Categories: Samskriti

ശതാവരി

ശാസ്ത്രീയ നാമം: Asparagus racemosus

സംസ്‌കൃതം: നാരായണി, ശതാവരി

തമിഴ്: കിലവരി

എവിടെ കാണാം:  ഇന്ത്യയില്‍ ഉടനീളം വരണ്ടപ്രദേശങ്ങളിലും നനവാര്‍ന്ന പ്രദേശങ്ങളിലും ഒരു പോലെ കണ്ടുവരുന്നു. 

പ്രത്യുല്‍പാദനം: വിത്തില്‍നിന്ന്

ചില ഔഷധപ്രയോഗങ്ങള്‍: ശതാവരിക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് 30 മില്ലി വീതം ദിവസം രണ്ടു നേരം ഏഴു ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ മൂത്രച്ചൂട്, പുകച്ചില്‍, ചൊറിച്ചില്‍ എന്നിവ ശമിക്കും. ശതാവരിക്കിഴങ്ങ് അല്പം വെള്ളം ചേര്‍ത്ത് ഇടിച്ചു പിഴിഞ്ഞെടുക്കുമ്പോഴുണ്ടാകുന്ന പത കാലില്‍ തേക്കുകയോ, പതയില്‍ കാല്‍ മുക്കി വെയ്‌ക്കുകയോ ചെയ്താല്‍ പ്രമേഹരോഗികള്‍ക്ക് കാല്‍പാദത്തിലുണ്ടാകുന്ന ചുട്ടുനീറ്റലും പുകച്ചിലും ശമിക്കും. സ്ത്രീകളില്‍ മുലപ്പാലുണ്ടാകാന്‍ ശതാവരിക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരില്‍ ശതാവരിക്കിഴങ്ങ് ഉണക്കിപ്പൊടിച്ചത്, അമുക്കുരം, പാല്‍മുതക്കിന്‍ കിഴങ്ങ്, അടപതിയന്‍ കിഴങ്ങ്, കൂവനൂറ്, ഇവ അഞ്ചുഗ്രാം വീതമെടുത്ത് കലക്കി കുടിക്കുന്നത് നല്ലതാണ്. സ്ത്രീകളിലുണ്ടാകുന്ന വെള്ളപോക്ക്, വയറ്റില്‍ ഗ്യാസ്, ഗര്‍ഭാശയ ശുദ്ധി എന്നിവയ്‌ക്ക് ശതാവരി ഘൃതം ശ്രേഷ്ഠമാണ്. 

ശതാവരി ഘൃതം: 

ശതാവരിക്കിഴങ്ങ്, മാതളത്തൊണ്ട്, വാളന്‍പുളി വേരിന്മേല്‍ തൊലി, കാകോളി, മേദാ, ഇരട്ടിമധുരം, പാല്‍മുതക്കിന്‍ കിഴങ്ങ്, ചെറുനാരകത്തിന്റെ വേര്, ഇവ ഓരോന്നും 15 ഗ്രാം വീതം നന്നായി അരച്ച് ഒന്നര ലിറ്റര്‍ നറുനെയ്യില്‍ ആറ് ലിറ്റര്‍ പശുവിന്‍ പാലും ചേര്‍ത്തതില്‍ കലക്കി, ഒന്നര ലിറ്റര്‍ ശതാവരി നീരും ചേര്‍ത്ത്, അരക്കുമധ്യേ പാകത്തില്‍ കാച്ചിയരിച്ച് ഒരു ദിവസം 30 മില്ലി വീതം രാവിലെയും വൈകീട്ടും കഴിച്ചാല്‍ വയറു വേദന, വയറുവീര്‍ക്കല്‍, മലബന്ധം, സ്ത്രീകളിലെ വെള്ളപോക്ക്, ആര്‍ത്തവ സമയത്തുള്ള വയറുവേദന ഇവയെല്ലാം പൂര്‍ണമായും ശമിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക