Categories: Samskriti

സുതലത്തില്‍ വാഴുന്ന മഹാബലി

വാമനമൂര്‍ത്തിയായി അവതരിച്ച ഭഗവാനെ യഥാവിധി ഉപനയനാദി സംസ്‌കാരങ്ങള്‍ ചെയ്തു. ഒരു ഉപനിച്ചുണ്ണിക്ക് വേണ്ടതായ പൂണൂല്‍, ദണ്ഡം, കമണ്ഡലു, മേഖല ജപമാല ഓലക്കുട തുടങ്ങിയവയൊക്കെ അവിടെയെത്തിയ വിശിഷ്ടരായവര്‍ നല്‍കി.ആദ്യത്തെ അഗ്‌നികര്‍മവും ചെയ്തു. എല്ലാവരുടെയും അപേക്ഷ പ്രകാരം തന്റെ അവതാര ഉദ്ദേശ്യം പൂര്‍ത്തിയാക്കാനായി വാമനമൂര്‍ത്തി ബലിയുടെ യാഗശാലയിലേക്ക് പോയി. നര്‍മ്മദാ നദിക്കരയിലുള്ള ഭൃഗുകച്ഛം എന്ന സ്ഥലത്തായിരുന്നു യാഗശാല (ഇന്നത്തെ ഗൂജറാത്തില്‍). അവിടെ ബലി നൂറാമത്തെ യാഗം ചെയ്യുകയായിരുന്നു.അത് പൂര്‍ത്തിയായാല്‍ ബലിയ്‌ക്ക് ഇന്ദ്രപദവിയ്‌ക്കുള്ള അര്‍ഹത ലഭിക്കും. ഇപ്പോള്‍ ദേവേന്ദ്രന്റെ സിംഹാസനത്തില്‍ ബലാത്കാരമായി കയറിയിക്കുകയായണല്ലോ.

തന്റെ യാഗശാലയില്‍ സൂര്യതേജസ്സോടെ എത്തിയ വാമനനെ ബലി സ്വീകരിച്ചു. തപസ്സ് ചെയ്യാന്‍ മൂന്നടി മണ്ണ് വേണം എന്നതായിരുന്നു വാമനന്റെ ആവശ്യം. ത്രിലോക ചക്രവര്‍ത്തിയ തനിക്ക് എന്ത് വേണങ്കിലും നല്‍കാനാകുമെന്ന് ബലി വീമ്പ് പറഞ്ഞു. സകല ലോകങ്ങളുടേയും അധിപനായ ഭഗവാന് ചിരി വന്നിരിക്കണം. എന്തായാലും ചോദിച്ച പോലെ മൂന്നടി മണ്ണ് ദാനം നല്‍കാന്‍ ബലി തയ്യാറായി. ഈ സമയത്ത് അസുര ഗുരുവായ ശുക്രാചാര്യര്‍ ഈ ഉദ്യമത്തെ തടഞ്ഞു. വന്നിരിക്കുന്നത് ശ്രീഹരിയാണെന്നും ചതിക്കപ്പെടുമെന്നും ഉപദേശിച്ചു നോക്കി.എന്നാല്‍ താന്‍ കൊടുത്ത വാക്കില്‍ നിന്ന് അണുവിട ഇളകാന്‍ബലി തയ്യാറായില്ല. എന്റെ വാക്ക് ധിക്കരിച്ച നിന്റെ എല്ലാ ഐശ്വര്യങ്ങളും നശിച്ചുപോകട്ടെ എന്ന് ശുക്രാചാര്യര്‍ ബലിയെ ശപിച്ചു.

വാക്കുപാലിച്ച ബലി

ഉദകപൂര്‍വ്വം ദാനം നല്‍കാന്‍ ബലി ഒരുങ്ങിയ സമയം വാമനമൂര്‍ത്തി ത്രിവിക്രമനായി മൂലോകങ്ങള്‍ക്കും അപ്പുറം വളര്‍ന്നു. ഭഗവാന്റെ കാലിന്റെ പെരുവിരല്‍ ബ്രഹ്മാണ്ഡം ഭേദിച്ച് ബ്രഹ്മലോകത്തെത്തിയപ്പോള്‍ ഭഗവദ്പാദങ്ങളാണ് അതെന്ന് തിരിച്ചറിഞ്ഞ ബ്രഹ്മാവ് തന്റെ കമണ്ഡലുവിലെ ജലമെടുത്ത് കാല്‍ കഴുകിച്ചു. ആ പാദത്തില്‍ നിന്നും ഒലിച്ചിറങ്ങിയ ജലമാണ് ആകാശഗംഗയായി മാറിയത്. ആ പാദതീര്‍ത്ഥം തന്നെയാണ് പിന്നെ പുണ്യനദിയായ ഗംഗയായിത്തീര്‍ന്നത്.

ആദ്യത്തെ രണ്ട് അടി കൊണ്ട് ബലി തന്റെയെന്ന് അഹങ്കരിച്ചിരുന്ന സകലതും ഭഗവാന്‍ അളന്നെടുത്തു. മൂന്നാമത്തെ അടി വെയ്‌ക്കാന്‍ ഇടമില്ല. വാക്ക് തെറ്റിച്ച ബലിയെ വരുണ പാശം കൊണ്ട് ബന്ധിച്ചു. ബലിയുടെ മുത്തച്ഛനായ പ്രഹ്‌ളാദന്‍ ഉള്‍പ്പടെയുള്ളവര്‍ അവിടെയെത്തി ഭഗവാനെ സ്തുതിച്ചു. അങ്ങ് തന്നെ നല്‍കിയ ഇന്ദ്രലോകം അങ്ങ് തന്നെ ഇപ്പോള്‍ തിരിച്ചെടുത്തിക്കുന്നുവെന്ന് പ്രഹ്‌ളാദന്‍ പറഞ്ഞു. വാക്ക് പാലിക്കാന്‍ എന്തു ചെയ്യണമന്നറിയാതെ കുഴങ്ങിയ ബലിയ്‌ക്ക് തന്റെ അഹങ്കാരമാണ് എല്ലാറ്റിനും കാരണമായതെന്ന തിരിച്ചറിവുണ്ടായി. അഹങ്കാരത്തിന്റെ മൂര്‍ത്തിമത് പ്രതീകമായ തന്റെ ശിരസ്സില്‍ മൂന്നാമത്തെ അടിവെച്ചു കൊള്ളുവാന്‍ പറയുകയും ചെയ്തു. വാക്ക് പാലിച്ച ബലിയെ ഭഗവാന്‍ സ്വതന്ത്രനാക്കി തൃക്കാല്‍ വച്ച് അനുഗ്രഹിച്ചു.എന്നിട്ട് ദേവന്‍മാര്‍ പോലും കൊതിക്കുന്നതായ സുതലം എന്ന ലോകത്തേക്ക് പറഞ്ഞയ്‌ക്കുകയും ചെയ്തു. അവിടെ വാമനമൂര്‍ത്തിയായ താന്‍ കാവലിനുണ്ടാകുമെന്നും ഉറപ്പ് നല്‍കി. അടുത്ത മന്വന്തരത്തില്‍ അതായത് എട്ടാംമന്വന്തരമായ സാവര്‍ണ്ണി മന്വന്തരത്തില്‍ ബലിക്ക് ഇന്ദ്ര പദവിയും വാഗ്ദാനം ചെയ്തു. ഇതാണ് യഥാര്‍ത്ഥ ചരിതം.

ഭഗവാന്റെ ഈ ചരിതത്തെ ഉദ്‌ഘോഷിക്കുന്നതാണ് ഓണാഘോഷം. നമ്മുടെ സംസ്‌കാരമനുസരിച്ച് ആഘോഷങ്ങളെല്ലാം ഈശ്വരോന്‍മുഖമാണ്. അല്ലാതെ ആസുരികമല്ല. അത് ഓണമായാലും വിഷുവായാലും തിരുവാതിരയായാലും…

വാമനനും ബലി അഥവാ മഹാബലിയും തമ്മിലാണ് ബന്ധം. ഭാഗവത പ്രകാരം ഇദ്ദേഹത്തിന്റെ  പേര് ഇന്ദ്രസേനന്‍ എന്നാണ്. ബലമുള്ളവനായതിനാലാണ് ബലി എന്ന് അറിയപ്പെട്ടത്. എപ്പോഴാണോ ബലി അഹങ്കാരം വിട്ട് ശിരസ്സ് നമിച്ചത് അപ്പോള്‍ മാത്രമാണ് മഹാബലിയായത്.

മഹാബലിയും മാവേലിയും ഒന്നാണോ?

ആണെന്നും അല്ലെന്നും പറയാം.

മഹാബലിയെയാണ് മാവേലി എന്ന് പറഞ്ഞാലും അല്ലെങ്കിലും ഇന്ന് കേരളത്തില്‍ പ്രചരിക്കുന്ന കള്ളക്കഥകള്‍ പൊളിഞ്ഞു പോകും. ഓണം എല്ലാവരും കേമമായി ആഘോഷിക്കണം എന്ന സദുദ്ദേശ്യത്തില്‍ ഉണ്ടായ ഈ കഥകള്‍ പിന്നീട് വളരെ കുത്സിതമായി വളച്ചൊടിക്കപ്പെട്ടു എന്ന് വേണം കരുതാന്‍.

അങ്ങനെയാണ് ഭഗവാന്റെ പാദാനുഗ്രഹത്തെ ചവിട്ടിത്താഴ്‌ത്തലായും ലോകം മുഴുവന്‍ ഭരിച്ച അസുര ചക്രവര്‍ത്തിയെ കേരളം ഭരിച്ചയാളാക്കി മാറ്റിയതും. ലോകം മുഴുവന്‍ എന്നതില്‍ കേരളവും ഉള്‍പ്പെടും.

അടുത്ത മന്വന്തരത്തില്‍ ഇന്ദ്രനായി സുതലത്തില്‍ നിന്നും മടങ്ങി വരും എന്നതിനെ കൊല്ലം തോറും പ്രജകളെ കാണാന്‍ വരുന്നതായും ചിത്രീകരിച്ചു. സുതലം എന്നാല്‍  നല്ല സ്ഥലം. അതിനെ ഭയങ്കരങ്ങളായ നാഗങ്ങളും മറ്റും വസിക്കുന്ന മറ്റൊരു ലോകമായ പാതാളമെന്നാക്കി മാറ്റി.

നിലവാരത്തില്‍ ഭൂമിക്ക് താഴെയുള്ള 7 ലോകങ്ങളെ അധോലോകങ്ങള്‍ എന്ന് പറയും. ഇവയെ എളുപ്പത്തില്‍ പാതാളാദി ലോകങ്ങള്‍ എന്നാണ് വിളിക്കുന്നത്. കേരളം മുതലായ സംസ്ഥാനങ്ങളാണ് ദക്ഷിണേന്ത്യ എന്ന് പറയുന്നതുപോലെ. ദക്ഷിണേന്ത്യയെ മുഴുവന്‍ കേരളം എന്ന് വിളിക്കാന്‍ മറ്റ് സംസ്ഥാനക്കാര്‍ സമ്മതിക്കുമോ?

പാതാളാദി ലോകം ഭൂമിക്ക് കീഴെയല്ല 

മറ്റൊരു കാര്യം ചവിട്ടിത്താഴ്‌ത്തിയാല്‍ താഴാന്‍ ഭൂമിയുടെ താഴെയല്ല പാതാളാദി ലോകങ്ങള്‍ ഇരിക്കുന്നത്. സ്ഥാനത്ത് നിന്ന് താഴെ ഇറക്കി എന്നതായിരിക്കും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നിട്ട് വര്‍ഷാവര്‍ഷം മണ്ണ് മാന്തി ഭൂമിക്കടിയില്‍ നിന്നും മാവേലി വരുന്നു എന്ന കഥയും പടച്ചിറക്കി.

തിരുവോണത്തിന്, ത്രിവിക്രമനായി മാറിയ തൃക്കാക്കരയപ്പനെയാണ് കേരള മങ്ങോളമിങ്ങോളം പൂജിക്കുന്നത്. ലോകം മുട്ടെ നിറഞ്ഞു നില്‍ക്കുന്ന ഈശ്വര തത്ത്വത്തിന്റെ പ്രതീകമാണ് തൃക്കാക്കരയപ്പന്റെ രൂപവും. ഒരു വലിയ കെട്ടിട സമുച്ചയമോ ഭീമാകാരമായ ഒന്നോ താഴെ നിന്ന് നോക്കുമ്പോള്‍ ഇങ്ങനെയാണ് കാണപ്പെടുക.

ത്രിവിക്രമന് മുന്നില്‍ ബലി പൊടിയുടെ വലുപ്പം പോലും ഉണ്ടായേക്കില്ല.

സഗുണ സാകാര ആരാധനയില്‍ നിന്ന് നിര്‍ഗുണ നിരാകാര ആരാധനയിലേക്കുള്ള ചുവട് വെയ്പാണ് വാമനനില്‍ നിന്ന് ത്രിവിക്രമനിലേക്ക്.

തന്റെ ഭക്തന്റെ ദര്‍പ്പത്തെയും ദുഷ്‌ചെയ്തികളേയും അടക്കി അനുഗ്രഹിക്കുക എന്ന ഭഗവദ്‌ലീലയാണ് വാമനാവതാരം.

തനിക്ക് കിട്ടിയ സ്ഥലം പോരാതെ സഹോദരന്റെ സ്ഥലം അന്യായമായി കയ്യടക്കിയ ചരിതമാണ് ബലിയുടേത്.ഈ കാലഘട്ടത്തിലും ഇത് അനുവദനീയമല്ല. ഇത്തരമൊരു സംഭവമുണ്ടായാല്‍ നാം പോലീസിനെയോ നീതിന്യായ വ്യവസ്ഥയേയോ സമീപിക്കും. അവര്‍ ഉചിതവും ശക്തവുമായ നടപടിയെടുക്കും.ഇത് തന്നെയാണ് ഇവിടേയും സംഭവിച്ചത്.

ഓരോ മന്വന്തരത്തിനും ഓരോ ഇന്ദ്രനുണ്ട്. ഏഴാം മന്വന്തരത്തിലെ ഇന്ദ്രന്റെ സ്ഥാനമാണ് ബലി തട്ടിയെടുക്കാന്‍ നോക്കിയത് (തട്ടിയെടുത്തത്). അര്‍ഹതയില്ലാതെ ഓരോ സ്ഥാനത്ത് കയറിയിരുന്നതുകൊണ്ട് മാത്രം അവരെ ആ സ്ഥാനപ്പേരില്‍ വിളിക്കാനാവില്ല. 

നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങള്‍ പോലെയാണ് ഇന്ദ്രപദവിയും. അഞ്ചു വര്‍ഷം കഴിയാതെയോ ഭൂരിപക്ഷമില്ലാതെ ആ സര്‍ക്കാര്‍ വീഴാതെയോ നിലവിലെ ആളൊഴിച്ച് ആര്‍ക്കും ആ സ്ഥാനത്ത് കയറിയിരിക്കാനാവില്ല. ഇതാണ് ബലി ലംഘിച്ചത്. അന്യായമായി കയറിയിരുന്നത് പിന്നെ പ്രജാക്ഷേമത്വം  പറഞ്ഞ് മഹത്വവല്‍ക്കരിക്കാനാകുമോ?

ബലിയെ ഇന്ദ്രസ്ഥാനത്തിന് യോഗ്യനാക്കുകയാണ് ഭഗവാന്‍ ചെയ്തത്. ഇപ്പോഴല്ല അടുത്ത മന്വന്തരത്തില്‍ ഇന്ദ്രനാകാം.

വാമനന്‍ എന്നാല്‍ കുറിയവന്‍ എന്നാണ് ഒരര്‍ത്ഥം. ഭക്തിയുടേയും ജ്ഞാനത്തിന്റെയും  പ്രതീകമാണ് വാമനന്‍.വളരെ ചെറിയ രൂപത്തില്‍ വന്ന് ക്രമേണ വളര്‍ന്ന്… വളര്‍ന്ന്.. ത്രിവിക്രമനാകും. അപ്പോള്‍ നമ്മുടെ ഉള്ളിലെ അഹങ്കാരമാകുന്ന ബലിക്ക് തല കുനിക്കുകയേ നിവൃത്തിയുള്ളൂ.

മൂന്നടി എന്നത് എല്ലാ ത്രിപുടികളേയും കുറിക്കുന്നു. 

മൂന്ന് കാലങ്ങള്‍, മൂന്ന് അവസ്ഥകള്‍, മൂന്ന് ഹൃദയ ഗ്രന്ഥികള്‍ അഥവാ കെട്ടുകള്‍,

ത്രി ഗുണങ്ങള്‍, ത്രിലോകങ്ങള്‍ തുടങ്ങിയവയെല്ലാം…

ഹൃദയഗുഹയില്‍ പെരുവിരല്‍ വലുപ്പത്തില്‍ വാമന സ്വരൂപനായ പരമാത്മാവ് ഇരിക്കുന്നു എന്ന് ശ്രുതിയില്‍ പറയുന്നുണ്ട്.

അസുക്കളാകുന്ന ഇന്ദ്രിയങ്ങളുടെ സുഖഭോഗ ലാലസതയില്‍ നിന്ന് നമ്മെ ഓരോരുത്തരേയും പരമാത്മാവില്‍ നന്നായി രമിക്കുന്ന സുരന്‍മാരാകാന്‍, സജ്ജനങ്ങളാകാന്‍ യോഗ്യരാക്കുന്ന തത്വത്തെ കഥാരൂപത്തില്‍ അവതരിപ്പിച്ചതാണ് ബലി വാമന ചരിതം. ഇതൊന്നുമറിയാതെ നാടിന്റെ യഥാര്‍ത്ഥ സംസ്‌കാരത്തെ ചവിട്ടിയരയ്‌ക്കുന്നവരാണ് ആധുനിക ഓണത്തിന്റെ പുത്തന്‍ കഥകളുടെ വക്താക്കള്‍.

വാസ്തവം ഇതായത് പലര്‍ക്കും ദഹിക്കുന്നില്ല. അതുകൊണ്ട് അവര്‍ ബോധപൂര്‍വം സവര്‍ണ്ണ  ഫാസിസ്റ്റ്  വര്‍ഗീയ മൂരാച്ചി പ്രയോഗങ്ങളിലൂടെ ഓണത്തിന്റെ മഹിമയെ മാവേലിക്കഥയാക്കി മാറ്റിയെഴുതി അത്രമാത്രം. സത്യം അറിയാത്ത മലയാളികള്‍ കഥയറിയാതെ ആട്ടം കാണുന്നു.

കാര്‍ഷികോത്സവമായി ഒതുങ്ങുന്ന ഓണം  

മാവേലിയെ ഒഴിവാക്കി ഓണത്തെ വിളവെടുപ്പ് , കാര്‍ഷികോത്സവമാക്കി ചിത്രീകരിക്കാനുള ശ്രമവും ധാരാളം നടക്കുന്നുണ്ട്. അതിനേക്കാള്‍ മാര്‍ക്കറ്റ് വാമനനേയും ഹിന്ദുക്കളേയും തെറി വിളിക്കുന്നതിലൂടെ കിട്ടുമെന്നതിനാല്‍ അതിനാണ് മിക്കവര്‍ക്കും കൂടുതല്‍ താല്പര്യം.

ഓണം എല്ലാവരുടേതുമാക്കാന്‍ പാടുപെടുന്നവര്‍ ക്രിസ്ത്യന്‍, ഇസ്ലാം, ബൗദ്ധ, ജൈന കഥകളുമായി കുറച്ചു കാലങ്ങളായി രംഗപ്രവേശം ചെയ്ത് പെടാപ്പാട് പെടുന്നുണ്ട്.

ഓണാഘോഷത്തിന്റെ പല ശേഷിപ്പുകളും ഇന്നും മാഞ്ഞിട്ടൊന്നുമില്ല.

 തിരുവോണത്തിന് വിഷ്ണു ക്ഷേത്രങ്ങളില്‍ തിരുവോണ ഊട്ട് ഈ കാലഘട്ടത്തിലും നടത്തുന്നുണ്ട്. ഭഗവാന്റെ പിറന്നാള്‍ സദ്യയാണിത്.

ഭഗവാന്റെ അവസാനത്തെ ഭക്തനും തൃക്കാക്കരയപ്പനെ തിരുവോണത്തിന് ഭജിക്കുന്നിടത്തോളം കാലം ഓണം വാമനാവതാര സുദിനം തന്നെയാകും. ഇനി ആരും ആചരിച്ചില്ലെങ്കിലും അത് മറ്റൊന്നാവാന്‍ തരമില്ലല്ലോ.

മഹാബലിയും മാവേലിയും ഒന്ന് തന്നെയോ എന്ന് ചരിത്രകാരന്‍മാരും താല്പര്യമുള്ളവരും അന്വേഷിക്കട്ടെ. ഓണചിഹ്നങ്ങളോരോന്നും മനപ്പൂര്‍വ്വം തേച്ച് മായ്ച്ചു കൊണ്ടിരിക്കുന്ന ഇവിടെ ഭക്തനായ മഹാബലിയേയും ഇല്ലാതാക്കുന്നത് എന്നെന്ന് കണ്ടറിയണം.

പാഠപുസ്തകങ്ങളില്‍ പോലും മാവേലിക്ക്ക്ക് വന്ന രൂപമാറ്റം തന്നെ നോക്കിയാല്‍ മതി. ഇപ്പോള്‍ നമ്മള്‍ പ്രജാക്ഷേമ തല്‍പ്പരനായ ഒരു മാവേലി മന്നനെയെങ്കിലും അംഗീകരിക്കുന്നുണ്ട്. ജനാധിപത്യ വ്യവസ്ഥയില്‍ അതിനു പോലും സാധ്യതയില്ലല്ലോ.

 വാമനനെ നിഷേധിച്ചവര്‍ക്ക് ബലി ഒതുക്കാന്‍ എളുപ്പം കഴിയും.പിന്നെ വളരെ എളുപ്പമാണ് കപട മതേതരത്തത്തിന്റെയും കച്ചവടവല്‍ക്കരണം നടത്തപ്പെട്ടതിന്റെ ഓണമാക്കി ആഘോഷിക്കാന്‍. അടിസ്ഥാനം മറന്നോ അറിയാതെയോ പുറമേയുള്ള ആഘോഷങ്ങളിലും പുതിയ പുതിയ ആചാരങ്ങളിലും എത്തിപ്പെടുകയാണ്.

മലയാളികളുടെ ആണ്ട് പിറപ്പിനെ അഥവാ പുതുവര്‍ഷത്തെ അംഗീകരിക്കാതെ എത്ര എളുപ്പത്തിലാണ് ചിങ്ങം ഒന്നിനെ കര്‍ഷക ദിനമായി കൊണ്ടാടുന്നത്. ഭാവിയില്‍ ഇത് ആത്മഹത്യ ചെയ്ത ഏതെങ്കിലും കര്‍ഷനെ സ്മരിക്കാനുള്ള ദിനമായി മാറിയേക്കാം.

കള്ളം നിരവധി തവണ പറഞ്ഞാലോ ഭൂരിഭാഗം ആളുകള്‍ ആവര്‍ത്തിച്ചാലോ സത്യമാകില്ല. ഭാരതീയമായ എന്തിനേയും പുച്ഛിക്കുന്ന ശീലമാണ് മാറേണ്ടത്. നമ്മുടെ സംസ്‌കാരത്തിലെ അക്ഷയഖനികളെ നാം സംരക്ഷിച്ചില്ലെങ്കില്‍ പലതും നമുക്ക് നഷ്ടപ്പെട്ടേക്കും. മലയാള അക്കം മലയാളികളില്‍ നിന്ന് അന്യമായതുപോലെ. ജാഗ്രതയോടെയിരിക്കാം..

                                                                                                                                       (അവസാനിച്ചു)

                                                                                                                                        9495746977

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക