കാര്‍ഷിക രംഗത്ത് അതിശയിപ്പിക്കുന്ന നൂതന കണ്ടുപിടുത്തങ്ങളിലൂടെ ജനമനസ്സുകളില്‍ ഇടംനേടിയ അടിമാലി സ്വദേശി ചെറുകുന്നേല്‍ ഗോപി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
1995-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകോത്തമ അവാര്‍ഡ്, ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കര്‍ഷക തിലക്, നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെ ഉദ്യാന്‍ പണ്ഡിറ്റ്, സ്പൈസസ് ബോര്‍ഡ് അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ഗോപിയെ തേടിയെത്തി. ഏതാനും വര്‍ഷങ്ങളായി ജാതി കൃഷിയിലുള്ള നൂതന പരീക്ഷണങ്ങളിലാണ് ഗോപി ഏര്‍പ്പെട്ടിട്ടുള്ളത്. ഒരു ജാതിയുടെ ആയുസ്സ് 200 വര്‍ഷത്തോളമാണ്. എന്നാല്‍ പ്രകൃതിക്ഷോഭം മൂലം ഇവയിലധികവും കടപുഴകി വീണ് നശിക്കുന്നു. ഇതിനൊരു പ്രതിവിധിയായാണ് മള്‍ട്ടി റൂട്ട് ജാതിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. ആഴത്തില്‍ വേരോട്ടമില്ലാത്തതിനാലാണ് മരം കാറ്റില്‍ മറിഞ്ഞുപോകുന്നത്. ഇത് തടയാന്‍ ഒരു ചെടിക്ക് ഒരു തായ്വേര് എന്നതിനു പകരം പന്ത്രണ്ടോളം തായ്വേരുകള് ഉണ്ടാക്കുകയെന്ന ഗോപിയുടെ തന്ത്രം ഫലം കണ്ടു.
എന്താണ് മള്‍ട്ടി റൂട്ട് ?
പോളിത്തീന്‍ കവറില്‍ നട്ട നാട്ടുജാതി തൈകള്ക്കിരുവശവും കാട്ടുജാതി തൈകള്‍ വളര്‍ത്തി ഗ്രാഫ്റ്റ് ചെയ്ത് നാട്ടുജാതിയാല് മേന്മയുള്ള ജാതിക്കണ്ണ് ബഡ്ഡു ചെയ്ത് മുളയുണ്ടാക്കി വളര്‍ത്തുന്നു.
വളവും വെള്ളവും നല്കി പരിപാലിക്കുന്ന തൈകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ വിപണനത്തിന് തയ്യാറാകും. ശരാശരി തൈയ്ക്ക് 6 മുതല്‍ 8 വരെ തായ്വേരുകള് ഉണ്ടാകും. വിസ്തൃതമായ വേരുപടലത്തിലൂടെ മൂലകങ്ങളും വെള്ളവും വലിച്ചെടുക്കാന്‍ ചെടിക്ക് സാധിക്കുന്നതിനാല്‍ വളര്‍ച്ചയും കരുത്തും രോഗപ്രതിരോധശേഷിയും ഇരട്ടിയാകുന്നു.
മള്‍ട്ടി റൂട്ട് ജാതിയുടെ വിജയഗാഥയ്ക്കുശേഷം അത്യുല്‍പ്പാദന ശേഷിയുള്ള മറ്റൊരിനം അണിയറയില്‍ ഒരുങ്ങുകയാണ്. 2019 ജനുവരിയോടെ പുതിയ ഇനം പുറത്തിറക്കും. ഇതുവരെയും പേരിടാത്ത ഈ ഇനം കാര്‍ഷിക മേഖലയില്‍ ചരിത്രമാകുമെന്നും ഗോപി പറയുന്നു. മള്‍ട്ടി റൂട്ട് ജാതിയില്‍ പ്രത്യേക ഇനം ബഡ്ഡു ചെയ്ത് ചേര്‍ക്കുന്നു. കട്ടിയുള്ള ജാതിപത്രിയും നീളം കൂടിയ ജാതിക്കയും ഇതിന്റെ പ്രത്യേകതയാണ്. 70-80 കായ്കള്‍ മതിയാകും ഒരു കിലോക്ക്. 275-350 കായ്കളുടെ പത്രികൊണ്ട് ഒരു കിലോയുണ്ടാകുമെന്നതാണ് ഈ ഇനത്തിന്റെ സവിശേഷത. 2000-ത്തോളം മദര്‍ പ്ലാന്റ് ഉണ്ടാക്കിയതിനുശേഷമാകും തൈകളുടെ വിപണനമാരംഭിക്കുക. തൈകള്‍ വാങ്ങുന്ന കര്‍ഷകര്‍ക്ക് തൊട്ടടുത്ത വര്‍ഷം കായ്ഫലവും ലഭിക്കുന്നു.
കുഴിയെടുക്കലും നടീലും
നാല് അടി താഴ്ചയിലും ആറ് അടി ചുറ്റളവിലും കുഴിയെടുക്കണം. അതില്‍ 15-20 കിലോഗ്രാം ചാണകപ്പൊടിയിട്ട് നാല് വശങ്ങളില്‍നിന്ന് മണ്ണ് ഇടിച്ചിട്ട് കുഴി പകുതി ഭാഗം മൂടണം. എല്ലുപൊടിയും, ലഭ്യമെങ്കില്‍ കോഴിക്കാഷ്ടവും ചേര്‍ത്ത് നന്നായി മിശ്രണം ചെയ്യുക. കോഴിക്കാഷ്ടമിടുമ്പോള് ആനുപാതികമായി ചാണകപ്പൊടി കുറയ്ക്കാം. കുഴിയുടെ മദ്ധ്യഭാഗത്തായി പോളി ബാഗ് ഇറക്കി വെയ്ക്കാവുന്ന തരത്തില്‍ ഒരു പിള്ളക്കുഴിയുണ്ടാക്കണം. കുഴിയുടെ കരയില്‍ വെച്ച് പോളി ബാഗിന്റെ അടിഭാഗം മാത്രം വേരുകള്‍ക്ക് മുറിവേല്ക്കാതെ വൃത്താകൃതിയില്‍ മൂര്‍ച്ചയുള്ള കത്തികൊണ്ടോ ബ്ലേഡുകൊണ്ടോ വരഞ്ഞ് നീക്കണം. ശ്രദ്ധാപൂര്‍വം ബാഗ് ഇരുവശങ്ങളിലും ചേര്‍ത്തുപിടിച്ച് കുഴിയിലേക്കിറക്കി കവറിന്റെ വശങ്ങള് കത്തികൊണ്ട് വരഞ്ഞ് നീക്കം ചെയ്യണം. തൈ നടീല്‍ പൂര്‍ത്തിയാകുമ്പോള്‍ തായ്ക്കുഴിയുടെ പകുതിയേ മൂടാവൂ. താങ്ങും കൃത്യമായ വളവും വെള്ളവും നല്‍കണം. ജാതിത്തോട്ടത്തില്‍ തെങ്ങ്, കൊക്കോ, കമുക്, കുരുമുളക് എന്നീ ഇടവിളകള്‍ കൃഷി ചെയ്യാം. സൂര്യപ്രകാശം ക്രമീകരിക്കുന്നതിന് ഇത് സഹായകമാകും. തലമുറകള്‍ നീണ്ടുനില്‍ക്കുന്ന ഉറപ്പായ വരുമാനമാണ് ജാതിമരം നല്‍കുന്നത്. അഞ്ച് ഏക്കര്‍ റബ്ബറില്‍നിന്നുള്ള ആദായം ഒരു ഏക്കര്‍ ജാതി കൃഷിയില്‍നിന്ന് ലഭിക്കും. നാല് റബ്ബര്‍ മരത്തിനിടയ്ക്ക് ഒരു ജാതി നടാം. മരങ്ങള്‍ പൊങ്ങുമ്പോള്‍ തലപ്പ് വെട്ടിനല്കിയാല് മതിയാകും.
സംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ
മഴക്കാലത്തുണ്ടാകുന്ന രോഗ- കീടബാധയില്‍ നിന്നുമുള്ള സംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ കൊടുക്കണം. കായ് പൊഴിച്ചിലും അഴുകലുമെല്ലാം ഉത്പാദനത്തെ ഗുരുതരമായി ബാധിക്കും. ഇത് തടയാന്‍ മുന്‍കരുതലെടുക്കണം. ഫംഗസ് ബാധ ഒഴിവാക്കുന്നതിന് സാഫ് എന്ന മരുന്ന് മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന അളവില്‍ കലക്കിയടിക്കണം. അഴുകല്‍ രോഗം കൂടുതലായി കാണുന്നുവെങ്കില്‍ യുണി ലാക്സ് 1.5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അടിച്ചു കൊടുക്കണം.
കാലവര്‍ഷാരംഭത്തിന് മുമ്പായി മെയ് മാസം അവസാനത്തോടു കൂടി കുമിള്‍നാശിനി അടിച്ചുകൊടുക്കണം. പിന്നീട് ജൂലൈ ആദ്യവാരം, ഇടത്തോര്ച്ച സമയത്ത്, ആഗസ്റ്റ് അവസാനം, ഒക്ടോബര്‍ ആദ്യവാരം എന്നിങ്ങനെ നാലു തവണ മരുന്ന് പ്രയോഗിക്കാം. മരുന്നുകള്‍ ഓരോ തവണയും മാറി മാറി അടിക്കുന്നതാണ് ഉത്തമം. വയലുകളില്‍ കൃഷിയാകാം. സ്ഥലത്തിന്റെ രീതി അനുസരിച്ച് പൂര്‍ണമായും നീര്‍വാര്‍ച്ച ഉറപ്പാക്കുന്ന തരത്തില്‍ ആവശ്യമായ വലുപ്പത്തിലും അകലത്തിലും കാനകള്‍ തീര്‍ത്ത് ചെടി നടാം. എട്ട് അടി ചുറ്റളവില്‍ ഉയരത്തിലുള്ള കൂനകള്‍ ഉണ്ടാക്കി അതില്‍ തൈകള്‍ നടണം.
അഭിനന്ദനവുമായി കൃഷി മന്ത്രിയും
അഭിനന്ദനവുമായി കൃഷി മന്ത്രിയും ഗോപിയുടെ ജാതി നേഴ്സറി സന്ദര്‍ശിച്ചു. പെരുമഴയുള്ള ഒരു സന്ധ്യയിലാണ് തിരക്കിനിടയിലും മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഗോപിയുടെ നേഴ്സറിയിലെത്തിയത്. നഴ്സറി ചുറ്റിക്കറങ്ങി കണ്ട മന്ത്രി ഗോപിയെ അഭിനന്ദിച്ചു. വിശ്വാസ്യതയിലും പ്രവര്‍ത്തന മികവിലും സമാനതകളില്ലാത്ത മാതൃകയായി ജാതി കൃഷിക്ക് ഗോപി നല്കിയ പരിഗണനയും നൂതന കണ്ടുപിടിത്തങ്ങളും മഹത്തരമാണെന്നും, തനിക്ക് അത്ഭുതമായി തോന്നുന്നുവെന്നും മന്ത്രി സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചു. സര്‍ക്കാര്‍ തലത്തിലുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത മന്ത്രിയുടെ അഭിപ്രായങ്ങള്‍ മറ്റൊരു അംഗീകാരമായി കാണുന്നുവെന്ന് ഗോപി പറഞ്ഞു.
ഇടുക്കി ജില്ലയില്‍ അടിമാലിക്ക് സമീപം ചാറ്റുപാറയില്‍ സ്വന്തമായുള്ള മൂന്നേക്കറിലും, സ്വകാര്യ ബസ് സ്റ്റാന്‍ഡിനടുത്ത് രണ്ട് ഏക്കറിലുമായാണ് ഗോപിയുടെ നേഴ്സറി. പലയിനം തെങ്ങിന് തൈകള്‍, റമ്പുട്ടാന്, മാവ്, പ്ലാവ്, വിവിധയിനം പച്ചക്കറികള്‍, നേന്ത്രവാഴകള്‍, ഇഞ്ചി, ചേന, കപ്പ, ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് ചെടികള്‍ അടക്കം വിപണനത്തിനുണ്ട്. വിഎഫ്പിസികെയിലെ ജോലിയില്‍നിന്ന് വിരമിച്ച സഹധര്‍മ്മിണി സാവിത്രി ഗോപിയുടെ കാര്‍ഷികവൃത്തിക്ക് താങ്ങും തണലുമായി ഒപ്പമുണ്ട്.
വിശദ വിവരങ്ങള്‍ക്ക്: 9447613755, 9656640155
പ്രതികരിക്കാൻ ഇവിടെ എഴുതുക: