Categories: Vicharam

ഒരു ‘വിമോചന’ത്തിന് 60 വയസ്സ്

രാജ്യം കണ്ട ഒരു മഹാ പ്രക്ഷോഭത്തിനും ഒരു ജനവിരുദ്ധ ദേശവിരുദ്ധ സര്‍ക്കാരിന്റെ അന്ത്യത്തിനും ആറുപതിറ്റാണ്ട് തികയുകയാണ്. കേരളത്തിലെ കഥയാണിത് എങ്കിലും അതിന് ദേശീയതലത്തില്‍, അല്ല ആഗോള തലത്തില്‍തന്നെ വലിയ പ്രാധാന്യമുണ്ടായിരുന്നു. കേരളത്തിലെ ഇഎംഎസ് നമ്പൂതിരിപ്പാട് മന്ത്രിസഭയെക്കുറിച്ച് ആണ് സൂചിപ്പിച്ചത്. 1957 ഏപ്രില്‍ അഞ്ചിനാണ് ആ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. വിമോചന സമരത്തെ തുടര്‍ന്ന് സര്‍ക്കാരിനെ പുറത്താക്കിയത് 1959 ജൂലൈ 31നും. വിമോചന സമരത്തിന്റെ ലക്ഷ്യപ്രാപ്തിയുടെ, കേരളത്തെ കമ്മ്യുണിസ്റ്റ് സര്‍ക്കാരില്‍നിന്ന് മോചിപ്പിച്ചതിന്റെ,  ഷഷ്ടിപൂര്‍ത്തിയാണ് നമ്മുടെ മുന്നിലേക്ക് കടന്നുവരുന്നത്… ഈ മാസം 31ന്. പലതുകൊണ്ടും ഏറെ പ്രധാനപ്പെട്ട ഒന്നാണിത്. അതിനിപ്പോഴും രാഷ്‌ട്രീയ പ്രാധാന്യമുണ്ട്, അത് വിശകലനം ചെയ്യപ്പെടേണ്ടതുമാണ്. 

ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണ്. കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ആയിരുന്നു ഇഎംഎസിന്റേത്. ഒരു പ്രതിപക്ഷ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാന സര്‍ക്കാരും അതായിരുന്നു. അന്നത്തെ 126 അംഗ നിയമസഭയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അറുപത് സീറ്റുകളാണ് കിട്ടിയത്. ജയിച്ച 14 സ്വതന്ത്രന്മാരില്‍ അഞ്ച് പേര് കമ്മ്യൂണിസ്റ്റ് പക്ഷത്തായിരുന്നു.   കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടേത് അന്നത്തേത് ഒരു അപ്രതീക്ഷിത വിജയമായിരുന്നു. പ്രത്യക്ഷത്തില്‍ കഴിവുറ്റ നേതാക്കളുടെ സാന്നിധ്യം ഇഎംഎസ് മന്ത്രിസഭയില്‍ കാണാമായിരുന്നു. ഇഎംഎസിന് പുറമെ സി. അച്യുതമേനോന്‍, ടി.വി. തോമസ്, മുണ്ടശ്ശേരി മാഷ്, വി.ആര്‍. കൃഷ്ണയ്യര്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയവര്‍. ബാലറ്റിലൂടെ അധികാരത്തിലേറുന്ന ആദ്യ കമ്മ്യുണിസ്റ്റ് സര്‍ക്കാരെന്ന നിലക്കുകൂടി അത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.  

കോണ്‍ഗ്രസ്, പിഎസ്പി തുടങ്ങിയ സര്‍ക്കാരുകളെ കണ്ടു പരിശീലിച്ച മലയാളി കമ്മ്യുണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരില്‍ ആദ്യമൊക്കെ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നു. 1947-57 കാലത്ത് പത്ത് മന്ത്രിസഭകള്‍ അധികാരത്തിലേറുകയും തകരുകയും ചെയ്തതും മലയാളികളുടെ മനസ്സിലുണ്ടായിരുന്നു. വേറിട്ട ഒരു ശൈലി അവര്‍ ഇഎംഎസില്‍നിന്ന് പ്രതീക്ഷിച്ചു. സര്‍വ മേഖലകളെയും കയ്യടക്കാനുള്ള തിടുക്കത്തിനിടെ അവര്‍ക്ക് ജനക്ഷേമ ചിന്തകള്‍ അന്യമായി. പോലീസില്‍ നടത്തിയ ഇടപെടലാണ് അതിലേറ്റവും പ്രധാനം. കലാപത്തിനും അക്രമങ്ങള്‍ക്കുമൊക്കെ നേതൃത്വം നല്‍കിയതിന് ജയിലില്‍ അടക്കപ്പെട്ട അനവധി കമ്മ്യുണിസ്റ്റുകാരെ ഈ സര്‍ക്കാര്‍ മോചിപ്പിച്ചു. അതൊക്കെ പൊതുസമൂഹത്തില്‍ അവമതിപ്പും ആശങ്കയും ഉണ്ടാക്കിയെന്നത് പ്രത്യേകം പറയേണ്ടതില്ല. കോടതികള്‍ക്കെതിരെയും അവര്‍ പരസ്യമായി രംഗത്തുവന്നു. ‘ബൂര്‍ഷ്വാ കോടതി’ എന്ന് ഇഎംഎസ് തന്നെ വിളിച്ചുപറഞ്ഞത് ഓര്‍മ്മിക്കുക. പാഠ പുസ്തകങ്ങളില്‍ കമ്മ്യുണിസ്റ്റ് സിദ്ധാന്തങ്ങള്‍ ഉള്‍പ്പെടുത്താനും കുല്‍സിത ശ്രമം നടന്നു. അതിന് പുറമെയാണ് കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കാനും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്കും ഒക്കെ നടത്തിയ നീക്കങ്ങള്‍. ഭൂനയ ബില്ല് കൊണ്ടുവരുന്നതിന് മുമ്പായി മന്ത്രി വി.ആര്‍. കൃഷ്ണയ്യര്‍ മിച്ച ഭൂമിയായ സ്വന്തം കുടുംബസ്വത്ത് ഒരു ട്രസ്റ്റാക്കി മാറ്റിയതും, ഉണ്ടാക്കിയ ചീത്തപ്പേര് വേറെയും. കുറെയേറെ അഴിമതി ആരോപണങ്ങളും സര്‍ക്കാരിനെതിരെ ഉയര്‍ന്നു. ആന്ധ്ര അരി കുംഭകോണം അതിലൊന്നാണ്. ആര്‍എസ്പി പോലുള്ള ഇടത് പാര്‍ട്ടികളും അന്ന് സര്‍ക്കാരിനെതിരെ സമരരംഗത്തുണ്ടായിരുന്നു. 

അപ്പോഴാണ് ക്രൈസ്തവ മത നേതൃത്വവും എന്‍എസ്എസുമൊക്കെ കൈകോര്‍ത്ത് നീങ്ങാന്‍ തീരുമാനിച്ചത്. എസ്എന്‍ഡിപിയും ഒരര്‍ഥത്തില്‍ ആ കൂട്ടുകെട്ടിനൊപ്പമായിരുന്നു. വിദ്യാഭ്യാസ ബില്ലായിരുന്നു ക്രൈസ്തവ നേതൃത്വത്തെ അലട്ടിയിരുന്നത്. മറ്റൊന്ന് ഭൂ സ്വത്തിന് പരിധി നിശ്ചയിച്ചതും. വിമോചന സമരത്തിന്റെ തുടക്കം അവിടെയായിരുന്നു. മന്നത്ത് പത്മനാഭന്‍ അതിന്റെ നായകത്വം ഏറ്റെടുത്തു. സ്വകാര്യ വിദ്യാലയങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു. പ്രക്ഷോഭങ്ങള്‍ നാടുനീളെ നടക്കാന്‍ തുടങ്ങി. മത-സാമുദായിക സംഘടനകളെ  കൂടെനിര്‍ത്തി മുന്നോട്ടുപോകാന്‍ അന്നുമുതലെ കമ്മ്യുണിസ്റ്റുകാര്‍ക്ക് അറിയില്ലായിരുന്നു എന്ന് ചുരുക്കം. ഒട്ടനവധി സ്ഥലങ്ങളില്‍ പോലീസും സമരക്കാരുമൊക്കെ ഏറ്റുമുട്ടി. മരണങ്ങള്‍ അനവധിയും. 

വിമോചന സമരത്തിനൊപ്പം ഭാരതീയ ജനസംഘവും ചേരുന്നതാണ് പിന്നീട് കണ്ടത്. അതായത് കമ്മ്യുണിസ്റ്റുകാര്‍ക്കെതിരെ മുഴുവന്‍ കേരളവും കൈകോര്‍ത്ത് നീങ്ങിയെന്ന് പറയാം. എന്നാല്‍ ജനസംഘം ഉയര്‍ത്തിക്കാട്ടിയത് കമ്മ്യുണിസ്റ്റ് ഭീകരതയും അവര്‍ നടത്തിയ ജനാധിപത്യ വിരുദ്ധ നീക്കങ്ങളുമാണ്. പോലീസിനെയും കോടതിയെയുമൊക്കെ കയ്യിലെടുക്കാനും എന്തും സ്വയം തീരുമാനിക്കാനുമുള്ള അവരുടെ പദ്ധതി അപകടകരമാണ് എന്ന് ജനസംഘം ഓര്‍മ്മിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി രാജ്യവ്യാപകമായി ‘കേരള ദിനം’ ആചരിക്കാനും ഇവിടെ നടന്ന അതിക്രമങ്ങള്‍ ജനാധിപത്യ ധ്വംസനങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും ജനസംഘം തയ്യാറായി. അക്കാലത്ത് എ.ബി. വാജ്പേയിയും കേരളത്തിലെത്തിയിരുന്നു. കുറെ പൊതുസമ്മേളനങ്ങളില്‍ സംസാരിച്ചു. കോട്ടയത്ത് നടന്ന സമ്മേളനമായിരുന്നു അതില്‍ ഏറ്റവും നന്നായത്. വാജ്പേയി പ്രസംഗിച്ച ആ പൊതുസമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ചത് ‘മലയാള മനോരമ’ പത്രാധിപരായിരുന്ന കെ.സി. മാമ്മന്‍ മാപ്പിളയാണ്.

വിമോചന സമരത്തെ അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ഗോപാലന്‍ വിശകലനം ചെയ്തത് ഇങ്ങനെയാണ്: ‘1969 മെയ് ഒന്നിന് വര്‍ഗീയ നേതാക്കള്‍ ചങ്ങനാശ്ശേരിയില്‍ കൂടി വിദ്യാലയങ്ങള്‍ അടച്ചിടുന്നതിനെ പിന്താങ്ങുന്ന പ്രമേയങ്ങള്‍ പാസാക്കി. പ്രധാന പ്രമേയം അവതരിപ്പിച്ച കളത്തില്‍ വേലായുധന്‍ നായര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ ഇതില്‍ പ്രധാന പങ്കുവഹിച്ചു. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ ഒരു ‘വിമോചനസമര സമിതി രൂപീകൃതമായി… ഇന്നത്തെ വിമോചന സമരം ഭാരതത്തെയും മിക്കവാറും ഏഷ്യയെ മുഴുവനും കമ്മ്യുണിസത്തില്‍നിന്ന് മോചിപ്പിക്കും എന്ന് ‘ദീപിക’ പ്രഖ്യാപിക്കുകയുണ്ടായി… സ്‌കൂളുകള്‍ക്കും ബസ്സുകള്‍ക്കും തീവെച്ചു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരെയും കമ്മ്യുണിസ്റ്റ് മന്ത്രിമാരെയും ദേഹോപദ്രവമേല്‍പ്പിച്ചു… ഇതെല്ലാമായിരുന്നു വിമോചനസമരത്തിന്റെ പരിപാടികള്‍. ക്രമസമാധാനത്തിന്റെ പേരില്‍ കേന്ദ്രം ഇടപെടുമെന്നുള്ള പ്രതീക്ഷയിലായിരുന്നു സമരം ആരംഭിച്ചത്. (എന്റെ ജീവിതകഥ-എകെജി). എകെജി പ്രതീക്ഷിച്ചത് പോലെയാണ് സംഭവിച്ചത്. 1959 ജൂലൈ 31ന് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നെഹ്റു മന്ത്രിസഭ തീരുമാനിച്ചു. ഭരണഘടനയുടെ അനുച്ഛേദം 356 കേരളത്തില്‍ പ്രയോഗിക്കപ്പെട്ടു.  

സ്വാതന്ത്ര്യാനന്തരം, ഭരണഘടന രൂപംകൊണ്ടശേഷം, അനുച്ഛേദം 356 പ്രയോഗിച്ച ആദ്യ സംഭവങ്ങളില്‍ ഒന്നാണ് 1959ലേത്. അത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ കേരളത്തിലെങ്കിലും വല്ലാതെ ഉലച്ചു എന്നത് വസ്തുതയാണ്. അന്നത്തേത് ഒരര്‍ഥത്തില്‍ ഒരു സമ്പൂര്‍ണ്ണ കമ്മ്യുണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരായിരുന്നു. പിന്നീട് ഒരിക്കലും അവര്‍ക്ക് കേരളത്തില്‍ അങ്ങനെ ഒരു സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. 1967-ലാണ് രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളത്തിനുണ്ടാവുന്നത്. അപ്പോഴേക്ക് കമ്മ്യുണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നിരുന്നുതാനും. ഏഴ്  പാര്‍ട്ടികളുടെ മുന്നണി സര്‍ക്കാരായിരുന്നു 1967ലേത്. സിപിഎം, സിപിഐ എന്നിവക്ക് പുറമെ മുസ്ലിം ലീഗ്, ഐഎസ്പി, ആര്‍എസ്പി, കെടിപി, കെഎസ്പി എന്നിവയൊക്കെ ഉള്‍പ്പെട്ട ഒരു സഖ്യം. മുസ്ലിം ലീഗിന് മന്ത്രിക്കസേര കൊടുത്ത് ആദരിച്ചത് സിപിഎമ്മാണ് എന്നര്‍ത്ഥം. 1957ല്‍ നിന്ന് സിപിഎമ്മും സിപിഐയും കേരളത്തില്‍ പിന്നാക്കം പോയിട്ടേയുള്ളു എന്നതാണ് രാഷ്‌ട്രീയ യാഥാര്‍ഥ്യം. അന്ന് അവര്‍ കൈക്കൊണ്ടിരുന്ന രാജ്യവിരുദ്ധ, മതവിരുദ്ധ സമീപനങ്ങള്‍ ഇന്നും നിര്‍ബാധം തുടരുകയും ചെയ്യുന്നു. ശബരിമല പ്രശ്‌നത്തില്‍വരെ അതാണല്ലോ നാം കണ്ടത്.      

കേരളത്തില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് വാശിപിടിച്ചത് ഇന്ദിരാ ഗാന്ധിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അക്കാലത്ത് അവര്‍ പലവട്ടം കേരളത്തിലെത്തിയിരുന്നു. ഇന്ദിര അന്ന് കോണ്‍ഗ്രസ് അധ്യക്ഷകൂടിയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നെഹ്റു പരിവാറില്‍ ഭിന്നത ഉണ്ടായിരുന്നുവെന്നത് പരസ്യമാണ്. ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി, കേരള സര്‍ക്കാരിനെ പിരിച്ചുവിടുന്നതിനെ ശക്തമായി, പരസ്യമായി എതിര്‍ക്കുകയും ചെയ്തു. കമ്മ്യുണിസ്റ്റ് സര്‍ക്കാരായാലും വേറെ ഏതായാലും, തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ പിരിച്ചുവിടരുത് എന്നതായിരുന്നു അദ്ദേഹം ഉയര്‍ത്തിപ്പിച്ച നിലപാട്. ഇക്കാര്യം ജനാര്‍ദ്ദന്‍ താക്കൂര്‍ ‘ഓള്‍ ദി പ്രൈം മിനിസ്റ്റേഴ്സ് മെന്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ‘മദര്‍ ഇന്ത്യ, എ പൊളിറ്റിക്കല്‍ ബയോഗ്രഫി ഓഫ് ഇന്ദിര ഗാന്ധി’ എന്ന പുസ്തകത്തില്‍ സമാനമായ ചില സംഭവങ്ങള്‍ പ്രണയ് ഗുപ്‌തേ വിശദീകരിച്ചിട്ടുമുണ്ട്. തീന്‍ മൂര്‍ത്തി ഭവനില്‍ പ്രഭാത ഭക്ഷണം കഴിക്കവേ നെഹ്‌റുവിന്റെ സാന്നിധ്യത്തില്‍ ഫിറോസും ഇന്ദിരയും തമ്മില്‍ ഇക്കാര്യത്തിലുണ്ടായ തര്‍ക്കവും പരസ്യമാണ്. ഇന്ദിരയെ അന്ന് ഫിറോസ് ‘ഫാസിസ്റ്റ്’ എന്ന് വിളിച്ചു. അതുകേട്ട് ഇന്ദിര ക്ഷോഭിച്ച് ഇറങ്ങിപ്പോയത്രേ. അതിനൊക്കെ സാക്ഷിയായിരുന്ന നെഹ്റു മിണ്ടാതിരിക്കുകയും ചെയ്തു.

ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ ഇന്നിപ്പോള്‍ അക്ഷരാര്‍ഥത്തില്‍ മരണശ്വാസം വലിക്കുകയാണ്. അവരുടെ കോട്ടകളൊക്കെ തകര്‍ന്നുകഴിഞ്ഞു. ബാക്കി എന്തെങ്കിലും അവശേഷിക്കുന്നത് കേരളത്തിലാണ്. അവിടെയും അവര്‍ വല്ലാത്ത രാഷ്‌ട്രീയ പ്രതിസന്ധിയിലാണ്. 1959ല്‍ നിന്ന് 2019ലെത്തുമ്പോള്‍ ദേശീയ കക്ഷിയെന്ന നിലക്കുള്ള അംഗീകാരം പോലും നിലനിര്‍ത്താന്‍ ബുദ്ധിമുട്ടേണ്ടുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. കെ.ആര്‍. ഗൗരിയമ്മയെ പോലുള്ള ഒരു പഴയകാല നേതാവിനെ പോലും കമ്മ്യുണിസ്റ്റുകാര്‍ക്ക്  വേണ്ടാതായി. ഒരു പക്ഷെ, 1959ല്‍ ആ സര്‍ക്കാരിനെ പിരിച്ചുവിട്ടില്ലായിരുന്നെങ്കില്‍ ഈ നാശം കുറേക്കൂടി നേരത്തെ ആവുമായിരുന്നു എന്ന് കരുതുന്ന രാഷ്‌ട്രീയ നിരീക്ഷകരുമുണ്ട്. വിമോചന സമരത്തില്‍ പങ്കാളികളായവര്‍ വളരെ ചുരുക്കമേ ഇന്നുണ്ടാവൂ. അവരെക്കൂടി ഈ വേളയില്‍ സ്മരിക്കേണ്ടതുണ്ട്. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക