മട്ടാഞ്ചേരി: ട്രോളിങ് നിരോധനവും രൂക്ഷമായ കടല്‍ക്ഷോഭവും മൂലം സംസ്ഥാനത്ത് മത്സ്യലഭ്യതയില്‍ കുറഞ്ഞു. അഞ്ച് ദിവസത്തിനുള്ളില്‍ മീന്‍വില 200 മുതല്‍ 250 ശതമാനം വരെ കൂടി.
ചാള, അയില, ചൂര, കട്ല, തിലോപ്പി തുടങ്ങിയ മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയില്‍. പോയവാരം കിലോയ്ക്ക് 160 രൂപയുണ്ടായിരുന്ന ചാള (മത്തി)ക്ക് വില 280-320 രൂപയായി. അയില കിലോയ്ക്ക് 180ല്‍ നിന്ന് 350-400 രൂപയായും ചൂര വില 140 ല്‍ നിന്ന് 260-280 രൂപയായും കൂടി. കിലോയ്ക്ക് 120 രൂപയായിരുന്നു ചെമ്പല്ലി കിട്ടാന്‍ 260 രൂപ കൊടുക്കണം. തിലോപ്പി 80 രൂപ കൂടി 200 രൂപയായി.
കടല്‍ മത്സ്യങ്ങള്‍ കുറഞ്ഞതോടെ കായല്‍ മത്സ്യങ്ങളുടെ വിലയിലും വന്‍ വര്‍ധനവുണ്ടായി. കണമ്പ് വില കിലോയ്ക്ക് 200 രൂപയായി, കരിമീന്‍, നെയ്മീന് വില കിലോയ്ക്ക് 700- 800 രൂപയാണ്, ചെമ്മീന്‍ വില ഇനമനുസരിച്ച് കിലേയ്ക്ക് 300 മുതല്‍ 600 രൂപ വരെയാണ് ഈടാക്കുന്നത്. മത്സ്യവില കുതിപ്പിനെ തുടര്‍ന്ന് പല ചെറുകിടഹോട്ടലുകളിലും ഊണിന് മത്സ്യവിഭവങ്ങള്‍ ഒഴിവാക്കി തുടങ്ങിയതായി ഹോട്ടലുടമകളും പറയുന്നു.
ഇന്ത്യയില്‍ മത്സ്യ ഉപഭോഗത്തില്‍ കേരളമാണ് മുന്നില്‍. ശരാശരി 30-32 കിലോയാണ് പ്രതിശീര്‍ഷ ഉപഭോഗ നിരക്ക്. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തില്‍ മീനെത്തുന്നത്. പ്രതിദിനം 20 മുതല്‍ 60 ലോഡ് മത്സ്യം വരെ അതിര്‍ത്തി കടന്നെത്തുന്നത്. നിലവിലിത് 80 ആയി ഉയര്‍ന്നതായും വിപണി വൃത്തങ്ങള്‍ പറയുന്നു. ഇതിലൂടെ മീന്‍വില വര്‍ധന നേട്ടം ഇതരസംസ്ഥാനങ്ങള്‍ നേടുന്നതായി കച്ചവടക്കാരും സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: