Categories: Samskriti

ബ്രഹ്മം നിരവയവം

കൃത്സ്‌നപ്രസക്ത്യധികരണം

ഒമ്പതാമത്തേതായ ഈ അധികരണത്തില്‍ 4 സൂത്രങ്ങളുണ്ട്. പൂര്‍വ പക്ഷവാദത്തേയും ഇവിടെ സൂത്രമായി പറഞ്ഞിട്ടുണ്ട്. തുടര്‍ന്നുള്ള സൂത്രത്തില്‍ അതിന്റെ മറുപടിയും നല്‍കുന്നു.

സൂത്രം കൃത്സനപ്രസക്തിര്‍ന്നിരവയത്വശബ്ദകോപോ വാ

ബ്രഹ്മം മുഴുവന്‍ ജഗത്തായിത്തീര്‍ന്നു എന്ന് പറയേണ്ടി വരും. അല്ലെങ്കില്‍ ബ്രഹ്മം നിരവയവമാണെന്നുള്ള വാക്യത്തിന് എതിരായിത്തീരും.

ബ്രഹ്മം അവയവങ്ങളില്ലാത്തതായതിനാല്‍ അത് ജഗത്തായി മാറിയാല്‍ പിന്നെ മറ്റൊരു ബ്രഹ്മമില്ല എന്നു വരും. ഒന്നുമില്ലാതെയിരിക്കുന്നതിനെ എങ്ങനെയാണ് അറിയുക എന്നതാണ് പൂര്‍വപക്ഷത്തിന്റെ ചോദ്യം.

ബ്രഹ്മം അവയവങ്ങളില്ലാത്തതാണെന്ന് ശ്രുതിയില്‍ പറയുന്നുണ്ട്. ശ്വേതാശ്വതരത്തില്‍ ബ്രഹ്മത്തെ ‘നിഷ്‌കളം നിഷ്‌ക്രിയം ശാന്തം നിവേദ്യം നിരഞ്ജനം എന്ന് പറയുന്നു.അങ്ങനെയുള്ള ബ്രഹ്മം മുഴുവന്‍ ജഗത്തായാല്‍ പിന്നെ മറ്റൊന്നും ബാക്കിയുണ്ടാവാന്‍ ഇടയില്ലല്ലോ. അതിനാല്‍ ‘ ദ്രഷ്ടവ്യ: ശ്രോതവ്യോ മന്തവ്യോ നിദിധ്യാപിതവ്യ: ‘  എന്നിങ്ങനെയുള്ള ശ്രുതികള്‍ വെറുതെയാകും.അവയവമുണ്ടെന്ന് പറഞ്ഞാല്‍ ആദ്യം പറഞ്ഞ ശ്രുതിക്ക് വിപരീതമാകും.

ഈ ലോകം തന്നെ ബ്രഹ്മമെന്ന് പറഞ്ഞാല്‍ പ്രയത്‌നമൊന്നുമില്ലാതെ ബ്രഹ്മത്തെ സാക്ഷാത്കരിക്കാമെന്ന് വരും. ഇതും പ്രശ്‌നമാണ്. അതിനാല്‍ ജഗത്കാരണം ബ്രഹ്മമല്ല എന്ന് പൂര്‍വപക്ഷം വാദിക്കുന്നു.

ഈ വാദത്തിനുള്ള മറുപടി അടുത്ത സൂത്രത്തിലാണ് നല്‍കുന്നത്.

സൂത്രം ശ്രുതേസ്തു ശബ്ദമൂലത്വാത്

എന്നാല്‍ ശ്രുതിയുള്ളതിനാലും ബ്രഹ്മസ്വരൂപ അവബോധം വേദവാക്യങ്ങളെ കൊണ്ട് മാത്രം ഉണ്ടാകുന്നതിനാലും മേല്‍ പറഞ്ഞ വാദം ശരിയല്ല.

ബ്രഹ്മം നിരവയവമാണെന്ന് ശ്രുതിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കാരണമായ ബ്രഹ്മം കാര്യമായ ജഗത്തായി പരിണമിക്കുന്നില്ല. ശ്രുതിയില്‍ നിന്ന് അങ്ങനെ അറിയണം. ജഗത്ത് ബ്രഹ്മത്തില്‍ നിന്ന് ഉണ്ടാകുന്നുവെന്നും ജഗത്തില്‍ നിന്നും വേറിട്ട ബ്രഹ്മമുണ്ട് എന്നും ശ്രുതിയിലുണ്ട്. കാരണവും കാര്യവും വേറിട്ട് തന്നെയാണ് എന്ന് ശ്രുതിയില്‍ കാണാം.

ഛാന്ദോഗ്യത്തില്‍ ‘പാദോസ്യവിശ്വാ ഭൂതാനി ത്രിപാദസ്യാമൃതം ദിവി’ എന്നതില്‍ ഒരു പാദം മാത്രമാണ്. ഈ ലോകമായിത്തീര്‍ന്നത്, മറ്റ് മൂന്ന് പാദങ്ങളും സ്വപ്രകാശമായി തന്നെയിരിക്കുന്നു.

ഇങ്ങനെ ശ്രുതി പറയുന്നതിനാല്‍ ബ്രഹ്മം പ്രപഞ്ചത്തില്‍ നിന്ന് വേറിട്ടിരിക്കുന്നുവെന്നറിയണം.

സുഷുപ്തിയില്‍ ജീവന്‍ സത്സ്വരൂപമായ ബ്രഹ്മത്തോട് ചേര്‍ന്ന് ഒന്നായിത്തീരുന്നു എന്ന ശ്രുതിയ്‌ക്ക് വിരുദ്ധമാകും ബ്രഹ്മം പ്രപഞ്ചമായി ഭവിച്ചു എന്ന് പറയുന്നത്.

ബ്രഹ്മത്തെ ഇന്ദ്രിയങ്ങളെ കൊണ്ട് അറിയാനാകില്ല എന്ന് ശ്രുതി വ്യക്തമാക്കുന്നു. കാര്യമായ പ്രപഞ്ചവുമായി ബ്രഹ്മത്തിന് സംബന്ധമുണ്ടെന്ന് പറഞ്ഞാല്‍ അത് അന്യോന്യ വിരോധമാകും. അതിനാല്‍ ബ്രഹ്മം പ്രപഞ്ചാതീതമാണ്. ബ്രഹ്മത്തെപ്പറ്റി അറിയാനും പറയാനും ശ്രുതി തന്നെയാണ് പ്രമാണം. തര്‍ക്കം കൊണ്ടറിയാനാകില്ല.

ചിന്തിക്കാനാത്ത വസ്തുക്കളെ യുക്തിയോട് ചേര്‍ക്കരുത് എന്നാണ് പ്രമാണം.

അത് സാധിക്കാനാവാത്ത കാര്യമാണ്. പ്രകൃതിയെ അതിക്രമിച്ചിരിക്കുന്നതിനാല്‍ ബ്രഹ്മം അചിന്ത്യമാണ്. അതുകൊണ്ട് തന്നെ ബ്രഹ്മത്തിന്റെ യഥാര്‍ഥ സ്വരൂപം ശ്രുതിയില്‍ നിന്ന് അറിയാനേ കഴിയൂ. ലോകത്തില്‍ കാണുന്ന വ്യവഹാരങ്ങളെല്ലാം അവിദ്യകൊണ്ട് കല്പിച്ചിട്ടുള്ളതാണ്. ഇതിന്റെയൊന്നും അടിസ്ഥാനത്തില്‍ ബ്രഹ്മത്തെ വിലയിരുത്താനോ അളക്കാനോ കഴിയില്ല. അറിവില്ലായ്മ കാരണം ബ്രഹ്മത്തെ അവയവമുള്ളതെന്നു പറഞ്ഞാലും അത് അവയവങ്ങളൊന്നുമില്ലാത്തതും അതേ സമയം അത് ജഗത്ത് കാരണവുമാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക