ബിനോയി കോടിയേരി പ്രതിയായ പീഡനക്കേസ് വ്യക്തിപരമായ കാര്യമാണെന്നും അതില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉത്തരവാദിത്വമില്ലെന്നുമുള്ള നിലപാട് സിപിഎമ്മിന്റെ പാലക്കാട് പ്ലീനരേഖയുമായി ഒത്തുപോകുന്നില്ല. സിപിഎം സംഘടനയുടെ മുരടിപ്പിന് കാരണങ്ങളായി പാലക്കാട് സംസ്ഥാന പ്ലീനത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ട പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആഡംബരജീവിതത്തോട് പാര്‍ട്ടിനേതാക്കളും കുടുംബവും കാണിക്കുന്ന താത്പര്യവും ഭൂമി-ക്വാറി-ബ്ലെയ്ഡ്-ക്വട്ടേഷന്‍-കള്ളക്കടത്ത് മാഫിയകളുമായി ചില നേതാക്കള്‍ക്കുള്ളതായി പറയപ്പെടുന്ന ബന്ധങ്ങളുമാണ് പാലക്കാട് പ്ലീനം ചൂണ്ടിക്കാട്ടിയ ഒന്നാമത്തെ വിഷയം.
കേരളത്തിലെ വിഭാഗീയത രണ്ടാമത്തെ വിഷയം. അച്ചുതാനന്ദന്‍ ഉയര്‍ത്തുന്ന പ്രത്യയശാസ്ത്ര വിഭാഗീയതയ്‌ക്ക് ഏതാണ്ട് അറുതി വന്നിട്ടുണ്ടെങ്കിലും ഇന്ന് പി. ജയരാജന്‍ ഉയര്‍ത്തുന്ന പുതിയ വിഭാഗീയതയാണ് വര്‍ത്തമാനകാലവിഷയം. നേതാക്കളുടെയും കുടുംബത്തിന്റെയും കമ്യൂണിസ്റ്റ് ഇതര ജീവിതവും പി. ജയരാജന്റെ വിഭാഗീയതയും ഇന്ന് പരസ്പരം കൂടിച്ചേര്‍ന്ന് പുതിയ ഭൂതമായി പാര്‍ട്ടിയെ വിഴുങ്ങുന്നു.
സ്വത്തുസമ്പാദനം, കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍നിന്നുള്ള വ്യതിചലനം എന്നിവ സംബന്ധിച്ച തെറ്റുതിരുത്തല്‍ പ്രക്രിയ ഓരോവര്‍ഷവും നടപ്പാക്കണമെന്ന് പാലക്കാട്, കൊല്‍ക്കത്ത പ്ലീനങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. പാര്‍ട്ടിനേതാക്കളുടേയും കുടുംബത്തിന്റെയും, വരുമാനത്തില്‍ കവിഞ്ഞ സ്വത്തുസമ്പാദനത്തിനെതിരെ പ്ലീനം നിര്‍ദ്ദേശിച്ച തെറ്റുതിരുത്തല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് പറഞ്ഞത്. ഈ പ്രക്രിയയ്‌ക്ക് 2017 മാര്‍ച്ചില്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും ഇത് തുടരണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത് കോടിയേരി ബാലകൃഷ്ണനാണന്നതാണ് രസകരം. ഇ.പി. ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍, കെ.കെ. ശൈലജ, എ.കെ. ബാലന്‍ തുടങ്ങി പിണറായി വിജയന്‍വരെയുള്ള നേതാക്കള്‍ കുടുംബക്കാര്‍ക്ക് വഴിവിട്ട് സഹായം ചെയ്തവരുടെ പട്ടികയില്‍ ഇടംപിടിച്ചു. അതായത് പാര്‍ട്ടിയിലെ ശക്തര്‍ പ്ലീനംരേഖക്ക് ടോയ്‌ലറ്റ് പേപ്പേറിന്റെ വിലപോലും നല്‍കിയില്ല.
പി. ജയരാജന്റെ നേതൃത്വത്തിലുള്ള മറുഭാഗം ദുര്‍ബലമാണെങ്കിലും സമാനമായി പ്ലീനംരേഖയെ തള്ളിയാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍. മക്കളുടെ കൂലിപ്പണിയും ആര്‍ഭാടരഹിത വിവാഹം, ലളിതജീവിതം എന്നിവ പി. ജയരാജന്റെ ഉത്തരമലബാറിലെ സ്വീകാര്യത കൂട്ടുന്നു. നേതാക്കളുടെ സാമ്പത്തിക അരാജകത്വം തടയാന്‍ പാര്‍ട്ടി അംഗങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് 2013ല്‍ സിപിഎം പാലക്കാട് പ്ലീനമെടുത്ത തീരുമാനം വടക്കന്‍ കേരളത്തില്‍ നടപ്പായില്ല. പാര്‍ട്ടി അംഗങ്ങളോ നിയന്ത്രിത സ്ഥാപനങ്ങളോ യാതൊരുവിധ സാമ്പത്തിക ഇടപാടുകളിലും ഏര്‍പ്പെടരുതെന്നായിരുന്നു പാലക്കാട് പ്ലീനം പാസാക്കിയ പ്രമേയത്തിന്റെ അന്തസ്സത്ത.
ഇങ്ങനെചെയ്യുന്ന ഘടകങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും പ്ലീനംരേഖ മുന്നറിയിപ്പുനല്‍കി. എന്നാല്‍ ഈ പ്ലീനംരേഖയെ തണവത്കരിച്ച് പി. ജയരാജന്‍ നടത്തുന്നത് ചില പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളും അതുവഴിയുള്ള വന്‍ സാമ്പത്തിക ഇടപാടുമാണ് ഇ.പി. ജയരാജന്‍ വിഭാഗത്തിന്റെ മുഖ്യ ആയുധം. ക്വട്ടേഷന്‍ ആക്രമണം, കൊലപാതങ്ങള്‍ എന്നിവയിലൂടെ ചെറുപ്പക്കാരുടെ ജീവിതം കുട്ടിച്ചോറാക്കുന്ന വ്യക്തി, വൃദ്ധര്‍ക്ക് പാലിയേറ്റീവ് സേവനം നല്‍കുന്നത് എന്തിനാണെന്ന് മറുവിഭാഗം ചോദിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ വിഭാഗീയതയുടെ ഇരയാണ് ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍. ആ സംരംഭകന്റെ മരണത്തോടെ, എം.വി. ഗോവിന്ദന്‍ അടക്കമുള്ള എതിര്‍ വിഭാഗത്തെ പി. ജയരാജന്‍ നിരായുദ്ധരാക്കും.
ഇവിടെയാണ് പ്ലീനത്തിന്റെ പ്രസക്തി ചോദ്യചിഹ്നമായി നില്‍ക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കള്‍ വിദേശത്തുനടത്തുന്ന വ്യവസായം എന്താണെന്ന് അണികളോടെങ്കിലും വിശദീകരിക്കുമോ? സാമാന്യവിദ്യാഭ്യാസം മാത്രമുള്ള നേതാക്കളുടെ മക്കള്‍ വിദേശത്തു വന്‍കിട വ്യവസായ ഗ്രൂപ്പുകളുടെ തലപ്പത്ത് എത്തിയതെങ്ങനെയാണ്? പാര്‍ട്ടിക്കു ലെവി കൊടുത്തതിനുശേഷവും കോടികള്‍ സമ്പാദിക്കാന്‍ സിപിഎമ്മിന്റെ നേതാക്കള്‍ക്ക് എന്താണു വരുമാനം? പാര്‍ട്ടിയുടെ യുവ ങഘഅ നേതൃത്വം നല്‍കുന്ന തലശ്ശേരി മേഘലയിലെ ക്വട്ടേഷന്‍ ആക്രമണങ്ങള്‍ രാഷ്‌ട്രീയത്തിനപ്പുറം പി. ജയരാജന്റെ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വീകാര്യത തകര്‍ക്കാനാണെന്നും ആരോപണമുണ്ട്. പാര്‍ട്ടിയെയും സഖാക്കളെയും നേര്‍വഴിക്കുനടത്താന്‍ പാലക്കാട് പ്ലീനം കൈക്കൊണ്ട ഏതെങ്കിലും തീരുമാനം സംസ്ഥാന സെക്രട്ടറിക്കോ കണ്ണുര്‍ ജില്ലാസെക്രട്ടറിക്കോ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
ദേശാഭിമാനിയിലെ ചാക്ക് രാധാകൃഷ്ണന്റെ പരസ്യ വിവാദവും, ചക്കിട്ടപാറ ഇരുമ്പ് അയിര് ഖനനവിവാദവും പ്ലീനത്തിന്റെ അന്തസത്തയുടെ പൊള്ളത്തരമായി അന്നേ കണക്കാക്കിയതാണ്. നേതാക്കളുടെ ജീവിതശൈലിയും വഴിവിട്ട രഹസ്യകച്ചവടബന്ധങ്ങളും മാറിയിട്ടില്ലെന്ന പഴയ ആക്ഷേപങ്ങളാണ് ഇപ്പോള്‍ സത്യങ്ങളായി അനുദിനം പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: