മുംബൈ സ്വദേശിയായ ഹരി കനോബ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ നിന്നാണ് ബാബയുടെ അത്ഭുതകൃത്യങ്ങളെക്കുറിച്ച് കേട്ടത്. ഹരിക്ക് അതിലൊന്നും വിശ്വാസം വന്നില്ല. ബാബയെ ഒന്ന് പരീക്ഷിക്കണമെന്ന് തോന്നി. അദ്ദേഹം കുറച്ചു സുഹൃത്തുക്കള്‍ക്കൊപ്പം ഷിര്ദിയിയിലേക്ക് പുറപ്പെട്ടു. കിന്നരി തലപ്പാവും പുതിയൊരു ജോഡി ചെരിപ്പും വാങ്ങി ധരിച്ച് പ്രൗഢിയോടെയായിരുന്നു ബാബയെ കാണാനിറങ്ങിയത്.
ദ്വാരകാമായിയിലെത്തി ബാബയെ കണ്ടു. അദ്ദേഹത്തിന്റെ പാദങ്ങള്‍ വണങ്ങണമെന്നു തോന്നി. പക്ഷേ പുതുപുത്തന്‍ ചെരിപ്പ് എവിടെ അഴിച്ചു വെയ്ക്കും എന്നതായിരുന്നു പ്രശ്നം. ദ്വാരകാമായിയുടെ മുറ്റത്തിന്റെ മൂലയ്ക്കൊരിടത്ത് അത് മാറ്റി വെച്ചു. അകത്തു കയറി ബാബയെ വണങ്ങി. പ്രസാദമായി ഉദി( ഭസ്മം) വാങ്ങി. കുറച്ചു നേരം അവിടെ തങ്ങിയ ശേഷം തിരിച്ചിറങ്ങി. ചെരിപ്പു വെച്ചിടത്തു നോക്കിയപ്പോള്‍ അതവിടെ കാണാനില്ല. കുറേനേരം അവിടെയെല്ലാം തിരഞ്ഞു. കണ്ടില്ല. നിരാശനായി മടങ്ങി. തിരികെ ലോഡ്ജിലെത്തിയിട്ടും പുതു പുത്തന്‍ ചെരിപ്പ് കാണാതായ വിഷമം ഹരി കനോബയെഅലട്ടിക്കൊണ്ടിരുന്നു.
കുളികഴിഞ്ഞ് വീണ്ടും ദ്വാരകാമായിയില്‍ തിരികെയെത്തി ഭക്ഷണം കഴിക്കാനിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കുട്ടി ഒരു നീളന്‍ വടിയില്‍ ചെരിപ്പും തൂക്കിക്കൊണ്ട് ദൂരെ നിന്ന് വരുന്നത് കനോബ കണ്ടു. ഭക്ഷണം കഴിച്ച് കൈകഴുന്നവരോട് അവന് ഇങ്ങനെ പറയുന്നതു കേട്ടു. ഈ ചെരിപ്പ് എന്റെ കൈയില്‍ തന്നത് ബാബ തന്നതാണ്. ഇതുമായി തെരുവിലിറങ്ങി നിന്ന് ഉറക്കെ വളിച്ചു പറയാന്‍ ഏല്‍പ്പിച്ചിരിക്കയാണ്. ‘ ഹരീ കാ ബേട്ടാ ജരീ കാ ഫേട്ടാ ‘ എന്ന് ഉറക്കെ വളിച്ചു പറയാന്‍ ഏല്‍പ്പിച്ചിരിക്കയാണ്.
അതു മാത്രമല്ല, ഈ ചെരുപ്പിന് അവകാശം പറഞ്ഞു വരുന്നയാളോട് പേര് ഹരി തന്നെയാണോ എന്നും ‘ക ‘ ( കനോബ) യുടെ മകനാണോയെന്നും പ്രത്യേകം ചോദിക്കണമെന്നും ബാബ പറഞ്ഞിട്ടുണ്ട്. കിന്നരിയുള്ള തലപ്പാവു ധരിച്ചയാളാവും ഈ ചെരിപ്പിന്റെ അവകാശിയെന്നും ബാബ പറഞ്ഞു. ചെരിപ്പുമായി വന്ന കുട്ടി ആള്‍ക്കൂട്ടത്തോട് സംസാരിച്ചതെല്ലാം ഹരി കേട്ടു. അവിശ്വസനീയം! എന്റെ പേര്, അച്ഛന്റെ പേര് ഇതെല്ലാം ബാബ എങ്ങനെ അറിഞ്ഞു!
ഹരി ഓടി കുട്ടിക്ക് അരികിലെത്തി. തന്റെ ചെരിപ്പാണിതെന്ന് വസ്തുതകള്‍ നിരത്തി അദ്ദഹം പറഞ്ഞു.ഹരിയുടെ കിന്നരി തലപ്പാവു കൂടി കണ്ടതോടെ കുട്ടി ഒട്ടും സംശയിക്കാതെ ചെരിപ്പുകള്‍ നല്കി.
ബാബയെ പരീക്ഷിക്കാനിറങ്ങിയ നിമിഷത്തെ ഹരി ശപിച്ചു. തലപ്പാവ് ബാബ കണ്ടിരിക്കാം. ചെരിപ്പ് അഴിച്ചു വയ്ക്കുന്നത് കാണുക ബുദ്ധിമുട്ടാണ്. എങ്കിലും അതും കാണാനിടയായെന്നു വരാം. പക്ഷേ തന്റെയും അച്ഛന്റേയും പേരെങ്ങനെ അറിഞ്ഞു? ത്രികാലജ്ഞാനി. എല്ലാമറിയുന്നവന്. എല്ലാ പരീക്ഷണങ്ങള്‍ക്കും അതീതന്‍. അതെ അതാണു ബാബ! ഹരിയ്ക്കത് ബോധ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: