ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു. കെ.സുധാകര്‍, എം.ടി.ബി.നാഗരാജ് എന്നിവരാണ് വൈകിട്ട് സ്പീക്കറെ നേരിട്ടുകണ്ട് രാജി സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരും.
നേരത്തെ രാജിവച്ച വിമത എംഎല്‍എമാരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് പതിനെട്ടടവും പയറ്റുന്നതിനിടെയാണ് രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചത്. എന്നാല്‍ എല്ലാവരുടെയും രാജിയുടെ കാര്യത്തില്‍ 17ന് തീരുമാനമെടുക്കുമെന്നാണ് സ്പീക്കറുടെ നിലപാട്. നിയമവശങ്ങള്‍ നോക്കാതെ ഒന്നും ചെയ്യാനാകില്ലെന്നും സ്പീക്കര്‍ രമേഷ്കുമാര്‍ പറഞ്ഞു.
ആദ്യം രാജിവച്ചവരെ തിരികെയെത്തിക്കാന്‍ സ്പീക്കറെ കരുവാക്കിയുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടു. ഇതോടെ സഖ്യസര്‍ക്കാരിന്റെ ഭാവി ഇനി ഗവര്‍ണര്‍ തീരുമാനിക്കുമെന്ന് അവസ്ഥയിലായി. വിമതരുടെ രാജി സ്വീകരിക്കാതെ സര്‍ക്കാരിന് അനുനയ നീക്കങ്ങള്‍ നടത്താനുള്ള അവസരമൊരുക്കിയ സ്പീക്കറും പുലിവാല് പിടിച്ചിരിക്കുകയാണ്. അഞ്ചുപേരുടെ രാജി മാത്രം സ്വീകരിച്ച സ്പീക്കര്‍ മറ്റുള്ളവരോട് നേരിട്ടെത്താന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മുംബൈയിലുള്ള എംഎല്‍എമാര്‍ അവരുടെ രാജികള്‍ സ്പീഡ് പോസ്റ്റ് വഴി ബെംഗളൂരുവിലേക്ക് അയക്കുകയും വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനത്തിലൂടെ സ്പീക്കറോട് സംസാരിക്കുകയും ചെയ്തു. അതിനിടെ വിമതരെ അനുനയിപ്പിക്കാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ മഹാരാഷ്ട്രാ പോലീസ് തടഞ്ഞു.
ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഹോട്ടലിന് സമീപത്ത് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. ഇത് ലംഘിച്ച് ഇവിടെ തുടര്‍ന്ന ശിവകുമാറിനെ പിന്നീട് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഭൂരിപക്ഷം നഷ്ടപ്പെട്ട കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കി.
എംഎല്‍എമാരുടെ രാജിയില്‍ സാങ്കേതിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് കോണ്‍ഗ്രസിന്റെ കള്ളകളിക്ക് കൂട്ടുനിന്ന സ്പീക്കര്‍ക്കെതിരെ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്കി. രാവിലെ ബിജെപിയുടെ മുഴുവന്‍ എംഎല്‍എമാരും വിധാന്‍സൗധയിലെ ഗാന്ധിപ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു. അതിനുശേഷം 11 മണിയോടെ ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ രാജ്ഭവനിലെത്തിയ സംഘം ഗവര്‍ണര്‍ വാജുഭായ് വാലയുമായി കൂടിക്കാഴ്ച നടത്തി.
അധികാരത്തില്‍ തുടരാന്‍ അവകാശമില്ലാത്ത സഖ്യസര്‍ക്കാര്‍ ഭരണരംഗത്ത് ചില സുപ്രധാന തീരുമാനങ്ങളെടുക്കുന്നത് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ബിജെപി ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: