ഏതൊരു ഭാരതീയന്റേയും ചിരകാല അഭിലാഷമാണ് ഹിമാലയ, കൈലാസ ദര്‍ശനം. ഇതിഹാസ- പുരാണങ്ങള്‍ നമ്മുടെ അകതാരില്‍ കോരിയിട്ട സ്ഫുരണങ്ങള്‍ മഹാകവി കാളിദാസന്റെ ഭാവാത്മകമായ വര്‍ണ്ണനകള്‍കൊണ്ട് ഏറെ ദീപ്തമായി. എങ്കിലും ഇതെല്ലാം ഉണ്മയാണോ എന്ന സന്ദേഹം ഇല്ലാതിരുന്നില്ല. പിന്നീട് തപോവന സ്വാമിയുടെ മഹദ് ഗ്രന്ഥങ്ങളായ ഹിമഗിരി വിഹാരവും കൈലാസ യാത്രയും ഇതിലേക്ക് വെളിച്ചം വീശി. ഒരു ആത്മീയ സാധകന്റെ അനുഭവ സാക്ഷ്യങ്ങള്‍ ജ്ഞാന ചക്ഷുസ്സുകളിലൂടെ ദര്ശനസംഹിതകളായി പകര്‍ന്നു തരികയാണ് സ്വാമിജി ചെയ്തത്. പിന്നീട് ആ കര്‍ത്തവ്യം ഏറ്റെടുത്തത് എം.കെ. രാമചന്ദ്രനായിരുന്നു. കൈരളിയെ ഇത്രയും സ്വാധീനിച്ച ഹിമാലയ സഞ്ചാര സാഹിത്യ ഗ്രന്ഥം ഇല്ലെന്നുതന്നെ പറയാം. പഞ്ചകൈലാസങ്ങള്‍ കണ്ടുതീര്‍ത്ത രാമചന്ദ്രന്റേയും, പ്രശസ്ത നിരൂപകന് ആഷാ മേനോന്റേയും അകമഴിഞ്ഞ പ്രോത്സാഹനം ഒന്നുകൊണ്ടുമാത്രമാണ് പല യാത്രകളും എനിക്ക് യാഥാര്‍ത്ഥ്യമായത്.
ബദരീനാഥന്റെ തപോഭൂമിയില്‍
2012-ലാണ് ആദ്യമായി ചതുര്‍ധാമ യാത്രയിലൂടെ അനുഭവഗോചരമായ ഹിമവദ് പ്രഭാവം എന്നെ ഹഠാദാകര്‍ഷിക്കുന്നത്. പിന്നീട് നിരന്തരം യാത്രകളായിരുന്നു. 2013-ല്‍ ഉത്തരാഖണ്ഡ് വഴി കൈലാസ യാത്രയ്ക്ക് പ്രവേശനം കിട്ടിയെങ്കിലും മഹാപ്രളയത്തിന്റെ അനുരണനങ്ങളാല്‍ അധികൃതര്‍ അവസാന നിമിഷം യാത്ര മാറ്റിവച്ചു. പക്ഷേ ഹിമാലയ യാത്രകള്‍ പൂര്‍ത്തീകരിക്കണമല്ലോ. വിഭുവിന്റെ വിളി ഉണ്ടെങ്കില്‍ മാത്രമായിരിക്കും നാം അവിടെ ചെന്നെത്തുക. 2013-ല്‍ മാറ്റിവച്ച യാത്ര 2014-ല്‍ നാലാം ബാച്ചിലാണ് പൂര്‍ത്തീകരിച്ചത്. കുമയൂണിന്റെ വശ്യ സൗന്ദര്യം നുകര്‍ന്ന്, കാളി നദിയുടെ രൗദ്ര താളത്തിനൊത്ത്, ഭയചകിതനാകാതെ ബാദരായണ മുനിയുടെ തപോഭൂമിയിലൂടെ ഒരു യാത്ര.
ഓരോ യാത്രയും പ്രയാണിയെ കൂടുതല്‍ വിനയാന്വിതനാക്കുകയാണ്. വിനയാന്വിതനാവാതെ ഈ യാത്രകള്‍ പൂര്‍ത്തീകരിക്കുക അസാധ്യം. 250-ല്‍ അധികം കിലോമീറ്റര്‍ കാല്‍നടയായി പ്രകൃതിയുടെ മഴയായും വെയിലായും കാറ്റായും മഞ്ഞായുമുള്ള ഭാവവ്യത്യാസങ്ങളില്‍ ചകിതനാകാതെ, പഞ്ചാക്ഷരി മന്ത്രം ഉരുവിട്ടുകൊണ്ട്, പ്രപഞ്ച മാതാപിതാക്കളായ പാര്‍വതീ പരമേശ്വരന്മാരുടെ സവിധത്തിലേക്ക് ഒരു യാത്ര. ദാര്‍ച്ചുലയിലെ നാരായണ ആശ്രമത്തില്‍ തുടങ്ങി സിര്‍ക്ക, ഗാല, ബുധി, ഗുന്ജി, കാലാപാനി വഴി നഭിധാങ്ങില്‍ എത്തി ഓം പര്‍വ്വത ദര്‍ശനത്തിനുശേഷം പുലര്‍ച്ചെ ഒരു മണിക്ക് യാത്ര തുടങ്ങി. തണുത്തുറയുന്ന കാലാവസ്ഥയില്‍ തെന്നി നീങ്ങുന്ന ഹിമാനികളിലൂടെ ലിപുലേഖ് പാസ് കടന്ന് ചൈനീസ് അധിനിവേശ ടിബറ്റ് എന്ന ത്രിവിഷ്ടപത്തിലെത്തി കൈലാസ ചരണങ്ങളില്‍ ആനന്ദാശ്രുക്കള്‍ തൂകി, മാനസരോവറില്‍ സ്നാനം ചെയ്ത് അന്തഃകരണം വിമലീകരിച്ചു. കൈലാസ പ്രദക്ഷിണം നടത്തി ആ ചരണങ്ങളില്‍ സാഷ്ടാംഗ പ്രണാമം അര്‍പ്പിക്കുമ്പോള്‍ നാം കൃതകൃത്യരായിരിക്കും.
കിന്നരകൈലാസത്തിലേക്ക്
കൈലാസ യാത്രകൂടി ചെയ്തു കഴിഞ്ഞപ്പോള്‍ ഹിമാലയം ഒരു ഹരമായി. 2015-ല്‍ ചിങ്ങമാസത്തില്‍ കിന്നര കൈലാസത്തിലേക്കായിരുന്നു യാത്ര. ഹിമാചല്‍ പ്രദേശിലെ കിന്നര ഗ്രാമത്തിലെ റിക്കോങ്പ്പിയോ ആണ് ബേസ് ക്യാമ്പ്. അവിടെനിന്ന് ടങ്ളിങ്ങില് എത്തി കാല്‍നടയായി യാത്ര തുടരണം. 30 കിലോമീറ്റര്‍ അതികഠിനവും ചെങ്കുത്തായതും ഹിമാനികള്‍ ഏറെ ഉള്ളതുമായ യാത്രാ പഥങ്ങള്‍. പലപ്പോഴും നിശ്ചിതമായ പഥങ്ങള്‍ ഉണ്ടോയെന്നുതന്നെ സംശയം. 19850 അടി ഉയരത്തില്‍ മേഘമാലകളോട് ഉരുമ്മി നില്ക്കുന്ന 80 അടിയോളം വരുന്ന സ്വയംഭൂ ശിവലിംഗം യാത്രിയുടെ സകലമാന പരവശതകള്ക്കും സാന്ത്വനമേകും. അനന്തതയിലേക്ക് തുറന്നിട്ട വാതായനങ്ങള്‍ പോലെ നാം ഹിമവാന് എന്ന വിസ്മയത്തിനു മുന്നില്‍ നതമസ്തകര്‍ ആവും, തീര്‍ച്ച.
മഹാഭാരതം ഏതൊരു ഭാരതീയന്റേയും അഭിമാനമാണ്. വെറുതെയല്ല വ്യാസമുനി പറഞ്ഞത് ”യദിഹാസ്തി തദന്യത്ര യന്നേഹാസ്തി ന തദ് ക്വചിത.്” ഇതിലുള്ളത് മറ്റു പലതിലും കണ്ടേക്കാം. എന്നാല്‍ ഇതിലില്ലാത്തത് മറ്റൊരിടത്തും കാണുകയുമില്ല എന്നര്‍ത്ഥം. നിരവധി തത്ത്വസംഹിതകളുടെ ഭണ്ഡാഗാരമാണ് മഹാഭാരതം. അമൂല്യങ്ങളായ പഞ്ചമഹാരത്നങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന അനുഗീത, വിദുരവാക്യം, സനല്‍സുജാതീയം, വിഷ്ണുസഹസ്രനാമം, ഭഗവദ്ഗീത എന്നിവ മനുഷ്യരാശിക്ക് ആത്മസാക്ഷാത്കാരത്തിനുള്ള ഉപാധിയും ഉപദേശ സഹസ്രങ്ങളുമാണ്. ശന്തനു മുതല്‍ ജനമേജയന് വരെയുള്ള മഹാരഥന്മാരുടെ 250 വര്‍ഷത്തെ ചരിത്രമാണ് മഹാഭാരതത്തില്‍ പ്രതിപാദിച്ചിട്ടിള്ളത്. യുദ്ധം അവസാനിച്ചപ്പോള്‍ കൗരവരുടെ പതിനൊന്ന് അക്ഷൗഹിണിയില്‍ അവശേഷിച്ചത് കൃപര്‍, കൃതകര്‍മ്മാവ്, അശ്വത്ഥാമാവ് എന്നിവര്‍. പാണ്ഡവരുടെ ഏഴ് അക്ഷൗഹിണിയില്‍ പഞ്ചപാണ്ഡവര്ക്കു പുറമെ കൃഷ്ണനും സാത്യകിയും യുയുത്സുവും മാത്രം.
സത്യത്തില്‍ എന്താണ് യുദ്ധത്തിന്റെ പരിസമാപ്തി? രാജ്യം നേടി എന്നുപറയുമ്പോഴും പ്രിയപ്പെട്ട മക്കളുടെയും ബന്ധുജനങ്ങളുടേയും ദേഹവിയോഗവും, എന്നെന്നേക്കുമായി നഷ്ടപ്പെട്ട മനഃശാന്തിയും. യുദ്ധം ഒരിക്കലും ഒന്നിനും ശാശ്വത പരിഹാരത്തിനുള്ള ഉപാധിയല്ല എന്ന തത്ത്വമാണ് വ്യാസന് ഉപദേശിക്കുന്നത്. ധര്‍മ്മം അനുഷ്ഠിക്കുക, ധര്‍മ്മത്തെ രക്ഷിക്കുന്നവനെ ധര്‍മ്മം തന്നെ രക്ഷിക്കും എന്നാണ് മഹാഭാരതത്തില്‍ നിന്ന് നമ്മള് ജീവിതത്തിലേക്ക് പകര്‍ത്തേണ്ടത്.
നിമ്നോന്നത പഥങ്ങളിലൂടെ
ഏറെ പ്രതീക്ഷിച്ച യുദ്ധാനന്തരം ജീവിതം കൂടുതല്‍ ദുസ്സഹമാവുകയും, ശാപം ഗ്രഹിച്ച വൃഷ്ണി കുലത്തിന്റെ നാശവും സന്തതസഹചാരിയായ ശ്രീകൃഷ്ണന്റെ ദേഹത്യാഗവും മൂലം സംജാതമായ വര്‍ധിത വിരക്തിയാല്‍ മഹാപ്രസ്ഥാനത്തിനു തുനിഞ്ഞ പാണ്ഡവരുടെ ഉച്ഛനിശ്വാസങ്ങള്‍ തളംകെട്ടി നില്ക്കുന്ന മഹാപ്രസ്ഥാന പഥങ്ങളിലൂടെ സതോപന്ത്-സ്വര്ഗ്ഗാരോഹിണിയിലേക്ക് മാതലിയുടെ രത്നഖചിതമായ തേരിന്റെ ഇരമ്പങ്ങള്‍ക്ക് കാതോര്‍ത്ത് ഒരു യാത്ര. 2016-ല്‍ വീണ്ടും ചിങ്ങമാസത്തില്‍, ബദരീനാഥില്‍ നാരായണനെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങി നരനാരായണ പര്‍വതങ്ങളെ വന്ദിച്ച്, സരസ്വതിയേയും വ്യാസനേയും ഗണപതിയേയും വണങ്ങി, വസുര്ധാരയുടേയും സഹസ്രധാരയുടേയും തൈര്ത്ഥിക പ്രവാഹങ്ങളാല്‍ വിമലരായി, സതോപന്ത് തടാകത്തില്‍ സ്നാനം ചെയ്ത് ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ സമചിത്തതയോടെ ഏറ്റുവാങ്ങി വൈരാഗ്യത്തോടെ ഒരു യാത്ര.
കനിഷ്ഠ പാണ്ഡവരും പ്രാണപ്രേയസിയും ഓരോരുത്തരായി മാര്‍ഗ്ഗമദ്ധ്യേ പതിച്ച് അന്ത്യശ്വാസം വലിക്കുമ്പോഴും എല്ലാം മുന്‍കൂട്ടി കണ്ട് സകലമാന പരീക്ഷണങ്ങളേയും ബുദ്ധി, യുക്തിപൂര്‍വ്വം നേരിട്ട് പ്രഥമ പാണ്ഡവന് ഉടലോടെ സ്വര്‍ലോകം പൂകുന്നു. സാധാരണ മനുഷ്യര്‍ക്ക് ഇതില്‍നിന്നും ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനുണ്ട്. ബദരീനാഥ് ക്ഷേത്രത്തില്‍നിന്നും 35 കിലോമീറ്റര്‍ നിമ്നോന്നതങ്ങളായ പഥങ്ങളിലൂടെ കാല്‍നടയായി വേണം ഈ യാത്ര പൂര്‍ത്തീകരിക്കുവാന്‍. യാത്രാവേളയില്‍ യാതൊരുവിധ സൗകര്യങ്ങളും ലഭ്യമല്ലാത്തതിനാല്‍ അതിനുള്ള സജ്ജീകരണങ്ങള്‍ കൂടി നാം തേടേണ്ടതുണ്ട്.
രണ്ട് കൈലാസങ്ങള്‍ തേടി
2017-ല്‍ രണ്ടു കൈലാസ യാത്രകള്‍ നടത്തുവാന്‍ കഴിഞ്ഞു. ഹിമാചല്‍ പ്രദേശിലുള്ള മണിമഹേഷ് കൈലാസവും ത്രിഖണ്ഡ മഹാദേവ് കൈലാസവും. ജന്മാഷ്ടമി വേളയില്‍ ശ്രീശങ്കരന്റേയും ശ്രീകൃഷ്ണന്റേയും സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ തദ്ദേശീയര്‍ മണിമഹേഷില്‍ ഒത്തുകൂടുക പതിവുണ്ട്. യാത്രികരുടെ ബാഹുല്യം ഒഴിവാക്കുവാനായി മേയ് മാസത്തിലാണ് ഈ യാത്ര സംഘടിപ്പിച്ചത്. റോഡ് മാര്‍ഗ്ഗം ചമ്പയിലെത്തി, ബ്രഹ്മോര്‍ വഴി ബേസ് ക്യാമ്പായ ഹഡ്സറില്‍ എത്തിച്ചേര്‍ന്ന് 17 കിലോ മീറ്ററോളം ദുര്‍ഘടമായ പഥങ്ങളിലൂടെ കാല്‍നടയായി യാത്ര ചെയ്യേണ്ടതുണ്ട്. പ്രകൃതിയുടെ പരീക്ഷണങ്ങള്‍ മഴയായും കനത്ത മഞ്ഞുവീഴ്ചയായും പലപ്പോഴും തരണം ചെയ്യേണ്ടിവന്നു. എല്ലാ പരീക്ഷണങ്ങളും നേരിട്ട് കൈലാസ ദര്‍ശനം എന്ന അവാച്യമായ അനുഭൂതി നമ്മെ മുഗ്ദ്ധമാനസരാക്കും.
ജൂലൈ മാസത്തിലാണ് ശ്രീഖണ്ഡമഹാദേവ കൈലാസത്തിലേക്കുള്ള യാത്ര പതിവ്. ഏതാണ്ട് ജൂലൈ മദ്ധ്യത്തോടുകൂടി മാത്രമേ ഈ യാത്ര സാധ്യമാകുകയുള്ളൂ. പഞ്ചകൈലാസങ്ങളില്‍ ഏറെ കാഠിന്യമേറിയതും, സന്ദിഗ്ദ്ധ ഘട്ടങ്ങള്‍ യാത്രിയുടെ മനോബലത്തെ പലപ്പോഴായി പരീക്ഷിക്കുകയും ചെയ്യും ഈ യാത്ര. ഹിമാചലിലെ കുളു ജില്ലയിലാണ് ഈ കൈലാസം സ്ഥിതിചെയ്യുന്നത്. രാംപുര്‍ വഴി ജാവും ഗ്രാമത്തിലെത്തി യാത്രയുടെ ബേസ് ക്യാമ്പായ സിംഗാഡില്‍ എത്തിച്ചേരണം.
കൈലാസ് സേവാ സമിതിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ നല്കുന്ന സേവനങ്ങള്‍ യാത്രാവേളയില്‍ ഏറെ അനുഗ്രഹമാണ്. ഹിമാലയത്തിന്റെ വശ്യസൗന്ദര്യവും ധ്യാനനിമീലരായ ദേവദാരു വൃക്ഷങ്ങളും വര്‍ണാഭമായ പുല്‍മേടുകളും അംബരചുംബികളായ ഹിമശൃംഗങ്ങളും എല്ലാം നമ്മെ ഏറെ പ്രസന്നചിത്തരാക്കും. ഭസ്മാസുരനെ ഭയന്ന് സമാധിയില്‍ പ്രവേശിച്ച രൂപത്തിലാണ് പരമശിവന് ശിവിലംഗത്തില് കുടികൊള്ളുന്നത്. ആ ദര്‍ശനം നേടുവാനായി നാം ഏറെ ശ്രമപ്പെടേണ്ടതുണ്ട്.
ക്ഷമയുടേയും സഹനത്തിന്റേയും ഉത്തുംഗശ്രേണിയില്‍ നാം ചകിതരാകാതെ സശ്രദ്ധം ഹിമാനികളേയും വീശിയടിക്കുന്ന ഹിമക്കാറ്റിനേയും നേര്‍ത്തുവരുന്ന പ്രാണവായുവിനേയും പ്രതിരോധിക്കേണ്ടതുണ്ട്. യാത്രയുടെ അപ്രതീക്ഷിതമായ ഒറ്റപ്പെടലില്‍ ഡോക്ടറായും നാഗബാബയായും ശൂലമേന്തിയ അപരിചിതനായ പ്രയാണിയായും എന്നെ അവിശ്വസനീയമായി ആ ശക്തി പിന്തുടര്ന്നിരുന്നു. ഈ പ്രത്യക്ഷങ്ങളാണ് യാത്രയുടെ വരദാനങ്ങള്‍. 19000 അടി ഉയരത്തില്‍ ഹിമശൃംഗങ്ങള്‍ക്ക് നടുവില്‍ ഹിമകണം പുരളാത്ത 80 അടിയോളമുള്ള ശിവലിംഗം നമ്മെ അകതാരില്‍ ദര്ശിക്കുന്നുണ്ടാവും. ആ ദര്‍ശനം മാത്രം മതി ഏതൊരു യാത്രികനേയും ആനന്ദപുളകിതനാക്കാന്.
പഞ്ചകൈലാസ ദര്‍ശനം
പഞ്ചകൈലാസം പൂര്‍ത്തീകരിക്കാന്‍ 2018-ല്‍ ശ്രമിച്ചപ്പോള്‍ വിധാതാവ് മറിച്ചാണ് ചിന്തിച്ചത്. കേരളത്തില്‍ വന്‍ നാശം വിതച്ച മഹാപ്രളയത്തിന്റെ ഉപധ്വനികള് അങ്ങ് ഹിമാലയത്തിലും അലയടിച്ചതിനാല്‍ ആദികൈലാസ യാത്ര അധികൃതര്‍ മാറ്റിവച്ചു. യാത്ര മാറ്റിവച്ചപ്പോള്‍ കുമയൂണ്‍ ഹിമാലയം വിട്ട് താരതമ്യേന ആപല്‍ശങ്കകള്‍ അകന്ന ഗഡ്വാള് ഹിമാലയത്തിലെ പഞ്ചകേദാരങ്ങളിലേക്ക് യാത്രയെ മാറ്റി പ്രതിഷ്ഠിച്ചു. കേദാര്‍നാഥ്, മദ്ധ്യമഹേശ്വര്‍, തുംഗനാഥ്, രുദ്രനാഥ്, കല്പേശ്വര് എന്നിവയാണ് പഞ്ചകേദാരങ്ങള്. 124 കിലോ മീറ്ററോളം ഗഡ്വാള് ഹിമാലയത്തിന്റെ മുഗ്ദ്ധ സൗന്ദര്യം നുകര്‍ന്ന് ഒരു യാത്ര. മൂര്‍ത്തിയില്‍നിന്ന് മൂര്ത്തിയില്ലായ്മ എന്ന സങ്കല്പത്തിലേക്ക്, പഞ്ചഭൂതത്തില്‍ അധിഷ്ഠിതമായ വിരാട് സങ്കല്പത്തിലേക്ക് ഈ യാത്രയുമായി താദാത്മ്യം പ്രാപിച്ച് ശിവോഹം എന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കും. വൃകോദരന്റെ ബാഹുക്കളിലമര്ന്ന ഋഷഭേശ്വരന്റെ ശരീരഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ട ഈ പഞ്ചകേദാരങ്ങള് നമ്മെ ധ്യാനനിമീലിതരാക്കും.
2019-ലാണ് ഏറെ ആഗ്രഹിച്ച പഞ്ച കൈലാസദര്‍ശനം ആദികൈലാസത്തിലൂടെ പൂര്‍ത്തിയാവുന്നത്. ഈ യാത്രാപഥങ്ങള്‍ കൈലാസ-മാനസരോവര യാത്രാവീഥിയിലൂടെ തന്നെയാണ്. ലിപുലേഖ് ചുരം കടന്ന് ടിബറ്റിലേക്ക് പ്രവേശിക്കേണ്ട എന്നുമാത്രം. ഗുന്ജിയില്നിന്ന് കുന്തി ദേവിയുടെ ജന്മസ്ഥലമായ നയനമനോഹരമായ കുടി ഗ്രാമത്തിലൂടെ ജോലിങ്കോങ്ങിലെത്തി. ഉത്തുംഗമായ, ഹിമാച്ഛാദിതമായ ആദികൈലാസ ദര്‍ശനം ഏറെ ആനന്ദമയവും, നമ്മുടെ ആന്തരികമായ ചേതനയെ ഏറെ പ്രദീപ്തമാക്കുവാന് സഹായകവുമാണ്. അതിനായി 174 കി. മീറ്ററോളം ദുസ്തരമായ പഥങ്ങളിലൂടെ ചരിക്കേണ്ടതുണ്ട്.
തത്ത്വദീക്ഷയില്ലാത്ത തീര്‍ത്ഥാടനങ്ങളും മറ്റു യാത്രകളും രാജ്യസുരക്ഷ എന്ന വര്‍ധിച്ചുവരുന്ന ഭീഷണി മൂലം നാം ഹിമാലയത്തില്‍ ഏല്പ്പിച്ചുവരുന്ന ആഘാതങ്ങള്‍ ചില്ലറയല്ല. വലിയ ഡൈനാമിറ്റ് വച്ച് തകര്‍ത്ത് പാതകള്‍ നിര്‍മിക്കുമ്പോഴും, അനിയന്ത്രിതമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വ്യാപ്തിയും, കാലാവസ്ഥാ വ്യതിയാനത്താല്‍ ഏറിവരുന്ന താപവും ഹിമാലയത്തിന്റെ ആവാസ വ്യവസ്ഥയേയും അതിലോലമായ ഘടനയേയും തിരിച്ചുവരാനാവാത്തവിധം നാശത്തിലേക്കാണ് തള്ളിവിടുന്നത്. ഇത് സര്‍വ്വനാശത്തിലേക്കുള്ള വഴി തുറക്കുകയല്ലേ? ഈ നില തുടര്‍ന്നാല്‍ വരുംതലമുറ നമ്മെ ശപിക്കാതിരിക്കില്ല. എനിക്കുശേഷം പ്രളയം എന്ന മനഃസ്ഥിതി മാറ്റി ഉണര്‍ന്നു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പണക്കൊഴുപ്പും മോടിയും കാട്ടാനുള്ള വേദിയല്ല ഹിമാലയം. ഈ പുണ്യഭൂമിയുടെ പാവനതയും അസ്തിത്വവും കാത്തുസൂക്ഷിക്കുക എന്ന അപേക്ഷ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: