തിരുവനന്തപുരം: പ്രശസ്ത പാമ്പ് പിടുത്തക്കാരന് വാവാ സുരേഷ് പാമ്പുപിടിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനൊരുങ്ങുന്നു. തന്നെക്കുറിച്ചുള്ള അപവാദപ്രചാരണങ്ങളിലും വ്യക്തിഹത്യയിലും മനംമടുത്താണ് ഇത്തരത്തിലുള്ള തീരുമാനത്തെക്കുറിച്ച് ആലോചിക്കുന്നതെന്നും സുരേഷ് പറയുന്നു.
”29 വര്‍ഷമായി താന്‍ പാമ്പുപിടിത്തം തുടങ്ങിയിട്ട്. ഇത്രയും കാലമായിട്ടും താന്‍ പാമ്പുപിടിത്തത്തിന്റെ പേരില്‍ ആരില്‍ നിന്നു ഒരു സഹായവും ചോദിച്ചിട്ടില്ല. എന്നാല്‍ പാമ്പ് പിടിക്കുന്നതിന് വേണ്ടി പോയ യാത്രകള്‍ക്ക് ആയിരങ്ങള്‍ കൈയ്യില്‍നിന്നാണ് ചെലവാക്കിയിരുന്നത്.” സുരേഷ് പറഞ്ഞു. സ്വന്തം ജീവന് പോലും പണയംവെച്ച്, ജീവിതം ഉപേക്ഷിച്ച് പാമ്പുകള്‍ക്ക് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും സേവനം അനുഷ്ഠിച്ച തനിക്കെതിരെ ചില വ്യക്തികളും സംഘടനകളും നടത്തുന്ന കുപ്രചരണങ്ങളാണ് ഇത്തരത്തില്‍ ചിന്തിക്കുവാന്‍ കാരണമായതെന്ന് വാവാ സുരേഷ് പറഞ്ഞു.
ഏറ്റവും കൂടുതല്‍ പാമ്പുകളെ പിടികൂടിയ വാവാ സുരേഷ് ഗിന്നസ് ബുക്കില്‍ ഇടംനേടാന്‍ കൈയെത്തുംദൂരത്ത് നില്‍ക്കുമ്പോഴാണ് ഈ തീരുമാനം. ഇതിലൂടെ തനിക്ക് പ്രശസ്തിയല്ല ആവശ്യമെന്നും സേവനമാണ് ലക്ഷ്യമെന്നും തെളിയിക്കുകയാണ് ഈ നാല്പ്പതുകാരന്. പാമ്പുപിടിത്തത്തിനിടയില്‍ നിരവധി തവണ കടിയേറ്റ് വാവാ സുരേഷ് അതീവ ഗുരുതരാവസ്ഥയില്‍ കിടന്നിട്ടുണ്ട്. ഇതിനുശേഷം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വാവയെ പാമ്പുപിടിത്തത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും സുരേഷ് പിന്‍വാങ്ങിയില്ല.
ഇതിനകം 165 രാജവെമ്പാലയെ വാവ പിടികൂടിയിട്ടുണ്ട്. എന്നാലും ഗിന്നസില്‍ ഇടംപിടിക്കാന്‍ വാവയ്ക്ക് കഴിഞ്ഞിട്ടില്ല. താന്‍ നടത്തുന്ന സാമൂഹ്യസേവനങ്ങള്‍ മനസിലാക്കാതെയാണ് ചില വിമര്‍ശകര്‍ തനിക്കെതിരെ അപവാദങ്ങള്‍ നടത്തുന്നതെന്നും ഇതില്‍ തനിക്ക് ദുഃഖമുണ്ടെന്നും വാവാ സുരേഷ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: