ഓരോ ആഴ്ചയിലും അഞ്ചില്‍ കുറയാതെയുള്ള മലയാള സിനിമകള്‍ തിയേറ്ററിലെത്തുന്നു. ഇതില്‍ പലതും ആദ്യ പ്രദര്‍ശനത്തോടെ അവസാനിക്കുകയും ചെയ്യുന്നു. ഒട്ടുമിക്ക ചിത്രങ്ങളും ഒരുകോടിയിലേറെ ചിലവഴിച്ചവയും. അതായത് മലയാള സിനിമാരംഗത്ത് ഓരോ ആഴ്ചയിലും രണ്ടില്‍ കുറയാത്ത നിര്‍മ്മാതാക്കള്‍ സാമ്പത്തിക നഷ്ടത്തിലേക്ക് തിരിയുന്നുഎന്നതാണ് യാഥാര്‍ത്ഥ്യം. എന്ത്കൊണ്ട് മലയാള സിനിമക്ക് ഈ ദുര്ഗതിവരുന്നു എന്നത് പഠനവിധേയമാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടനപോലും ശ്രമംനടത്താത്തത് എന്ത്കൊണ്ടാണ്?
ചെറിയ സിനിമകള്‍ക്ക് തിയേറ്റര്‍ കിട്ടുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കിട്ടുന്നതോ, ജനം തിയേറ്ററിലേക്ക് എത്താത്ത സമയവും. ഇത് ഇത്തരം സിനിമകളോട് ചെയ്യുന്ന ക്രൂരതയാണ്. ഇനി, അത്കൊണ്ട് മാത്രമാണോ ആ സിനിമകള്‍ പരാജയപ്പെടുന്നത് എന്നതും പരിശോധിക്കേണ്ടതുണ്ട്. അരമണിക്കൂര്‍പോലും സഹിച്ചിരിക്കാനാവാത്ത ഒത്തിരി ചിത്രങ്ങള്‍ ‘ദേ..വന്നൂ.. ദാ..പോയി’ എന്ന അവസ്ഥയിലേക്ക് എത്തുന്നതില്‍ അത്ഭുതമില്ല.
താരപ്രഭ ഇല്ലാത്തത്കൊണ്ട് മാത്രമല്ല സിനിമകള്‍ പ്രേക്ഷകര്‍ തിരസ്ക്കരിക്കുന്നതെന്ന സത്യവും കാണാതെപോവരുത്. നിലംതൊടാതെ പോവുന്ന ചിത്രങ്ങളില്‍ താരചിത്രങ്ങളും പെടുന്നുണ്ടല്ലോ?
സിനിമ ഡിജിറ്റലായതോടെ, ആര്‍ക്കും എത്തിപ്പിടിക്കാവുന്ന ഒരു മേഖലയായി സിനിമ മാറിയിട്ടുണ്ട്. പുതുസംവിധായകരുടെ ചിത്രങ്ങളില്ലാത്ത ഒരാഴ്ചയും കടന്ന് പോവുന്നുമില്ല. നവസംവിധായകര്‍ വരേണ്ടത് തന്നെ. അവര്‍ സിനിമയ്ക്ക് പുതിയ വഴിത്താരകള്‍ തുറക്കാന്‍ കഴിവുള്ളവരായിരിക്കണം. സിനിമയെ തൊട്ടറിഞ്ഞ്, അനുഭവങ്ങളുടെ ശക്തിയാര്ജ്ജിച്ചവരായിരിക്കണം. പലപ്പോഴും അതല്ല സംഭവിക്കുന്നത്. ഒന്നോ, രണ്ടോ സിനിമകളില്‍ സഹകരിച്ചാലുടന് സംവിധായകകുപ്പായമിടാന് വെമ്പല്‍കൊള്ളുന്നവരാണ് അധികവും. ആരുടേയും കൂടെ പ്രവര്‍ത്തിക്കാതെ സംവിധായകരാവുന്നവരും ഇക്കൂട്ടത്തിലുണ്ട്. (സംവിധായകനാവാന്‍ ആരുടേയും കൂടെ പ്രവര്‍ത്തിക്കണമെന്നില്ല. സിനിമയെ സ്വയം അറിയാനുള്ള വായനയും പഠനവും നടത്തിയവരായിരുന്നാലും മതി. അത്തരത്തില്‍ സിനിമയില്‍ വിശ്വോത്തര സംവിധായകരായ പ്രതിഭകളെ സ്മരിക്കുന്നു)
സിനിമയുടെ ദൃശ്യാവിഷ്ക്കാരത്തിന് ഒരു വ്യാകരണമുണ്ട്. grammar of film language. അത് പഠിച്ചവരായിരുന്നു മുന്‍പുണ്ടായിരുന്ന സംവിധായകര്‍. grammer brake ചെയ്തുകൊണ്ട് വ്യത്യസ്തങ്ങളായ ദൃശ്യവിസ്മയങ്ങള്‍ ആദ്യമായി ഒരുക്കിയതും അവരില്‍ ചിലരാണ്. അവര്‍ മനസ്സിലാക്കിയ ദൃശ്യഭാഷയെ തകര്‍ത്തുകൊണ്ട് മറ്റൊന്ന് സൃഷ്ടിക്കുമ്പോള്‍ യൃമസല ചെയ്യാന്‍ ഒരു യമലെ അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പലരും fundamentals എന്തെന്നു പോലും അറിയാത്തവരായുണ്ട്. അത് തന്നെയാണ് സിനിമ തകരുന്നതിന് കാരണവും. സംവിധായകന് ഏത് തരം കഥയാണ് പറയേണ്ടതെന്നും, ആ കഥയുടെ ഘടനയെക്കുറിച്ചും അവബോധം നിര്ബന്ധമായിരിക്കേണ്ടതാണ്. ഇന്നത്തെ പല സിനിമക്കാഴ്ചകളും ഇക്കാര്യത്തില്‍ സംവിധായകന്റെ അജ്ഞത വെളിവാക്കുന്നു. ഇത്തരക്കാരില്‍ ഏറിയപങ്കും കഥയും തിരക്കഥയും സംഭാഷണവും ‘സ്വയംകൃതി’യാക്കുന്നവരുമാകുമ്പോള് കാര്യങ്ങള്‍ എങ്ങനെയാവും?
ഇതൊക്കെ തിരിച്ചറിയാന്‍ വിവരമില്ലാത്ത നിര്‍മ്മാതാക്കളാണ് വിഡ്ഢികള്‍. ഇനി, അതുമല്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ബിനാമികളായിരിക്കാം ഇക്കൂട്ടര്‍. എല്ലാ സിനിമകളും രക്ഷപ്പെടണം. പണംമുടക്കുന്നവര്‍ തെരുവിലലയേണ്ട സ്ഥിതി ഉണ്ടാവരുത്. അതിനാവശ്യം നല്ല തിരക്കഥകള്‍ മാത്രം സിനിമയാവുക എന്നതാണ്. പുതുമുഖ ചിത്രങ്ങളും നല്ലതാണെന്ന് തിരിച്ചറിഞ്ഞാല്‍ അവയൊക്കെ വന്‍ ഹിറ്റുകളാവുന്ന യാഥാര്‍ത്ഥ്യം ആരും ആരേയും ബോധ്യപ്പെടുത്തേണ്ടതില്ലാത്ത നേര്‍സാക്ഷ്യങ്ങളാണ്. ഇനിയെങ്കിലും നിര്‍മ്മാതാക്കള്‍ ചിന്തിക്കുന്നവരായാല്‍, കഥയുടെ സ്വീകാര്യതയെക്കുറിച്ച് ബോധമുള്ളവരായാല്‍ തീരാവുന്ന ഒരു സ്ഥിതിവിശേഷം മാത്രമാണിത്. പതിനൊന്നും പതിമൂന്നുമൊക്കെ റിലീസിംങ്ങ് സെന്ററുകള്‍ ഉണ്ടായിരുന്ന നാടാണ് 80കള്‍ വരെയുള്ള കേരളം. അന്ന് റിലീസ് ചെയ്ത ചിത്രങ്ങള്‍ 90ശതമാനവും സാമ്പത്തിക വിജയങ്ങളുമായിരുന്നു. അന്നൊക്കെ ഒരു നിര്‍മ്മാതാവ് സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുമ്പോള്‍ ആ കഥയെക്കുറിച്ച് മറ്റു നിര്‍മ്മാതാക്കളും സംവിധായകരുമായി കഥാ ചര്‍ച്ച നടത്തുമായിരുന്നു. പോരായ്മകള്‍ വിലയിരുത്തുമായിരുന്നു. മാസ്റ്റേഴ്സ് ആയ സംവിധായകരുടെ സിനിമകളില്‍പോലും ഈ കൂട്ടായ്മ ദൃശ്യമായിരുന്നു. ഇന്ന്, അതേ സിനിമാ സെറ്റിലുള്ള ടെക്നീഷ്യന്മാര്ക്ക് എല്ലാവര്ക്കും തന്നെ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്ത സ്ഥിതിയുമുണ്ട്. അത്രയ്ക്ക് രഹസ്യമായിട്ടാണ് ‘മഹാസൃഷ്ടികള്‍’ സംഭവിപ്പിക്കുന്നത്. പല തിരക്കഥയിലും സംഭാഷണങ്ങള്‍ അഭിനേതാക്കള്‍ പരസ്പരം സംസാരിച്ച് സൃഷ്ടിച്ചെടുക്കുന്ന അവസ്ഥയുമുണ്ട്. സംഭാഷണങ്ങള്‍ക്ക് മികവേകാന്‍ പരസ്പര വിശകലനം പ്രയോജനം ചെയ്തേക്കാം. എന്നാല്‍ ഒരു രംഗം അങ്ങനെതന്നെ സൃഷ്ടിച്ചെടുക്കുമ്പോള്‍ അത് പൂര്‍ണ്ണയെ മോശപ്പെടുത്തുകയേ ഉള്ളൂ. ചില സീനുകള്‍ എവിടെ അവസാനിപ്പിക്കണം എന്നറിയാത്ത ഒരവസ്ഥ കാണാനാവുന്നതും ഇത്തരം സാഹചര്യങ്ങളിലാണ്. ഇതൊക്കെ തിരക്കഥാകൃത്തിലെ അനുഭവക്കുറവിന്റെ നേര്‍സാക്ഷ്യം മാത്രം.
മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന ബാനറുകളൊന്നുമിന്ന് സിനിമകള്‍ നിര്‍മ്മിക്കുന്നില്ല എന്നത് എന്ത്കൊണ്ട് എന്ന്കൂടി ചിന്തിക്കേണ്ടതല്ലേ? സിനിമയ്ക്ക് പണം മുടക്കാന്‍ ആളുണ്ടാവണം. എന്നാല്‍ അയാള്‍ പണമിറക്കിയാല്‍ മാത്രം മതി. നിര്‍മ്മാണത്തില്‍ നിശബ്ദനായിരിക്കണം. സംവിധായകനും, അയാളുടെ ഇഷ്ടക്കാരായ മറ്റു അണിയറക്കാരും കാര്യങ്ങള്‍ തീരുമാനിക്കും. ഈ അവസ്ഥയോടുള്ള വിയോജിപ്പ് തന്നെയല്ലേ പല നിര്‍മ്മാതാക്കളേയും മാളത്തിലൊളിക്കാന് പ്രേരിപ്പിക്കുന്നത്?
പുതുമുഖങ്ങളായി വരുന്ന ചില നടന്മാരും അവര്‍ക്ക് ഒരു തുടക്കം കിട്ടാന്‍ നിര്‍മ്മാതാക്കളെ വെട്ടിലിടുന്ന സംഭവങ്ങളും ഉണ്ടാവുന്നുണ്ട്. ആ നിര്‍മ്മാതാവ് കുത്തുപാളയെടുത്താലും ഒരു സിനിമയില്‍ വന്ന്കഴിഞ്ഞാല്‍ പിന്നീട് അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ ഈ നടന്മാര്ക്ക് സാധിക്കുന്നുമുണ്ടെന്നതും നേര്‍കാഴ്ച തന്നെ സംവിധായകനായി സിനിമയിലേക്ക് കയറിപ്പറ്റിയാല്‍, ആദ്യ സിനിമ ദയനീയ പരാജയമായാലും അടുത്ത സിനിമയിലേക്ക് വഴി ഒരുക്കുന്നവരാണ് പലരും. അതേസമയം തന്നെ നല്ല കഥകളും, തിരക്കഥകളും കണ്ടെത്തി, നിര്‍മ്മാതാക്കളെ തേടിഅലയുന്ന, എങ്ങനെ ഒരു നിര്‍മ്മാതാവിനെ കണ്ടെത്തും എന്നറിയാത്ത എത്രയോപേര്‍ ഇന്നും സിനിമയുടെ വാതിലിന് വെളിയിലുണ്ട്. പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കുന്ന നിര്‍മ്മാതാക്കള്‍ അവരുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടാല്‍, നല്ല കഥയുമായി സിനിമ അറിയുന്നവര്‍ക്ക് കടന്ന് വരാം എന്ന നിലപാടെടുത്താല്‍, സിനിമകള്‍ക്ക് അത് ഗുണകരമാവും.
സിനിമ വെറുമൊരു കല മാത്രമല്ല, പതിനായിരങ്ങളുടെ ജീവനോപാധിയാണ്. ആ യാഥാര്‍ത്ഥ്യം തട്ടിക്കൂട്ട് സിനിമകള്‍ക്ക് അരങ്ങൊരുക്കുന്നവര്‍ തിരിച്ചറിയണം.
ഏതൊരു തൊഴിലിനും അടിസ്ഥാന വിദ്യാഭ്യാസമുണ്ടായിരിക്കണം. എന്നാല്‍ കലാരംഗത്ത് വിദ്യാഭ്യാസത്തിലുപരി അവനിലെ കലാകാരന്റെ പൂര്‍ണ്ണതയാണ് നോക്കുന്നത്. അത് അംഗീകരിക്കാതിരിക്കാനാവില്ല. പക്ഷെ, അവിടേയും പൂര്ണ്ണരല്ലാത്തവര് അവരുടെ അന്തര്‍നാടകങ്ങളിലൂടെ അരങ്ങിലെത്തുമ്പോള്‍, ആ അരങ്ങ് ശവപ്പറമ്പായി മാറുന്നതും സ്വാഭാവികം
സിനിമകളെല്ലാം വിജയിക്കണം, അതിന് സിനിമ അറിയാവുന്നവരായിരിക്കണം സിനിമ ഒരുക്കുന്നവര്‍. അങ്ങിനെ സംഭവിച്ചെങ്കിലേ സിനിമ വളരൂ.
( കഴിഞ്ഞ ആഴ്ചവരെ റിലീസ് ചെയ്ത് വന്‍ പരാജയങ്ങളായ മിക്ക സിനിമകളും കണ്ടതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. സിനിമയെ തകര്‍ക്കുന്നത് പ്രേക്ഷകരല്ല, സിനിമാക്കാര് തന്നെയാണ് )
പ്രതികരിക്കാൻ ഇവിടെ എഴുതുക: