മലയാളിമനസ്സുകളില് ഒരുമയുടെ സംഗീതം നിറയ്ക്കുന്ന കാര്‍ഷികോത്സവമാണ് ഓണം. കാര്‍ഷിക വിഭവങ്ങളുടെ ഉപയോഗവും, ആ വിഭവങ്ങളുപയോഗിച്ചുള്ള സ്വാദിഷ്ഠമായ സദ്യയും കാര്‍ഷിക വിളവെടുപ്പിനു ശേഷം വയലേലകളില്‍ പൂക്കുന്ന നെല്വരിയും കാക്കപ്പൂവും തുമ്പപ്പൂവും മറ്റുമുപയോഗിച്ച് മലയാളി മുറ്റങ്ങളില്‍ തീര്‍ക്കുന്ന ഓണപ്പൂക്കളങ്ങളും ഓണപ്പാട്ടുകളും ചേര്‍ന്നതാണ് മലയാളിക്ക് ഓണം. ചിങ്ങമാസത്തിലെ തിരുവോണം വന്നുചേരുമ്പോള്‍ ഓണത്തിന്റെ വരവ് മലയാളിയെ അറിയിക്കുന്നത് ഓണപ്പാട്ടുകളാണ്.
മഹാബലിയുമായി ബന്ധപ്പെട്ട ഓണസങ്കല്‍പ്പം മലയാളികളുടെ മനസ്സില്‍ കുടിയേറിയിരിക്കുന്നതുതന്നെ മാവേലി നാടുവാണീടും കാലം എന്ന പ്രശസ്തമായ ഓണപ്പാട്ടിലൂടെയാണ്.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
എന്നു തുടങ്ങുന്ന പാട്ട് മുന്നോട്ടു വെയ്ക്കുന്ന ഓണത്തിന്റെ ഒരുമയുടെ സന്ദേശം ചെറുതല്ല. മലയാളിയുടെ ഓണസങ്കല്പ്പങ്ങളെല്ലാം ഈ പാട്ടിലുണ്ടെന്നു പറയാം.
കള്ളവും ചതിയും കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളുമൊന്നുമില്ലാത്ത ജനക്ഷേമ തത്പരനായ ബലി ചക്രവര്‍ത്തി വാണരുളുന്ന ഒരു കാലത്തെ ഓര്‍മ്മിച്ചെടുക്കലാണ് ഈ പാട്ട്.
ഇതുകൂടാതെ നിരവധി ഓണപ്പാട്ടുകള്‍ തൃക്കാക്കരയപ്പന്റെ വാഴ്ത്തു പാട്ടുകളായും ഓണപ്പൂക്കളവുമായി ബന്ധപ്പെട്ടും, ഓണക്കളികളുമായും ഓണവിളവെടുപ്പുമായും ബന്ധപ്പെട്ടുമൊക്കെ കേരളത്തിന്റെ തെക്കും വടക്കും മധ്യത്തിലും വിവിധ രൂപങ്ങളില്‍ നിലവിലുണ്ട്.
കറ്റക്കയറിട്ട്, ഓണക്കോടി, തുമ്പിതുള്ളല്‍, തുമ്പപ്പൂവേ, തിര്യോണം, പൂവേപൊലി, ഓണത്തപ്പാ കുടവയറാ തുടങ്ങി വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള ഓണപ്പൊട്ടന് തെയ്യത്തിന്റെ വരവറിയിച്ചുകൊണ്ട് വീടുകളിലെത്തുന്ന മലയന്‍ പാട്ടുകളും മലയാളി മനസ്സുകളില്‍ ഓണസന്ദേശം നിറയ്ക്കുന്നു. അത്തം മുതല്‍ പത്തു ദിവസങ്ങളിലായി മലയാളിമുറ്റങ്ങളില്‍ പൂക്കളമൊരുക്കി, തിരുവോണനാളില്‍ മാവേലിമന്നനെ വരവേല്‍ക്കുന്നതിനും, തൃക്കാക്കര വാമനമൂര്‍ത്തിയുടെ പിറവിയുമായി ബന്ധപ്പെട്ടും നിരവധി പാട്ടുകള്‍ നിലവിലുണ്ട്.
കറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടെ ഞാനും പൂവിട്ടു.. എന്നു തുടങ്ങുന്ന പാട്ടും,
ചന്തത്തില്‍ മുറ്റം
ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ.. തുടങ്ങിയ പാട്ടും ഇതിനുദാഹരണങ്ങളാണ്.
തുമ്പിതുള്ളലുമായി ബന്ധപ്പെട്ട പാട്ടുകളാണ് മറ്റൊന്ന്. തുമ്പിതുള്ളല്‍ കളിയില്‍ മധ്യത്തിലിരിക്കുന്ന സ്ത്രീ ഉറഞ്ഞുതുള്ളുമ്പോള്‍ ചുറ്റും നില്ക്കുന്ന സ്ത്രീകള്‍ കൈകൊട്ടിപ്പാടുകയാണ്. ആദ്യം ഉറക്കുപാട്ടും തുമ്പി തുള്ളിത്തുടങ്ങുമ്പോള്‍ ഉണര്‍ത്തുപാട്ടും പാടുകയാണ് ചെയ്യുന്നത്. ഓരോ പ്രദേശത്തെയും ആചാര വ്യതിയാനങ്ങള്‍ക്കനുസരിച്ചും ആഘോഷരീതികള്ക്കനുസരിച്ചും പാട്ടുകളില്‍ വ്യത്യാസമുണ്ട്.
ഒന്നാനാം കൊച്ചു തുമ്പി
എന്റെ കൂടെ പോരുമോ നീ
കളിപ്പാനായ് കളം തരുവേ
കുളിപ്പാനായ് കുളം തരുവേ… എന്നു തുടങ്ങുന്ന പാട്ട് ഉദാഹരണമാണ്.
നിരവധി സിനിമാഗാനങ്ങളും കവിതകളും ഓണവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ടിട്ടുണ്ട്.
പൂത്തുമ്പീ പൂവന് തുമ്പീ
നീയെന്തേ തുള്ളാത്തൂ… എന്ന സിനിമാ ഗാനം മലയാളിമനസ്സുകളില് തത്തിക്കളിക്കുന്നതാണ്.
ഓണക്കവിതകളില്‍ വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാര്‍, കുഞ്ഞുണ്ണിമാഷുടെ ഒരു പൂക്കൂട, എന്‍.എന്‍. കക്കാടിന്റെ നന്ദി തിരുവോണമേ നന്ദി, ഇടശ്ശേരിയുടെ യുദ്ധകാലത്തെ ഓണം, ജി. ശങ്കരക്കുറുപ്പിന്റെ ഒരു പാട്ടുപാടാമോ, ഒളപ്പമണ്ണയുടെ വിടരാത്ത പൂക്കള്‍, ഒ.എന്‍.വി. കുറുപ്പിന്റെ ഓണപ്പാട്ടുകള്‍, ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന അസ്ഥിമാടം തുടങ്ങിയവ ഏറെ പ്രശസ്തങ്ങളാണ്.
(അധ്യാപകനും നോവലിസ്റ്റും തപസ്യ സംസ്ഥാന ജോ.ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: