ഭരണഘടനയിലെ 371എ വകുപ്പ് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇസ്ലാമിക തീവ്രവാദികളും കമ്മ്യൂണിസ്റ്റുകളും ചില വ്യാജപ്രചാരണങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇത് ഏറ്റുപിടിച്ചിരുന്നു. കുളംകലക്കി മീന്‍പിടിക്കുന്ന തനതുശൈലിക്ക് അപ്പുറമൊരു സത്യവും ഈ പ്രചാരണത്തിലില്ല. നാഗാലാന്‍ഡ് അടക്കം പലസംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവികള്‍ ഉണ്ടായിരിക്കെ കശ്മീരിന്റെ കാര്യത്തില്‍ മാത്രം കേന്ദ്രം നടപടിയെടുത്തത് അവിടം മുസ്ലിം ഭൂരിപക്ഷമായതിനാലാണെന്ന ആരോപണം വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ടുതന്നെയാണ്.
അവര്‍ പറഞ്ഞുനടക്കുന്നത് ഇതൊക്കെയാണ്: നാഗാലാന്‍ഡിന് പ്രത്യേക ഭരണഘടനയുണ്ട്, സ്വന്തം പതാകയുണ്ട്, പ്രത്യേക പാസ്പോര്‍ട്ട് ഉണ്ട്, അതിന്റെ നിറം മെറൂണ്‍ ആണ്, ഐക്യരാഷ്ട്ര സഭയില്‍ പ്രത്യേക പ്രതിനിധി, വിദേശകാര്യങ്ങള്ക്കായി ഇന്ത്യയുമായി സംയുക്ത കമ്മിറ്റി എന്നിവ നിലവിലുണ്ട്, ഇന്ത്യന്‍ ഗവണ്മെന്റുമായി ചേര്‍ന്നുകൊണ്ട് സംയുക്ത നാഗാലാന്‍ഡില്‍ സൈനിക വിഭാഗം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യന്‍ രൂപ നാഗാലാന്‍ഡില്‍ നാഗാ നാണയത്തോടൊപ്പം വിനിമയത്തിന് ഉപയോഗിക്കാന്‍ അനുമതിയുണ്ട്, സിബിഐയ്ക്ക് അധികാരം അവിടെയില്ല. ഇത്തരം പെരും കള്ളങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ ദേശവിരുദ്ധരല്ലാതെ വേറെ ആരാണ്…!
ഒരു സംസ്ഥാനത്തിന് സ്വന്തമായി പതാക അനുവദനീയമാണ്. കഴിഞ്ഞ കര്‍ണാടക ഗവണ്മെന്റ് അതിനായി ശ്രമിച്ചിരുന്നു. പക്ഷേ, ഒരിക്കലും ആ പതാക ദേശീയപതാകയ്ക്ക് പകരമോ തുല്യമോ അല്ല. സിബിഐയ്ക്ക് നാഗാലാന്‍ഡില്‍ ഓഫീസ് ഇല്ല എന്നതിനെയാണ് അധികാരമില്ലെന്ന് വ്യാഖ്യാനിക്കുന്നത്.
കശ്മീരുമായി നാഗാലാന്‍ഡ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കാം. ഇന്ത്യന്‍ പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍ രാഷ്ട്രപതി തുല്ല്യം ചാര്‍ത്തുന്ന നിമിഷം മുതല്‍ ഇന്ത്യയില്‍ എല്ലാഭാഗത്തും അത് പ്രാബല്യത്തില്‍ വരും. പക്ഷേ, ജമ്മു കശ്മീരില്‍ അത് നടപ്പില്‍ വരണമെങ്കില്‍ കശ്മീര്‍ അസംബ്ലി അംഗീകരിക്കണമെന്ന് നിയമമുണ്ടായിരുന്നു. അത് എടുത്തുനീക്കപ്പെട്ടു. എന്നാല്‍ നാഗാലാന്‍ഡിലോ, ഭരണഘടനയിലെ 371എ മുതല്‍ ജെ വരെയുള്ള പരാമര്‍ശങ്ങള്‍ ബാധകമായ മറ്റൊരു സംസ്ഥാനത്തും ഇത് ബാധകമല്ല. 371എ വകുപ്പുപ്രകാരം ചില ആനുകൂല്യങ്ങളുണ്ട്. പക്ഷേ, അത് സംസ്ഥാനങ്ങള്‍ക്ക് അല്ല, ചില പ്രദേശങ്ങള്‍ക്കാണ്. പ്രദേശവും സംസ്ഥാനവും രണ്ടാണ്. ഉദാഹരണം ചില ഗോത്ര ഗ്രാമങ്ങള്‍, താലൂക്കുകള്‍, ബ്ലോക്കുകള്‍ തുടങ്ങിയവ.
ഭാരതത്തിലെ നാനാത്വത്തില്‍ ഏകത്വം എന്ന അടിസ്ഥാന തത്വത്തെ മുറുകെപ്പിടിച്ചുകൊണ്ട് അവരവരുടെ ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസപ്രമാണങ്ങള്‍, ഗോത്ര സംസ്കാരം എന്നിവ നിലനിര്‍ത്താന്‍വേണ്ടി ഉണ്ടാക്കിയതാണ് 371 വകുപ്പ്. ഇത് താത്ക്കാലിക വകുപ്പ് അല്ല. എന്നാല്‍ 370 താത്കാലികം ആയിരുന്നു.
രാജ്യവിരുദ്ധര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ നാഗാലാന്‍ഡില്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്ന പലകാര്യങ്ങളും നാഗാലാന്‍ഡിലെ വിഘടനവാദികള്‍ മുന്‍കാലത്ത് ഉന്നയിച്ചിരുന്ന ആവശ്യങ്ങളാണ്. ഇത്തരത്തില്‍ പറയുമ്പോള്‍ ഒരുദാഹരണം പറയേണ്ടിവരും. ജാര്‍ഖണ്ഡിലെ ഒരു പ്രത്യേക വിഭാഗക്കാരുടെ ഇടയില്‍/ഗോത്രവര്‍ഗക്കാര്‍ അവകാശപ്പെടുന്നത് അവര്‍ പാഞ്ചാലിയുടെ പിന്തുടര്ച്ചക്കാരാണ് എന്നാണ്. അതിനാല്‍ അവര്‍ക്ക് അഞ്ച് പുരുഷന്മാരെ വിവാഹം ചെയ്യാം. ആ നാട്ടിലെ സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ സാധുത നല്‍കുന്നതാണ് ഭരണഘടനയുടെ 371 എന്ന വകുപ്പ്. കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ക്ക് നമ്മുടെ വനനിയമങ്ങളില്‍ സംസ്ഥാനം ഇളവുകള്‍ നല്‍കുന്നതിന് സമാനമാണ് ഇവ. 371ന്റെ ഉദ്ദേശം തീര്‍ത്തും ഗോത്ര ആചാരപരമാണ്. അതുകൊണ്ടാണ് കശ്മീര്‍ നാഗാലാന്‍ഡുമായി വ്യത്യാസപ്പെട്ടിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 371, മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും: മഹാരാഷ്ട്രയുടെ വിദര്‍ഭ, മറാത്ത് വാഡ, ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് എന്നിവയ്ക്കായി പ്രത്യേക വികസന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം നല്കുന്നു. ഈ മേഖലകളിലെ വികസന ചെലവുകള്‍ക്കായി സമതുല്ല്യമായി വിഭവങ്ങള്‍ അനുവദിക്കുക, സാങ്കേതിക വിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത പരിശീലനത്തിനും മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുക മറ്റുഭാഗങ്ങള്‍ക്ക് തുല്ല്യമായ രീതിയില്‍ തൊഴിലവസരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുകീഴില്‍ ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: