കോട്ടയം: രാഷ്ട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ എംജി സര്‍വകലാശാലയില്‍ അനധികൃത നിയമനങ്ങള്‍ പെരുകുന്നു. വിവിധ വകുപ്പുകളിലെ അധ്യാപക നിയമനങ്ങളെക്കുറിച്ചാണ് ആക്ഷേപം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇത്തരം നിയമനങ്ങള്‍ വര്‍ധിച്ചത്. സര്‍വകലാശാലയിലെ വിവിധ വകുപ്പുകളില്‍ നൂറ്റമ്പതോളം നിയമനം നടന്നതായാണ് വിവരം.
ഉന്നത വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നവരുടെ ഒത്താശയും ഇതിനുണ്ട്. നിയമനം ലഭിച്ചവരില്‍ അധികവും പ്രത്യേക മതവിഭാഗത്തില്പ്പെട്ടവരാണന്ന് ആക്ഷേപം. അധ്യാപകര്‍, സെക്യൂരിറ്റി ജീവനക്കാര്‍, ഓഫീസ് അസിസ്റ്റന്റ്, സീനിയര്‍ സോഫ്റ്റ്വെയര് ഡെവലപ്പര്‍, ഹാര്ഡ്വെയര് ഡെവലപ്പര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. ഇതില്‍ കരാറടിസ്ഥാനത്തിലുള്ളതുമുണ്ട്.
സ്കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ്, സ്കൂള്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ്, സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് വകുപ്പുകളിലാണ് അധ്യാപക നിയമനങ്ങള്‍. നിയമനം ലഭിച്ചവര്‍ക്ക് വകുപ്പുമായി ബന്ധമില്ല. വിഷയങ്ങളില്‍ അറിവില്ലാത്ത ഇവര്‍ എങ്ങനെ ഈ വകുപ്പുകളില്‍ പഠിപ്പിക്കുമെന്ന ചോദ്യവുമുയരുന്നു. സിപിഎം അനുഭാവികളും ഇക്കൂട്ടത്തിലുണ്ട്. യൂണിവേഴ്സിറ്റില്‍ ജോലി ചെയ്തിരുന്നവരില് ചിലര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അകത്തളങ്ങളില്‍ ഡെപ്യൂട്ടേഷനിലുണ്ട്. ഇവരാണ് നിയമനങ്ങള്‍ക്ക് ചരടു വലിക്കുന്നത്.
സര്‍വകലാശാല നിയമനങ്ങള്‍ നിലവില്‍ പിഎസ്സി വഴിയാണ്. എന്നാല്‍, അധ്യാപക നിയമനങ്ങള്‍ സര്‍വകലാശാല നേരിട്ടും. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് പിന്‍വാതില്‍ നിയമനങ്ങള്‍ കൂടിയത്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: