പോത്തന്‍കോട്: പോത്തന്‍കോടുള്ള പ്രധാന വ്യാപാര വിപണന കേന്ദ്രമായ പോത്തന്‍കോട് ചന്തയില്‍ കര്‍ഷകരെ കൊള്ളയടിച്ച് ചന്തപ്പിരിവ്. വീട്ടുവളപ്പില്‍ കൃഷി ചെയ്ത് വിളവെടുത്ത കാര്‍ഷികോല്‍പ്പന്നങ്ങളും കോഴികള്‍, കന്നുകാലികള്‍ തുടങ്ങിയവ വിറ്റഴിക്കുന്നതിനും സാധാരണക്കാര്‍ ചന്തയിലെ പ്രവേശനകവാടത്തില്‍ എത്തിയാല്‍ അമിതമായി പിരിവ് പണം ചോദിച്ച് കൊള്ളയടിക്കല്‍ പതിവാണ്. പണം കൊടുക്കാന്‍ മടിക്കുന്നവരെ പിരിവുകാര് ഭീഷണിപ്പെടുത്തി അസഭ്യം പറയുന്നതായും പരാതിയുണ്ട്. കൈച്ചുമടിന് അമിതമായ പിരിവ് പണം കൊടുത്തിെല്ലങ്കില്‍ ചന്തയില്‍ പ്രവേശനം ഇല്ലെന്നു പറഞ്ഞ് ഗേറ്റിന് പുറത്തിറക്കുമെന്നും കച്ചവടക്കാര്‍ പറയുന്നു.
വിവിധ പ്രദേശങ്ങളില്‍ നിന്നും ദിനംപ്രതി നൂറുക്കണക്കിന് ആളുകളാണ് കച്ചവടങ്ങള്‍ക്കും മറ്റും പോത്തന്‍കോട് ചന്തയെ ആശ്രയിക്കുന്നത്. പ്രധാനമായും ബുധന്‍, ശനി ദിവസങ്ങളിലാണ് കച്ചവടക്കാര്‍ ധാരാളം എത്തുന്നത്. ചന്തയിലെത്തുന്ന ചെറുകിട കച്ചവടക്കാരെ ചൂഷണം ചെയ്താണ് കരാറുകാരന് പണം പിരിക്കുന്നത്. ഒരു വര്‍ഷത്തെ കരാറാണ് ചന്തയിലെത്തുന്ന കച്ചവടക്കാരില്‍ നിന്നും പണം പിരിക്കാനായി പഞ്ചായത്ത് അധികൃതര്‍ കരാറുകാരന് നല്‍കിയിരിക്കുന്നത്. പഞ്ചായത്ത് അധികാരികള്‍ അംഗീകരിച്ച ചന്ത പിരിവ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പതിനഞ്ച് ലക്ഷം രൂപയാണ് കരാര്‍ തുക.
പഞ്ചായത്ത് അംഗീകരിച്ച് പ്രസിദ്ധീകരിച്ച ചന്ത പിരിവ് വിവരത്തില്‍ കൈച്ചുമട് ഫീസില്ല. തലച്ചുമട് – 1 , സൈക്കിള്‍ ചുമട്- 3 , വണ്ടിച്ചുമട് – 15 , മോട്ടോര്‍ വാഹനച്ചുമട് – 40 എന്നിങ്ങനെയാണ്. മൃഗങ്ങളുടെ ഇനത്തില്‍ ആട്, ചെമ്മരിയാട് – 2, കഴുത, പന്നി – 3 , പശു, കാള, പോത്ത്, എരുമ – 5, കോഴി വളര്‍ച്ചയെത്തിയതിന് – 1 എന്നിങ്ങനെയും. വില്‍പ്പനയ്ക്ക് എത്തുന്ന വസ്തുക്കളുടെ ഭാരം നോക്കിയും വില നിശ്ചയിക്കാറുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
പരാതികള്‍ പലതായിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഇല്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. പഞ്ചായത്ത് ഭരണത്തിന്റെ മറവിലാണ് കരാറുകാരന് അധികപണം പിരിക്കുന്നതെന്നു ആരോപണമുണ്ട്. കച്ചവടക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പിരിവിന വിവരം പ്രവേശന കവാടത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. കൊള്ളപ്പിരിവ് നിര്‍ത്തലാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ കരാറുകാരന് നോട്ടീസുകള്‍ നല്‍കിയിട്ടും ആവര്‍ത്തിക്കുകയാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപ്പേര്‍ പരാതികളുമായി പഞ്ചായത്ത് അധികൃതരെ സമീപിച്ചു. മുമ്പ് പ്രദര്‍ശിപ്പിച്ച ചന്തയിലെ പിരിവിന വിവര പട്ടിക കരാറുകാരന്റെ നേതൃത്വത്തില്‍ നശിപ്പിച്ചതായി പറയുന്നു. ഇതിനെതിരെ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പലതവണ താക്കീത് നല്‍കിയതായും ഭരണാധികാരികള്‍ പറയുന്നു. കൊള്ളപ്പിരിവ് തുടരുന്ന സാഹചര്യത്തില്‍ കരാര്‍ നിര്‍ത്തലാക്കണമെന്നു ആവശ്യമുയരുന്നുണ്ട്. സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അധികൃതരുടെ മൗനമാണ് ചന്തയിലെ കരാറുകാരന്റെ കൊള്ളപ്പിരിവിന് അവസരമൊരുക്കുന്നെതെന്നും ആക്ഷേപമുണ്ട്.
ചന്തയില്‍ കൊള്ള പിരിവ് കൂടിയതോടെ റോഡരികിലും കടത്തിണ്ണകളിലും ചെറുകിട കച്ചവടക്കാരുടെ എണ്ണം കൂടുകയാണ്. ഇതോടെ തിരക്കേറിയ പോത്തന്‍കോട് – വെഞ്ഞാറമൂട് റോഡിലും പോത്തന്‍കോട് ജംഗ്ഷനിലും ഗതാഗതക്കുരുക്ക് ഇരട്ടിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: