”നാലുവയസ്സുവരെ എഴുന്നേറ്റു നില്‍ക്കാനോ ഇരിക്കാനോ കഴിയാത്ത കുട്ടിയായിരുന്നു അവള്‍. അവളെ ഒന്ന് ഇരുത്തുവാന്‍ വേണ്ടി മണ്ണില്‍ കുഴികുഴിച്ച് അതില്‍ ഇരുത്തിയിട്ടുണ്ട്.” ഇത് ലോക സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ 200 മീറ്ററില്‍ 0.34 സെക്കന്‍ഡില്‍ സ്വര്‍ണം നഷ്ടപ്പെട്ട് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിയടയേണ്ടി വന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്യ എന്ന മിടുക്കിക്കുട്ടിയുടെ അമ്മ വിജയശ്രീയുടെ വാക്കുകളാണ്. പക്ഷേ കരുനാഗപ്പള്ളി കല്ലേലിഭാഗം കോഴിശ്ശേരി പുത്തന്‍വീട്ടില്‍ ആര്യ ഇപ്പോള്‍ നാട്ടിലെ താരമാണ്.
2019 മാര്‍ച്ച് 14 മുതല്‍ 21 വരെ അബുദാബിയില്‍ നടന്ന വേള്‍ഡ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് 100-200 മീറ്റര്‍ മത്സരങ്ങള്‍ക്കായി കേരളത്തില്‍നിന്ന് പോയ കായിക താരമായിരുന്നു ആര്യ. ഈ രണ്ട് മത്സരങ്ങള്‍ക്കും ആര്യ വെള്ളിമെഡല്‍ കരസ്ഥമാക്കി. ഇതില്‍ 100 മീറ്റര്‍ മത്സരത്തില്‍ 0.34 സെക്കന്റിനാണ് ആര്യയ്‌ക്ക് സ്വര്‍ണം നഷ്ടപ്പെടുന്നത് 0.4 സെക്കന്റ് വ്യത്യാസത്തില്‍ 200 മീറ്ററിന്റെ സ്വര്‍ണവും നഷ്ടമായി.
ഓര്‍മയിലിന്നും വേദനയുടെ ബാല്യം
2002 മാര്‍ച്ച് പതിമൂന്നിനായിരുന്നു ആര്യയെന്ന ഈ കൊച്ചുമിടുക്കിയുടെ ജനനം. ജനിച്ച് ആറുമാസം കഴിഞ്ഞും സാധാരണ കുട്ടികളെപ്പോലെ അവള്‍ ചിരിക്കുകയും കരയുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ ഒരു വയസ്സ് കഴിഞ്ഞപ്പോള്‍ മുതല്‍ മറ്റുകുട്ടികളെപ്പോലെ സ്വയം ഇരിക്കുവാനോ തന്നെത്താന്‍ പിടിച്ചെഴുന്നേല്‍ക്കാനോ സംസാരിക്കുവാനോ കഴിയുന്നില്ല എന്ന യാഥാര്‍ഥ്യം വീട്ടുകാര്‍ മനസ്സിലാക്കി. ”എന്റെ അമ്മ, മണ്ണില്‍ കുഴിയുണ്ടാക്കി അവളെ ഇരുത്തുകയും നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. മരങ്ങളില്‍ കമ്പുകെട്ടി അതില്‍ പിടിച്ച് നടത്തിക്കുമായിരുന്നു.” അമ്മയുടെ ഓര്‍മ്മ ആര്യയുടെ ബാല്യകാലത്തിലേക്ക് പോയി. അമ്മയുടെയും വീട്ടുകാരുടെയും നിരന്തര പരിശ്രമത്തിലൂടെ ആര്യ അഞ്ചാം വയസ്സില്‍ നടന്നുതുടങ്ങി. അപ്പോഴും സംസാരിക്കുവാനോ ആശയവിനിമയം നടത്തുവാനോ അവള്‍ക്ക് കഴിഞ്ഞില്ല.
കയറിക്കിടക്കാന്‍ ഒരു കൂരപോലും ഇല്ലായിരുന്നു. പലകയും പ്ലാസ്റ്റിക് ഷീറ്റുംകൊണ്ട് മറച്ച ഒറ്റമുറി വീടായിരുന്നു ആര്യയുടേത്. പെരുമഴയത്ത് അയലത്തെ വീടുകളില്‍ അഭയം പ്രാപിച്ചിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത അക്കാലത്ത് അവളെ ചികില്‍സിക്കുവാനോ വേണ്ടവിധത്തില്‍ പരിചരിക്കുവാനോ ആ നിര്‍ദ്ധനകുടുംബത്തിന് കഴിഞ്ഞില്ല. ആര്യയുടെ അച്ഛന്‍ ഹോട്ടലിലും മറ്റും പാചകം ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം വീട്ടുചെലവിനു പോലും തികയാത്ത അവസ്ഥയായിരുന്നു. അങ്ങനെ ആര്യയുടെ അമ്മ അയല്‍വീടുകളില്‍ വീട്ടുജോലിക്ക് പോയി തുടങ്ങി. ഈ സമയത്തൊന്നും ആര്യയുടെ അവസ്ഥയ്‌ക്ക് കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല.
അയലത്തെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ആര്യ എന്നും അവരോടൊപ്പം റോഡുവരെ പോകുമായിരുന്നു. അഞ്ച് വയസ്സായിട്ടും സംസാരിക്കാതെ വന്നപ്പോള്‍ മകളെ തിരുവനന്തപുരം എസ്എടി ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവിടുത്തെ ഡോ. മുഹമ്മദ് കുഞ്ഞിന്റെ ചികിത്സയിലും മാറ്റങ്ങള്‍ കണ്ടില്ല. തുടര്‍ന്ന് വീടിന് സമീപമുള്ള ഡോ. രാജിയെ യാദൃച്ഛികമായി കാണാന്‍ ഇടയായി. ”ആര്യയ്‌ക്ക് രണ്ട് വയസ്സിന്റെ മാനസിക വളര്‍ച്ചയുടെ കുറവുണ്ട്. അല്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന ആ ഡോക്ടറുടെ വാക്കുകള്‍ വീട്ടുകാരില്‍ നേരിയ ആശ്വാസത്തിനു വകനല്‍കി. തുടര്‍ന്ന് ആര്യയുടെ അമ്മതന്നെയായി അവളുടെ ഡോക്ടർ.
ശ്രദ്ധകിട്ടാതെ സ്‌കൂള്‍ ജീവിതം
പ്രായത്തിനൊത്ത മാനസിക വളര്‍ച്ചയും സംസാരശേഷിയും ഇല്ലാത്തതിനാല്‍ അത്തരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ചേര്‍ക്കുവാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും മാതാപിതാക്കള്‍ക്ക് ആ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന ശാസ്താംകോട്ടയിലെ മനോവികാസ് എന്ന സ്‌കൂളില്‍ നിന്ന് അദ്ധ്യാപകര്‍ ആര്യയെ വിളിക്കുവാന്‍ വീട്ടില്‍ വന്നിരുന്നു. മകളെ സാധാരണ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ത്തന്നെ ചേര്‍ത്താല്‍ അവളുടെ കുറവുകള്‍ മെച്ചപ്പെടുത്തുവാനും, അവള്‍ സാധാരണ കുട്ടികളോടൊപ്പം വളര്‍ന്നു വരുവാനും, അവളുടെ കാര്യങ്ങള്‍ സ്വയം നോക്കാനും കഴിയുമെന്നാണ് കരുതിയതെന്ന് വിജയശ്രീ പറയുന്നു. അങ്ങനെയാണ് ആര്യയ്‌ക്ക് ഏഴു വയസ്സുള്ളപ്പോള്‍ വീടിനടുത്തുള്ള കല്ലേലിഭാഗം എസ്എന്‍വിഎല്‍പിഎസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തത്. കൂട്ടുകാരോടൊപ്പം സ്‌കൂളിലെത്തിയ ആര്യയെ അധ്യാപകരോ സഹപാഠികളോ വേണ്ടവിധത്തില്‍ പരിഗണിച്ചില്ല എന്ന പരാതി ഇപ്പോഴും ഈ വീട്ടമ്മയ്‌ക്കുണ്ട്. തന്റെ മകളെ അക്ഷരം പഠിപ്പിക്കുവാന്‍ അമ്മ ആവതും ശ്രമിച്ചു. പക്ഷേ ഫലമുണ്ടായില്ല. ”മോളെന്നും ക്ലാസ്സില്‍ക്കിടന്ന് ഓട്ടമാണെന്നും അടങ്ങി ഒരിടത്തും ഇരിക്കില്ലെന്നുമുള്ള അദ്ധ്യാപകരുടെ പരാതി കേട്ടു മടുത്തിട്ടുണ്ട് അക്കാലങ്ങളില്‍” വിജയശ്രീ ഓര്‍ക്കുന്നു.
അഞ്ചാം ക്ലാസ് മുതല്‍ ആര്യ പഠിച്ചത് കല്ലേലിഭാഗം യുപി സ്‌കൂളില്‍ ആയിരുന്നു. ഗ്രൗണ്ടില്‍ കായിക മത്സരങ്ങള്‍ നടക്കുമ്പോള്‍ മറ്റുകുട്ടികളെക്കാളും വേഗത്തില്‍ വെറുതെ കിടന്നോടുന്ന ആര്യയെ ശ്രദ്ധിക്കുവാന്‍ സ്‌കൂളിലെ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം. ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ ആ വീട്ടമ്മ പിന്നീട് ആര്യയെ സ്‌കൂളില്‍ വിട്ടില്ല. (മൂത്തകുട്ടിയുടെ വിദ്യഭ്യാസ ചെലവുകള്‍ വഹിച്ചിരുന്നത് അടുത്ത വീട്ടിലെ സുമനസ്സുകളാണ്) മൂത്തമകള്‍ ആദിത്യ ആയുര്‍വേദ നേഴ്‌സിങ് കോഴ്‌സ് കഴിഞ്ഞ് ഇപ്പോള്‍ എറണാകുളത്തുള്ള ഒരു സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. ഭര്‍ത്താവിന്റെ മരണശേഷം രണ്ടു പെണ്‍കുട്ടികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന വിജയശ്രീ അടച്ചുറപ്പുള്ള ഒരു വീട് സ്വപ്‌നം കണ്ടിരുന്നു. പഞ്ചായത്തിന്റെയും നല്ലവരായ നാട്ടുകാരുടെയും സഹായത്തോടെ ആ സ്വപ്‌നം സാക്ഷാത്കരിച്ചു.
ആര്യയുടെ ജീവിതത്തിലെ വഴിത്തിരിവ്
അച്ഛന്‍ മരിച്ചുകഴിഞ്ഞ് അടുത്ത അധ്യയനവര്‍ഷാരംഭത്തിലാണ് ആര്യയുടെ ജീവിതത്തിലെ വഴിത്തിരിവ് ഉണ്ടാകുന്നത്. ആര്യ പഠനം നിര്‍ത്തിയതറിഞ്ഞ ഭിന്നശേഷി സൗഹൃദ വിദ്യാലയമായ ‘മനോവികാസ്’ സ്‌കൂളിലെ അധ്യാപികമാരായ ഗിരിജ ടീച്ചറും അമ്പിളി ടീച്ചറും വീണ്ടും അവളുടെ വീട്ടിലെത്തി. അവരുടെ നിര്‍ബന്ധപ്രകാരം ആര്യയെ ആ സ്‌കൂളില്‍ ചേര്‍ത്തു. മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിലെ അദ്ധ്യാപകര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരും ഇവിടുത്തെ കുട്ടികളോട് കാണിക്കുന്ന താല്‍പ്പര്യവും ആത്മാര്‍ത്ഥമായ സ്‌നേഹവും പരിഗണനയും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഭിന്നശേഷിക്കാരായ നൂറ്റിനാല്‍പ്പതോളം കുട്ടികളാണ് പഠിക്കുന്നത്. കുട്ടികളുടെ വയസ്സിന്റെയും ബൗദ്ധികനിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ തീരുമാനിക്കുന്നത്. അതിന്‍പ്രകാരം പ്രൈമറി വിഭാഗത്തിലാണ് ആര്യ ഇപ്പോള്‍ പഠിക്കുന്നത്. നാലുവര്‍ഷം മുന്‍പ് ആര്യ അവിടെ എത്തുമ്പോള്‍തന്നെ അവളുടെ കഴിവിനെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ഗിരിജ ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു. ”ഭിന്നശേഷിയുള്ള ഓരോ കുട്ടിയിലും ഓരോ കഴിവ് അടങ്ങിയിട്ടുണ്ട്. അത് കണ്ടെത്തി പരിപോഷിപ്പിച്ച് അതിനുവേണ്ടുന്ന പരിശീലനം കൊടുക്കുവാന്‍ രക്ഷിതാക്കളും സമൂഹവും ഒരേ മനസോടെ കൂടെയുണ്ടാകണം. അതിന് നല്ല ക്ഷമയും വേണം. അതിലൂടെ അവരില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും. അത് തീര്‍ച്ചയാണ്” അമ്പിളി ടീച്ചര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എപ്പോഴുമുള്ള ഓട്ടം ശ്രദ്ധിക്കപ്പെട്ടു
ക്ലാസ് മുറികളിലും ഗ്രൗണ്ടിലും മിന്നിമറയുന്ന ആര്യ എല്ലാവരുടെയും ശ്രദ്ധാലുവായി. അതിനുശേഷം ഓഫീസില്‍ നിന്ന് എന്തെങ്കിലും സാധനം എടുക്കുവാന്‍ ഉണ്ടെങ്കില്‍ ആര്യയെയാണ് പറഞ്ഞുവിടുന്നത്. ഇവിടെയെത്തുന്ന ഓരോ കുട്ടികളെയും സുസൂഷ്മം നിരീക്ഷിക്കുന്ന അദ്ധ്യാപകര്‍ അവര്‍ക്കുള്ളിലെ ചെറുതും വലുതുമായ കഴിവുകള്‍ കണ്ടെത്തുകയും അവരെ, ആ മേഖലയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യുന്നു. ആര്യയുടെ ഓടാനുള്ള താല്‍പ്പര്യം കണ്ടറിഞ്ഞ അധ്യാപകര്‍ സ്‌കൂള്‍തല ഓട്ടമത്സരത്തില്‍ പങ്കെടുപ്പിച്ചു. തുടര്‍ന്ന് ജില്ലാ, സംസ്ഥാന, ദേശീയ കായിക മത്സരങ്ങളില്‍ (ദേശീയ മത്സരം 2016-ല്‍ ഭുവനേശ്വറില്‍ നടന്നു) ബാക്കിയുള്ളവരെ പിന്തള്ളി ആര്യ ബഹുദൂരം മുന്നേറി. അവസാനം അത് ലോക ഒളിമ്പിക്‌സിലും എത്തി.
ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ ഒരുകൂട്ടം അദ്ധ്യാപകരുടെ അക്ഷീണ പ്രയത്‌നം കാണാതിരിക്കാന്‍ കഴിയില്ല. നാലുവര്‍ഷമായി 100-200 മീറ്റര്‍ ഓട്ടവും റിലേയും ഡിസ്‌ക് ത്രോയുമൊക്കെ ആര്യയെയും പരിശീലിപ്പിച്ചു വരികയാണ്. എപ്പോള്‍ ഓടാന്‍ പറഞ്ഞാലും അവശതയും ക്ഷീണവും വിഷമങ്ങളുമൊക്കെ ഉണ്ടെങ്കിലും യാതൊരു മടിയും കൂടാതെ അവള്‍ അനുസരിക്കുമായിരുന്നു. അതുതന്നെയാണ് അവളുടെ ഈ വിജയത്തിന് കാരണമായതെന്നും അവര്‍ പറയുന്നു.
പുതുതലമുറയ്‌ക്ക് വലിയ പ്രചോദനം
ആര്യയുടെ നേട്ടം സ്‌കൂള്‍ അധികൃതര്‍ക്കും മറ്റ് രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും പുതുതലമുറക്കാര്‍ക്കും വലിയ പ്രചോദനം ആയിരിക്കുകയാണ്. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളും സൗകര്യങ്ങളും ഉണ്ടായിട്ടും ചെറിയ പരിമിതികളെ ഓര്‍ത്ത് ജീവിതം തള്ളിനീക്കുന്നവര്‍ക്കെല്ലാം ഒരു പാഠം തന്നെയാണ് ആര്യയുടെ വിജയം. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിട്ട് പ്രാരാബ്ധങ്ങളോട് പടപൊരുതി ആര്യ നേടിയെടുത്തത് ഒരു ജീവിതംകൂടിയാണ്. ഇത് ഏത് സാധാരണക്കാര്‍ക്കും അനുകരണീയമാണ്. പുതിയ തലമുറ തങ്ങളുടെ കഴിവുകള്‍ സോഷ്യല്‍ മീഡിയക്കു മുന്നില്‍ അടിയറവ് വെയ്‌ക്കുന്നവരാണ്. ഇവര്‍ക്കിടയില്‍ ആര്യയുടെ വിജയം കാണാതിരിക്കാന്‍ കഴിയില്ല.
”ആര്യയുടെ ബൗദ്ധികനിലവാരമനുസരിച്ച് ജീവിതത്തിന് ആവശ്യമുള്ള അറിവുകള്‍ പകര്‍ന്നുനല്‍കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അവളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും എഴുതാന്‍ അറിയാം.” അധ്യാപികമാര്‍ അഭിമാനത്തോടെ പറയുന്നു. ആര്യയെ ഏതറ്റംവരെയും സഹായിക്കുവാന്‍ വിവിധ സംഘടനകളും മുന്നോട്ട് വന്നിരിക്കുകയാണ്. കല്ലേലിഭാഗം പൗരാവലി, ക്വിലോണ്‍ അത്‌ലറ്റിക് ക്ലബ്ബ്, റൗണ്ട് ടേബിള്‍ കൊല്ലം തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പ്പെടും. സിഡ്നിയില്‍ നടക്കുന്ന അടുത്ത ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടണം എന്നതാണ് ആര്യയുടെ ലക്ഷ്യം. പിന്നെ കുറച്ചുകൂടി സൗകര്യമുള്ള വീടും ഒരു കാറും. ഇതൊക്കെയാണ് അവളുടെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍. ഞങ്ങള്‍ സംസാരിച്ച് കഴിഞ്ഞ് വീടിന്റെ പടിയിറങ്ങുമ്പോള്‍ പ്രതീക്ഷയോടെ ആ അമ്മ ചോദിച്ചു ”ഒളിമ്പിക്‌സ് മെഡല്‍ കിട്ടിയ എന്റെ മോള്‍ക്ക് ഒരു സര്‍ക്കാര്‍ ജോലി കിട്ടുമായിരിക്കും, അല്ലേ സാറെ.” ആ കൊച്ചുമിടുക്കിയുടെ സ്വപ്‌നങ്ങള്‍ യഥാര്‍ഥ്യമാക്കുവാന്‍ ഒരു നാടുമുഴുവന്‍ കൂടെയുണ്ട്. അതോടൊപ്പം നമ്മുടെ അധികൃതര്‍ ആര്യയുടെ അമ്മയുടെ സ്വപ്‌നവും നടപ്പാക്കുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: