വിനിമയോപാധികള്‍ അത്രയ്‌ക്കൊന്നും ഇല്ലാതിരുന്ന കാലത്ത് മലയാളിയെ ചുറ്റിവരിഞ്ഞ മുന്തിരി വള്ളികളായിരുന്നു ചങ്ങമ്പുഴക്കവിതകള്‍. പുസ്തകങ്ങളിലൂടെ വായിച്ചുംകേട്ടും പകര്‍ത്തി എഴുതിയും ലക്ഷങ്ങളിലേക്കു പ്രസരിക്കാന്‍ ശേഷിയുണ്ടായിരുന്നു ആ കവിതകള്‍ക്ക്. അച്ചടിപോലും ആഢംഭരമായിരുന്നകാലത്ത് കവിതയെ ജനങ്ങളിലേക്കു നിക്ഷേപിക്കാന്‍ കഴിഞ്ഞ ആധുനിക കാലത്തെ ആള്‍ക്കൂട്ടങ്ങളുടെ ആദ്യ മലയാള കവിയാണ്ചങ്ങമ്പുഴ കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ 71ാം ചരമവാര്‍ഷിക ദിനം ഇന്ന്.
യൗവന തീക്ഷ്ണതയുടെ 37ാം വയസില്‍ മരിക്കുമ്പോള്‍ ആ തൂലികത്തുമ്പിന്റെ ആസ്തി അന്‍പതോളം രചനകളായിരുന്നു. ഇന്നും നമ്മുടെ എഴുത്തുകാര്‍ക്ക് സ്വപ്‌നം കാണാനാവാത്തവിധം 1936ല്‍ രമണന്റെ ഒരു ലക്ഷം കോപ്പികളാണ് വില്‍ക്കപ്പെട്ടത്. സുഹൃത്തും ഇടപ്പള്ളി പ്രസ്ഥാനത്തിന്റെ നെടുംതൂണുമായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആത്മഹത്യ ഏല്‍പ്പിച്ച നടുക്കവും അതിനുള്ള പ്രണാമവുമായിരുന്നു ചങ്ങമ്പുഴയെ രമണന്‍ എഴുതിപ്പിച്ചത്. തീവ്രസാമൂഹ്യപ്രസക്തിയുള്ള വാഴക്കുലയുടെ കോപ്പികളും നിരവധി വിറ്റുപോകുകയുണ്ടായി. എണ്‍പതുകളില്‍ കേരളമാകെ അലയടിച്ച കവിയരങ്ങുകളെക്കാള്‍ ,ആഴത്തിലും പരപ്പിലും അന്നത്തെ മലയാളികള്‍ ചൊല്ലിനടന്നവയാണ് ഈ രണ്ടു രചനകളും. പ്രപഞ്ചത്തിന്റെ സകലമാന ത്രസിപ്പുകളോടും മനുഷ്യന്റെ എല്ലാവിധ വികാരങ്ങളോടുംകൂടിയ മഷിപ്പാത്രത്തില്‍ പേനമുക്കിയാണ് ചങ്ങമ്പുഴ എഴുതിയത്. കാല്‍പ്പനികതയുടെ നക്ഷത്രശോഭയെ നോക്കിക്കാണുകയും ഒപ്പം ജീവിത വൈരുധ്യങ്ങളെ നിരീക്ഷിക്കുകയും ചെയ്ത ഭാവന, യാഥാര്‍ഥ്യങ്ങളുടെ കവിയായിരുന്നു അദ്ദേഹം. ഭാവനാപൂര്‍ണ്ണമായൊരു സ്വപ്‌ന ദര്‍ശനത്തിലൂടെ കടന്നുകൊണ്ടാണ് അനുരാഗലോലമായ യാഥാര്‍ഥ്യത്തിന്റെ കാമ്പിലേക്ക് ചങ്ങമ്പുഴ എത്തിച്ചേര്‍ന്നത്.
ചങ്ങമ്പുഴക്കവിതയിലൂടെ കടന്നുപോകുന്ന അനുവാചകന്‍ പുഴയും മലയും കാടും കാറ്റും പൂവുമൊക്കെ ആയിത്തീരുന്ന ഒരു ആന്തരിക ലോകത്തെ ആവാഹിച്ചേക്കാം. പ്രകൃതിയുടെ നൈസര്‍ഗിക സ്പര്‍ശം അപ്പോള്‍ അനുഭവപ്പെടും. അനുരാഗത്തിന്റെ വിജ്‌റുംഭിത കൗതുകവും ആഹ്ലാദത്തിന്റെ രസ സ്‌നായുക്കളും സങ്കടത്തിന്റെ അമര്‍ത്തിയ നിശ്വാസങ്ങളുംകൊണ്ട് മനുഷ്യപക്ഷത്തിന്റെ സാര്‍വലൗകികതയാകുന്നുണ്ട് ചങ്ങമ്പുഴക്കവിത. ചിലപ്പോള്‍ നഷ്ടവസന്തങ്ങളുടെ ശോകരസവും ചിലപ്പോള്‍ മലരണിക്കാടുകളുടെ തിങ്ങിവിങ്ങലുമാകുന്ന കവിത. നിലാവുകറന്നൊഴുക്കിയപോലുള്ള സുഭഗ ഭാഷാരാമത്തിലെ വാക്കുകളുടെ ബലരൂപമുള്ള ഒറ്റമരക്കാടുകളില്‍ ജീവാനുഭവത്തിന്റെ ഊയലാടുന്നുണ്ട് ചങ്ങമ്പുഴ.
ലളിത സുന്ദര വാക്കുകളില്‍ പാരായണക്ഷമതയോടെ ആര്‍ക്കും ബോധ്യപ്പെടുന്നതാണ് ചങ്ങമ്പുഴയുടെ കവിത എന്നു പറയുമ്പോള്‍ തന്നേയും ദാര്‍ശനികാഴങ്ങളും പരപ്പുംതേടിപ്പോകുന്നുണ്ട് ആ രചനകള്‍. പാടുന്ന പിശാചും സ്പന്ദിക്കുന്ന അസ്ഥിമാടവും പേരുകളിലെ വൈരുധ്യാത്മക സൗന്ദര്യംപോലെ തന്നെ ഉള്ളടക്കത്തിന്റെ മാനങ്ങളുംകൊണ്ട് വിചാരശീലമാകുന്ന രചനകളാണ്. പിശാചു പാടുകയും അസ്ഥിമാടം സ്പന്ദിക്കുകയും ചെയ്യുന്ന വിപരീതാര്‍ഥ ലോക വീക്ഷണം ചങ്ങമ്പുഴയിലെ വ്യത്യസ്ത തത്വജ്ഞാനിയെയാണ് പ്രത്യക്ഷവല്‍ക്കരിക്കുക.
എല്ലാവരേയുംപോല ജീവിതമേല്‍പ്പിക്കുന്ന യാതനകളുടെ കൊടുംമലകള്‍ ചങ്ങമ്പുഴയുടെ മുന്നിലുണ്ടായിട്ടുണ്ട്. അതിജീവനത്തിന്റെ സമസ്യകളും ഒറ്റപ്പെടലിന്റെ ഒറ്റയടിപ്പാതകളും രൂപംകൊണ്ടപ്പോള്‍ ഒരു കവിയുടെ വിചാരശീലങ്ങള്‍ക്ക് വ്യക്തിയായ ചങ്ങമ്പുഴയെ ജയിക്കാനായില്ല. എല്ലാം അനുഭവിച്ചറിഞ്ഞെന്നു തോന്നുമ്പോഴും അത് എല്ലാമടങ്ങിയ സംപൂര്‍ണ്ണതയായിരുന്നില്ലെന്ന് മനസിലാക്കാനാവാതിരുന്നത് കവിയുടെ നിഷ്‌ക്കളങ്കമായ ഭാവനാവിലാസംകൊണ്ടായിരിക്കാം. അത്തരം വ്യക്തിപരാനുഭവങ്ങള്‍ പാട്ടിനുവിടുകയാണ് നല്ലത്്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ കവിതകള്‍ ചുരത്തുന്നത് മലരണിക്കാടുകള്‍ തിങ്ങുന്ന വാസനാവികൃതിയുടെ ആവേശഭരിതവും വികാരഭരിതവുമായ പ്രചോദനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: