Categories: Local News

നഗരം കീഴടക്കി നായകള്‍; ഉണരാതെ നഗരസഭ

Published by

ആലപ്പുഴ: നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമായിട്ടും നടപടി സ്വീകരിക്കാതെ ആലപ്പുഴ നഗരഭരണകര്‍ത്താക്കള്‍. കഴിഞ്ഞ ദിവസം നഗരഹൃദയത്തില്‍ നിരവധി പേര്‍ക്ക് പട്ടികടിയേറ്റ സാഹചര്യത്തില്‍ നഗരസഭാ ഭരണകര്‍ത്താക്കള്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു. 

കരുവാറ്റയില്‍ സ്‌കൂള്‍കുട്ടികളടക്കം എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കീര്‍ത്തന (13) അമൃത (ആറ്), അഞ്ജലി (11), റജി (30), അശ്വിന്‍ (17), ശെല്‍വം എന്നിവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്‌ക്കു ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കരുവാറ്റ എന്‍എസ്എസ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുമാരപുരം എല്‍പിഎസ് സ്‌കൂള്‍, കരുനാട്ട് സിയോണ്‍ എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് കടിയേറ്റത്. 

ഇന്നലെ വൈകിട്ട് 3.30ന് സ്‌കൂള്‍ വിട്ട സമയത്തായിരുന്നു നായയുടെ അക്രമം. കരുവാറ്റയിലും പരിസര പ്രദേശങ്ങളിലും തെരുവുനായകൂട്ടം കാല്‍നടയാത്രക്കാരേയും മറ്റും അക്രമിക്കുന്നത് നിത്യസംഭവമാണ്. റോഡിന്റെ വശങ്ങളില്‍ അറവുശാലകളിലെ മാലിന്യം നിക്ഷേപിക്കുന്നതാണ് പ്രദേശത്ത് നായകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

തെരുവുനായ്‌ക്കളെ പിടികൂടി വന്ധ്യംകരിക്കാനായി ആവിഷ്‌കരിച്ച എബിസി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി നടപ്പാക്കാന്‍ വീഴ്ച കാട്ടിയതാണ് നിരത്തുകള്‍ നായകള്‍ കൈയടക്കാന്‍ കാരണം. സംസ്ഥാനത്തെ ആറ്ു ജില്ലകളില്‍ വന്ധ്യംകരണ പരിപാടി നടക്കുന്നുണ്ട്. ഇതില്‍ ഒരു ജില്ല ആലപ്പുഴയാണ്. 

ജില്ലയുടെ മറ്റു പല തദ്ദേശസ്ഥാപനങ്ങളും പദ്ധതി തുടങ്ങിയെങ്കിലും ആലപ്പുഴ നഗരസഭ ഉപേക്ഷ കാട്ടുകയായിരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും നായ്‌ക്കള്‍ പെരുകുന്നതിന് കാരണമാണ്. എന്നാല്‍, മാലിന്യം തള്ളുന്നത് തടയാനോ അത് യഥാസമയം നീക്കം ചെയ്യാനോ തയാറാകുന്നില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts