ഷാഫി സംവിധാനം ചെയ്ത ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ ഹിറ്റ് സിനിമകളുടെ ചാര്‍ട്ടില്‍ ഇതിനകം ഇടം പിടിച്ചു കഴിഞ്ഞു. പ്രേക്ഷകരെ ഇത്രമേല്‍ ആകര്‍ഷിക്കാന്‍ ഈ പാര്‍ക്കില്‍ എന്താണുള്ളതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഇതാണ്. ഒരു നിമിഷം പോലും വിരസതയില്ലാതെ ഏതാണ്ട് മൂന്നുമണിക്കൂര്‍ നേരം ചിലപ്പോള്‍ ചിരിച്ചും മറ്റുചിലപ്പോള്‍ പൊട്ടിച്ചിരിച്ചും തീയേറ്ററിനുള്ളില്‍ നിങ്ങളെ പിടിച്ചിരുത്താന്‍ ഷാഫിക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിരിക്കുന്നു!
സ്റ്റോറി ഓഫ് ത്രീ ഇഡിയറ്റ്സ് എന്ന സബ്ടൈറ്റിലും ഈ ചിത്രത്തിനുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണന്, ധ്രുവന്, ഷറഫുദീന്‍ എന്നീ മൂന്നു യുവാക്കളുടെ സംസാരത്തിലും പ്രവൃത്തികളിലുമുള്ള മണ്ടത്തരങ്ങള്‍ തന്നെയാണ് ഹാസ്യത്തിന്റെ സ്രോതസ്സായി സംവിധായകന് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പൊട്ടത്തരങ്ങളില്‍ തുടങ്ങി മണ്ടത്തരങ്ങളിലൂടെ കടന്നുപോകുന്ന കഥാഗതിക്കൊടുവില്‍ വലിയ ജീവിതസത്യങ്ങളാണ് ഈ കഥാപാത്രങ്ങള്‍ പഠിക്കുന്നത്. പ്രേക്ഷകര്‍ക്കും അതൊരു ജീവിതപാഠമായി അനുഭവപ്പെടും.
കാര്യപ്രാപ്തിയോ ഗൗരവബുദ്ധിയോ ഇല്ലാത്ത മകനെ (ധ്രുവന്) നന്നാക്കിയെടുക്കാന്‍ മരണത്തിനു മുമ്പ് പിതാവ് (ബാലചന്ദ്രന് ചുള്ളിക്കാട്) കണ്ടെത്തിയ സമര്‍ത്ഥവും ഫലപ്രദവുമായ വഴിയിലൂടെയാണ് നമ്മള് ‘ചില്‍ഡ്രന്‍സ് പാര്‍ക്കി’ല്‍ എത്തുന്നത്. അവിടെ പ്രേക്ഷകനെ കാത്തിരിക്കുന്നത് ശുദ്ധഹാസ്യത്തിന്റെ കളിപ്പാട്ടങ്ങളാണ്.
‘വണ്മാന് ഷോ’യില്‍ തുടങ്ങി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എത്തിനില്‍ക്കുന്ന ഷാഫിയുടെ സൂപ്പര്‍ ഹിറ്റുകളില്‍ ചിലതാണ് മായാവി, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, ടൂ കണ്ട്രീസ്, ഒരു പഴയ ബോംബ് കഥ. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മാത്രമേ ചെയ്യൂവെന്ന് പിടിവാശിയുള്ള സംവിധായകന് ഷാഫി ജന്മഭൂമിയോട് സംസാരിക്കുന്നു.
പ്രതീക്ഷിച്ചതുപോലെതന്നെ ചില്‍ഡ്രന്‍സ് പാര്‍ക്ക് വലിയൊരു വിജയത്തിലേക്ക് മുന്നേറുകയാണല്ലോ. ഈ ചിത്രത്തിനുവേണ്ടി ചെയ്ത മുന്നൊരുക്കങ്ങളെക്കുറിച്ചുപറയാമോ?
കഴിഞ്ഞ ഒക്ടോബറില്‍ കുട്ടനാട്ടില്‍ ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്ത ചിത്രമാണ് ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’. പ്രളയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം നീണ്ടുപോയി. ആദ്യം സിംഗിള്‍ ഹീറോ എന്ന രീതിയിലാണ് തിരക്കഥ തയ്യാറാക്കിയത്. പിന്നീടാണ് തുല്യപ്രാധാന്യമുള്ള മൂന്നു നായകന്മാര്ക്ക് വേണ്ടി സ്ക്രിപ്റ്റ് മാറ്റിയെഴുതിയത്. ധ്രുവന്റെ കഥാപാത്രമായിരുന്നു ആദ്യ തിരക്കഥയില്‍ സെന്‍ട്രല്‍ കാരക്ടര്‍. വിഷ്ണു ഉണ്ണികൃഷ്ണനും ഷറഫുദീനും വന്നതോടെ മൂന്നുപേര്‍ക്കും തുല്യ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ തിരക്കഥ മാറ്റിയെഴുതി.
‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ന്റെ പ്ലോട്ട് കനം കുറഞ്ഞതാണെങ്കിലും തുടര്‍ച്ചയായി തീയേറ്ററില്‍ ചിരി ഉയര്‍ത്തുന്നതില്‍ എങ്ങനെ വിജയിച്ചു?
കഥയ്ക്ക് കനം കുറവാണെങ്കിലും വലിയൊരു ഉള്‍ക്കാഴ്ച നല്കുന്ന വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മൂന്നു നായകന്മാരും പിതാക്കന്മാരുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരാണ്. തന്റെ മരണത്തിനു ശേഷമെങ്കിലും മകന് നന്നായി കാണണമെന്ന് ആഗ്രഹിച്ച ഒരു പിതാവിന്റെ അദൃശ്യമായ സാന്നിധ്യം ചിത്രത്തില്‍ ഉടനീളമുണ്ട്. മകനെ നന്നാക്കാന്‍ അദ്ദേഹം പ്രയോഗിക്കുന്ന തന്ത്രമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ഗൗരവമുള്ള ഈ വിഷയം പൂര്‍ണ്ണമായും ഹ്യൂമറിലൂടെയാണ് പറഞ്ഞിരിക്കുന്നത്. നര്‍മ്മം ഉറപ്പുവരുത്തുന്ന സംഭാഷണങ്ങള്‍ ശ്രദ്ധയോടെ ഇണക്കി ചേര്‍ത്താണ് തിരക്കഥ തയ്യാറാക്കിയത്. ഗൗരവത്തില്‍ പറഞ്ഞിരുന്നുവെങ്കില്‍ തീയ്യറ്ററില്‍ ഇത്ര ചിരിയുണ്ടാവുമായിരുന്നില്ല.
ഷാഫി സംവിധാനം ചെയ്ത മിക്കവാറും ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളാണല്ലോ. എന്താണ് ഈ തുടര്‍ച്ചയായ വിജയങ്ങളുടെ പിന്നിലുള്ള ഫോര്‍മുല?
അങ്ങനെയൊരു ഫോര്‍മുലയൊന്നുമില്ല. കഥകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വിജയ സാധ്യത കണ്ടെത്തുകയാണ്. സൂപ്പര്‍ ഹിറ്റാകും എന്നു നൂറു ശതമാനവും ബോധ്യമുള്ള കഥകള്‍ മാത്രമാണ് ഞാന്‍ സിനിമയാക്കിയിട്ടുള്ളത്. പിന്നെ അതിന്റെ പിന്നിലുള്ള കഠിനാധ്വാനമാണ്. തിരക്കഥയുടെ ചര്‍ച്ചകള്‍ക്കുവേണ്ടി അഞ്ചാറു മാസമെങ്കിലും ചെലവഴിക്കും. ഏറ്റവും ഫലപ്രദമായ രീതിയില്‍ ചിത്രീകരണം. എഡിറ്റിങ് ടേബിളിലാണ് വളരെയധികം അധ്വാനം ആവശ്യമുള്ളത്. ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ന്റെ ഷൂട്ടിങ്ങിന് വേണ്ടിവന്നതിനേക്കാള്‍ കൂടുതല്‍ സമയം എഡിറ്റിങ്ങിന് വേണ്ടി വന്നു. ഇത്തരം തയ്യാറെടുപ്പുകളാണ് എല്ലാ വിജയങ്ങളുടേയും അടിസ്ഥാനം.
എല്ലാ ചിത്രങ്ങളിലും ഹ്യൂമറിനാണല്ലോ പ്രാധാന്യം? ജീവതത്തില്‍ ഹ്യൂമര്‍ അല്ലാതെ മറ്റൊന്നും ഇല്ലെന്നാണോ കരുതുന്നത്?
അങ്ങനെ കരുതുന്നില്ല. നല്ല നോവല്റ്റിയുള്ള സബ്ജക്റ്റ് കിട്ടാത്തതാണ് സീരിയസ് സിനിമ ചെയ്യാത്തതിന്റെ പ്രധാന കാരണം. ഹ്യൂമറിനൊരു മിനിമം ഗ്യാരന്റിയുണ്ട്. സീരിയസ് വിഷയങ്ങളാകുമ്പോള്‍ പുതുമ തോന്നിയില്ലെങ്കില്‍ പ്രേക്ഷകന് ഇരിക്കില്ല. എന്നെത്തേടി വരുന്ന നിര്‍മ്മാതാക്കളും കോമഡി സിനിമകളാണ് ആവശ്യപ്പെടുന്നത്.
കോമഡി ഉണ്ടാക്കുന്നത് എളുപ്പമായ കാര്യമാണോ?
ഏറ്റവും പ്രയാസമാണ് കോമഡി ഉണ്ടാക്കുന്നത്. അത് പറഞ്ഞു ഫലിപ്പിക്കാന്‍ അതിലേറെ പണിയുണ്ട്. ചെറിയൊരു പിഴവ് വന്നാല്‍ പോലും ഉദ്ദേശിച്ച ചിരി കിട്ടിയെന്നു വരില്ല. അപ്പോള്‍ പടം പൊട്ടും.
ഈയിടെ ഇറങ്ങിയ ഷാഫിയുടെ ചിത്രങ്ങള്‍ വലിയ താരനിരയില്ലാതെ വിജയം നേടിയല്ലോ?
ഇപ്പോഴത്തെ മലയാള സിനിമാസാഹചര്യത്തില് വലിയ താരങ്ങളില്ലെങ്കിലും പ്രേക്ഷകര്‍ തിയ്യറ്ററില്‍ വരുന്നുണ്ട്. അത് വലിയൊരു മാറ്റം തന്നെയാണ്. കഥയും കഥപറച്ചിലുമൊക്കെ നന്നായാല്‍ ചിത്രങ്ങള്‍ ഓടുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, ഒരു പഴയ ബോംബ് കഥ എന്നീ ചിത്രങ്ങള്‍ അതിന് ഉദാഹരണങ്ങളാണ്. ധാരാളം കലാകാരന്മാര്ക്ക് സിനിമയില്‍ അവസരം ലഭിക്കാന്‍ ഈ മാറ്റം കാരണമായിട്ടുണ്ട്.
സിനിമാ ജീവിത പ്രതിസന്ധികള്‍?
ലോലി പോപ്പ്, വെനീസിലെ വ്യാപാരി എന്നീ ചിത്രങ്ങള്‍ പ്രതീക്ഷിച്ചതുപോലുള്ള വിജയം നേടിയില്ല. ഈ സമയത്താണ് ന്യൂ ജനറേഷന് ഫിലിമുകള്‍ ധാരാളം ഇറങ്ങാന്‍ തുടങ്ങിയത്. കോമഡിയുടെ കാലം കഴിഞ്ഞെന്നും, മറ്റെന്തെങ്കിലും പണി നോക്കേണ്ടി വരമെന്നും ഞാന്‍ ആശങ്കപ്പെട്ടു. പക്ഷേ പിന്നീട് സംവിധാനം ചെയ്ത ദിലീപ് നായകനായ ‘ടൂ കണ്ട്രീസി’ന്റെ വന്‍ വിജയം എന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നു തെളിയിച്ചു. അമ്പതു കോടിയിലധികം രൂപ കളക്ഷന്‍ നേടിയ മലയാളത്തിലെ ഒരേയൊരു കോമഡി സിനിമയാണ് ‘ടൂ കണ്ട്രീസ്’.
ചില്‍ഡ്രന്‍സ് പാര്‍ക്ക് വെക്കേഷന് സമയത്ത് ഇറങ്ങിയിരുന്നെങ്കില്‍ കൂടുതല്‍ കുട്ടികളിലേക്ക് എത്തുമായിരുന്നില്ലേ?
സമ്മര്‍ വെക്കേഷന് റിലീസ് ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ചിത്രീകരണം ഉള്‍പ്പെടെ എല്ലാം പ്ലാന്‍ ചെയ്തത്. പക്ഷേ അവിചാരിതമായ തടസ്സങ്ങള്‍ മൂലം റിലീസിങ് നീണ്ടുപോയി. വരും ദിവസങ്ങളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് സന്ദര്‍ശിക്കാന്‍ കുട്ടികള്‍ കൂടുതലായി തീയറ്ററില്‍ എത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. കാരണം ഇത് അവര്‍ക്കുവേണ്ടി കൂടിയുള്ള സിനിമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: