ലോകത്ത് പ്രയോഗിക്കപ്പെട്ട ഭരണവ്യവസ്ഥകളില്‍ ഏറ്റവും അപകടകാരിയായതെന്തെന്നു ചിന്തിച്ചാല്‍ അത് കമ്മ്യൂക്രസിയാണെന്ന് മനസ്സിലാകും. കമ്മ്യൂക്രസിയെന്നത് ഭരണവ്യവസ്ഥ മാത്രമല്ല, മാനസികാവസ്ഥ കൂടിയാണ്. ഫാസിസമാണോയെന്ന് പൂര്‍ണ്ണമായും പറയാന്‍ ഫാസിസത്തിന് നല്കപ്പെട്ടിരിക്കുന്ന നിര്‍വ്വചനങ്ങളുടെ അടിസ്ഥാനത്തില്‍ സാധിക്കില്ല. എന്നാല്‍ ഫാസിസത്തിന്റെ ആയിരമിരട്ടി ക്രൂരത സ്വന്തമായുണ്ട്. സ്വാര്‍ത്ഥതയുടെയും സ്വേച്ഛാധിപത്യത്തിന്റെയും പ്രത്യക്ഷ ഫലങ്ങളുടെയും ആയിരമിരട്ടി ദോഷഫലങ്ങളുണ്ട്. ശ്രവിപ്പിക്കുന്നതും സ്രവിപ്പിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യമാണ് പ്രധാനം. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ കമ്മ്യൂക്രസിയുടെ രൂപം സ്വന്തം സംഘടനയില്‍പ്പെട്ട വിദ്യാര്‍ത്ഥിയുടെ നെഞ്ചിലേക്ക് കത്തിയാഴ്ത്തിക്കൊണ്ട് തലപൊക്കിയതാണ്, ഇപ്പോളിത് ചിന്താവിഷയമാക്കിയിരിക്കുന്നത്.
സ്വപ്നതുല്യമായ ലോകമെന്നാണ് പുറമേ പറയുക. ആധുനികതയുടെ തുടക്കത്തിലെ യൂറോപ്പില്‍ ഇതിന് ഉട്ടോപ്യന്‍ എന്നൊക്കെയാണ് പേര്. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത, കാല്പനികതയുടെ സൗന്ദര്യവും സൈദ്ധാന്തികതയും തോന്നിക്കുന്ന ആഭാസം. അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കാന്‍ കഴിയുന്ന അവസ്ഥയെന്നൊക്കെ ആരാധകരാല്‍ ലളിതമായി മലയാളത്തില്‍ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. വലിയൊരു ടെക്സ്റ്റൈല്‍ ഫാക്ടറി ശ്രൃംഖലയുടെ ഉടമയുടെ മകനായി ജനിച്ച ഏംഗല്‍സ് എന്ന ജര്മ്മന്കാരന് രൂപപ്പെടുത്തി കാള്‍ മാര്‍ക്സിന്റേതെന്ന പേരിലറിയപ്പെടുന്ന പ്രത്യയശാസ്ത്രമാണ് ഇതിന്റെ അടിസ്ഥാനമെന്നാണ് കമ്മ്യൂക്രാറ്റുകള്‍ അവകാശപ്പെടുന്നത്. വാഴ്ത്തുപാട്ടുകാര്‍ പലതും വ്യാഖ്യാനിക്കുന്നുണ്ടെങ്കിലും പ്രയോഗത്തില്‍ ഇന്നേവരെ മനുഷ്യവംശം കണ്ടിട്ടുള്ളതില്‍ ഏറ്റവും അപകടകരവും ക്രൂരവുമായ ഭരണ സംവിധാനമെന്ന് നിസ്സംശയം പറയാം.
കമ്മ്യൂക്രസി വലിയ ശബ്ദഘോഷത്തോടെ നിലവില്‍വന്ന ചൈനയിലെ ടിയാന്-അന്‍മിന്‍ ചത്വരത്തില്‍ ചതഞ്ഞരഞ്ഞുപോയ വിദ്യാര്‍ത്ഥികളുടെ നിഷ്കളങ്ക ആത്മാക്കളോട് ചോദിച്ചാല്‍ വ്യക്തമായ ഉത്തരംകിട്ടും. സഹിക്കവയ്യാതായപ്പോള്‍ സ്വയമവസാനിപ്പിച്ച സോവിയറ്റ് യൂണിയനില്‍ കൊലചെയ്യപ്പെട്ട കോടിക്കണക്കിന് ജനങ്ങളുടെ പിന്മുറക്കാരോടു ചോദിച്ചാലും കിട്ടും ഉത്തരം. തലയോട്ടികള്‍ക്കു മുകളിലിരുന്ന് ഭരണം നടത്തിയ കംബോഡിയന്‍ കമ്മ്യൂക്രാറ്റ് ഭരണാധികാരി നടപ്പിലാക്കിയ കമ്പോഡിയന്‍ ജനോസൈഡ് എന്ന ഓമനപ്പേരിട്ടു ചരിത്രം വിളിക്കുന്ന നാലുവര്‍ഷത്തിനിടയിലെ കൂട്ടക്കൊലയില്‍ പൊലിഞ്ഞുപോയത് ഇരുപതുലക്ഷത്തിലധികം മനുഷ്യജീവനാണെന്നാണ് കണക്ക്. കംബോഡിയയിലെ മൊത്തം ജനസംഖ്യയുടെ ഇരുപത്തിനാല് ശതമാനംവരുന്ന ജനതയെയാണ് കശാപ്പുചെയ്തത്. കമ്മ്യൂക്രസി ലോകത്തെവിടെയും വിപ്ലവമെന്ന് അവര്‍മാത്രം ഓമനപ്പേരിട്ടുവിളിക്കുന്ന കൂട്ടക്കൊലയിലൂടെയാണ് അധികാരമേറിയിട്ടുള്ളത്. ഒരു വിരോധാഭാസം നമ്മുടെ കുഞ്ഞു കേരളമാണ്.
കമ്മ്യൂക്രസി സ്രവിപ്പിക്കുന്ന കൂട്ടക്കൊലയുടെ രേതസ്സിന്റെ ഗന്ധം അതിനടിമയായവര്‍ മനസ്സിലാക്കുമ്പോഴേയ്ക്കും അവരെ കൊന്നുകളയുമെന്നതിനാല്‍ ആ ഭീകര യാഥാര്‍ത്ഥ്യത്തെ കാല്പനികതയുടെ സംഗീതം ശ്രവിപ്പിച്ച് മറച്ചുപിടിക്കാനവര്‍ക്കു കഴിയുന്നുവെന്നത് ഉള്‍ക്കിടിലമുണ്ടാക്കുന്നതാണ്. ഈയിടെ തൃശൂരില്‍ നടന്നൊരു അദ്ധ്യാപക പരിശീലന പരിപാടിയില്‍ ഇന്ത്യയിലും അയല്‍രാജ്യങ്ങളിലും നിലനില്‍ക്കുന്ന ഭരണവ്യവസ്ഥകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തേണ്ടതെങ്ങനെയെന്ന് ചര്‍ച്ച നടന്നപ്പോള്‍ ചൈനയില്‍ നിലനില്‍ക്കുന്ന ഭരണവ്യവസ്ഥയുടെ പേരെന്തെന്ന ചോദ്യമുയര്‍ന്നു. ഉത്തരമുണ്ടായില്ല. കമ്മ്യൂക്രസിയെന്ന പേരു പറയാന്‍ അദ്ധ്യാപകര്‍ ഭയക്കുന്നതാകും കാരണം. ചൈനയില്‍ മാവോ നടപ്പിലാക്കിയ, അദ്ധ്യാപകരെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും കശാപ്പുചെയ്യുകയോ, ചങ്ങലയ്ക്കിട്ട് പണിക്കളത്തിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടുപോവുകയോ ചെയ്ത ക്രൂരതയ്ക്ക് സാംസ്കാരിക വിപ്ലവമെന്നാണല്ലോ പേരുനല്‍കിയത്! സാംസ്കാരിക വിപ്ലവം, നവോത്ഥാനം തുടങ്ങിയ പേരുകളൊക്കെ സമീപകാലത്ത് ഉയര്‍ന്നുവരുന്നതുകണ്ട് ചരിത്രബോധത്തില്‍നിന്നുമുയിര്‍ക്കൊണ്ട ഭയമാകും കാരണം.
വൈദേശികാധിപത്യം ഏറെ സാംസ്കാരികാധിനിവേശം നടത്തിയ കേരള സമൂഹത്തില്‍ കമ്മ്യൂക്രസിയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കുക എളുപ്പമാണെന്ന തിരിച്ചറിവിലായിരിക്കും ചരിത്രത്തെ തിരുത്തിയെഴുതിയും, കലയുടെയും സാഹിത്യത്തിന്റെയും നാടകത്തിന്റെയും സംഗീതത്തിന്റെയും മേലങ്കിയണിഞ്ഞും കേരളജനതയുടെ മനസ്സിനെയവര്‍ കബളിപ്പിച്ചത്. ലോകത്തിലാദ്യമായി കമ്മ്യൂക്രസി ബാലറ്റിലൂടെ അധികാരത്തിലെത്തിയ പ്രദേശമെന്നാണല്ലോ കേരളം അറിയപ്പെടുന്നത്. പക്ഷെ എന്തൊക്കെ കൃത്രിമം കാണിച്ചാലും കുടിലത കാണിച്ചാലും ജനാധിപത്യത്തിന്റെ ശക്തിയെ പ്രതിരോധിക്കാനവര്‍ക്ക് സാധിക്കാതെപോയതിനാല്‍ ഒരു തുടര്‍ഭരണം സാധ്യമാകാത്തതുകൊണ്ട് കമ്മ്യൂക്രസിയുടെ പൂര്‍ണ്ണഭാവം കൈവരിക്കാനിവിടെയിതുവരെ സാധിച്ചിട്ടില്ല. കമ്മ്യൂക്രസിയുടെ മൃദു അരികുകളില്‍ത്തട്ടി ജീവന് പൊലിഞ്ഞുപോയ നിരവധി മനുഷ്യര്‍ ഇവിടെയുണ്ടായിട്ടുണ്ട്. ഇപ്പോഴും തുടരുന്നുമുണ്ട്. അഞ്ചുവര്‍ഷങ്ങളുടെ ഇടവേളകളില്‍ മാറിമാറി ഭരണം കൈയ്യാളുന്നതിനാലും തീവ്ര കമ്മ്യൂക്രാറ്റുകളോടൊപ്പം അധികാരക്കൊതികൊണ്ടുമാത്രം കൂട്ടുമുന്നണിയില്‍ നില്ക്കുന്ന ചെറുപാര്‍ട്ടികളുടെ സാന്നിദ്ധ്യം കൊണ്ടുമായിരിക്കണം കേരളമൊരു കംബോഡിയയാകാതിരുന്നതും ജനസംഖ്യയുടെ ഇരുപത്തിയഞ്ചുശതമാനമൊന്നും ഇവിടെ കൂട്ടക്കൊലചെയ്യപ്പെടാതിരിക്കുന്നതും.
തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ വര്‍ഷങ്ങളായി കുട്ടിക്കമ്മ്യൂക്രാറ്റുകള്‍ തുടര്‍ഭരണം നടത്തിവരികയാണ്. മറ്റ് സംഘടനകളെ അടുപ്പിക്കാതിരിക്കാനും എതിര് ശബ്ദങ്ങളെ ഇല്ലായ്മചെയ്യാനും ജനിതകത്തിലുള്ള അക്രമംതന്നെ ആയുധമാക്കി അവര്‍ ഭരിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് അവിടുത്തെ കുട്ടികളുടെ വെളിപ്പെടുത്തലില്‍നിന്നു മനസ്സിലാകുന്നത്. ക്ലാസ് മുറികളൊക്കെ ആയുധപ്പുരകളാണത്രേ! കേരളത്തിലിന്ന് ലഭ്യമായ ആയുധങ്ങളെല്ലാം ആ കലാലയാങ്കണത്തില്‍ ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ടെന്നാണ് അവരില്‍ത്തന്നെ പെട്ടൊരു വിദ്യാര്‍ത്ഥി മാധ്യമമൈക്കിനുമുന്നില്‍ വിളിച്ചുപറഞ്ഞത്. കമ്മ്യൂക്രസിയുടെ സ്രവം പരക്കുന്നത് ഞെട്ടലോടെയറിഞ്ഞ സ്വന്തം സംഘടനയിലെ വിദ്യാര്‍ത്ഥിയുടെ നെഞ്ചിലേക്ക് കൊലക്കത്തിയാഴ്ത്തിക്കൊണ്ടാണ് കലാലയത്തിലെ കമ്മ്യൂക്രസിയുടെ തുടര്‍ഭരണത്തിന്റെ ലഹരിയില്‍ കുട്ടിക്കമ്മ്യൂക്രാറ്റുകള്‍ കേരളീയ പൊതുസമൂഹത്തിനുമുന്നില്‍ ഭീഷണിമുഴക്കിയത്. ഒപ്പം ഇത് ഞങ്ങളുടെ നേതാവ് ഭരിക്കുന്ന കേരളമാണെന്ന് ഓര്‍ത്തുകൊള്ളണമെന്ന ഭീഷണിയും.
ഡെമോക്രസിയില്‍ ഇപ്പോഴും വിശ്വാസമുള്ളതുകൊണ്ടും അത് തങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷകൊണ്ടും പീഡനങ്ങള്‍ സഹിക്കവയ്യാത്തതുകൊണ്ടുമായിരിക്കും വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നുപറച്ചില്‍ നടത്തിയതും പ്രതിഷേധ മാര്‍ച്ചു നടത്തിയതുമൊക്കെ. ഇതുപോലെ പ്രതിഷേധസ്വരമുയര്‍ത്തിയ ചൈനയിലെ വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ ടാങ്കുകളുരുട്ടിയതുപോലെ യൂണിവേഴ്സിറ്റി കോളേജിന്റെ മുറ്റത്തേക്കും കമ്മ്യൂക്രസിയുടെ ഇന്നോവകള്‍ ഇരച്ചുകയറുമോയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ഇപ്പോഴും ഡെമോക്രസിക്ക് പൂര്‍ണ്ണമായും വേരറ്റിട്ടില്ലാത്ത, കമ്മ്യൂക്രസി പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ലാത്ത നമ്മുടെ കൊച്ചുകേരളത്തില്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് നമുക്ക് ആശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: