പത്തനംതിട്ട: ശബരിമലയില്‍ ഭജനമണ്ഡപങ്ങള്‍ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണിത്. 47 ലക്ഷം രൂപയാണ് വകയിരുത്തിയത്. പാരമ്പര്യ വാസ്തുശില്‍പ്പ രീതിയിലാണ് മണ്ഡപങ്ങള്‍ നിര്‍മിക്കുന്നത്.
പന്ത്രണ്ട് അടി ചതുരത്തില്‍ നിര്‍മിക്കുന്ന മണ്ഡപത്തിന്റെ നാലു തൂണുകളും കരിങ്കല്ലില്‍ തീര്‍ത്തതാണ്. തേക്കുതടിയാണ് ഉത്തരത്തിനും കഴുക്കോലുകള്‍ക്കും ഉപയോഗിക്കുന്നത്. ഓട് മേഞ്ഞ അഞ്ച് കല്മണ്ഡപങ്ങള് മണ്ഡല മകരവിളക്ക് ഉത്സവക്കാലത്തിന് മുമ്പായി ഭക്തര്‍ക്ക് സമര്‍പ്പിക്കും. സന്നിധാനത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് ഭജന, നാമജപം പോലെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് മണ്ഡപങ്ങള്‍ എന്നാണ് അധികൃതരുടെ ഭാഷ്യം.
തിരുമുറ്റത്തും വലിയ നടപ്പന്തലിലും നില്ക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ശല്യമുണ്ടാകാതെ ഭജനയും മറ്റും നടത്താനിത് ഉതകുമെന്നാണ് വിലയിരുത്തല്‍. സന്നിധാനത്ത് മരാമത്ത് കോംപ്ലക്സിന് എതിര്‍വശത്തുള്ള തുറസായ സ്ഥലത്ത് രണ്ട് ഭജനമണ്ഡപങ്ങളാണ് ഉയരുന്നത്. പാണ്ടിത്താവളത്തിലും ജ്യോതിനഗറിലും ശബരി ഗസ്റ്റ് ഹൗസിന് എതിരെയുള്ള മുറ്റത്തും ഓരോന്നു വീതവുമാണ് നിര്‍മിക്കുന്നത്. അയ്യപ്പഭക്തര്‍ക്ക് ഭജനയും നാമജപവും നടത്താന്‍ സൗകര്യപ്പെടുംവിധം സന്നിധാനത്ത് ഭജനമണ്ഡപങ്ങള്‍ നിര്‍മിച്ച് കഴിയുമ്പോള്‍ നാമജപവും ശരണം വിളിയും തിരുമുറ്റത്തിനു പുറത്തുള്ള മണ്ഡപങ്ങളിലേ നടത്താവൂയെന്ന് പോലീസ് ഉത്തരവുണ്ടാകുമോയെന്ന ആശങ്ക ഭക്തര്‍ക്കുണ്ട്.
കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് വലിയ നടപ്പന്തലിലും തിരുമുറ്റത്തുമടക്കം നാമജപവും കൂട്ടശരണം വിളിയും പോലീസ് തടഞ്ഞിരുന്നു. മാത്രമല്ല നാമം ജപിച്ചതിനും ശരണം വിളിച്ച് ഭജന ചൊല്ലിയതിനും ആയിരക്കണക്കിന് ഭക്തര്‍ക്കതിരെ കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഭക്തര്‍ ആശങ്ക പങ്കുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: