ദുഗ്ധാംബുവത് –
സമ്മിളിതാവുഭൗ തൗ
തുല്യക്രിയൗ മാനസ –
മാരുതൗ ഹി
യതോ മരുത് തത്ര –
മനഃ പ്രവൃത്തിര്‍
യതോ മനസ്തത്ര-
മരുത്പ്രവൃത്തിഃ 4 24
മനസ്സും പ്രാണനും, പാലും വെള്ളവും പോലെ ചേര്‍ന്നു നില്ക്കും. എവിടെ പ്രാണനുണ്ടോ അവിടെ മനസ്സും ഉണ്ട്. എവിടെ മനസ്സുണ്ടോ അവിടെ പ്രാണനും.
യോഗ വാസിഷ്ഠം പറയുന്നു: പൂവും മണവും പോലെ (കുസുമാമോദവത്), എള്ളും എണ്ണയും പോലെ (തില തൈലേ ഇവ) പ്രാണനും മനസ്സും (പ്രാണ ചേതസീ) തമ്മില്‍ വേര്‍പിരിയാനാവാത്ത ബന്ധമുണ്ട്. രണ്ടിനെയും കളഞ്ഞ് മോക്ഷം നേടണം.
തെ്രെതകനാശാദപരസ്യ നാശഃ
ഏക പ്രവൃത്തേരപര പ്രവൃത്തിഃ
അധ്വസ്തയോശ്ചേന്ദ്രിയവര്ഗ്ഗവൃത്തിഃ
പ്രധ്വസ്തയോര് മോക്ഷപദസ്യ സിദ്ധിഃ 4 25
ഇവയില്‍ (മനസ്സ്, പ്രാണന് ഇവയില്‍) ഒന്നിന്റെ നാശം കൊണ്ട് മറ്റേതിന്റെ നാശവും വരും. ഒന്ന് പ്രവര്‍ത്തിക്കുമ്പോള്‍ മറ്റേതും പ്രവര്‍ത്തിക്കും. അവ ലയിച്ചില്ലെങ്കില്‍ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം ശക്തമാകും. ലയിച്ചാല്‍ മോക്ഷ ലാഭമാവും ഫലം.
ഗോരഖനാഥന്റെ യോഗ ബീജത്തില്‍ ഷഡംഗയോഗത്താല് പ്രാണനിരോധം ചെയ്യണമെന്ന് പറയുന്നു. ഗുരുപ്രസാദം കൊണ്ട് മനോനാശവും സാധ്യമാക്കണം.
രസസ്യ മാനസശ്ചൈവ
ചഞ്ചലത്വം സ്വഭാവതഃ
രസോ ബദ്ധോ മനോ ബദ്ധം
കിം ന സിദ്ധ്യതി ഭൂതലേ. 4 26
രസത്തിനും മനസ്സിനും ചഞ്ചലത സ്വാഭാവികമായുള്ളതാണ്. രണ്ടിന്റെയും ചഞ്ചലത്വം കളഞ്ഞാല്‍ അമൂല്യമാവും.
രസം പല ഗുണങ്ങളുള്ള ഒരു വസ്തുവാണ്. ദ്രാവകമായ ലോഹമാണ്. മൈനസ് 39 ഡിഗ്രിയിലും കട്ടിയാവാത്ത ലോഹമാണ്. നല്ലൊരു രാസത്വരകവുമാണത്.ലോഹത്തെ സ്വര്‍ണ്ണമാക്കാന്‍ കഴിവുള്ള ലോഹമാണ് രസം. അതുപോലെ മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയെ മാറ്റി ആത്മീയതയുടെ സ്വര്‍ണ പ്രകാശം വിതറാന്‍ നിയന്ത്രിതമായ മനസ്സിനു കഴിവുണ്ട്. രസമെന്നാല്‍ ആഹാരത്തിന്റെ രസം, ആഹാരത്തോടുള്ള ഭ്രമം എന്നെടുത്താല്‍ ആ രസത്തെ നിയന്ത്രിച്ചാല്‍ മനസ്സിനെയും നിയന്ത്രിക്കാമെന്നൊരര്ഥം വന്നു ചേരും.
മൂര്ച്ഛിതോ ഹരതേ വ്യാധീന്‍
മൃതോ ജീവയതി സ്വയം
ബദ്ധ: ഖേചരതാം ധത്തേ
രസോ വായുശ്ച പാര്‍വതി4 27
പല ഓഷധികളും ചേര്‍ത്ത് രസത്തിന്റെ ദോഷങ്ങള്‍ തീര്‍ക്കണം. അപ്പോള്‍ അതു മൂര്ച്ഛിതമാ(ചലനമില്ലാതാ)കും; മരുന്നാകും; രോഗം മാറ്റും. പ്രാണന്റെ മൂര്‍ച്ഛ എന്നാല്‍ എട്ടു തരം പ്രാണായാമങ്ങളിലൊന്നാണ്. ഈ ഗ്രന്ഥത്തില്‍ തന്നെ ഇതിന്റെ വിവരണമുണ്ട് (2 69) ജാലന്ധര ബന്ധത്തോടു കൂടിയ കുംഭകത്തിനു ശേഷം അല്പാല്പമായി മാത്രം വായുവിനെ പുറത്തുവിട്ടും. മനസ്സ് ഭ്രൂമധ്യത്തിലുറച്ചിരിക്കും. മനസ്സിന് ബോധക്കേടു പോലെ വരും. ഇതാണ് മൂര്ച്ഛാപ്രാണായാമം. രസം ഭസ്മമാക്കിയത് ആണ് ഇവിടെ മൃതമായ രസം. ഇത്തരത്തിലുള്ള രസം വളരെക്കാലം നശിക്കാതിരിക്കും. മരിച്ചവനെ ജീവിപ്പിക്കുന്ന തരത്തില്‍ ജീവദായകവുമാണ്. ബ്രഹ്മരന്ധ്രത്തില്‍ ലയമടഞ്ഞ പ്രാണനാണ് മൃതവായു. ആയുസ്സ് വര്‍ധിപ്പിക്കുന്നും മരിച്ചവര്‍ക്കു ജീവന് നല്‍കാനും ഈ പ്രാണനു കഴിയും.
രസത്തെ ചില കൂട്ടുകള്‍ ചേര്‍ത്ത് ഗുളികയുണ്ടാക്കും. അത് ആകാശഗമനാനുഭൂതി സാധ്യമാക്കും. ചില വിശേഷമായ ധാരണാ മാര്‍ഗ്ഗങ്ങളാല്‍ ഭ്രൂമധ്യം മുതലായ കേന്ദ്രങ്ങളില്‍ പ്രാണന് ബന്ധിക്കപ്പെട്ടാല് (ദേശബന്ധശ്ചിത്തസ്യ ധാരണാ ) ആകാശ ഗമനം പോലെയുള്ള സിദ്ധികള്‍ കിട്ടും.
മനഃസ്ഥൈര്യേ സ്ഥിരോവായുഃ
തതോ ബിന്ദുഃസ്ഥിരോഭവേത്
ബിന്ദുസ്ഥൈര്യാത് സദാസത്വം
പിണ്ഡ സ്ഥൈര്യം
പ്രജായതേ. 4 28
മനസ്സ് സ്ഥിരമായാല് പ്രാണന് സ്ഥിരമാവും. അപ്പോള്‍ ബിന്ദു സ്ഥിരമാവും. ബിന്ദു സ്ഥൈര്യത്തില്‍ നിന്ന് ബലവും ശരീര സ്ഥൈര്യവും ഉണ്ടാകും.
ചഞ്ചലമാണ് മനസ്സ്. അതിന്റെ ഇളക്കം, ചഞ്ചലത്വം ഇല്ലാതാവണം. അതിന് അഭ്യാസവും വൈരാഗ്യവും വേണം. ഇതാണ് എല്ലാ യോഗ ഗ്രന്ഥങ്ങളുടെയും സാരം.
അങ്ങിനെ മനസ്സ് സ്ഥിരമായാല് പ്രാണന്റെ അസ്ഥിരത മാറും. മനസ്സും പ്രാണനുമാണ് ബിന്ദു അഥവാ വീര്യത്തെ നിലനിറുത്തുന്നത്. വീര്യമാണ് ദേഹത്തിന് സ്ഥിരതയും ശക്തിയും നല്‍കുന്നത്. മനഃ പ്രശമന ഉപായ: യോഗഃ’ (മനസ്സിനെ അടക്കാനുള്ള ഉപായമാണ് യോഗം) എന്ന വസിഷ്ഠ വചനം ഇതുതന്നെയാണ് പറഞ്ഞു തരുന്നത്.
(കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: