ഭഗവാന് ശ്രീഗണേശന് ഒരുനാള്‍ തന്റെ അമ്മാവനായ ശ്രീവൈകുണ്ഠനാഥനെ കാണാന്‍ താല്‍പര്യം തോന്നി. ഭഗവാന്‍ മഹാവിഷ്ണു പലപ്പോഴും പലവിഷയങ്ങളിലും ഗണേശന്റെ സഹായം തേടാറുണ്ട്. വിഘ്‌നേശ്വര പൂജയുടെ മാഹാത്മ്യം വൈകുണ്ഠനാഥന്‍ നേരിട്ടും അല്ലാതെയും പലരോടും ഉപദേശിച്ചിട്ടുള്ളതുമാണ്.
അമ്മാവനെ കാണാന്‍ പോകുമ്പോള്‍ എന്തെങ്കിലും പാദകാണിയ്ക്ക വയ്ക്കണമല്ലോ. അവിലോ, മലരോ, ശര്‍ക്കരയോ, തേനോ, പാലോ, വെണ്ണയോ എന്തുവേണമെങ്കിലുമാകാം. എന്തുവേണമെങ്കിലും നിര്‍ഗുണപരബ്രഹ്മമായ വൈകുണ്ഠനാഥന് സന്തോഷമാണ്. ഇന്നത് വേണമെന്ന നിര്‍ബന്ധമൊന്നുമില്ല. ഒന്നും നല്‍കിയില്ലെങ്കിലും നാരായണന് അപ്രീതിയൊന്നുമില്ല. എന്നാലും എന്തെങ്കിലും പാദകാണിക്ക സമര്‍പ്പിക്കുകയെന്നത് മര്യാദയുടെ ഭാഗമാണ്. ചെത്തിയോ, താമരയോ എന്തുവേണമെങ്കിലുമാകാം. ഒരു തുളസീദളമായാലും ഭഗവാന് വളരെ സന്തോഷം.
മഹാത്മാക്കളെ കാണാന്‍ പോകുമ്പോള്‍ എന്തെങ്കിലും പാദകാണിയ്‌ക്ക സമര്‍പ്പിക്കുന്നത് ആചാരത്തിന്റെ ഭാഗമാണ്.
രിക്തപാണിര്‍ ന പശ്യേതം
രാജാനാം ദൈവതം ഗുരും
നൈമിത്തികം വിശേഷേണ
ഫലേണ ഫലമാദിശേല്‍
എന്നു കേട്ടിട്ടുണ്ട്.
ശ്രീ ഗണേശന്‍ മനസ്സു കൊണ്ടു സങ്കല്പിച്ചു. ദിവ്യമായൊരു ചിന്താമണി രത്‌നം വൈകുണ്ഠനാഥന്റെ കാല്‍ക്കല്‍ പാദകാണിക്ക സമര്‍പ്പിച്ചു. മഹോദര ഗണേശന്റെ സമര്‍പ്പണ ബുദ്ധിയെ അഭിനന്ദിച്ചു കൊണ്ട് വൈകുണ്ഠനാഥന്‍ ഗണേശനെ ആലിംഗനം ചെയ്തു. മഹാലക്ഷ്മി വിനായകന്റെ നെറുകയില്‍ വാല്‍സല്യപൂര്‍വം ചുംബിച്ചു. ലക്ഷ്മീദേവി തന്നെ ആ ചിന്താമണി രത്‌നം വൈകുണ്ഠനാഥന്റെ കഴുത്തില്‍ അണിയിച്ചു.
വൈകുണ്ഠനാഥന്‍ തന്റെ നിര്‍ഗുണത്വവും നിര്‍മമത്വവും മഹോദരഗണേശന്റെ മുമ്പില്‍ വ്യക്തമാക്കി.
മകനേ ഗണേശ, നിര്‍ഗുണനും നിര്‍മോഹനുമെല്ലാമായ എനിക്ക് ഈ ചിന്താമണി രത്‌നവും പാറക്കല്ലുമെല്ലാം ഒരു പോലെയാണ്. ഞാന്‍ അലങ്കാരപ്രിയനാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ വാസ്തവത്തില്‍ ഞാന്‍ ഭക്തപ്രിയനാണ്. ഭക്തിപൂര്‍വം എന്നില്‍ സമര്‍പ്പിക്കുന്നതെന്തും ഞാന്‍ സന്തോഷപൂര്‍വം സ്വീകരിക്കുന്നു. ഇനി മറ്റാരെങ്കിലും ഭക്തിയോടെ സമീപിക്കുമ്പോള്‍ എന്റെ ഹൃദയം പോലും അവര്‍ക്കായി സമ്മാനിക്കാന്‍ തയാറായി നില്‍ക്കുന്നവനാണ് ഞാന്‍. എന്നാലും മകനേ നീ നല്‍കിയ ഈ ചിന്താമണിരത്‌നം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു.
ഭക്തപ്രിയനായ വൈകുണ്ഠനാഥന്റെ പ്രിയാപ്രിയങ്ങള്‍ പലതും കണ്ടും കേട്ടും തിരിച്ചറിഞ്ഞിട്ടുള്ള ശ്രീഗണേശന്‍ ആ ഭക്തവല്‍സലന്റെ വാക്കുകള്‍ സന്തോഷത്തോടെ മനസ്സില്‍ താലോലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: