വടക്കന്‍കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായത്. എന്നാല്‍ ഇന്ന്, കിയാല്‍ എന്ന കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് അതോറട്ടി ലിമിറ്റഡ് വിവാദങ്ങളുടെയും അഴിമതി ആരോപണത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും താവളമായിരിക്കുന്നു. ഭരണഘടനാ സ്ഥാപനമായ കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) ഓഡിറ്റിങ്ങിന് തയ്യാറല്ലന്നും വിമാനത്താവളം സ്വകാര്യമേഖലയില്‍ ആണെന്നുമുള്ള വിചിത്ര ന്യായമാണ് ഉയര്‍ത്തുന്നത്. കിയാല്‍ എന്തുകൊണ്ട് സിഎജിയെ ഭയപ്പെടുന്നു എന്നത് ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്.
ഓഹരി ഘടന പ്രകാരം കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ കമ്പനിയാണ്. സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം കിയാലില്‍ ലഭ്യമാകുന്നത് പ്രത്യേക രീതിയിലാണ്. കിന്‍ഫ്ര എന്ന സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ ഏജന്‍സി വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്തു സര്‍ക്കാറിന് കൈമാറുന്നു. സര്‍ക്കാര്‍ ആവശ്യത്തിനനുസരിച്ച് ഭൂമി കിയാലിന് കൈമാറുന്നു. അപ്പോള്‍ ഭൂമിയുടെ മാര്‍ക്കറ്റ് വിലയ്ക്ക് അനുപാതികമായ ഓഹരി സംസ്ഥാനസര്‍ക്കാറിന് കിയാല്‍ നല്‍കണം. ഇത്തരത്തില്‍ 620 ഏക്കര്‍ ഭൂമി കൈമാറിയപ്പോള്‍ സര്‍ക്കാരിന് 33.8 ശതമാനം ഓഹരി പങ്കാളിത്തം ലഭ്യമായി. ബാക്കിയുള്ള 1850 ഏക്കര്‍, വിമാനത്താവളത്തിനോട് ചേര്‍ന്ന കൊമേഴ്സ്യല്‍ ഭൂമി സര്‍ക്കാര്‍ നിയമപ്രകാരം മാര്‍ക്കറ്റ് വിലയ്ക്ക് സംരംഭകര്‍ക്ക് കൈമാറേണ്ടതാണ്. എന്നാല്‍, ഈ ഭൂമി ഏക്കറിന് 100 രൂപ വാര്‍ഷിക പാട്ടത്തിന് കിയാലിന് 99 വര്‍ഷത്തെ പാട്ടവ്യവസ്ഥയില്‍ കൈമാറുകയാണ് കിന്‍ഫ്ര ചെയ്തത്. ഇത് നിയമവിരുദ്ധവും അഴിമതിയുമാണ്.
കിന്‍ഫ്രയ്ക്ക് ഇതിന് അധികാരമില്ല. സഹസ്രകോടികള്‍ വിലവരുന്ന ഭൂമി സൗജന്യമായി കൈമാറിയതുവഴി നേട്ടം കിട്ടിയത് കിയാലില്‍ ഓഹരി പങ്കാളിത്തമുള്ള സഹസ്രകോടീശ്വരന്മാര്‍ക്കും അവരുടെ സില്ബന്ദികള്ക്കുമാണ്. നിയമപ്രകാരം, മൊത്തംഭൂമി സര്‍ക്കാര്‍വഴി കൈമാറി പകരം സംസ്ഥാനത്തിന് അതിനുതക്ക ഓഹരിപങ്കാളിത്തം നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെയായിരുന്നുവെങ്കില്‍, ഇപ്പോള്‍ ഡയറക്ടര്‍ സ്ഥാനത്തിരിക്കുന്ന പലര്‍ക്കും ഡയറക്ടര്‍ ബോര്‍ഡിലെത്താന്‍ കോടികള്‍ മുടക്കേണ്ടിവരുമായിരുന്നു. യുഡിഎഫ്, എല്‍ഡിഎഫ് ഗവണ്മെന്റുകള് ഒത്തുചേര്‍ന്നുകൊണ്ടാണ് ഈ തട്ടിപ്പ് നടത്തിയത്.
വിമാനത്താവള പരിസരത്ത് വന്‍കിട നിര്‍മ്മാണപ്രവര്‍ത്തനവും ടൗണ്‍ഷിപ്പും പഞ്ചനക്ഷത്രഹോട്ടലുകളും വരുന്നതു പൊതുഖജനാവിലെ പണം ഉപയോഗിച്ചുവാങ്ങിയ സര്‍ക്കാര്‍ ഭൂമിയിലാണ്. പക്ഷേ, അതിന്റെ ഗുണം കിട്ടിയതു സ്വകാര്യവ്യക്തികള്‍ക്കാണ്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഓപ്പറേറ്റിംഗ് സംവിധാനം ഗ്ലോബല്‍ ടെന്‍ഡറിലൂടെ അദാനി കമ്പനിക്ക് നടത്തിപ്പിന് കൊടുത്തതിനെ സ്വകാര്യവല്‍ക്കരണം എന്നുപറഞ്ഞ് എതിര്‍ത്തവര്‍ കണ്ണൂരില്‍ ഈ ചെയ്തതിനെ എന്തുപറഞ്ഞു ന്യായീകരിക്കും? ഈ ഭൂമി കുംഭകോണത്തിന്റെ ഫയലുകള്‍ ആവശ്യപ്പെട്ടതാണ് കിയാലിന് സിഎജി അനഭിമതരാവാന്‍ മുഖ്യകാരണം.
ഇടത്-വലത് ഗവണ്മെന്റുകള് നടത്തിയ സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ നിയമനങ്ങളാണ് മറ്റൊന്ന്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷവാങ്ങി, അവരെ വഞ്ചിച്ചാണ് മന്ത്രിപുത്രന്മാര് അടക്കമുള്ളവര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയത്. ഭരണഘടനാസ്ഥാപനമായ പിഎസ്സിയെപ്പോലും അട്ടിമറിച്ചത് കണ്ടുശീലിച്ച ജനതയ്ക്ക് ഇത് വിഷയമല്ല. മാത്രമല്ല കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ശമ്പളവ്യവസ്ഥകളും കിയാല്‍ ഇത്തരക്കാര്‍ക്ക് നല്കുന്നു. ഇതിലെ പൊരുത്തക്കേടുകള്‍ സിഎജി മുമ്പാകെ പരിശോധനയ്ക്ക് വരുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ്, എല്‍ഡിഎഫ് നേതൃത്വം ഇടപെട്ടാണ് ഓഡിറ്റ് വിലക്കിയത്. രണ്ടുപാര്‍ട്ടികളും മാറിമാറി ഭരിക്കുന്ന കേരളത്തില്‍ ഒരു കൂട്ടര് ഭരണപക്ഷത്ത് ആണെങ്കില്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനം പ്രതിപക്ഷത്തിന് കിട്ടുമെന്നതിനാല്‍ എന്ത് തെറ്റ് ചെയ്താലും പ്രശ്നം പരിഹരിക്കാം എന്ന ധാരണപ്രകാരമാണ് എല്ലാ അഴിമതിയും നടക്കുന്നത്. എജിയുടെ കണ്ടത്തെലുകളെ മറികടക്കാന്‍ പിഎസിക്കുമാത്രമേ കഴിയൂ. ഇതു മനസ്സിലാക്കിയാണ് പരാതിക്കാരന് വിജിലന്‍സ് കോടതി മുമ്പാകെ കേസ്കൊടുത്തതും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ മകന് ലസിത്ത് ഉല്‍പ്പെടെ എട്ട്പേരെ എതിര്കക്ഷിയാക്കിയതും.
കേസ് തലശ്ശേരി വിജിലന്‍സ് കോടതി പരിശോധിച്ചു. അന്വേഷണം ആവശ്യമുണ്ടെന്നു ബോധ്യപ്പെട്ടു. കിയാല്‍ ഉദ്യോഗസ്ഥരെ സംസ്ഥാനസര്‍ക്കാര്‍ ഉദ്യോഗസ്ഥരായി കോടതി പരിഗണിക്കുകയും സര്‍ക്കാര്‍ അനുമതിക്കായി മെയ് പത്താം തീയതി ഉത്തരവിടുകയും ചെയ്തു. അഴിമതിനിരോധന നിയമപ്രകാരം, ചീഫ് സെക്രട്ടറി 90 ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തീകരിച്ച് അനുമതി നല്‍കേണ്ടതാണ്. എന്നാല്‍ ഇതുവരെ അനുമതി ലഭ്യമാക്കിയിട്ടില്ല. സ്വകാര്യസ്ഥാപനമാണ് എന്ന നിലപാടാണ് കേരള ഗവണ്മെന്റിനുള്ളതെങ്കില് സര്‍ക്കാര്‍ ചെയ്യേണ്ടത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിന് വിരോധമില്ല എന്ന് കോടതിയെ അറിയിക്കുകയാണ്.
സിഎജിയുടെ പരിഗണനയില്‍ വരുന്ന വിഷയങ്ങള്‍ ഇവ മാത്രമല്ല വിമാനത്താവള നിര്‍മ്മാണസമയത്ത് ഭൂമി നികത്താനായി ഉഗ്ര സ്ഫോടനങ്ങള്‍ നടത്തിയിരുന്നു. സ്ഫോടനത്തിന് കലക്ടറുടെ അനുമതി നല്കുമ്പോള്ത്തന്നെ, അതുവഴി ഉണ്ടാകുന്ന മൂന്നാം കക്ഷിയുടെ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ ഉത്തരവാദിത്വം കരാര്‍ കമ്പനിക്കാണ് എന്ന് വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തിന്റെ ഭാഗമായി 987 വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തുകയും 125 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. പക്ഷേ, ഇത് അര്‍ഹരായ പലര്‍ക്കും കിട്ടിയില്ല. അവരൊക്കെ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ നഷ്ടപരിഹാരത്തിനായി കേസ് നടത്തുകയാണ്.
ഈ 125 ലക്ഷം രൂപ, കരാര്‍കമ്പനിക്ക് കിയാല്‍ കൊടുക്കേണ്ട തുകയില്‍നിന്നു കുറവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയതും ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സിഎജി 2016ലെ ഓഡിറ്റിങ്ങ് സമയത്തുതന്നെ കിയാല്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതും സിഎജിയെ പടിക്കുപുറത്താക്കാന്‍ കാരണമായി.
ഇതിനുപുറമെ, ഖനനംവഴിയുള്ള റോയല്‍റ്റി വെട്ടിപ്പിലൂടെ 40 കോടിയോളം രൂപയാണ് കരാര്‍കമ്പനിക്ക് ഒഴിവാക്കി കൊടുത്തത്. മൈനര്‍ മിനറല്ആക്ട് പ്രകാരം പ്രകൃതിവിഭവങ്ങളുടെ റോയല്‍റ്റി ജിയോളജി വകുപ്പിന് അവകാശപ്പെട്ടതാണ്. ആ റോയല്‍റ്റി തുക ജിയോളജി വകുപ്പില്‍ കെട്ടിവെച്ചതിനുശേഷമേ അവിടെയുള്ള ചെങ്കല്‍, കരിങ്കല്‍ തുടങ്ങിയ ഭൂവിഭവങ്ങള്‍ കരാറുകാര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. പക്ഷേ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ പദ്ധതിയാണെന്നും ഗുണഭോക്താവ് സര്‍ക്കാര്‍ ആണെന്നും കിയാല്‍ കത്ത് നല്കി. അതുവഴി കരാര്‍ കമ്പനിക്കു റോയല്റ്റിബാധ്യത ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. അപ്പോള്‍ യുഡിഎഫ് ഗവണ്മെന്റ് ആയിരുന്നു അധികാരത്തില്‍. യുഡിഎഫ് ഭരിക്കുമ്പോള്‍ എല്‍ഡിഎഫിന്റെ ഉടമസ്ഥതയിലുളള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് ടെന്‍ഡര്‍ പോലുമില്ലാതെ കോടിക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ കരാര്‍ കിയാല്‍ കൊടുത്തു. ഇത്തരത്തില്‍ പരസ്പരം യോജിച്ച് അഴിമതി നടത്തുകയും പരസ്പരം പൊരുത്തപ്പെടുകയും ചെയ്യുന്നതാണ് അഴിമതിയുടെ കേരള മോഡല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: