പഠനത്തോടൊപ്പം ഒരു കല അഭ്യസിക്കുന്നത് സാധാരണമാണ്. ഇഷ്ടം കൊണ്ട് തുടങ്ങുന്ന ചില പാഠങ്ങള്‍. ജീവിതത്തില്‍ വേഗതയും ഉത്തരവാദിത്തവും വര്‍ധിക്കുമ്പോള്‍ ഇതേ ഇഷ്ടങ്ങള്‍ മറന്നുപോകുന്നതും സാധാരണം. ഇങ്ങനെയൊക്കെയാകും എന്നു കരുതി പ്രിയപ്പെട്ട സംഗീതോപകരണമായ വയലിന്‍ പഠിക്കാനിറങ്ങിയതാണ് തൃപ്പൂണിത്തുറക്കാരനായ എം.എസ്. വിശ്വനാഥ്. അന്ന് പ്രായം 15 വയസ്സ്. ഇന്ന് ആ പേരിനൊപ്പം ഗിന്നസ് വിശ്വനാഥ് എന്ന് ചേര്‍ത്തുവായിക്കണം. ആ നേട്ടത്തിലേക്കുള്ള യാത്രയുടെ ദൂരത്തെക്കുറിച്ച്…
വയലിനും ബോയും വിശ്വനാഥ് ആദ്യമായി കയ്യിലെടുക്കുന്നത് സംഗീത ഉപാസകനായി അറിയപ്പെടണം എന്ന സ്വപ്‌നത്തോടെയല്ല. തനിക്കിണങ്ങുന്നത് സംഗീതമാണെന്ന തിരിച്ചറിവിനെ ആത്മാര്‍ഥമായി സമീപിച്ചു. അത്രമാത്രം. പിന്നീടാണ് വിദ്യാഭ്യാസ കാര്യത്തിലും സംഗീതത്തിന് പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചത്. സ്വപ്‌നം കാണാന്‍ തുടങ്ങിയത്.
കൈപിടിച്ച് നടത്തിയവര്‍
ഈ മേഖലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാമെന്ന വാഗ്ദാനങ്ങള്‍ നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. സ്വപ്രയത്നത്താലുള്ള അടിത്തറയില്‍ കെട്ടിപ്പൊക്കിയ സംഗീതജീവിതത്തിന് അതുകൊണ്ട് തന്നെ ഇരട്ടിയിലധികം സംതൃപ്തിയും സമാധാനവുമാണ്. ഗുരുക്കന്മാര്‍ പകര്‍ന്ന പാഠങ്ങളാണ് വിശ്വനാഥിന്റെ സമ്പത്ത്. ഒരു കലാകാരന്‍ എന്നതിലുപരി നല്ല ഗുരുനാഥനായി തന്നെ വളര്‍ത്തിയെടുത്തതും ഈ അനുഭവമാണെന്ന് വിശ്വനാഥിന്റെ സാക്ഷ്യം
വിശ്വനാഥ് എന്ന പ്രൊഫഷണല്‍
തൃപ്പുണിത്തുറ ആര്‍എല്‍വി സംഗീത കോളേജില്‍ വയലിന്‍ ഐച്ഛിക വിഷയമായെടുത്ത് ബിരുദത്തിന് ചേര്‍ന്നു. ഗുരു പി.ടി രാധാകൃഷ്ണന്റെ നിര്‍ദേശമായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. അവിടെനിന്നു തന്നെ ബിരുദാനന്തര ബിരുദവും നേടി. കര്‍ണാടിക് വയലിന്‍ സംഗീതത്തിനൊപ്പം പാശ്ചാത്യ സംഗീതവും ഇഷ്ടമായിരുന്നു വിശ്വനാഥിന്. കൊച്ചി, ചോറ്റാനിക്കര എന്നിവിടങ്ങളിലെ വിവിധ അക്കാദമികളില്‍ നിന്നായി പാശ്ചാത്യ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍. ബെന്നി ചെറിയാന്‍ എന്ന അധ്യാപകന്റെ ക്ലാസുകള്‍ പാശ്ചാത്യ വയലിന്‍ സംഗീതം കൂടുതല്‍ പഠിക്കാന്‍ പ്രേരിപ്പിച്ചു. തുടര്‍ വിദ്യാഭ്യാസം ബെംഗളൂരുവില്‍. ജര്‍മന്‍ വനിതയായ ജിസല്ല വോയ്ഡ്‌സിന്റെ പാഠങ്ങളാണ് പിന്നീട് വലിയ സ്വപ്‌നങ്ങളിലേക്ക് വിശ്വനാഥിനെ എത്തിച്ചത്. നാഷണല്‍ യൂത്ത് ഓര്‍ക്കെസ്ട്ര എന്ന ഇന്ത്യയിലെ മികച്ച വയലിനിസ്റ്റുകളുടെ കൂട്ടത്തിലൊരാളാകാന്‍ ജിസല്ല വഴികാട്ടി. ഈ ഓര്‍ക്കെസ്ട്രയുടെ ഭാഗമാകുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ കലാകാരനും വിശ്വനാഥാണ്.
ഇറ്റാലിയന്‍ സിംഫണി ഓര്‍ക്കെസ്ട്ര, വിയന്ന സിംഫണി ഓര്‍ക്കെസ്ട്ര എന്നിങ്ങനെ രാജ്യാന്തര തലത്തിലും വിശ്വനാഥിന്റെ വയലിന്‍ സംഗീതത്തിന്റെ മാസ്മരികത അലയടിച്ചു തുടങ്ങി. കൊച്ചിയിലും ഓര്‍ക്കെസ്ട്രയ്‌ക്കൊപ്പം വായിച്ചു. സ്വപ്രയത്നത്താല്‍ സെല്ലോ എന്ന ഉപകരണവും പഠിച്ചെടുത്തു.
കൂട്ടുകാരുടെ ഋതുരാഗം
ഒരു ബാന്‍ഡിന് രൂപം നല്‍കുകയെന്ന ആഗ്രഹം ഋതുരാഗാസില്‍ എത്തിനില്‍ക്കുന്നു. സുഹൃത്തുക്കളായ സംഗീതജ്ഞര്‍ ഒപ്പം കൂടി. ഇന്ന് കേരളത്തിലെ പ്രമുഖ ബാന്‍ഡുകളില്‍ ഒന്നായി ഋതുരാഗാസ് വളര്‍ന്നു. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ സ്മരണയ്‌ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം സ്വന്തമാക്കിയതും ഋതുരാഗാസാണ്.
നേട്ടങ്ങളുടെ കഥ
ആര്‍എല്‍വിയിലെ പഠനകാലത്ത്, എം.ജി സര്‍വകലാശാല കലോത്സവത്തില്‍ പാശ്ചാത്യ വയലിനില്‍ എന്നും ഒന്നാം സ്ഥാനം വിശ്വനാഥിനായിരുന്നു. ഇന്റര്‍നാഷണല്‍ ഓര്‍ക്കെസ്ട്രകളില്‍ കര്‍ണാടിക് സോളോയും നാട്ടില്‍ പാശ്ചാത്യസംഗീതം സോളോയും ഒരേപോലെ അവതരിപ്പിച്ച് കയ്യടി നേടി. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. തുടര്‍ച്ചയയായി 36 മണിക്കൂര്‍ വയലിന്‍ വായിച്ച് പുതു ചരിത്രം രചിച്ചു. അങ്ങനെ എം.എസ്. വിശ്വനാഥ് ഗിന്നസ് വിശ്വനാഥ് ആയി.
റോള്‍ മോഡലുകള്‍
കര്‍ണാട്ടിക്കും വെസ്റ്റേണും ഒരുപോലെ വഴങ്ങുന്ന വിശ്വനാഥിന് എല്ലാത്തരം സംഗീതവും അത്രമേല്‍ പ്രിയപ്പെട്ടതാണ്. പ്രമുഖ വയലിനിസ്റ്റ് വി.വി സുബ്രഹ്മണ്യത്തിന്റെ കച്ചേരികള്‍ ഏറെ ഇഷ്ടപ്പെടുന്ന വിശ്വനാഥ് ഡേവിഡ് ഗാരറ്റിന്റെ പാശ്ചാത്യശൈലിയുടെ കടുത്ത ആരാധകനാണ്.
തിരക്കൊഴിവായ നേരങ്ങളില്‍
യാത്രയുടെ ഹരം ശീലമില്ലാത്ത വിശ്വനാഥിന് തൃപ്പുണിത്തുറയും നാടും വീടും തന്റെ ബാന്റുമൊക്കെയാണ് ഇടവേളയില്‍ കൂട്ട്. സിനിമയും ഭക്ഷണവുമെല്ലാം ഈ നേരങ്ങളില്‍ ഒപ്പമുണ്ടാകും. പുതിയ ഉയരങ്ങളിലേക്കുള്ള ശ്രമങ്ങളും ഇവിടെനിന്നാണ് തുടങ്ങുന്നത്. സംഗീതവഴിയിലെ ഊര്‍ജ്ജവും മറ്റൊന്നല്ല.
അനുഭവ സാക്ഷ്യം
വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് ഒരു പ്രൊഫഷണല്‍ രൂപപ്പെടുന്നത്. ലക്ഷ്യമുണ്ടെങ്കില്‍ പരിശ്രമം തന്നെ ഏക മാര്‍ഗം. തളരാതെ പഠിക്കുക. എന്നും ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സ് സൂക്ഷിക്കുക. അനുകരണമല്ല, സ്വതസിദ്ധമായ ശൈലിയാണ് നിങ്ങളെ നിങ്ങളാക്കുക. അപ്പോള്‍ വിജയം തേടിവരുമെന്ന് വിശ്വനാഥിന്റെ വാക്കുകള്‍.
വീട്ടിലെ വിശ്വനാഥന്‍
തൃപ്പുണിത്തുറ പുതിയകാവ് സ്വദേശിയാണ് വിശ്വനാഥ്. സീതയും സുബ്രഹ്മണ്യനുമാണ് മാതാപിതാക്കള്‍. രണ്ട് സഹോദരങ്ങളുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം പുതിയകാവിലും ഉദയംപേരൂരുമായിരുന്നു. ശ്രീദേവിയാണ് വിശ്വനാഥിന്റെ ഭാര്യ. മകള്‍ പാര്‍വതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: