മൂടിക്കെട്ടിയ ഒരു സായാഹ്നത്തിലായിരുന്നു യോര്‍ക്ക് ഷെയര്‍ ടെലിവിഷന്‍ ആ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തത്. 1982 ജൂലൈ 20 ന്. ഡോക്യുമെന്ററിയുടെ പേര് ‘ആലീസ്- എ ഫൈറ്റ് ഫോര്‍ ലൈഫ്.’ ജീവന് നിലനിര്‍ത്താന്‍ വേണ്ടിയുള്ള ആലീസിന്റെ പോരോട്ടം എന്നര്‍ത്ഥം. ഇംഗ്ലണ്ടിലെ പടിഞ്ഞാറന്‍ യോര്‍ക്ക് ഷെയറിലുള്ള മിഡ്ലാന്‍ഡ് ആസ്ബസ്റ്റോസ് ഫാക്ടറിയില്‍ 17-ാം വയസ്സില്‍ ജോലിക്കെത്തിയതാണ് ആലീസ്.
ജോലി ചെയ്തത് ആകെ ഒന്‍പത് മാസം. അത്രയും നാള്‍കൊണ്ടുതന്നെ ആസ്ബസ്റ്റോസിന്റെ മാരകമാത്രകള്‍ അവളുടെ ശ്വാസകോശങ്ങളില്‍ തറഞ്ഞു കയറി കഴിഞ്ഞിരുന്നു. കൃത്യം 30 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അവള് ആശുപത്രിയിലായി. മാരകരോഗമായ ‘മീസോതിലിയോമ’ ബാധിച്ച് മരണത്തോട് മല്ലടിക്കുന്ന ആലീസിന്റെ ജീവിതം ടെലിവിഷനിലൂടെ കണ്ട യോര്‍ക്ക്ഷെയര്‍ വാസികള്‍ നടുങ്ങി.
പതിറ്റാണ്ടുകളായി തങ്ങളുടെ നഗരത്തിന്റെ ഭാഗമായിരുന്ന ആസ്ബസ്റ്റോസ് കമ്പനിയുടെ തനിനിറം അന്നാണവര്‍ക്കു മനസ്സിലായത്. ഫാക്ടറിയുടെ ജനാലകളിലൂടെ വെളുത്ത പൊടിയും നാര് പടലങ്ങളും പുറത്തു ചാടി അന്തരീക്ഷമാകെ നരച്ച് വെളുത്തിരിക്കുന്നതും, ശ്വാസംമുട്ടല്‍ വന്ന് കുട്ടികളെയും കൊണ്ട് പലവട്ടം ആശുപത്രിയിലേക്കോടിയതും, റോഡരുകില്‍ കുമിഞ്ഞുകിടന്ന വെള്ളപ്പൊടികൊണ്ട് കുഞ്ഞുങ്ങള്‍ പന്തുതട്ടിക്കളിച്ചതും അവരുടെ മനസ്സില്‍ തികട്ടിവന്നു.
അരനൂറ്റാണ്ട് പ്രവര്‍ത്തനത്തിനിടയില്‍ ശ്വാസകോശ ക്യാന്‍സര്‍ വന്ന് പിടഞ്ഞുമരിച്ച 300-ല്‍ പരം ഫാക്ടറി ജോലിക്കാരുടെ ദൈന്യം അവരുടെ ഓര്‍മ്മകളെ വേട്ടയാടി. ആസ്ബസ്റ്റോസ് അത്യപകടകാരിയാണെന്ന് ചിത്രീകരിച്ച് യോര്‍ക്ക്ഷെയര്‍ ഈവനിങ് പോസ്റ്റ് അന്തിപ്പത്രം പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ സത്യമായിരുന്നുവെന്ന് അന്നാണവര്‍ തിരിച്ചറിഞ്ഞത്.
ആലീസിന്റെ ഡോക്യുമെന്ററി ഇംഗണ്ടിലെ രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്‍ വന്‍ കോളിളക്കമാണുണ്ടാക്കിയത്. ആസ്ബസ്റ്റോസ് പ്രശ്നത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഇളകിമറിഞ്ഞു. വമ്പന്‍ പത്രങ്ങള്‍ പഴയ അന്തിപത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ തേടിപ്പിടിച്ച് പുനഃപ്രസിദ്ധീകരിച്ചു. പൊതുജന ആരോഗ്യ സംഘടനകള്‍ തെരുവിലിറങ്ങി. ഐക്യരാഷ്ട്ര സഭയില്‍ പോലും പ്രശ്നം ഉന്നയിക്കപ്പെട്ടു. ആസ്ബസ്റ്റോസ് കടുത്ത വിഷമാണെന്ന ശാസ്ത്രസത്യത്തിന് ഒരിക്കല്‍ക്കൂടി അംഗീകാരം ലഭിച്ചു.
ആസ്ബസ്റ്റോസ് കമ്പനികളില്‍ നിന്നുള്ള വിഷബാധ ആഗോള പ്രതിഭാസമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ജോലി സ്ഥലത്ത് ആസ്ബസ്റ്റോസ് ബാധയ്ക്ക് വിധേയമാകുന്നവരുടെ എണ്ണം പ്രതിവര്‍ഷം 125 ദശലക്ഷം. നഷ്ടമാവുന്നത് ശതകോടി തൊഴില്‍ ദിനങ്ങള്‍. അതുകൊണ്ടാണ് അറുപതില്‍പ്പരം രാജ്യങ്ങള്‍ ആസ്ബസ്റ്റോസിനെ പാടെ നിരോധിച്ചത്. കോടതിയിടപെടലില്‍ ഇന്ത്യയും നിരോധിച്ചു. പക്ഷേ ആസ്ബസ്റ്റോസിന്റെ നിര്‍മാണവും വിപണനവും ഇവിടെ സുഗമമായി നടക്കുന്നു. രാജ്യത്തെ പ്രതിവര്‍ഷ ആസ്ബസ്റ്റോസ് ഉപഭോഗം 35 ലക്ഷം ടണ്‍. ഈ വ്യവസായത്തിന്റെ വളര്‍ച്ചയുടെ ഗ്രാഫും ഉയരങ്ങളിലേക്കു തന്നെ.
സിമന്റ് മുതല്‍ തുണിത്തരങ്ങള്‍ വരെയും, മേല്‍ക്കൂര മുതല്‍ പൈപ്പുകളും സാനിറ്ററി ഉപകരണങ്ങള്‍ വരെയും നിര്‍മിക്കുന്നതില്‍ ആസ്ബസ്റ്റോസ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സിഗരറ്റിന്റെ പാക്കറ്റുകളില്‍ പോലും ഭീതിജനിപ്പിക്കുന്ന പരസ്യങ്ങള്‍ നിര്‍ബന്ധിതമാക്കിയ ഭരണകൂടം, പക്ഷേ ആസ്ബസ്റ്റോസില്‍ പതിയിരിക്കുന്ന അപകടം കാണാറില്ല. ശമ്പളവും ബോണസും വര്‍ധിപ്പിക്കുന്നതിനുവേണ്ടി സമരം ചെയ്യുന്ന നേതാക്കളും തങ്ങളുടെ അംഗങ്ങള്‍ നേരിടുന്ന ആരോഗ്യപ്രശ്നത്തെപ്പറ്റി സംസാരിക്കാറില്ല. ആസ്ബസ്റ്റോസ് ഭീഷണിയാവുന്നത് നിര്‍മിക്കുന്നവര്‍ക്ക് മാത്രമല്ല. നിര്‍മിക്കുമ്പോഴും മുറിക്കുമ്പോഴും പൊട്ടിക്കുമ്പോഴും അവയിലെ നാരുകള്‍ അന്തരീക്ഷത്തിലേക്ക് പറന്നുയരുന്നു. ശ്വാസകോശത്തില്‍ കടന്ന് ഇരുപ്പുറപ്പിക്കുന്നു. അവ അവിടെയിരുന്ന് രോഗങ്ങളെ അപായപ്പെടുത്തും. ശ്വാസകോശ രോഗമായ ‘ആസ്ബസ്റ്റോസിസ്’, ചുമ, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങി ക്യാന്‍സറിനുവരെ കാരണമാവും. പക്ഷേ രോഗങ്ങളുടെ മൂലകാരണം ആസ്ബസ്റ്റോസ് വിഷബാധയാണെന്ന് തെളിയിക്കപ്പെടാറില്ല.
ലോകത്തിലെ ഏറ്റവും വലിയ ആസ്ബസ്റ്റോസ് ഉല്പ്പാദകന് റഷ്യയാണ്. അമേരിക്കയ്ക്ക് ആവശ്യമായ ആസ്ബസ്റ്റോസ് പോലും നല്കുന്ന രാജ്യം യുറാള്‍ പര്‍വതത്തിന്റെ കിഴക്കന്‍ ചെരിവിലുള്ള ‘ആസ്ബെസ്റ്റ്’ നഗരപ്രാന്തത്തിലാണ് അന്നാട്ടിലെ പ്രമുഖ ഖനികളെല്ലാം സ്ഥിതിചെയ്യുന്നത്. നഗരത്തിലെ വലിയൊരു പങ്ക് ജനങ്ങളും ശ്വാസകോശ രോഗം ബാധിച്ചവരാണ്. അതില്‍ ഏറെപ്പേരെയും ശ്വാസകോശ ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നു. ‘മരിക്കുന്ന നഗരം’ അഥവാ ‘ഡൈയിങ് സിറ്റി’ എന്ന വിളിപ്പേരാണ് ഇപ്പോള്‍ ഈ നഗരത്തിനുള്ളത്.
ആസ്ബസ്റ്റോസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി സന്നദ്ധ സംഘടനകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. ഇന്ത്യയടക്കം ഏതാണ്ടെല്ലാ രാജ്യങ്ങളിലും അമേരിക്കയിലെ ആസ്ബസ്റ്റോസ് അവയര്‍നസ് ഓര്ഗനൈസേഷന് ശ്രദ്ധവയ്ക്കുന്നത്. ബോധവല്‍ക്കരണത്തിലാണ്. അവയുടെ പ്രവര്‍ത്തന ഫലമായി ആസ്ബസ്റ്റോസ് വിഷത്തിന്റെ ഇരകള്‍ തങ്ങളുടെ അവകാശങ്ങളെപ്പറ്റി ഏറെ ബോധവന്മാരാണിന്ന്.
ആസ്ബസ്റ്റോസ് കമ്പനികള്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ ആയിരക്കണക്കിന് കേസുകളാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിലവിലുള്ളത്. ഇവയുടെ നഷ്ടപരിഹാരം നല്കാന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ചുരുങ്ങിയത് 54 സഹസ്രകോടി ഡോളറെങ്കിലും വേണ്ടിവരുമത്രേ. അമേരിക്കയിലെ മിഷിഗണില്‍ സ്കൂള്‍ നിര്‍മാണത്തില്‍ ആസ്ബസ്റ്റോസ് ഉപയോഗിച്ച നിര്‍മാതാക്കള്‍ക്ക് അരലക്ഷം ഡോളര്‍ അധികാരികള്‍ പിഴയിട്ടത് അടുത്തകാലത്താണ്. ബേബി ടാല്‍കം പൗഡറില്‍ ആസ്ബസ്റ്റോസ് അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ കോടതി നടപടി നേരിട്ടുകൊണ്ടിരിക്കുന്നതും സമീപകാല സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: