ശബരിമല യുവതീപ്രവേശനത്തിനുവേണ്ടി സിപിഎമ്മിന്റെ മുന്‍കൈയില്‍ രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണസമിതി അതിന്റെ പ്രഖ്യാപിതലക്ഷ്യം നിര്‍വ്വഹിക്കാന്‍ കഴിയാതെ അകാലചരമമടഞ്ഞു. സാമൂഹിക നവോത്ഥാനമെന്നത് കേവലം വോട്ടുബാങ്ക് രാഷ്‌ട്രീയമോ മുന്നാക്ക സമുദായങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തികൊണ്ടുള്ള വെല്ലുവിളിയോ മതപരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളോ അല്ല സാമൂഹിക അനീതിക്കെതിരെ പൊതുസമൂഹത്തിന്റെ ആകെയുള്ള ഉയര്‍ത്തെഴുന്നേല്‍പ്പാണെന്നും ഒരിക്കല്‍ക്കൂടിയുള്ള ഓര്‍മ്മപ്പെടുത്തലാണ് നവോത്ഥാനസമിതിയുടെ അന്തര്‍ധാനം. സാമൂഹിക നവോത്ഥാനത്തിന് മുന്നാക്ക-പിന്നാക്ക വേര്‍തിരിവില്ല. ബംഗാളില്‍ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയത് സവര്‍ണ്ണ സമുദായമാണ്.
ആര്യസമാജത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന രാജാറാം മോഹന്‍ റോയിയുടെ നേതൃത്വത്തില്‍ സതിയെന്ന ദുരാചാരത്തിനെതിരെ നടത്തിയ പ്രക്ഷോഭമാണ് സതി നിര്‍ത്തലാക്കുന്നതിന് പ്രേരകമായത്. ബംഗാളിലെ സാമൂഹിക നവോത്ഥാനത്തെ പാഠവല്‍കരിച്ചാണ് കേരളത്തില്‍ ബ്രാഹ്മണ സമുദായത്തില്‍ ഉണ്ണിനമ്പൂതിരി പ്രസ്ഥാനവും യോഗേേക്ഷമസഭയും രൂപം കൊണ്ടതും സമുദായ പരിഷ്‌കരണത്തിന്റെയും സാമൂഹ്യ നവോത്ഥാനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ദൗത്യം ഏറ്റെടുത്തതും. ഈ സാമൂഹിക വിപ്ലവമാണ് കേരളത്തിലെ ഫ്യൂഡല്‍ സാമൂഹികഘടനയെ പൊളിച്ചെഴുത്തിന് വിഥേയമാക്കുകയും വി.ടി. ഭട്ടതിരിപ്പാട്. എം.പി. ഭട്ടതിരിപ്പാട്, എംആര്‍ബി തുടങ്ങിയ നവോത്ഥാനനായകരെ ഇടതുപക്ഷ പ്രസ്ഥാനത്തിന് സംഭാവന നല്‍കിയതും. സമാന്തരമായി പിന്നാക്ക സമുദായങ്ങളിലും സാമൂഹിക നവോത്ഥാനത്തിന്റെ പതാക വാഹകര്‍ ഉദയംചെയ്തു. ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും പണ്ഡിറ്റ് കറുപ്പനും പൊയ്കയില്‍ യോഹന്നാനും അധഃസ്ഥിതനവോത്ഥാന സാരഥികളാണ്. ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയാണ് അധഃസ്ഥിത സമൂഹത്തിന് മുഖ്യധാരയിലേക്ക് കടന്നുകയറാനുള്ള സാമൂഹിക നവോത്ഥാന സംരംഭങ്ങള്‍ക്ക് തുടക്കമായത്. വിശ്വാസ സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രീനാരായണഗുരു നടത്തിയ ശിവപ്രതിഷ്ഠ അസ്പര്‍ശ്യരായിരുന്ന ഒരു വലിയ സമൂഹത്തെ ആചാരപരിഷ്‌കരണത്തിലേക്കും അനുഷ്ഠാനപ്രക്രിയയിലേക്കും നയിച്ചു. തുടര്‍ന്ന് എസ്എന്‍ഡിപിയോഗം സെക്രട്ടറി ടി.കെ. മാധവനും മന്നത്ത് പത്മനാഭനും സംയുക്തമായി നടത്തിയ വൈക്കം സത്യഗ്രഹം വഴിനടക്കാനും ആരാധനാ സ്വാതന്ത്ര്യത്തിനും സാധ്യത നല്‍കി. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ രാജസന്നിധിയിലേക്കുള്ള സവര്‍ണ്ണ ജാഥയായിരുന്നു അധഃസ്ഥിതസമൂഹത്തിന് ക്ഷേത്രപ്രവേശന വിളംബരത്തിന് കാരണമായത്. മന്നത്ത് പത്മനാഭനും ആര്‍. ശങ്കറും ചേര്‍ന്ന് രൂപീകരിച്ച ഹിന്ദുമഹാമണ്ഡലമാണ് ഹൈന്ദവശാക്തീകരണത്തിന് അടിത്തറപാകിയത്. ഇതേ കാലഘട്ടത്തിലാണ് ജാതിശ്രേണിയില്‍ ഈഴവര്‍ക്ക് താഴെയായിരുന്ന പട്ടികജാതി സമൂഹത്തില്‍നിന്നും ശ്രീമദ് അയ്യന്‍കാളി സാമൂഹിക പരിഷ്‌കര്‍ത്താവായി ഉയര്‍ന്നുവന്നത്. പട്ടികജാതി സമൂഹത്തിന്റെ പ്രാഥമിക ആവശ്യം വഴിനടക്കുന്നതിനുള്ള സ്വാതന്ത്ര്യവും വിദ്യാഭ്യാസ അവകാശവമുമായിരുന്നു. രാജവീഥികളിലൂടെ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു അയ്യന്‍കാളിയുടെ 1893ലെ വില്ലുവണ്ടിയാത്ര. അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാതിരുന്ന പൊതുനിരത്തിലൂടെ പുലയനായ അയ്യന്‍കാളി നടത്തിയ വില്ലുവണ്ടിയാത്രക്കെതിരെ യാതാസ്ഥിതികരില്‍നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍, അയ്യന്‍കാളിയുടെ കുടുംബത്തിന് 5 ഏക്കര്‍ ഭൂമി നല്‍കി കൂലി അടിമത്തത്തില്‍നിന്നും കാര്‍ഷിക ഉടമസ്ഥതയിലേക്ക് അയ്യന്‍കാളിയെ ഉയര്‍ത്തിയ ഊറ്റിറത്ത് ഗോവിന്ദപ്പിള്ള തുടങ്ങിയ ഉല്പതിഷ്ണുക്കളായ മുന്നാക്ക ജാതിക്കാരുടെ പിന്തുണ അയ്യന്‍കാളിക്കുണ്ടായിരുന്നു. പുലയസ്ത്രീകളുടെ കല്ലുമാല ബഹിഷ്‌കരണത്തെ തുടര്‍ന്ന് കൊല്ലം പെരിനാട്ടില്‍ ഉണ്ടായ സവര്‍ണ്ണ-പുലയ ലഹള അവസാനിപ്പിക്കുന്നതിന് അയ്യന്‍കാളി വിളിച്ചുചേര്‍ത്ത പുലയമഹാസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയായിരുന്നു. ദളിത്ചരിത്രകാരന്മാര്‍ നവോത്ഥാന ചരിത്രരചന നടത്തിയിട്ടുള്ളത് മിഷിനറി പാരമ്പര്യത്തെ അവലംബമാക്കിയാണ്. അധഃസ്ഥിത യുവാക്കള്‍ ഗ്ലാഡിയേറ്റര്‍മാരാണെന്ന സങ്കല്‍പ്പമാണ് അവരെ നയിച്ചത്. സവര്‍ണ്ണരും പുലയരും നിതാന്തസംഘര്‍ഷത്തിലായിരുന്നു എന്നാണ് അവരുടെ ധാരണ. പുലയര്‍, കുറവര്‍, സാംബവര്‍, വേലന്‍ തുടങ്ങിയ പട്ടികജാതി സമൂഹങ്ങള്‍ കാര്‍ഷികോല്‍പാദക ജനതയായിരുന്നതിനാല്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യതകൂടി സവര്‍ണ്ണ ജന്മിമാര്‍ക്കുണ്ടായിരുന്നു. ആയതിനാല്‍ ജന്മിമാരും കുടികിടപ്പുകാരും തമ്മില്‍ ഒരു വൈകാരികബന്ധംകൂടി നിലനിന്നിരുന്നു.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി ഉത്തരവും വോട്ടുബാങ്ക് ലക്ഷ്യമാക്കി അത് നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ കാട്ടിയ അതിരുകടന്ന ആവേശവുമാണ് കേരളത്തില്‍ സംഘര്‍ഷാത്മക സാഹചര്യം സൃഷ്ടിച്ചത്. ശബരിമല ആചാരലംഘനത്തിന് തയ്യാറാകുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്ന പ്രകോപനപരമായ പ്രസ്താവനയും പന്തളം രാജകുടുംബാംഗങ്ങളേയും മേല്‍ശാന്തിമാരെയും അടച്ച് ആക്ഷേപിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയോഗങ്ങളും വിശ്വാസികളില്‍ അതീവ ആശങ്ക ഉളവാക്കി. ആചാര സംരക്ഷണത്തിനായി പതിനായിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി. ആയിരക്കണക്കിന് ഭക്തജനങ്ങളുടെപേരില്‍ കള്ളക്കേസുകള്‍ ചമച്ച് അവരെ കല്‍ത്തുറുങ്കുകളില്‍ അടച്ചു. കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസ്സിലാക്കാന്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന് ഏറെ വൈകി. ഭക്തജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തേയും പരിവാര്‍സംഘടനകളുടെ മുന്നേറ്റത്തേയും തടയുന്നതിന് സിപിഎമ്മും മുഖ്യമന്ത്രിയും കണ്ടെത്തിയ ടൂള്‍ ആണ് കേരളത്തിന് എന്നോ കൈമോശംവന്ന നവോത്ഥാനം. നവോത്ഥാനത്തിന്റെ നാള്‍വഴികളെകുറിച്ച് ഒരു തിട്ടവുമില്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും പിണറായിസര്‍ക്കാരും ഏതാനും ഹൈന്ദവസംഘടനാ നേതാക്കളെ ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് നവോത്ഥാന സമിതിയുണ്ടാക്കി. നവോത്ഥാനം ഒരു ജനതയുടെ സാമൂഹിക പരിഷ്‌കരണ ഇച്ഛയുടെ അനിവാര്യതയില്‍നിന്നും ഉയര്‍ന്നുവരേണ്ടതാണെന്ന സാമാന്യതത്വംപോലും ഇവിടെ വിസ്മരിക്കപ്പെട്ടു. നവോത്ഥാനസമിതിയുടെ രൂപീകരണത്തില്‍തന്നെ കല്ലുകടിയുണ്ടായി. സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയാലുക്കളായ ഒരുവിഭാഗം സംഘടനകള്‍ സമിതിരൂപീകരണ സമയത്തുതന്നെ പിന്‍വാങ്ങി. തന്‍മൂലം മതപരിവര്‍ത്തന വാദികള്‍ക്കും വര്‍ഗ്ഗീയവാദികള്‍ക്കും സമിതിയില്‍ മുന്‍കൈ ലഭിച്ചു. നവോത്ഥാനം ഹിന്ദുമതത്തില്‍ മാത്രം മതിയോ? സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന സിപിഎമ്മിന് നവോത്ഥാനത്തെക്കുറിച്ച് പറയാന്‍ എന്തവകാശം? ശബരിമലയിലെ ആചാരലംഘനമാണോ നവോത്ഥാനത്തിന്റെ ആണിക്കല്ല്? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സര്‍ക്കാരും നവോത്ഥാനസമിതിയും വനിതാമതില്‍ തീര്‍ത്തു. കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പുകാരെയും ഭീഷണിപ്പെടുത്തി വനിതാമതിലില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ സിപിഎമ്മിന് ദേശീയതലത്തില്‍ കോണ്‍ഗ്രസ്സുമായുള്ള വിശാലസഖ്യവും പരാജയപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് നവോത്ഥാനസമിതിയുടെ ചതി സിപിഎം തിരിച്ചറിഞ്ഞത്. ഏറെ വൈകിയാണെങ്കിലും ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയതാണ് തെരഞ്ഞെടുപ്പ് പരാജയകാരണമെന്ന് സിപിഎം വിലയിരുത്തുകയുണ്ടായി. ഈ വിലയിരുത്തലിലൂടെ നവോത്ഥാന സമിതിയോട് സ്വയം പിരിഞ്ഞുപോകാന്‍ സിപിഎം ആഹ്വാനം നല്‍കുകയായിരുന്നു.
(ബിജെപി സംസ്ഥാന കമ്മിറ്റി അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: