Categories: Samskriti

എല്ലാം ലയിക്കുന്നത് ബ്രഹ്മത്തില്‍നിന്ന്

വിപര്യയാധികരണം

ഒരു സൂത്രം മാത്രമുള്ള ഈ എട്ടാം അധികരണം വിപരീതക്രമത്തിലുള്ള ലയനത്തെ വ്യക്തമാക്കുന്നു.

സൂത്രം  വിപര്യയേണ തു ക്രമോ /ത ഉപപദ്യതേ ച

ലയനക്രമമാകട്ടെ ഇതില്‍ നിന്ന് വിപരീത ക്രമത്തിലാകുന്നു. അത് ഉപപന്നവുമാണ്.

ഭൂതങ്ങളുടെ ലയനക്രമത്തെക്കുറിച്ചാണ് ഇതില്‍ പറയുന്നത്. എല്ലാം ചെന്ന് ലയിക്കുന്നത് ബ്രഹ്മത്തിലാണെങ്കിലും അതിന് ഒരു ക്രമം നിശ്ചയിക്കണം. തൈത്തിരിയത്തില്‍ ‘യതോ വാ ഇമാനി ഭൂതാനി ജായന്തേ, യേന ജാതാനി ജീവന്തി യത് പ്രയന്ത്യഭിസംവിശന്തി’ ഈ ഭൂതങ്ങള്‍ ഏതില്‍ നിന്ന് ഉണ്ടാകുന്നുവോ ഏതിനെ ആശ്രയിച്ച് നില്‍ക്കുന്നുവോ ഏതില്‍ ലയിക്കുന്നുവോ അതാണ് ബ്രഹ്മം.

എന്നാല്‍ ആ ലയനത്തിന് വല്ല നിയമവുമുണ്ടോ? അതിന് വിശേഷമൊന്നുമില്ലാത്തതിനാല്‍ എല്ലാം നേരിട്ട് ബ്രഹ്മത്തില്‍ ലയിക്കുകയാണോ ചെയ്യുന്നത്? അങ്ങിനെയെങ്കില്‍ അതിന്റെ ക്രമമെന്ത് എന്നിങ്ങനെയുള്ള പൂര്‍വ്വ പക്ഷത്തിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ സൂത്രം.

 ഉല്‍പ്പത്തിക്ക് വിപരീതമായാണ് ലയം. ഉല്‍പത്തി ക്രമത്തിന് നേരെ വിപരീതമായി ഓരോ ഭൂതവും അതിന് കാരണമായ ഭൂതത്തില്‍ ലയിക്കും. ഏറ്റവും സ്ഥൂലമായതായി പൃഥ്വി അതിനേക്കാള്‍ സൂക്ഷ്മമായ ജലത്തിലും ജലം അഗ്‌നിയിലും അഗ്‌നി വായുവിലും വായു ആകാശത്തിലും ലയിക്കും. ഇത് കോണി  കയറുകയും ഇറങ്ങുകയും ചെയ്യുന്നതു പോലെയാണ്. ക്രമത്തിന് നേരെ വിപരീതമാണ് മടക്കം നടക്കുന്നത്. അതിനാല്‍ കാര്യം കാരണത്തില്‍ ലയിക്കുന്നു എന്ന ക്രമം ഇവിടെയും കൈക്കൊള്ളണം. സ്മൃതിയും ഈ ലയന ക്രമത്തെ തന്നെ പറയുന്നു. മഹാഭാരതം ശാന്തി പര്‍വത്തില്‍ ‘ജഗത് പ്രതിഷ്ഠാദേവര്‍ഷേ പൃഥിവ്യപ്‌സു പ്രലീയതേ ജ്യോതിഷ്യാപ: പ്രലീയന്തേ ജ്യോതിര്‍വായൗ പ്രലീയതേ ‘ഇവിടേയും നേരത്തേ പറഞ്ഞതുപോലെയുള്ള തിരിച്ചുള്ള ക്രമം തന്നെയാണ്. വിഷ്ണുപുരാണം നാലാമദ്ധ്യായത്തിലും ഈ ലയന രീതിയെ പറഞ്ഞിട്ടുണ്ട്.

ഇങ്ങനെ ക്രമപ്രകാരം എല്ലാം ബ്രഹ്മത്തില്‍ ലയിക്കും. കാരണം നശിച്ചാല്‍ പിന്നെ കാര്യം നിലനില്‍ക്കില്ല. അതിനാല്‍ വിപരീത ക്രമത്തെ സ്വീകരിക്കണം.

അന്തരാവിജ്ഞാനാധികരണം

ഒരു സൂത്രം മാത്രമാണ് ഈ ഒന്‍പതാം അധികരണത്തിലുമുള്ളത്.ഇന്ദ്രിയങ്ങളുടേയും മറ്റും ലയനത്തെ ഇതില്‍ പറയുന്നു.

സൂത്രം  അന്തരാവിജ്ഞാനമനസീ ക്രമേണ തല്ലിങ്ഗാദിതി ചേന്നാവിശേഷാത്

ബുദ്ധിയും മനസ്സും ആത്മാവിന്റെയും ഭൂതങ്ങളുടേയും മധ്യത്തില്‍ ക്രമത്തില്‍ ഉണ്ടാകുന്നുവെന്ന ശ്രുതിയുണ്ട് എന്ന് പറഞ്ഞാല്‍ അത് ശരിയല്ല അതിന് പ്രത്യേകിച്ച് വിശേഷമൊന്നുമില്ല.

ക്രമത്തിലുള്ള ഉല്‍പ്പത്തിയും വിപരീത ക്രമത്തിലെ ലയനവും പറഞ്ഞപ്പോള്‍ മറ്റൊരു സംശയം. ഭൂതങ്ങളുടേയും ആത്മാവിന്റെയും മധ്യത്തിലുള്ള ഇന്ദ്രിയങ്ങളുടേയും മനസ്സിന്റെയും ബുദ്ധിയുടേയും ഗതി എന്താണ്? ഭൂതങ്ങള്‍ നേരിട്ട് ആത്മാവില്‍ ലയിക്കുന്നുവെന്നത് എങ്ങനെ ശരിയാകും? എന്ന് പൂര്‍വ്വ പക്ഷം ചോദിക്കുന്നു. മുണ്ഡകത്തില്‍ മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും ഉണ്ടായ ശേഷമാണ് ആകാശം മുതലായ ഭൂതങ്ങളുണ്ടായതെന്ന് പറയുന്നു.’ഏതസ്മാത് ജായതേ പ്രാണോ……. വിശ്വസ്യധാരിണീ’ എന്ന മന്ത്രത്തെ അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇതൊന്നും ശരിയല്ല. ഭൂതങ്ങളുടെ ഉത്പത്തിയ്‌ക്ക് ശേഷമാണ് മനസ്സും പ്രാണനുമെല്ലാം ഉണ്ടാകുന്നതെന്ന് ശ്രുതിയിലുണ്ട്. ഛാന്ദോഗ്യത്തില്‍ ‘അന്നമയം ഹി സൗമ്യ മന: ആപോമയ: പ്രാണസ്‌തേജോമയീ വാക്’ ബ മനസ്സ് അന്നമയവും പ്രാണന്‍ ജലമയവും വാക് അഗ്‌നി വികാരവ്യമാണ്. ഇങ്ങനെ ശ്രുതി പറഞ്ഞതിനാല്‍ ഉത്പത്തി ക്രമം കാണിക്കുന്നില്ല എന്നറിയണം. ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി എന്നിവയെല്ലാം പഞ്ചഭൂതങ്ങളില്‍ നിന്ന് ഉണ്ടായവയായതിനാല്‍ അവയ്‌ക്ക് വിശേഷമൊന്നുമില്ല. എല്ലാം ആത്മാവില്‍ നിന്ന് ഉണ്ടായി ആത്മാവില്‍ തന്നെ ലയിക്കുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക