പുനലൂര്‍ (കൊല്ലം): ഇടമണ്‍ എന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ ജഴ്സിയണിഞ്ഞ് സ്വര്‍ണത്തിളക്കത്തിലേക്ക് തോമസ്കുട്ടി നടന്നുകയറിയത് ദാരിദ്ര്യത്തില്‍ നിന്ന്. ഇന്ത്യക്കുവേണ്ടി ഇന്റര്‍ നാഷണല്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയ ഈ കായികതാരത്തിനെ ആരും കണ്ടില്ല എന്നതാണ് സത്യം. ബ്രൂണൈയില്‍ സപ്തംബര്‍ ആദ്യവാരം നടക്കുന്ന അടുത്ത മത്സരത്തില്‍ പങ്കെടുക്കാന്‍ സുമനസ്സുകളില്‍ നിന്ന് സാമ്പത്തികസഹായം തേടുകയാണ് തോമസ്കുട്ടി.
ഇടമണ്‍ പുലരിമലയില്‍ വാടകവീട്ടില്‍ കഴിയുന്ന തോമസ് കുട്ടിയാണ് ജൂലൈ ഏഴിന് സിംഗപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ ഇന്ത്യക്കുവേണ്ടി 5000 മീറ്റര്‍ നടത്തമത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കി. പട്ടിണിക്കും ദാരിദ്ര്യത്തിനുമൊപ്പം അപകടം വരുത്തിയ അസ്വസ്ഥതകളും അതിജീവിച്ചാണ് തോമസുകുട്ടി സിംഗപ്പൂരില്‍ ഇന്ത്യന്‍ പതാക പാറിച്ചത്.
മത്സരത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൊല്ലത്ത് നടന്ന കൂട്ടയോട്ടത്തില്‍ പങ്കെടുക്കവെ ഒരുവാഹനം തോമസ്കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. തലയില്‍ ഒമ്പത് തുന്നല്‍, ഇടതുതോളില്‍ ചതവ്, വലതുകൈ ഒടിഞ്ഞു. പക്ഷേ ഇതൊന്നും തോമസ്കുട്ടിക്ക് ലക്ഷ്യത്തിലെത്താന്‍ തടസമായില്ല.
തോമസുകുട്ടിയിലെ കായികപ്രതിഭയെ തിരിച്ചറിഞ്ഞ ഭാര്യ ഏലിയാമ്മ മികച്ച പ്രോത്സാഹനമാണ് നല്‍കിയത്. 9, 7 ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ ലിജിയും ലിജുവും അച്ഛന് പിന്തുണയുമായി ഒപ്പമുണ്ട്. സമീപത്തെ സ്കൂളില്‍ ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്ന ഏലിയാമ്മയുടെ വരുമാനമാണ് കുടുംബത്തിന് ഇപ്പോള്‍ ഏക ആശ്രയം. എങ്കിലും സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ തോമസ്കുട്ടിക്ക് സ്വര്‍ണം നേടാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയിലാണ് ഏലിയാമ്മയും മക്കളും.
അടുത്ത മത്സരത്തിനായി തോമസുകുട്ടി തയാറെടുക്കുകയാണ്. പരിശീലനവും യാത്രാച്ചെലവും ഉള്‍പ്പെടെ വലിയതുക കണ്ടെത്തേണ്ടതുണ്ട്. സ്വര്‍ണമെഡല്‍ നേടിയിട്ടും സംസ്ഥാനസര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തില്‍ സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് തോമസുകുട്ടി. തോമസ്കുട്ടിയെ സഹായിക്കാന്‍ സന്മനസ്സുള്ളവര്ക്ക് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ പണം അയയ്ക്കാം.
അക്കൗണ്ട് നമ്പര്‍ – 67336039938 ഐഎഫ്എസ്സി കോഡ് – എസ്ബിഐഎന്‍ 0070323, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തെന്മല ബ്രാഞ്ച്, ഫോണ്‍ നമ്പര്‍ – 9447216323.
പ്രതികരിക്കാൻ ഇവിടെ എഴുതുക: