വിവേകാനന്ദ സ്വാമികളുടെ ദാര്‍ശനിക ലോകത്തെക്കുറിച്ചുള്ള ഗൗരവതരമായ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. അത്തരം ആത്മാര്‍ത്ഥ പരിശ്രമങ്ങളില്‍ ഒന്നാണ് സത്സംഗ് മാസിക പുറത്തിറക്കിയ വിവേകാനന്ദ പതിപ്പ്.
ഭാരതത്തില്‍ മതതീവ്രവാദം വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഭാരതചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച ഇടതുചരിത്രകാരന്മാരും ബുദ്ധിജീവികളും തന്നെയാണെന്നന്ന് കെ.കെ.മുഹമ്മദ് ഈ പുസ്തകത്തിലെ അഭിമുഖത്തില്‍ തുറന്നുപറയുന്നു. അദ്ദേഹം പ്രതിസ്ഥാനത്തു നിര്‍ത്തുന്നതാകട്ടെ ഇടതുചരിത്രകാരനായ ഇര്ഫാന് ഹബീബിനെയും അനുയായികളെയുമാണ്. 1976-77 കാലഘട്ടങ്ങളിലെ, തന്റെ പുരാശാസ്ത്ര പഠനകാലത്ത് രാമക്ഷേത്രഭൂമിയിലെ പര്യവേക്ഷണത്തിനിടെ കണ്ടെത്തിയ വസ്തുതകള്‍ അവിടെ ഒരു ക്ഷേത്രം നിലനിന്നിരുന്നു എന്ന കാര്യം അസന്ദിഗ്ദ്ധമായി തെളിയിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.
പി.പരമേശ്വരനുമായി മുരളി പാറപ്പുറം നടത്തുന്ന അഭിമുഖ സംഭാഷണം നാഗരിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിവേകാനന്ദ ദര്‍ശനത്തിന്റെ പ്രസക്തിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു.
ചരിത്രകാരന് ഡോക്ടര്‍ രാമചന്ദ്രഗുഹ അദ്ദേഹത്തിന്റെ ‘മേക്കിങ് ഓഫ് മോഡേണ്‍ ഇന്ത്യ’ എന്ന ഗ്രന്ഥത്തില്‍ സ്വാമി വിവേകാനന്ദനെയും അരവിന്ദ മഹര്‍ഷിയെയും പരാമര്‍ശിക്കാതെ വിട്ട കാപട്യത്തെ കുറിച്ച് ഡോക്ടര്‍ പി.ഐ. ദേവരാജ് എഴുതുന്നു.
എന്തിനെയും പൊതുപൈതൃകമായി സ്വാംശീകരിക്കുന്ന വിശാലത ഭാരതത്തിന് കൈവന്നത്,അപരര്‍ എന്ന ആശയത്തെത്തന്നെ നിരാകരിച്ച ഉപനിഷത് പൈതൃകം മൂലമാണെന്ന് സ്വാമി വിവേകാനന്ദന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തെ ഹമീദ് ചേന്ദമംഗലൂര്‍ നിരീക്ഷണ വിധേയമാക്കുന്നു. സ്വാമിജിയുടെ കാഴ്ചപ്പാട് മാതൃകയാക്കിയാല്‍ ഭാരതം ഹിന്ദുഭാരതമാണ്. ഭാരതത്തില്‍ കഴിയുന്നവര്‍ക്ക് താന്താങ്ങളുടെ പ്രത്യേക മതത്തെ സൂചിപ്പിക്കണമെങ്കില്‍ ഹിന്ദു, ഹിന്ദു മുസ്ലിം, ഹിന്ദു ക്രിസ്ത്യാനിറ്റി എന്നാകാമെന്നും അദ്ദേഹം പറയുന്നു.
കേരളത്തെ സംബന്ധിച്ച, സ്വാമികളുടെ ഭ്രാന്താലയ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിസ്തുമതത്തിന്റെ കടന്നുകയറ്റം, ആക്രാമികമായ പെരുമാറ്റം തുടങ്ങിയ ഭീഷണികളുടെ പശ്ചാത്തലത്തില്‍,ഹിന്ദുവിന്റെ ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവിന്റെ അപകടം ചൂണ്ടിക്കാട്ടാനാണ് സ്വാമിജി ആ പദം ഉപയോഗിച്ചതെന്ന് പി.നാരായണക്കുറുപ്പ് തന്റെ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രോതാക്കളെ ആകര്‍ഷിക്കുന്ന പ്രസംഗവൈഭവമുള്ള കെ.പി. ശശികല ടീച്ചറുടെ വ്യക്തിത്വത്തെയും രൂപപ്പെടുത്തിയത് വിവേകാനന്ദ ദര്‍ശനങ്ങള്‍ തന്നെയാണെന്ന് അവര്‍ കുറിപ്പില്‍ അനുസ്മരിക്കുന്നു.
ഹിന്ദു ദേശീയതയുടെ പുനര്‍രചനാ നായകനായാണ് ഡോ.ആര്.ബാലശങ്കര്‍ വിവേകാനന്ദസ്വാമികളെ അവതരിപ്പിക്കുന്നത്. തിലക്, ലജ്പത്, മഹാത്മാ ഗാന്ധി തുടങ്ങിയ നേതാക്കളിലും രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ആവിര്ഭാവത്തിലുമെല്ലാം സ്വാമികള്‍ തുടങ്ങിവെച്ച നവോത്ഥാന പ്രക്രിയയുടെ പിന്തുടര്ച്ചയുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
ലോകത്തെ ഇളക്കിമറിച്ച ശ്രേഷ്ഠരോടൊപ്പം അവരുടെ അമ്മമാരും ആദരിക്കപ്പെടണം. ഛത്രപതി ശിവജിയുടെയും വിവേകാനന്ദ സ്വാമികളുടെയുമെല്ലാം ജീവിതത്തില്‍ അമ്മമാര്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സഹനത്തിന്റെയും ത്യാഗത്തിന്റെയും യാതനകളുടേയുമെല്ലാം നീണ്ട കഥകള്‍ കൂടിയാണ് ആ അമ്മമാരുടെ ജീവിതം. ഈ അമ്മമാരെ കുറിച്ചാണ് രജനിയുടെ ലേഖനം.
ഛത്രപതി ശിവജി, ടാഗോര്‍, ഓഷോ, ജിദ്ദു കൃഷ്ണമൂര്‍ത്തി, ശ്രീബുദ്ധന്, ഗാന്ധിജി തുടങ്ങിയവരുടെ ജീവിത ദര്‍ശനങ്ങളെ വിവേകാനന്ദ ദര്‍ശനത്തെ മുന്‍നിര്‍ത്തി ഈ പുസ്തകത്തില്‍ പരിശോധിക്കുന്നു.
രാഷ്ട്രത്തെ സനാതനത്വവുമായി ബന്ധിപ്പിക്കുന്ന ആന്തരഘടകങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാകട്ടെ വിശ്വാസത്തിലൂടെ സ്വയംസമ്പൂര്‍ണമായ ഒരു സമാജത്തിനേ കഴിയൂ. വിവേകാനന്ദ ദര്‍ശനങ്ങള്‍ തന്നെയാണ് അതിനു വഴിവിളക്കാകേണ്ടത്. സത്സംഗിന്റെ വിവേകാനന്ദ പതിപ്പ് ആ നിലയിലുള്ള ഗൗരവതരമായ ഒരന്വേഷണമാണ്.
ശ്രീരാമകൃഷ്ണ മഠത്തിലെ പ്രമുഖ സംന്യാസിശ്രേഷ്ഠരുടെ ലേഖനങ്ങളും വിവേകാനന്ദ സ്വാമികളുടെ പ്രഭാഷണങ്ങളും അനുബന്ധമായി ഈ പതിപ്പില്‍ ചേര്‍ത്തിരിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ മനോഹരമായ ഒരു കവിതയും എ.കെ.ബി.നായര്‍ സ്വാമി സൂക്ഷ്മാനന്ദ, വിവേകാനന്ദചെയറിന്റെ അധ്യക്ഷനായിരുന്ന ഒ.എം. മാത്യു, ഡോ.മധുസൂദനന് പിള്ള, ഡോ. എം.ശ്രീകുമാര്‍, ഡോ.ടി.വി.മുരളീവല്ലഭന്‍, കെ.രാമന് പിള്ള, പി.കേശവന് നായര്‍, കെ.ബാബു ജോസഫ്, തിരൂര്‍ ദിനേശ്, കെ.വേണു, വി.സി.ശ്രീജന്, പ്രൊഫ.സി.ഐ.ഐസക്, മാ. ദക്ഷിണാമൂര്‍ത്തി, ഡോ.സി.എം.ജോയ്, പ്രൊഫ.ടി.പി.സുധാകരന്, ഡോ.ആര്.ഗോപി മണി, രാജീവ് ഇരിഞ്ഞാലക്കുട, എം.കെ.ഹരികുമാര്‍ തുടങ്ങി എഴുപതോളം പേരുടെ ലേഖനങ്ങള്‍ ഈ പ്രത്യേക പതിപ്പിലുണ്ട്. കവി കരൂര്‍ ശശിയുമായി റഷീദ് പാനൂര്‍ നടത്തിയ അഭിമുഖവും വിവേകാനന്ദ പതിപ്പിനെ കൂടുതല്‍ ആധികാരികമാക്കുന്നു. എം.എ. ബേബിയുമായി അഡ്വക്കറ്റ് വയലളം രവീന്ദ്രനാഥ് നടത്തുന്ന അഭിമുഖവും പതിപ്പിലുണ്ട്. ഇത്രയും വിപുലമായ രീതിയില്‍ വിവേകാനന്ദ ദര്‍ശനങ്ങളെ കുറിച്ചുള്ള എഴുത്തുകാരുടെ വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു ബൃഹത് സംരംഭം മലയാളത്തില്‍ത്തന്നെ അപൂര്‍വമാണ്.
പരിചയസമ്പന്നനായ വി.പി.ജോമോന് ആണ് ഈ പതിപ്പിന്റെ പത്രാധിപര്‍. വിഖ്യാതമായ ചിക്കാഗോ പ്രസംഗത്തിന്റെ സ്മരണാര്‍ത്ഥമാണ് വിവേകാനന്ദ പതിപ്പ്. തീര്‍ത്തും വസ്തുനിഷ്ഠവും സമഗ്രവുമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: