‍കോട് വെഞ്ഞാറമൂട് ബൈപ്പാസ് റോഡില്‍ കോലിയക്കോട്ട് നിന്ന് രണ്ടു കിലോമീറ്ററും വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ പാറയ്ക്കല്‍ വഴി അഞ്ചു കിലോമീറ്ററും ദേശീയപാതയില്‍ പതിനാറാം മൈലില്‍ നിന്ന് വേങ്ങോട് വഴി മൂന്നു കിലോമീറ്ററും, ആറ്റിങ്ങല്‍ മുദാക്കല്‍വഴി അഞ്ചു കിലോമീറ്ററും സഞ്ചരിച്ചാല്‍ വെള്ളാണിക്കല്‍ പാറ മുകളിലെത്താം. ജില്ലയിലെ കാണിക്കാര്‍ പൂജിക്കുന്ന നുറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഗോത്ര സങ്കല്‍പ്പത്തിലുള്ള ആചാരങ്ങള്‍ പിന്തുടരുന്ന ആയിരവല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്ന ഈ പ്രദേശം ജില്ലയുടെ നിരവധി ടൂറിസം വികസനത്തിന് വലിയ സാധ്യതയാണ് തുറന്നിടുന്നത്. 80 വര്‍ഷം മുമ്പാണ് ക്ഷേത്രം പണികഴിപ്പിച്ചത്. വെള്ളാണിക്കല്‍കുന്നിലെ ഗോത്രവര്‍ഗക്കാരുടെ ക്ഷേത്രത്തില്‍ പാടിയിരുന്ന ചാറ്റുപാട്ടും തേരുവിളക്കും ഇവിടെ ഏറെ പ്രസിദ്ധമാണ്. പാറയുടെ താഴ്വാരത്തുള്ള ക്ഷേത്രമായ വെള്ളാണിക്കല്‍ വനദുര്‍ഗാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാനദിവസം പാറമുകള്‍ ശ്രീതമ്പുരാനെ കാണുവാന്‍ വേങ്കമല ദേവി കാണിക്കാരായ ക്ഷേത്ര പൂജാരികള്‍ക്കൊപ്പം പാറമുകള്‍ അമ്പലത്തിലേക്ക് എഴുന്നള്ളുന്നുണ്ട് എന്നാണ് സങ്കല്‍പ്പം.
പുലിച്ചാണി എന്നറിയപ്പെടുന്ന ഗുഹ ഇവിടത്തെ മറ്റൊരു സവിശേഷതയാണ്. പുലിയുടെ വാസസ്ഥലം എന്ന അര്‍ഥത്തിലാണ് പുലിച്ചാണി എന്നു വിളിക്കുന്നത്. ചെങ്കുത്തായ ചരിവില്‍ക്കൂടി വേണം ഗുഹയുടെ കവാടത്തിലേക്ക് എത്താന്‍. ചെറിയ കവാടത്തിലൂടെ ഉള്ളിലേക്ക് കയറിയാല്‍ ഒരാള്‍ പൊക്കമുള്ള ഗുഹയ്ക്കകത്ത് എത്താം. ഇതു വെള്ളാണിക്കല്‍ പാറയുടെ താഴ്വാരത്തിനടുത്താണ്. ഈ ഗുഹയുടെ ഗുഹാമുഖം ചെറുതാണെങ്കിലും അകത്തേക്കുചെല്ലുംതോറും ഗുഹ വലുതായി വരികയാണ് ചെയ്യുന്നത്. ധാരാളം ലിഖിതങ്ങളും അടയാളങ്ങളുമൊക്കെ പ്രാചീനതയുടെ ശേഷിപ്പുകളായി ഗുഹാഭിത്തികളിലും മറ്റും കാണാന്‍ സാധിക്കുന്നുണ്ട്. മലനിരകള്‍ക്കിടയിലൂടെ ഒഴുകി എത്തുന്ന ഒരിക്കലും വറ്റാത്ത നീരുറവയെ തണ്ണിപ്പാറ എന്നാണ് വിളിക്കുന്നത്.
സിനിമാ-സീരിയല്‍ പ്രവര്‍ത്തകരുടെ ഇഷ്ട ലൊക്കേഷന്‍ കൂടിയായ വെള്ളാണിക്കല്‍ പാറമുകള്‍ സാമൂഹ്യവിരുദ്ധര്‍ കീഴടക്കിയിരിക്കുകയാണിന്ന്. ഇവിടേക്ക് നിരവധി ആളുകളാണ് ദിവസവും എത്തുന്നത്. പക്ഷേ, സുരക്ഷാ ജീവനക്കാരില്ലാത്തതിനാല്‍ ഇവിടം സാമൂഹ്യവിരുദ്ധകേന്ദ്രമായി മാറി. സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രങ്ങളില്‍ മദ്യക്കുപ്പികള്‍ പൊട്ടിച്ചുനിരത്തിയ നിലയിലാണ്. സമീപത്തെ സ്വകാര്യവസ്തുവില് ബഹുദൂരക്കാഴ്ചയ്ക്കായി ഒരുക്കിയ മൂന്നുനില കെട്ടിടവും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പ്രദേശം ലഹരിസംഘം കേന്ദ്രമാക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പാറയ്ക്ക് മുകളിലെ വറ്റാത്ത തെളിനീരുറവ പ്ലാസ്റ്റിക് കുപ്പികളും ആഹാരവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ് മലിനമാക്കിയിരിക്കുകയാണ്. പാറമുകളില്‍ അടുത്തിടെ നടന്ന മോഷണമാണ് ഒടുവിലത്തെ സംഭവം. പാറയ്ക്ക് സമീപത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത വിളക്കുകള്‍, കെട്ടിടങ്ങളുടെ ജനല്‍ചില്ലുകള്‍ എന്നിവ തല്ലിത്തകര്‍ത്തിരുന്നു. പ്രദേശത്ത് പോലീസ് പട്രോളിംഗ് ഊര്‍ജിതമാക്കാത്തതാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് കാരണം. പോത്തന്‍കോട്, വെഞ്ഞാറമൂട് സ്റ്റേഷന് അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ പ്രദേശത്തെ പോലീസുദ്യോഗസ്ഥര്‍ പരസ്പരം പഴിചാരുന്ന അവസ്ഥയാണ്.
ജില്ലാ ടൂറിസം പ്രാമോഷന്‍ കൗണ്‍സില്‍വഴി വെള്ളാണിക്കല്‍ റൂറല്‍ ടൂറിസം പദ്ധതിയുടെ നിര്‍മാണോദ്ഘാടനം 2016 മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി നിര്‍വഹിച്ചിരുന്നു. 50 ലക്ഷം ചെലവിട്ട് പദ്ധതി പൂര്‍ത്തിയാക്കിയെങ്കിലും ഒന്നും എങ്ങും എത്താത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: