മലയാള സിനിമയുടെ മാറ്റത്തിന് വഴിയൊരുക്കിയ തിരക്കഥാകാരന് .ലോഹിതദാസിന്റെ ഓര്‍മ്മ ദിവസം ഒരിക്കകൂടി കടന്നുപോയി. അദ്ദേഹത്തിന്റെ സിനിമാ പ്രവേശത്തിന്റെ ആദ്യദിനം എങ്ങനെയാണ് സംഭവിച്ചതെന്ന് നേരിട്ടറിയാവുന്നത് കൊണ്ട് ആ കാലം ഒന്നോര്‍ക്കാന്‍ ശ്രമിക്കുകയാണ്.
ലോഹിതദാസ് സിനിമയിലേക്ക് കയറിവന്നതല്ല, അന്നത്തെ പ്രമുഖസംവിധായകനും നിര്‍മ്മാതാവും കൂടി, തേടിച്ചെന്ന് കൂട്ടിക്കൊണ്ട് വന്നതാ. ഒരുപക്ഷേ മറ്റൊരു എഴുത്തുകാരനും അത്തരമൊരവസരം കിട്ടിക്കാണില്ല. ശ്രീ.എം.ടി.വരെ അദ്ദേഹത്തിന്റെ കഥകള്‍ സിനിമയാക്കുന്നതിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഇദ്ദേഹം നാടകരംഗത്ത് ശ്രദ്ധേയനായി നില്ക്കുന്ന സമയത്ത് തിലകന് ചേട്ടന് ഒരു കത്ത് കൊടുത്ത്, സിബി മലയലിന്റെ അടുത്തേക്ക് ലോഹിതദാസിനെ പറഞ്ഞു വിട്ടുവെങ്കിലും, ആ കൂടിക്കാഴ്ചയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനൊന്നും തീരുമാനിച്ചിട്ടില്ലായിരുന്നു എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
സിബിസാര്‍ മറ്റൊരു ചിത്രത്തിന്റെ രചയിതാവുമായി എറണാകുളം വുഡ്ലാന്‍സ് ഹോട്ടലില്‍ ക്യാമ്പുചെയ്യുന്നു. അടുത്ത മാസം ഒന്നാം തിയതി ചിത്രീകരണം തുടങ്ങേണ്ട ഒരു മമ്മൂട്ടി ചിത്രത്തിന്റെ രചനയാണ് നടക്കുന്നത്. അതും മമ്മൂട്ടി വായിച്ച് ഇഷ്ടപ്പെട്ട ഒരു കഥ. മമ്മൂട്ടി തന്നെയാണ് സിബിസാറിനെ ആ കഥയിലേക്ക് എത്തിക്കുന്നത്. നന്ദന ഫിലിംസിന്റെ ബാനറില്‍ ആ ചിത്രം നിര്‍മ്മിക്കാന്‍ നന്ദകുമാര്‍ എന്ന നിര്‍മ്മാതാവിനേയും നിശ്ചയിച്ചതും മമ്മൂട്ടിയാണെന്നാണ് കേട്ടിട്ടുള്ളത്. മമ്മൂട്ടി അന്ന് ഇഷ്ടപ്പെട്ട് തീരുമാനിച്ച ആ കഥ, ഒരു പുല്ലുവെട്ട്കാരന്റെ കഥയായിരുന്നു. പള്ളുരുത്തിയില്‍ ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ കഥ. ഐലന്റിലെ എയര്‍പോര്‍ട്ടില്‍ തഴച്ചുവളരുന്ന പുല്ല്, പശുക്കള്‍ക്ക് തീറ്റിയായി ഉപയോഗിച്ചിരുന്നു. ആ പുല്ല് വെട്ടിയെടുത്ത് സ്വന്തം ദേശത്ത് കൊണ്ട് വന്ന് വില്‍ക്കുന്ന ഏര്പ്പാടന്നുണ്ടായിരുന്നു.
ബനവദ്രോ എന്നയാളും ഭാര്യയും, ആണ്മക്കളുമടങ്ങുന്ന ഒരു കുടുംബം ഒത്തൊരുമിച്ച് ഈ പുല്ല് വെട്ടാന്‍ പോവും. വൈകുന്നേരത്തോടെ പള്ളുരുത്തിയില്‍ പുല്ലുമായി ഇവര്‍ തിരിച്ചെത്തും. പശുക്കളെ വളര്‍ത്തുന്നവര്‍, ഇവര്‍ വരുന്നതും കാത്ത് നില്ക്കുന്നുണ്ടാവും. ഒരു മണിക്കൂര്വേണ്ട ഒരു ഭാരവണ്ടി നിറച്ചുള്ള പുല്ലുകള്‍ വിറ്റുപോവാന്. അന്നത്തെ നിലക്ക് നല്ല വരുമാനമുള്ള ബിസിനസ്സ്. കുടുംബനാഥനായ ബനവദ്രോ സാമാന്യം ഭേദപ്പെട്ട നിലയില്‍ മദ്യപിക്കും. ആള് നല്ല പരുക്കനാണ്. ഭാര്യയോടടക്കം ആരോടും പരുഷമായി മാത്രം പെരുമാറുന്ന പ്രകൃതം. ചൂടുകുടുന്ന സമയമായ കുംഭം – മീനമാസമാകുമ്പോള് അദ്ദേഹത്തിന് ഒരു ഭ്രമാത്മകതയുണ്ടാവും.
ഭ്രാന്തമായ ഒരവസ്ഥയെന്നുമൊക്കെ വേണമെങ്കില്‍ പറയാം. ആ സമയത്ത് ഈ മനുഷ്യന് മറ്റൊരാളായി മാറും. പരുക്കനും മുരടനുമായിരുന്നയാള് നന്മയുടെ ആള്‍രൂപമാവും. വിശ്വസിക്കാനാവാത്ത വിധം ആ മനുഷ്യനില്‍ നന്മയുടെ, ദാനത്തിന്റെ, സ്നേഹത്തിന്റെയൊക്കെ വെളിപ്പെടലുകളുണ്ടാവുന്നു. ഈ മനുഷ്യനെ മുഖ്യ കഥാപാത്രമാക്കി ‘പുല്ല്’ എന്ന നാമകരണത്തോടെ തയ്യാറാക്കിയ ഒരു സിനിമാ രൂപം, അന്ന് പനമ്പിള്ളി നഗറില്‍ താമസിക്കുന്ന മമ്മൂട്ടിയുടെ വീട്ടില്‍, അദ്ദേഹം ഇല്ലാത്ത സമയം നോക്കി, അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയുടെ കൈകളിലേല്‍പ്പിക്കുന്നു. ആ സമയത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു.മമ്മൂട്ടി, ബേബി ശാലിനി എന്നിവരൊന്നിച്ചുള്ള ഒത്തിരി ചിത്രങ്ങള്‍ വരികയും പലതും ഒരേപോലെ എന്ന അഭിപ്രായം മൂലം ആ സിനിമകളൊക്കെ ആവറേജ് ആയി മാറുന്ന സമയവുമായിരുന്നത്.
‘ കുട്ടി- പെട്ടി- മമ്മൂട്ടി ‘ എന്ന ഒരു വിശേഷണം അന്നത്തെ സിനിമാ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന കാലവും. അപ്പോഴാണ് വ്യത്യസ്തമായ കഥ മമ്മൂട്ടിയുടെ കൈകളിലെത്തുന്നത്. അന്നത്തെ പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ഷണ്‍മുഖമായിരുന്നു ഈ ചിത്രത്തിന്റേയും കണ്ട്രോളര്. മമ്മൂട്ടിക്കൊപ്പം ശ്രീനിവാസന്, പാര്‍വ്വതി തുടങ്ങി നല്ലൊരു താരനിരയേയും നിശ്ചയിച്ചുകഴിഞ്ഞു. വുഡ്ലാന്‍സില്‍ സിനിമയുടെ എഴുത്ത് പുരോഗമിക്കുന്നു.
പള്ളുരുത്തിയിലെ രണ്ട് സുഹൃത്തുക്കളായിരുന്നു ഈ കഥയ്ക്ക് പിന്നില്‍. അവര്‍ അതിന് മുന്നേ രണ്ട് തിരക്കഥകള്‍ എഴുതി. രണ്ടും സിനിമയായില്ല. പകലന്തിയോളം ഒരേ മനസ്സോടെ, കഥകള്‍മാത്രം ചര്‍ച്ചയാക്കി കാലിച്ചായയും കഴിച്ച്, അരപ്പട്ടിണിയില്‍, കഞ്ചാവിന്റെ ലഹരിയും നുണഞ്ഞ് നടക്കുന്ന അവര്‍, ഹാര്‍ബര്‍ പാലത്തിലൂടെ ഒരു നട്ടുച്ചനേരത്ത് നടന്ന് പോകവേ, കട്ടവണ്ടി എന്ന് പറയുന്ന ഭാരവണ്ടിയില്‍ ഒരാളെ കൈകാലുകള്‍ ബന്ധിച്ച് കെട്ടിയിട്ട്, രണ്ടു ചെറുപ്പക്കാര്‍ വണ്ടി വലിച്ചുകൊണ്ട് പോവുന്ന കാഴ്ച അവര്‍ കാണുന്നു. ആ ചെറുപ്പക്കാരില്‍ ഒരാള്‍ക്കത് അത്ഭുതമായി. മറ്റേയാള്‍ക്കത് നിത്യക്കാഴ്ചയായിരുന്നു. അയാളുടെ അയല്വാസിയായിരുന്നയാള്. പുല്ലുവെട്ടുകാരനായ അയാള്‍ക്ക് പെട്ടെന്ന് മാനസിക ഭ്രമം സംഭവിച്ചിട്ട് മക്കള്‍ അയാളെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് അയാള്‍, അപരനോട് പറയുന്നു.
ആ മനുഷ്യന്റെ ജീവിതകഥ സുഹൃത്തില്‍ നിന്നും കേട്ടപ്പോള്‍, ഇതിലൊരു സിനിമയുണ്ടല്ലോ എന്നായി മറ്റേയാള്‍. അങ്ങനെ അവര്‍ ആ കഥയ്ക്ക് ഒരു സിനിമാ രൂപം ഒരുക്കി. അതിനിടയില്‍ അവരിലൊരാള്‍ മറ്റൊരു സിനിമക്ക് തിരക്കഥ ഒരുക്കി. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ആ ചിത്രം വെളിച്ചം കണ്ടില്ല. ആ സമയത്താണ് ‘പുല്ല് ‘ എന്ന സൃഷ്ടി ശ്രീ. മമ്മൂട്ടിയുടെ വീട്ടിലെത്തിച്ചത്. അത് സിനിമയാക്കാനൊരുങ്ങിയപ്പോള്‍ ആ ചെറുപ്പക്കാര്‍ ഒരു കാര്യം തീരുമാനിച്ചു. അവരില്‍ ഒരാള്‍ സ്വതന്ത്രമായി ഒരു തിരക്കഥയൊരുക്കിയതിനാല്, മറ്റേയാള്‍ സ്വന്തമായി ഈ തിരക്കഥ എഴുതുക. കൂട്ടിന് അപരന് ഉണ്ടാകുമെങ്കിലും എഴുത്ത് ഒറ്റക്കാവണം. പല രാത്രികളിലും എഴുതിയത് വായിക്കാന്‍ ഇരുവരുമുണ്ടാകുമായിരുന്നു.
താന്‍ ഉദ്ദേശിക്കുന്നപോലെ കഥ വികസിക്കുന്നില്ലെന്നും ശ്രീനിവാസന് വരുമ്പോള്‍ അദ്ദേഹത്തെക്കൊണ്ട്, കുറവുകള്‍ പരിഹരിക്കാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു സിബിസാര്‍. ‘ദൂരെ ദൂരെ കൂടുകൂട്ടാം’ എന്ന സിബി- മോഹന്‍ലാല്‍ ചിത്രത്തിന് ദേശീയോദ്ഗ്രഥന ചിത്രമെന്ന ദേശീയ ബഹുമതി കിട്ടിയ കാലം. ആ ചിത്രത്തിന്റെ തിരക്കഥയില്‍ ശ്രീനിവാസന്റെ ഇടപെടല്‍ ഉണ്ടായത് കൊണ്ടാണ് ഒരു തമാശച്ചിത്രം മാത്രമായി പോകുമായിരുന്ന ‘കൂട് കൂട്ടല്‍’ ദേശീയോദ്ഗ്രഥനത്തിലേക്ക് വളര്‍ന്നതെന്നും കേട്ടിരുന്നു. അതുപോലെ ഈ ചിത്രത്തിന്റെ തിരക്കഥയും ശരിയാക്കിയെടുക്കാം എന്നായിരുന്നു സിബിസാറിന്റെ പ്രതീക്ഷ. ആ മാസം പത്താം തിയ്യതി കഴിഞ്ഞിരിക്കുന്നു. അടുത്ത ഒന്നിന് ഷൂട്ടിംങ്ങ് ആരംഭിക്കാനും ഏതാണ്ട് നിശ്ചയിച്ചിരിക്കുന്നു. അപ്പോഴാണ് ശ്രീനിവാസന്റെ സന്ദേശമെത്തുന്നത്. തനിക്ക് വരാനാവില്ല.
സത്യന് അന്തിക്കാടിന്റെ ചിത്രം എഴുതുകയാണ്. ‘സത്യനെന്നെ ഇവിടെ തോക്കും ചൂണ്ടി ഇരുത്തിയിരിക്കുകയാ.. എന്നെ പ്രതീക്ഷിക്കണ്ടാ..’ എന്നാണ് ശ്രീനിവാസന് പറഞ്ഞതെന്നാ കേട്ടിട്ടുള്ളത്. എന്തായാലും ശ്രീനിവാസന് വരാതായതോടെ സിബി സാറിന് അങ്കലാപ്പായി. അദ്ദേഹം ഉദ്ദേശിക്കുന്നപോലെ തിരക്കഥ വരുന്നില്ല. സിബിസാര്‍ പറയുന്ന അഭിപ്രായങ്ങള്‍ക്കനുസരിച്ച് കഥയെ വഴിമാറ്റാന്‍ രചയിതാവിന് മനസ്സും വരുന്നില്ല. ഒന്നുരണ്ടു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം, രചയിതാവിന്റെ സുഹൃത്ത് വുഡ്ലാന്‍സിന്റെ സ്റ്റെയറുകള്‍ കയറി മുകളിലേക്ക് എത്തുമ്പോള്‍ സിബിസാര്‍ താഴേക്കിറങ്ങാന്‍ ലിഫ്റ്റിനടുത്തേക്ക് നീങ്ങുകയാണ്.
സുഹൃത്തിനെ കണ്ട സിബിസാര്‍ ലിഫ്റ്റിനടുത്ത് നിന്നും അയാള്‍ക്കടുത്തേക്ക് നടക്കുന്നു. തനിക്ക് നേരെ സിബിസാര്‍ വരുന്നത് കണ്ട് അയാള്‍ സിബി സാറിനടുത്തേക്ക് ഓടിച്ചെന്നു. ‘സെക്കന്റാഫ് ശരിയാവുന്നില്ല. ഞങ്ങളൊന്ന് പുറത്തേക്ക് പോയിവരാം. ഇവിടെ കാണുമല്ലോ..’ സിബിസാറും പ്രൊഡ്യൂസറും ലിഫ്റ്റിലൂടെ താഴേക്ക്. സുഹൃത്തുക്കള്‍ ഇരുവരും കാത്തിരിപ്പിലാണ്. രാത്രി ഏതാണ്ട് പത്തുമണിയായപ്പോള്‍ കോളിംങ്ങ് ബെല്‍ ശബ്ദം. ഡോര്‍ തുറന്നപ്പോള്‍ പുറത്ത് സിബിസാര്‍. ‘വണ്ലൈനൊന്ന് തരൂ..’ സിബിസാര്‍ വണ്‍ലൈനുമായി പോയപ്പോള്‍, രചയിതാവിനോട് കൂടെ ചെല്ലാന്‍ സുഹൃത്ത് നിര്‍ബന്ധിച്ചു. പോകാന്‍ മടിച്ചുനിന്ന അയാളെ തള്ളിപ്പറഞ്ഞയക്കുകയായിരുന്നു സുഹൃത്ത്.
കുറച്ച് കഴിഞ്ഞ് തിരിച്ചുവന്ന രചയിതാവ് പറഞ്ഞു. അവിടെ ലോഹിതദാസ് എന്നയാള്‍ വന്നിട്ടുണ്ട്. അയാള്‍ വണ്‍ലൈന്‍ വായിക്കട്ടെ നാളെ കാണാം എന്ന് പറഞ്ഞുവെന്ന്.
പക്ഷെ, നാളെ പിന്നീടൊരു കാഴ്ച സംഭവിച്ചില്ല. ആ കഥ വായിച്ച ലോഹിതദാസ്, അദ്ദേഹമറിയുന്ന ഒരു റിയല്‍ ക്യാരക്ടറിനെവെച്ച് മറ്റൊരു കഥ പറഞ്ഞുവെന്നും, ആ കഥയില്‍ നല്ലൊരു ജീവിതം ഫീല്‍ ചെയ്തു എന്നുമായിരുന്നു സിബിസാര്‍ പറഞ്ഞത്. അങ്ങനെ..തനിയാവര്‍ത്തനം പിറന്നു.
സന്ധ്യകഴിഞ്ഞ സമയത്ത് സംവിധായകനും നിര്‍മ്മാതാവും കൂടി, ലോഹിതദാസ് എന്ന എഴുത്തുകാരനെ തേടി, ചോദിച്ചുമറിഞ്ഞും അദ്ദേഹത്തിന്റെ നാട്ടില്‍, അദ്ദേഹത്തിന്റെ വീട്ടിലെത്തുക, കൂടെക്കൂട്ടിക്കൊണ്ട് പോരുക. അത് മലയാള സിനിമയുടെ രൂപഭാവങ്ങള്‍ തച്ചുടക്കാനുള്ള ഒരു പെരുന്തച്ചന്റെ എഴുന്നള്ളത്താവുക. ഒക്കെ കാലത്തിന്റെ നിയോഗം മാത്രം. അദ്ദേഹം പിന്നീട് തന്റെ സിനിമാ പ്രവേശത്തെക്കുറിച്ചെഴുതിയപ്പോഴൊക്കെ കൊച്ചിയിലെ രണ്ട് ചെറുപ്പക്കാരുടെ കഥ മാറ്റി എഴുതാനായിട്ടായിരുന്നു താന്‍ സിനിമയിലേക്ക് എത്തപ്പെട്ടതെന്ന് സ്മരിച്ചിരുന്നു. ആ മനസ്സിന്റെ നന്മയായിരുന്നു ആ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: