Categories: Samskriti

സമാധിയല്ല സുഷുപ്തി

ദഭാവാധികരണം

ഇതില്‍ രണ്ട് സൂത്രങ്ങളാണുള്ളത്. സുഷുപ്തിയെപ്പറ്റി ഇതില്‍ വിചാരം ചെയ്യുന്നു.

സൂത്രം  തദഭാവോ നാഡീഷുതച്ഛ്രുതേ രാത്മനി ച

സ്വപ്‌നത്തിന്റെ അഭാവമായ സുഷുപ്തിയില്‍ നാഡികളിലും ആത്മാവിലും ജീവന്‍ വിശ്രമിക്കുന്നു. എന്തെന്നാല്‍ അങ്ങനെ ശ്രുതികളില്‍ പറഞ്ഞിട്ടുണ്ട്.

സ്വപ്‌നത്തെപ്പറ്റി വിചാരം ചെയ്തതിനു ശേഷം ഇനി അതിന്റെ അഭാവമായ സുഷുപ്തിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നു. അകത്തും പുറത്തും യാതൊരു അനുഭവവും ഇല്ലാത്ത സുഷുപ്തിയില്‍ ജീവന്‍ എന്ത് ചെയ്യുന്നു? എവിടെയിരിക്കുന്നു? ഇതിനെപ്പറ്റി ശ്രുതിയില്‍ പലതരത്തില്‍ പറഞ്ഞു കാണുന്നു. അതില്‍ ഏതിനെ സ്വീകരിക്കണം എന്നതാണ് വിചാരം ചെയ്യുന്നത്.

സുഷുപ്തിയില്‍ പരമാത്മാവിനോട് കൂടിച്ചേരുന്നുവെന്നും അതിനാല്‍ സമാധിയ്‌ക്ക് തുല്യമാണ് സുഷുപ്തിയെന്നും തെറ്റിദ്ധരിക്കാറുണ്ട്. ഇതിനേയും വിചാരം ചെയ്യുന്നു.

ഛാന്ദോഗ്യത്തില്‍ ‘യദ് യെ്രെതത് സുപ്തഃസമസ്തഃസംപ്രസന്നഃസ്വപ്‌നം ന വിജാനാത്യാസു തദാ നാഡീഷു സുപ്‌തോ ഭവതി’  എല്ലാ ഇന്ദ്രിയങ്ങളും മനസ്സും അടങ്ങി ഉറങ്ങുമ്പോള്‍  സുഷുപ്തിയില്‍ ജീവന്‍ നാഡികളില്‍ വിശ്രമിക്കുന്നു എന്ന് പറയുന്നു. 

ഛാന്ദോഗ്യത്തില്‍ തന്നെ മറ്റൊരിടത്ത് സുഷുപ്തിയില്‍ ജീവന്‍ സ്വസ്വരൂപത്തില്‍ ലയിക്കുന്നുവെന്നും പറയുന്നു. ജീവാത്മാവിനെ അപ്പോള്‍ പാപം ബാധിക്കില്ലെന്നും ശ്രുതിയുണ്ട്.

ബൃഹദാരണ്യകത്തില്‍ ജീവന്‍ നാഡികളില്‍ സഞ്ചരിച്ച് പുരീതത് എന്ന ഹൃദയ നാഡിയില്‍ ശയിക്കുന്നുവെന്ന് കാണാം. ഹൃദയത്തിലാണ് ജീവന്റെ വിശ്രമിക്കുന്നത്.

മറ്റൊരിടത്ത് ജീവന്റെ വിശ്രമസ്ഥാനം ഹൃദയാകാശമെന്ന് പറയുന്നു. ഇനി വേറൊരിടത്ത് പ്രാജ്ഞനായ ആത്മാവിനോട് ചേര്‍ന്ന ജീവന്‍ അകത്തും പുറത്തുമുള്ള ഒന്നിനേയും അറിയുന്നില്ല എന്നും വ്യക്തമാക്കുന്നുണ്ട്.

കൗഷിതകി ഉപനിഷത്തില്‍ സ്വപ്‌നം കാണാതെ ഉറങ്ങുന്ന സമയത്ത് പ്രാണനില്‍ ഏകീഭവിക്കുന്നു എന്നാണ് പറയുന്നത്. ഇങ്ങനെ പല ശ്രുതികളിലും ജീവന്റെ സുഷുപ്തിയിലെ സ്ഥാനത്തെപ്പറ്റി പലതരത്തില്‍ പറയുന്നു.

ഇവിടെ വിവരിച്ചിട്ടുള്ളതായ നാഡി മുതലായ സ്ഥാനങ്ങള്‍ വേറെ വേറെയാണോ എല്ലാം കൂടിച്ചേര്‍ന്ന് ഒന്നായ സ്ഥാനമാണോ എന്ന് സംശയിക്കുന്നു. എന്നാല്‍ ഇവയെല്ലാം ഒരേ സ്ഥാനത്തെ പല വിധത്തില്‍ പറയുന്നതാണെന്ന് അറിയണം.

ഹൃദയത്തില്‍ നിന്ന് ആയിരം നാഡികള്‍ പുറപ്പെട്ട് ദേഹം മുഴുവന്‍ വ്യാപിച്ചിക്കുന്നുവെന്ന് ശ്രുതിയിലുണ്ട്. എല്ലാ നാഡികളിലും വ്യാപിക്കണമെങ്കില്‍ അവയുടെ മൂലസ്ഥാനമായ ഹൃദയത്തിലിരുന്നാല്‍ മതി.

അപ്പോള്‍ എല്ലാ നാഡികളിലും അതിന്റെ വ്യാപ്തിയുണ്ടാകും. നാഡികള്‍ മുഖേന ബ്രഹ്മത്തില്‍ ലയിക്കുന്നുവെന്ന് എന്നറിയണം.

പരമാത്മാവിന്റ ആവാസസ്ഥാനവും നാഡികളുടെ മൂലസ്ഥാനവും ഹൃദയമാണെന്നും ബോധ്യപ്പെടും. അവിടെയാണ് ജീവന്‍ സുഷുപ്തിയില്‍ ശയിക്കുന്നത്.

ബൃഹദാരണ്യകത്തില്‍ തേജസ്സാകുന്ന ബ്രഹ്മം എന്ന് കാണിക്കുന്ന ശ്രുതി വാക്യമുണ്ട്. ബൃഹദാരണ്യകത്തില്‍ തന്നെ ഹൃദയാകാശമാകുന്ന പുരീതത്തില്‍ ശയിക്കുന്നതായി പറയുന്നു. ആത്മാവിന്റെ സ്ഥാനമാണ് ഹൃദയാകാശം. സുഷുപ്തിയില്‍ ജീവന്‍ ഉപാധികളില്‍ നിന്ന് വേര്‍പെട്ട് ആത്മാവാകുന്ന സ്വസ്വരൂപത്തില്‍ ലയിക്കുന്നു. ഇതിനെ ബോധിപ്പിക്കാനാണ് ശ്രുതിയില്‍ പലതരത്തില്‍ വിവരിക്കുന്നത്.

ജീവന്‍ പരമാത്മാവിനോട് ചേരുന്നതിനാല്‍ സുഷുപ്തിയെ സമാധി എന്ന് കരുതുന്നത് തെറ്റാണ്. തമോഗുണത്താല്‍ സുഖ പ്രതീതി നല്‍കുന്ന അജ്ഞാന അവസ്ഥയാണ് സുഷുപ്തി. സമാധിയും സുഷുപ്തിയും വളരെ അന്തരമുണ്ട്. ശരീരരക്ഷീണത്തിന് ഉറക്കം വേണം. പക്ഷേ അത് മോക്ഷത്തിന് സഹായകമായ സമാധിയല്ല എന്ന് ഉറപ്പാക്കാം.

സൂത്രം അതഃ പ്രബോധോ സ്മാത്

അതിനാല്‍ ഈ ആത്മാവില്‍ നിന്ന് ഉണരുകയും ചെയ്യുന്നു.

സുഷുപ്തിയില്‍ ജീവന്‍ ആത്മാവില്‍ ലയിക്കുന്നതിനാലാണ് ഉണരുമ്പോള്‍ ആ ആത്മാവില്‍ നിന്ന് തന്നെ ഉണര്‍ന്നു വരുന്നുവെന്ന് പറയുന്നത്.

ഒരു വസ്തു എവിടെയാണ് അവിടെ നിന്നു തന്നെ ഉദിച്ചു വരും എന്നത് സാധാരണ നിയമമാണ്.

ഛാന്ദോഗ്യത്തില്‍ ‘സത ആഗമ്യ ന വിദു:സത ആഗച്ഛാമഹേ ഇതി’  സത്തില്‍ നിന്ന് വന്നിട്ട് പോലും സത്തില്‍ നിന്നാണ് വരുന്നതെന്നറിയുന്നില്ല.

ഉപാധികളൊന്നുമില്ലാത്ത അവസ്ഥയില്‍ നിന്ന് വീണ്ടും ഉപാധികളോടുകൂടെയിരുന്ന് പരിമിതമിതനായിത്തീരുന്നു. പ്രാരബ്ധമനുസരിച്ച് എത്ര കാലം സുഷുപ്തിയ്‌ക്ക് അര്‍ഹതയുണ്ടോ അത്രയും കാലം ഉറക്കത്തില്‍ തമസ്സിന്റെ സുഖമനുഭവിക്കാം. പിന്നെ ഉണരുക തന്നെ വേണം.

ഉറക്കത്തില്‍ ജാഗ്രത്തിന്റെയും സ്വപ്‌നങ്ങളുടേയും ബീജങ്ങളും അജ്ഞാനത്തിന്റെ മറവുമുണ്ടെന്ന് അറിയണം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക