Categories: Samskriti

നീയും ഞാനും ഒന്നെന്ന ബോധം

ഹേ ലക്ഷ്മണാ, വിദ്യക്കുസമാനമാണ് യാഗം എന്നു നീ പറഞ്ഞതു ശരിയല്ല. യാഗത്തിന് വിപരീതമാണ് ജ്ഞാനം. യാഗം പലതരം ഉണ്ട്. അവയുടെ ഫലവും വ്യത്യസ്തമാണ്.  യാഗത്തിന് പലവിഭവങ്ങള്‍ വേണം. ജ്ഞാനത്തിന് ഒന്നിന്റെയും സഹായം ആവശ്യമില്ല. ആത്മാവല്ലാത്തതില്‍ ആത്മാവെന്ന ബുദ്ധി അജ്ഞാനമാണ്. തത്ത്വദര്‍ശികള്‍ അങ്ങനെ കാണുകയില്ല. അതുകൊണ്ട് എല്ലാവിധ കര്‍മ്മങ്ങളേയും ഉപേക്ഷിക്കുക. എന്നിട്ട് തത്ത്വമസ്യാദി വാക്യങ്ങളിലൂടെ ഗുരുവിന്റെ പ്രസാദത്താല്‍ മനശ്ശുദ്ധിനേടുക. അപ്പോള്‍ നിനക്ക് ജീവാത്മാവും പരമാത്മാവും ഒന്നുതന്നെ എന്നറിയാന്‍ കഴിയും. 

വാക്യാര്‍ത്ഥം അറിയണമെങ്കില്‍ ആദ്യം പദങ്ങളുടെ അര്‍ത്ഥം അറിയണം. തത്ത്വമസി എന്ന വാക്യത്തില്‍ തത് എന്ന പദം പരമാത്മാവിനെയും ത്വത് പദം ജീവാത്മാവിനെയും സൂചിപ്പിക്കുന്നു. അസി എന്നത് രണ്ടും ഒന്നാണെന്നുള്ള ബോധമാണ്.  നീയും ഞാനും രണ്ടെന്ന ബോധം നശിച്ച് നീയും ഞാനും ഒന്നുതന്നെ എന്നുള്ള ബോധമാണ് തത്വമസി. ജീവാത്മാവും പരമാത്മാവും പ്രത്യക്ഷം പരോക്ഷം എന്നീ ബുദ്ധി ഉപേക്ഷിക്കണം. ഇതു രണ്ടും ഏകമായ ചിത്തുതന്നെ. ചിന്തിച്ചാല്‍ അതു മനസ്സിലാക്കാന്‍ സാധിക്കും.അപ്പോള്‍ ജീവാത്മാവും പരമാത്മാവും ഒന്നുതന്നെ എന്നറയ്‌ക്കും. അപ്പോള്‍ അജഹല്ലക്ഷണയും വരുന്നില്ല. സോയം (അവന്‍ തന്നെ ഞാന്‍) എന്ന പദാര്‍ത്ഥംപോലെ ഭാഗലക്ഷണ ഇവിടെ യോജിക്കുന്നു. ഇവിടെ അല്പം വിശദീകരണം ആവശ്യമുണ്ട്. ശബ്ദങ്ങള്‍ക്ക് വാച്യം വ്യംഗ്യം ലക്ഷണ എന്നിങ്ങനെ മൂന്നര്‍ത്ഥമുണ്ടാകും. വാക്കിന്റെ നേരിട്ടുള്ള അര്‍ത്ഥം വാച്യം. അതില്‍ ഉള്ളടങ്ങിയിരുന്ന അര്‍ത്ഥം വ്യംഗ്യം. ഇതുരണ്ടുമല്ലാതെ അര്‍ത്ഥം ഊഹിച്ചെടുക്കുന്നതാണ് ലക്ഷണാര്‍ത്ഥം. ലക്ഷണ മൂന്നുവിധമുണ്ട്. ജഹല്ലക്ഷണ, അജഹല്ലക്ഷണ, ജഹദജഹല്ലക്ഷണ. വാക്യത്തിന്റെ വാച്യാര്‍ത്ഥം മുഴുവന്‍ ത്യജിച്ചിട്ട് മറ്റൊരര്‍ത്ഥം സ്വീകരിക്കുന്നത് ജഹല്ലക്ഷണ. ഉദാഹരണം ഗംഗയിലാണ് ഗോശാല എന്നു പറഞ്ഞാല്‍ ഗംഗാജലത്തില്‍ ഗോശാല എന്നല്ല, ഗംഗക്കുസമീപമാണ് ഗോശാല എന്നാണ് അര്‍ത്ഥം. വാക്യത്തന്റെ ഏതാനും ഭാഗം സ്വീകരിച്ചിട്ട് അതില്‍ പുതിയ അര്‍ത്ഥം കല്പിക്കുന്നത് അജഹല്ലക്ഷണ. ഉദാഹരണം. കാക്കകളില്‍ നിന്നും തൈരു രക്ഷിക്കണം എന്നു പറഞ്ഞാല്‍ കാക്ക പൂച്ച തുടങ്ങിയ ജന്തുക്കളില്‍ നിന്നും തൈരു രക്ഷിക്കണം എന്നാണ്.

സ്വന്തം അര്‍ത്ഥത്തെ വിട്ടും വിടാതെയും അര്‍ത്ഥം പറയുന്നത് ജഹദജഹല്ലക്ഷണ. ഉദാഹരണം സൂര്യനും മിന്നാമിനുങ്ങും ഒന്നാണ്. എന്നു പറഞ്ഞാല്‍ അല്പം വിരോധാഭാസം തോന്നും. പക്ഷേ പറഞ്ഞയാള്‍ ഉദ്ദേശിച്ചത് സൂര്യന്റെ പ്രകാശവും മിന്നാമിനുങ്ങിന്റെ സൂര്യനാണെന്നുള്ള ഭാവവും എന്നാണ്. ഇപ്രകാരം ലക്ഷണാ സമ്പ്രദായത്തിലാണ് ജീവാത്മാവും പരമാത്മാവും ഒന്നാണ് എന്ന ബോധം ഉണ്ടാകേണ്ടത്. ഈ ശരീരത്തെ ആദ്യം മനസ്സിലാക്കുക. ശബ്ദം സ്പര്‍ശം രൂപം രസം ഗന്ധം എന്നിങ്ങനെ പഞ്ചീകൃതമായ ഭൂതങ്ങളെക്കൊണ്ട് അതായത് പഞ്ചഭൂതങ്ങളെക്കൊണ്ട് നിര്‍മ്മിച്ചതും സുഖദുഃഖാദി അനുഭവങ്ങളുടെ സ്ഥാനവും കര്‍മ്മത്തില്‍ നിന്നുണ്ടായതും മായാമയവുമാണ് ഈ ശരീരം. ഇത് ആത്മാവിന് ഇരിക്കാനുള്ള സ്ഥൂലമായ ഉപാധിമാത്രമാണ്. ബുദ്ധി, പത്തിന്ദ്രിയങ്ങള്‍, പഞ്ചപ്രാണന്മാര്‍, എന്നിവയോടുകൂടിയതും, പഞ്ചഭൂതങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെടാത്തതുമായ മനസ്സാണ് ആത്മാവിന്റെ സൂക്ഷ്‌മോപാധി. സുഖദുഃങ്ങള്‍ അനുഭവിക്കാനുള്ള ഉപകരണം മാത്രമാണ് മനസ്സ്. ഇതും ആത്മാവില്‍ നിന്നും ഭിന്നമാണ്. ശരീരമാണ് ഇഹലോകത്തിനു കാരണം. അത് മായാപ്രധാനമാണ്. ഉപാധികള്‍ക്കു വിധേയമാണ് ശരീരം. ആത്മാവാകട്ടെ ഉപാധിരഹിതവുമാണ് എന്ന് ഉറപ്പിക്കണം. 

                                                                                                                                                        (തുടരും)

Share
സ്വാമി സുകുമാരാനന്ദ

ആനന്ദാശ്രമം, തിരുമല

പ്രതികരിക്കാൻ ഇവിടെ എഴുതുക