റോഡപകടങ്ങള്‍ തുടര്‍ക്കഥകളാവുകയാണ്. ഓരോ ദിവസവും ഡസന്‍കണക്കിന് അപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. എത്ര പറഞ്ഞാലും എഴുതിയാലും അപകടങ്ങള്‍ക്ക് ഒരു ശമനവുമില്ല. അതില്‍ ഏറ്റവും ഒടുവിലത്തെ ദാരുണസംഭവമാണ് ഞായറാഴ്ച പാലക്കാട് ഉണ്ടായത്. മിനിലോറിയുമായി അംബുലന്‍സ് കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവര്‍ എട്ടുപേരാണ്.
അപകടത്തില്‍ പരിക്കേറ്റവരേയും വിഷം കഴിച്ചതിനെത്തുടര്‍ന്ന് തുടര്‍ചികിത്സ ആവശ്യമായവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയില്‍നിന്നു പാലക്കാട്ടേക്ക് പോവുകയായിരുന്ന ആംബുലന്‍സും കോയമ്പത്തൂരില്‍നിന്നു പുതുനഗരത്തേക്ക് പോവുകയായിരുന്ന മിനിലോറിയും തണ്ണിശ്ശേരി പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ഇടിച്ചാണ് അപകടം. ആംബുലന്‍സിലുണ്ടായിരുന്ന ഒന്‍പതുപേരില്‍ എട്ടുപേരും തല്‍ക്ഷണം മരിച്ചു.
യാത്ര ഒഴിവാക്കാന്‍ കഴിയാത്തതാണെന്ന് എല്ലാവര്‍ക്കും അറിയാം. യാത്രയ്‌ക്കിടയില്‍ അപടം സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനും സാധ്യമല്ല. അപകടത്തിനുള്ള സാധ്യതകളെല്ലാം നമ്മുടെ റോഡുകളിലുണ്ട്. റോഡിന്റെ വീതിക്കുറവും വളവും അപകടസൂചന പ്രദര്‍ശിപ്പിക്കാത്തതും മാത്രമല്ല, അലസമായ ഡ്രൈവിംഗും അപകടത്തിലേക്ക് നയിക്കുന്നു. ഓരോ അപകടവാര്‍ത്തയും ബന്ധപ്പെട്ടവരെ ഞെട്ടിക്കുന്നതും അതീവ ദുഃഖത്തിലാഴ്‌ത്തുന്നതുമാണ്.
ഒരു അപകടവാര്‍ത്തയും മരണവിവരവും വായിച്ച് തീരുമ്പോഴേക്കും അതിനേക്കാള്‍ വലിയ അപകടസംഭവങ്ങള്‍ നടക്കുമ്പോള്‍ മുന്‍പ് വായിച്ചത് വിസ്മൃതിയിലാവുകയാണ്. ഇതെന്തുകൊണ്ട്, എങ്ങിനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് ഗഹനമായ പഠനമോ പരിഹാരനിര്‍ദ്ദേശങ്ങളോ ഫലപ്രദമായി നടക്കുന്നില്ല. മോട്ടോര്‍ വാഹനവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം ഒരുകോടി കവിഞ്ഞിരിക്കുന്നു. അതായത് ജനസംഖ്യാനുപാതത്തില്‍ മൂന്നുപേര്‍ക്ക് ഒരു വാഹനം. സ്ത്രീകള്‍ അധികമായി ഡ്രൈവിംഗ് രംഗത്ത് കടന്നുവന്നതും ചെറിയ വാഹനങ്ങളുടെ വമ്പിച്ച വര്‍ധനവിന് കാരണമായി. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. അതിനനുസരിച്ച് റോഡിന്റെ വീതിയില്‍ കാര്യമായ വര്‍ധനവ് ഉണ്ടായില്ല.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ റോഡ് സൗകര്യം കേരളത്തിലുണ്ട്. മിക്കസ്ഥലങ്ങളും റോഡുകളാല്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും പാര്‍ശ്വങ്ങളില്‍ വികസനപ്രവര്‍ത്തനം താരതമ്യേന കുറവാണ്. ഇത് വളരെയധികം തടസങ്ങള്‍ സൃഷ്ടിക്കുന്നു. നിലവിലെ ഗതാഗതസംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതലാണ് വാഹനങ്ങള്‍. റോഡുഗതാഗത വാര്‍ഷികവളര്‍ച്ച 10 മുതല്‍ 11 ശതമാനം വരെയാണ്. നിലവിലുള്ള റോഡുകള്‍ക്ക് ഗതാഗതം ഉള്‍ക്കൊള്ളാനാവാത്തത്തിന്റെ മുഖ്യകാരണം സ്ഥലപരിമിതിതന്നെ. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ റോഡുകളുടെ ദൈര്‍ഘ്യം കൂടുതലാണെങ്കിലും അവസ്ഥ പരിതാപകരമെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ദേശീയപാതകള്‍ക്ക്‌പോലും ദേശീയശരാശരി പുലര്‍ത്താന്‍ കഴിയുന്നില്ല. റോഡുകളുടെ ശോചനീയാവസ്ഥ അപകടത്തിന് കാരണമാണെങ്കിലും കരുതലില്ലാത്ത ഓട്ടവും അമിതവേഗതയും മുഖ്യകാരണങ്ങളില്‍ പെടുന്നു.
ഒരു വര്‍ഷം മുന്‍പ് സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണം അമിതവേഗതകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ടല്ലോ. തിരക്കിട്ട ഓട്ടം നടുറോഡില്‍ ചുടുചോരയും മാംസവും ചിതറുന്ന രീതിയിലായിക്കൂട. റോഡില്‍ സഞ്ചരിക്കുന്നവര്‍ ഇറങ്ങിയതുപോലെ തിരിച്ചെത്തുന്ന സാഹചര്യം ഉണ്ടായേ പറ്റൂ. അതിന് എല്ലാവരും മനസ്സ് വയ്‌ക്കേണ്ടകാലം അതിക്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക