മലയാളിയുടെ ഒരുമയുടെ ആഘോഷമായ ഓണവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ഒരിടമാണ് തൃക്കാക്കര. മഹാബലി ചക്രവര്‍ത്തി മലയാള നാട് വാണിരുന്ന സമത്വ സുന്ദരമായ കാലം എന്ന മിത്തിനെ ഗൃഹാതുരതയോടെ ഓര്‍ത്തെടുക്കുന്ന മലയാളിയുടെ മനസ്സില്‍ ബലിയോടൊപ്പം ആരാധനയോടെ കാണുന്ന മറ്റൊരു സങ്കല്‍പ്പമാണ് വാമനമൂര്‍ത്തിയുടേത്. തൃക്കാക്കരയിലെ വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ അത്തം മുതല്‍ പത്തു ദിവസം തിരുവോണം നാള്‍വരെ ഇന്നും ഉത്സവം നടന്നുവരുന്നു. മുന്‍പ് ഇത് ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉത്സവമായിരുന്നുവെന്ന് പറയപ്പെടുന്നു.
തൃക്കാക്കരയപ്പനായി ആരാധിക്കുന്നത് സാക്ഷാല്‍ വാമനമൂര്‍ത്തിയെയാണ്. കേരളക്കരയും ഭൂമിയും പാതാളവും മഹാബലിയെത്തന്നെയും മൂന്ന് പാദങ്ങള്‍കൊണ്ട് അളന്നുവാങ്ങിയ വാമനമൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രമുറ്റത്ത് ഈ കഴിഞ്ഞ സെപ്തംബര്‍ ഏഴ് ശനിയാഴ്ച, മൂലം നാളില്‍ തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഓണം പൊന്നോണം എന്ന പേരില്‍ വലിയൊരു സാംസ്കാരികോത്സവം നടക്കുകയുണ്ടായി.
ഓണമെന്നത് മലയാളിക്ക് പൂക്കളമൊരുക്കലും, അരിമാവുകൊണ്ടുള്ള ഓണമണിയലും, തൃക്കാക്കരയപ്പനെ വാഴിക്കലും മഹാബലിയെ വരവേല്ക്കലുമൊക്കെയാണ്. പ്രതാപശാലിയായി നാടുവാണ മഹാനായ ഭരണാധികാരി മഹാബലി ചക്രവര്‍ത്തിയുടെ ഒരേയൊരു പോരായ്മയായി കണക്കാക്കപ്പെട്ടിരുന്നത് തനിക്ക് എല്ലാമുണ്ടെന്നും, എന്തും സാധിക്കുമെന്നുമുള്ള അഹംഭാവമായിരുന്നുവത്രേ. ഈ അഹംഭാവത്തെ ഹനിക്കാന്‍ മഹാവിഷ്ണു വാമനാവതാരമെടുത്തുവെന്നും, വാമനമൂര്‍ത്തിക്കു മുന്നില്‍ ശിരസ്സു കുനിച്ച് ബലിചക്രവര്‍ത്തി തന്റെ അഹങ്കാരത്തെ സമര്‍പ്പിച്ചുവെന്നും, വാമനന് ബലിയുടെ അഹങ്കാരത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നുമാണ് ഐതിഹ്യം.
പക്ഷേ നിര്‍ഭാഗ്യവശാല്‍ മലയാളിയുടെ ഒരുമയുടെ ഉത്സവത്തെ വിഭാഗീയതയുടെ പ്രതീകമായി അവതരിപ്പിക്കുവാനാണ് ചില സാമൂഹ്യ വിരുദ്ധരുടെ നീക്കം. ബലിയെന്ന മഹാനായ, നന്മയുടെ പ്രതീകമായ ഭരണാധികാരിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ പ്രതിനായകനായി വാമനനെ അവതരിപ്പിച്ച്, അതിന്റെ മറവില്‍ സവര്‍ണ്ണ-അവര്‍ണ്ണ കഥകള്‍ പൊലിമയോടെ തുന്നിച്ചേര്‍ക്കുകയായിരുന്നു ഇവിടെ. ഒപ്പം മഹാബലിയെ കുടവയറനായ ഒരു പരിഹാസ കഥാപാത്രമായി അവതരിപ്പിക്കുന്ന സാഹചര്യവും നിലനില്ക്കുന്നു. ഇതിനു പിന്നില്‍ വൈദേശികാടിമത്തത്തിന്റെ ഘടകവും പ്രവര്‍ത്തിക്കുന്നുണ്ട്.
ബ്രിട്ടീഷുകാരുടെ വരവിനു മുന്‍പ് ഇവിടെയുള്ളവര്‍ ഒരുമയില്ലാതെ ജാതീയമായി പോരടിച്ചിരുന്നുവെന്നുള്ള പ്രചാരണത്തിന്റെ തുടര്‍ച്ചയാണ് ഈ വിഭാഗീയ പ്രചാരണവുമെന്ന് വ്യക്തം. ഈ സാഹചര്യത്തിലാണ് തപസ്യ കലാസാഹിത്യവേദി സാംസ്കാരിക ഒരുമ ലക്ഷ്യമിട്ട് ഓണം പൊന്നോണം സാംസ്കാരികോത്സവം തൃക്കാക്കരയില്‍ സംഘടിപ്പിച്ചത്.
തൃക്കാക്കരയിലെ തിരുവോണം ഓഡിറ്റോറിയത്തില്‍ നടന്ന ഒരു ദിവസത്തെ സാംസ്കാരികോത്സവമായിരുന്നു ‘ഓണം പൊന്നോണം.’ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ കലാകാരന്മാര് അവതരിപ്പിച്ച, തെക്കിനെയും വടക്കിനെയും മധ്യകേരളത്തെയും പ്രതിനിധീകരിക്കുന്ന കലാരൂപങ്ങള്‍ ‘തപസ്യ’ മുന്നോട്ടുവയ്ക്കുന്ന ഒരുമയുടെ സന്ദേശത്തിന്റെ പ്രതീകമായിരുന്നു. പുലികളി, കണ്യാര്‍കളി, കളമെഴുത്തുപാട്ട്, പുള്ളുവന്‍പാട്ട്, അഷ്ടനാഗക്കളം, പൂതന്‍കളി തുടങ്ങിയ കലാരൂപങ്ങള്‍ അവിടെ അവതരിപ്പിക്കപ്പെട്ടു. ഈ കലാരൂപങ്ങള്‍ വിവിധ സമുദായങ്ങള്‍ അനുഷ്ഠാന നിഷ്ഠയോടെ അവതരിപ്പിക്കുന്ന ആചാരബന്ധിതമായ കലാപ്രതീകങ്ങളുമാണെന്ന പ്രാധാന്യവുമുണ്ട്.
തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം തപസ്യയുടെ സ്ഥാപകാചാര്യനായ എം.എ. കൃഷ്ണന് ഉദ്ഘാടനം ചെയ്തു. മുന്‍ പിഎസ്സി ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്, അഡ്വ. എ. ജയശങ്കര്‍, സിനിമാതാരം കൃഷ്ണപ്രസാദ്, മുരളി പാറപ്പുറം, ലക്ഷ്മിനാരായണന്, അനൂപ് കുന്നത്ത്, സി.സി. സുരേഷ് തുടങ്ങിയവര്‍ സാംസ്കാരിക സമ്മേളനത്തില്‍ സംസാരിച്ചു.
ഭാരതത്തിന്റെ ഇതിഹാസങ്ങള്‍ പരിശോധിച്ചാല്‍ പ്രതാപശാലികളും പ്രജാക്ഷേമതല്പരരുമായ നിരവധി മഹാന്മാരായ ഭരണാധികാരികളെ കാണാന്‍ സാധിക്കും. മഹാഭാരതത്തില്‍ യുധിഷ്ഠിരനെപ്പോലെപ്രജാവത്സലനായ ഭരണാധികാരിയായിരുന്നു ദുര്യോധനനും. സ്വന്തം പ്രജകളെ പിതാവിന്റെ സ്ഥാനത്തുനിന്നുകൊണ്ട് സംരക്ഷിച്ചിരുന്നു ദുര്യോധനന് എന്ന് ധൃതരാഷ്ട്രരുടെ ചോദ്യത്തിനു മറുപടിയായി കുരുക്ഷേത്രത്തിലെ ജനങ്ങള്‍ പറയുന്നുണ്ട്. സ്വേച്ഛാധിപതിയായിരുന്ന ദുര്യോധനന്റെ അഹങ്കാരത്തെ വധിച്ചതിനുശേഷം സ്വര്‍ഗ്ഗപ്രവേശത്തിന് അനുമതി നല്‍കുകയാണ് ചെയ്യുന്നത്.
രാമായണത്തില്‍ രാമനെപ്പോലെ സമര്‍ത്ഥനായ ഭരണാധികാരിയായിരുന്നു രാവണനും. അതിസമ്പന്നനും പ്രതാപശാലിയും പ്രജാക്ഷേമ തത്പരനുമായിരുന്നു രാവണന്. പക്ഷേ ഒരു ന്യൂനതയായി പ്രവര്‍ത്തിച്ചിരുന്നത് രാവണന്റെ അഹങ്കാരമായിരുന്നു. പത്തുതലകള്‍ രാവണന്റെ തലക്കനത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതീകമായിരുന്നു. രാവണനും അഹങ്കാരനിഗ്രഹത്തിനുശേഷം സ്വര്‍ഗ്ഗപ്രവേശം അനുവദിക്കുന്നുണ്ട്. നായക സങ്കല്പത്തിലും പ്രതിനായക സങ്കല്പത്തിലും ഒരേപോലെ നന്മയും തിന്മയും ദര്‍ശിക്കുന്നതാണ് ഭാരതീയ സങ്കല്‍പ്പം. മഹാബലിയുടെയും വാമനന്റെയും ഐതിഹ്യത്തിലും ഈ അഹങ്കാരനിഗ്രഹമാണ് കാണാന്‍ സാധിക്കുകയെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണന് പറഞ്ഞു.
ഓണാഘോഷത്തിന്റെ മിത്തുകളും ആചാരങ്ങളും വികാസം പ്രാപിച്ചത് മധ്യകാലഘട്ടത്തിലെ ജന്മിത്ത സമ്പ്രദായവുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു. കൃഷി വികാസം പ്രാപിച്ചത് ജന്മിത്തവുമായി ബന്ധപ്പെട്ടാണ്. കാര്‍ഷിക വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് ഓണം ആഘോഷിക്കപ്പെടുന്നത്. അടിയാളരുടെ ഉത്സവമായിരുന്നു ഓണം. പാര്‍ശ്വവത്കൃതര്‍ക്ക് പ്രാധാന്യം ലഭിക്കുകയാണ് ഓണാഘോഷത്തില്‍. അതേവരെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന കളകളുടെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്ന തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും പ്രാധാന്യം നേടുന്ന സങ്കല്പമാണ് ഓണം മുന്നോട്ടുവെക്കുന്നതെന്നും അത് ഒരു പ്രതീകമാണെന്നും ജയശങ്കര്‍ പറഞ്ഞു.
വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം നടന്ന കവിയരങ്ങില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമെത്തിച്ചേര്‍ന്ന പുതുതലമുറയിലെ കവികള്‍ കവിതകള്‍ അവതരിപ്പിച്ചു.
ഡോ. പി.എന്‍.രാജേഷ് കുമാര്‍, ഇ. സുമതിക്കുട്ടി, ഗംഗാദേവി, ഉണ്ണികൃഷ്ണന് കീച്ചേരി, ഷിബിന്‍ ചെമ്പരത്തി, ശ്യാം കൃഷ്ണലാല്‍, സത്കലാ വിജയന്, ശശി മുണ്ടേക്കുടി തുടങ്ങിയ കവികള്‍ കവിതകള്‍ അവതരിപ്പിച്ചു. ശ്രീജിത്ത് മൂത്തേടത്ത് കവിയരങ്ങിന് നേതൃത്വം നല്കി. തുടര്‍ന്ന് എന്‍. മോഹനന് നായരുടെ നേതൃത്വത്തില്‍ കാവ്യകലാകേന്ദ്രം, വാഴക്കുളം അവതരിപ്പിച്ച കാവ്യകേളിയും അരങ്ങേറി.
വരുംവര്‍ഷങ്ങളില്‍ ഒരുമയുടെ സന്ദേശം സമൂഹത്തിന്റെ നാനാതുറകളിലേക്കും വ്യാപിപ്പിക്കുന്നവിധത്തില്‍, കച്ചവടതാല്പര്യങ്ങളുടെയും സാമൂഹ്യഭിന്നതകളുടെയും വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കാനുദ്ദേശിക്കുന്ന ഓണാഘോഷങ്ങളുടെ ആദ്യചുവടുവെപ്പായിരുന്നു തൃക്കാക്കരയില്‍ സംഘടിപ്പിക്കപ്പെട്ട ഓണം പൊന്നോണം സാംസ്കാരികോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: