Categories: Varadyam

കലയിലെ ഈശ്വരീയത

എറണാകുളത്തിനടുത്ത് കാലടി മാണിക്യമംഗലത്തുള്ള ആര്‍ട്ട് ആന്‍ഡ് മൈന്‍ഡ് എന്ന തന്റെ വീടിന്റെ രണ്ടാം നില ഗ്യാലറിയാക്കിയത് 20 വര്‍ഷം മുന്‍പ്. കലയ്‌ക്കുവേണ്ടി ഒരു വീടുതന്നെ പണിതീര്‍ത്തിരിക്കുകയാണിപ്പോള്‍. ആര്‍ട്ട് ആന്‍ഡ് മൈന്‍ഡ് എന്നുതന്നെയാണ് എറണാകുളം പറവൂര്‍ കുറ്റിയാര്‍പാടം പാലത്തിന് സമീപമുള്ള ഈ റസിഡന്‍ഷ്യല്‍ ആര്‍ട്ട് ഗ്യാലറിയുടേയും പേര്. ചുമര്‍ ചിത്രകലയെ സംരക്ഷിക്കുന്നതിനുള്ള ഒരിടം. ചുമര്‍ചിത്രങ്ങള്‍ ആസ്വദിക്കുക മാത്രമല്ല, വരയ്‌ക്കാന്‍ വാസനയുള്ളവര്‍ക്ക്, സ്വസ്ഥമായി ഇരുന്ന് എഴുതണമെന്നുള്ളവര്‍ക്ക് അതിനെല്ലാമുള്ള ഇടവും ഇവിടെയുണ്ട്. ശുദ്ധവായു ശ്വസിച്ച്, മനസ്സിനെ ശാന്തമാക്കി കലയിലേക്ക് സ്വയം അര്‍പ്പിക്കാനുള്ള പശ്ചാത്തലമാണ് ഇവിടെയുളള്ളത്. കലയും മനസ്സും സമന്വയിപ്പിക്കാനാവുന്ന ഇടം. അങ്ങനെ വരുമ്പോള്‍ ഇതൊരു ആര്‍ട്ടിസ്റ്റ് റസിഡന്‍സി കൂടിയാണ്. കാലടി സംസ്‌കൃത സര്‍വ്വകലാശാല ചിത്രകലാ വിഭാഗം മേധാവിയും കേരള സംസ്ഥാന വിദ്യാഭ്യാസ കരിക്കുലം  സ്റ്റിയറിങ് കമ്മിറ്റി അംഗവുമാണ് സാജു തുരുത്തില്‍. ചുമര്‍ചിത്രകലയില്‍ 30 വര്‍ഷം പിന്നിടുന്ന സാജുവിന്റെ വരജീവിതത്തിലൂടെ…

ചായം ചാലിച്ച ചുമരുകള്‍

ഉൗ്രശചുമര്‍ചിത്രകലയിലേക്ക് സാജുവിനെ വഴിതിരിച്ചുവിട്ടത് അമ്മ ലീലയാണ്. കലകൊണ്ട് ജീവിക്കാന്‍ ആവുമോ എന്ന സംശയം ബലപ്പെട്ടുനിന്ന ആ സാഹചര്യത്തില്‍ അമ്മ നല്‍കിയ ധൈര്യമാണ് ചിത്രകല പഠിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാല്‍ അതുമാത്രമല്ല കാരണം. പഠനത്തിന്റെ ഭാഗമായി ദൂരദേശങ്ങളിലേക്ക് സഞ്ചാരം, ആകര്‍ഷകമായ സ്‌റ്റൈപ്പന്റ്. മറ്റൊന്നും നോക്കിയില്ല ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴില്‍ ആരംഭിച്ച ചുമര്‍ചിത്രകല കോഴ്സില്‍ ചേരുന്നതിന് അപേക്ഷിച്ചു. അഞ്ച് വര്‍ഷമായിരുന്നു കോഴ്സ്. ചുമര്‍ചിത്രകലയുടെ ആചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ കീഴിലായിരുന്നു പഠനം.

ഗുരുവായൂര്‍ ക്ഷേത്രത്തിന് തീപിടിച്ചില്ലായിരുന്നുവെങ്കില്‍ ചുമര്‍ചിത്രകലയ്‌ക്ക് ഒരു തിരിച്ചുവരവ് സാധ്യമാകില്ലായിരുന്നുവെന്നാണ് സാജുവിന്റെ വിലയിരുത്തല്‍. അന്ന് അവിടെയുണ്ടായിരുന്ന ദാരുശില്‍പങ്ങള്‍, കരിങ്കല്‍ ശില്‍പങ്ങള്‍, ശ്രീകോവിലിനുള്ളില്‍ ഉണ്ടായിരുന്ന മഹത്തായ ചുമര്‍ ചിത്രങ്ങള്‍ എല്ലാം നശിച്ചു. ഇവയെ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങളിലൂടെയാണ് ഈ അനുഗൃഹീത കലയ്‌ക്ക് പുനര്‍ജനി സാധ്യമായത്. അതിന് കാരണമായത് മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരും. അന്ന് അദ്ദേഹം തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുമര്‍ചിത്രരചനയില്‍ ഏര്‍പ്പെട്ടിരുന്ന കാലമാണ്. മമ്മിയൂരിന്റെ കീഴില്‍ ആരംഭിച്ച കോഴ്‌സില്‍ മുന്നൂറോളം പേരാണ് ചേരാനെത്തിയത്. അവരില്‍ നിന്നും കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പത്ത് പേര്‍  തെരഞ്ഞെടുക്കപ്പെട്ടു. 1989 ലായിരുന്നു ആദ്യ ബാച്ച് ആരംഭം. അന്ന് പഠിക്കാനെത്തിയവര്‍ അത്രയും മിടുക്കരായിരുന്നു. അവരിലൂടെയാണ് പിന്നെ ചുമര്‍ചിത്രകലയ്‌ക്ക് ഭാവിയുണ്ടായത്. ചുമരില്‍ മാത്രം കണ്ടിട്ടുള്ള ചിത്രത്തെ നമ്മള്‍ ഇരിക്കുന്നിടത്തേക്ക് കൊണ്ടുവരിക എന്ന വിപ്ലവകരമായ മാറ്റത്തിനാണ് സാജു നിമിത്തമായത്. അടയാളങ്ങള്‍ സൃഷ്ടിക്കുകയാണ് കലാകാരന്റെ ധര്‍മ്മം എന്ന വിശ്വാസമാണ് ഇദ്ദേഹത്തിനുള്ളത്. 

കലയിലെ പരീക്ഷണങ്ങള്‍

ചുമര്‍ചിത്രങ്ങള്‍ക്ക് ആധാരമായ ആശയങ്ങള്‍ പല ധ്യാനശ്ലോകങ്ങളില്‍ നിന്നാണ് ഉരുത്തിരിഞ്ഞിരുന്നത്. മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ആ പാതയിലായിരുന്നു. ധ്യാനമൂര്‍ത്തികളെയായിരുന്നു അതിലൂടെ ആവിഷ്‌കരിച്ചിരുന്നത്. അതില്‍ നിന്നൊരു മാറ്റം കൊണ്ടുവരാന്‍ സാജുവിന് സാധിച്ചു. ധ്യാനാവസ്ഥയിലുള്ള ഭാവങ്ങള്‍ക്ക് പകരം ചലനാത്മകമായ ഭാവങ്ങള്‍ ചുമര്‍ചിത്രകലയില്‍ സന്നിവേശിപ്പിച്ചു. അത്തരത്തില്‍ ഗംഭീരമായ ചിത്രങ്ങള്‍ മട്ടാഞ്ചേരി കൊട്ടാരത്തിലാണ് കണ്ടിട്ടുള്ളത്. ആ ചിത്രങ്ങളുടെ സ്വാധീനമാണ് അതിന് കാരണം. കല വികാസം പ്രാപിക്കുന്നത് പലവിധ പരീക്ഷണങ്ങളിലൂടെയാണെന്നാണ് സാജുവിന്റെ അഭിപ്രായം.

ചുമര്‍ചിത്രകല പഠിക്കുന്ന സമയത്ത് പല ദേശങ്ങളിലുള്ള ചുമര്‍ചിത്രങ്ങളുടെ ട്രെയ്‌സ് എടുക്കുക എന്നത് കോഴ്‌സിന്റെ ഭാഗമായിരുന്നു. എറണാകുളം എളങ്കുന്നപ്പുഴ ക്ഷേത്രത്തില്‍ നിന്നാണ് സാജു ട്രെയ്‌സ് എടുത്തത്. ശിവന്റെ മടിയില്‍ ഗണപതിക്കും മുരുകനുമൊപ്പം പാര്‍വ്വതിയും ഇരിക്കുന്ന ശിവ പഞ്ചാക്ഷരി ചിത്രത്തിന്റെ ട്രെയ്‌സായിരുന്നു അത്.

പഠനം തുടങ്ങി ഏതാനും നാള്‍ കഴിഞ്ഞപ്പോഴാണ് ഗണപതിയെ സ്‌ത്രൈണ സങ്കല്‍പത്തില്‍ വരച്ചത്. വിനായകി ഭാവത്തിലുള്ള ചിത്രം. പന്നിയൂര്‍ ക്ഷേത്രത്തില്‍ കണ്ട ഒരു ചിത്രത്തിലൂടെയാണ് ആ ആശയം ഉണ്ടായത്. അമ്മദൈവം എന്ന സങ്കല്‍പത്തില്‍ പിറന്ന ആ ചിത്രം പക്ഷേ ഗുരുനാഥന് അത്ര ദഹിച്ചില്ല. നെല്ലിപ്പടിക്ക് ഓവ് വയ്‌ക്കരുതെന്നാണ് ചിത്രം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍ 1990-ല്‍ സംസ്ഥാന അവാര്‍ഡ് ആ ചിത്രത്തിന് ലഭിച്ചു. അപ്പോഴാണ് ഗുരുവിന് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പരിമിതി മനസ്സിലാകുന്നതും മറ്റുള്ള ആശയങ്ങള്‍ ചുമര്‍ചിത്രങ്ങളില്‍ സന്നിവേശിപ്പിക്കാന്‍ തയ്യാറായതും. 

മമ്മിയൂരിന്റെ ഗുരുവായിരുന്നു കരിമാമ്പറമ്പത്ത് അച്യുതന്‍ നായര്‍. അദ്ദേഹത്തിന്റെ ഗുരുനാഥന്‍ പുലാക്കാട്ട് രാമന്‍ നായര്‍. ചുമര്‍ചിത്രകലയുടെ പൂര്‍വ്വകാലം ഈ പരമ്പരയിലൂടെയാണ് നിലനിന്നിരുന്നത്. 

വര്‍ഷങ്ങള്‍ക്ക് മുന്നേ സാരിയില്‍ മ്യൂറല്‍ പെയിന്റിങ് ചെയ്തതിന്റെ അംഗീകാരവും സാജുവിന് അവകാശപ്പെട്ടതാണ്. ഇത് സാര്‍വത്രികമാവുംമുന്നേ അത്തരത്തിലൊരു സാധ്യത പ്രയോജനപ്പെടുത്താന്‍ സാജുവിന് കരുത്തായതാവട്ടെ കല്യാണ്‍ സില്‍ക്‌സ് ഉടമ പട്ടാഭിരാമനും. സൗഗന്ധിക സില്‍ക്‌സിന്റെ  ആദ്യ ശ്രേണിയില്‍പ്പെട്ട ഛായാമുഖി സാരി പുറത്തിറക്കിയത് മോഹന്‍ലാലും മുകേഷും ചേര്‍ന്നായിരുന്നു. ഛായാമുഖി സീരീസില്‍ നാനൂറോളം ചിത്രങ്ങള്‍ ഇതിനോടകം വരച്ചു. മുന്‍ ലോകസുന്ദരി ഐശ്വര്യ റായി വരെ  സാജു ഒരുക്കിയ ചുമര്‍ചിത്ര ഭംഗി നിറഞ്ഞ സാരിയണിഞ്ഞു. 

തമ്പുരാന്റെ അനുഗ്രഹം

കലയ്‌ക്കുവേണ്ടി ഇത്രയും സമര്‍പ്പിക്കാനായത് എല്ലാം തമ്പുരാന്റെ അനുഗ്രഹം എന്നു പറയും സാജു. ചില നിയോഗങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയതും അതുകൊണ്ടുതന്നെ. നിരവധി ചുമര്‍ചിത്രകാരന്മാരുള്ള നാട്ടില്‍, പേരുകേട്ട നിരവധി ക്ഷേത്രങ്ങളില്‍ ചുമര്‍ചിത്രം രചിക്കാനുള്ള ഭാഗ്യം  ലഭിച്ചതിലെ  അത്ഭുതം സാജു മറച്ചുവയ്‌ക്കുന്നില്ല. ചുമര്‍ ചിത്രകലയില്‍ പ്രധാനം രേഖാപ്രാധാന്യവും ആത്മീയ അടിത്തറയുമാണ്. 

ചുമര്‍ചിത്രങ്ങളുടെ മോട്ടിഫ് ഉപയോഗിച്ച് വേറെ പരീക്ഷണങ്ങളും നടത്തി. അങ്ങനെയാണ് സിമന്റ് റിലീഫുകള്‍ ചെയ്തത്. പതിനാല് ക്ഷേത്രങ്ങളില്‍ ചുമര്‍ചിത്രം രചിച്ചു. 35 ഓളം രാജ്യങ്ങളിലായി 500 ല്‍ പരം ചുമര്‍ചിത്രങ്ങള്‍ എത്തിച്ചു. ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുമായിരുന്ന ഈ കലയെ ലോകവ്യാപകമായി എത്തിച്ചതും  നിയോഗമായി കരുതുന്നു. 

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ചങ്ങനാശേരി പെരുന്ന ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, പിറവം പാഴൂര്‍ ക്ഷേത്രം, തുറവൂര്‍ നരസിംഹസ്വാമി  ക്ഷേത്രം, തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂര്‍ ക്ഷേത്രം, കുടമാളൂര്‍ വാസുദേവപുരം ക്ഷേത്രം തുടങ്ങി പതിനാല് ക്ഷേത്രങ്ങളിലും നിരവധി പള്ളികളിലും ചുമര്‍ചിത്രം രചിച്ചു.  പെരുന്ന ക്ഷേത്രത്തില്‍ ചുമര്‍ചിത്രം ചെയ്യാന്‍ പോയപ്പോള്‍ അത്ഭുതപ്പെടുത്തുന്ന പലതും സംഭവിച്ചു. ആദ്യം ശൂന്യമായിരുന്നു മനസ്സ്. എന്തു വരയ്‌ക്കണം എന്നതുസംബന്ധിച്ച് യാതൊരു ആശയവും രൂപപ്പെട്ടിരുന്നില്ല. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടുനില്‍ക്കുമ്പോഴാണ് എന്താണ് വരയ്‌ക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ക്ഷേത്രം മേല്‍ശാന്തി ചോദിക്കുന്നത്. ഭഗവാന്‍ വഴികാണിക്കുമെന്ന് മറുപടി നല്‍കി. അപ്പോഴാണ് സ്‌കന്ദ ഷഷ്ഠി സംബന്ധിച്ച അറിയിപ്പ് കാണുന്നത്. സ്‌കന്ദപുരാണം തുടങ്ങാനാണല്ലോ ഭഗവാന്‍ പറയുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. ക്ഷേത്രനട തുറന്നപ്പോഴാവട്ടെ പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദവും അനുഭവപ്പെട്ടു. 

ചിത്രങ്ങളുടെ സ്‌പോണ്‍സറാണ് സ്‌കന്ദ പുരാണം നല്‍കിയത്.  വീട്ടിലെത്തി പൂജകള്‍ക്കുശേഷം സ്‌കന്ദപുരാണം തുറന്നപ്പോള്‍ മുന്നില്‍ തെളിഞ്ഞത് ഒന്നാം അധ്യായത്തിലെ വരികള്‍. പച്ചക്കിളികളെ പൂട്ടിയ രഥത്തില്‍ വെള്ളമേഘക്കീറുകള്‍ക്കിടയിലൂടെ തന്റെ താതനായ ബ്രഹ്മദേവന്റെ ഇംഗിതപ്രകാരം ദേവസദസ്സിലേക്കെത്തുന്ന കാമദേവന്റെ വ്യാഖ്യാനമായിരുന്നു അത്. ദിവസങ്ങള്‍ക്കകം ക്ഷേത്രത്തില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു.  ഇനാമല്‍ പെയിന്റ് അടിച്ച ഭാഗങ്ങള്‍ ചുരണ്ടിയപ്പോള്‍ പഴയ ചുമര്‍ചിത്രങ്ങള്‍ തെളിഞ്ഞെന്നു കേട്ടത് വിശ്വസിക്കാനായില്ല. അത് നശിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. ക്ഷേത്രത്തിലെത്തിയപ്പോഴത്തെ കാഴ്ച അവിശ്വസനീയം. ഏകദേശം 300 വര്‍ഷം മുന്നേ ചിത്രം വരയ്‌ക്കാനായി ശ്രീകോവില്‍ ഒരുക്കിയിരുന്നു. അതില്‍ ആദ്യ രംഗം കുമാരസംഭവം ആയിരുന്നു. 

താന്‍ വരയ്‌ക്കാന്‍ തീരുമാനിച്ച ചിത്രങ്ങള്‍ മുമ്പ് ആരോ അപൂര്‍ണ്ണമാക്കി വരച്ച പോലെ. അതിന്റെ തുടര്‍ച്ച ചെയ്യാനുള്ള ഭാഗ്യമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ നിമിഷം. ഇതുപോലെ ദൈവികമായ പല അനുഭവങ്ങളും സാജുവിന് ഉണ്ടായിട്ടുണ്ട്. 

തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങള്‍ രചിക്കാന്‍ സാധിച്ചതും അത്തരത്തിലൊരു ദൈവനിശ്ചയമായിരുന്നു. സാജുവിന്റെ ജാതകം ഒത്തുനോക്കിയിട്ടായിരുന്നു ക്ഷണം. ബാലാലയം ചെയ്യുന്നതിനായി ഒരു വര്‍ഷം ശ്രീകോവില്‍ ചിത്രകാരന് വിട്ടുനല്‍കും. അതാണ് ചുമര്‍ചിത്രകാരനോടുള്ള വിശ്വാസം. 

ചുമര്‍ചിത്രമാവാന്‍ ഇന്ദുലേഖയും

ചുമര്‍ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ അന്വേഷിക്കുകയും അവയ്‌ക്ക് ചാരുത നല്‍കുകയും ചെയ്യുന്ന തിരക്കിലാണ് സാജൂ. പൗരാണിക ചുമര്‍ചിത്ര സങ്കല്‍പങ്ങളെയെല്ലാം തിരുത്തുകയാണ് ഇദ്ദേഹം. ഒ.ചന്തുമേനോന്റെ ഇന്ദുലേഖയ്‌ക്ക് ചുമര്‍ചിത്ര ഭാഷ്യം ചമയ്‌ക്കുക എന്നത് ഇദ്ദേഹത്തിന്റെ ആഗ്രഹമാണ്. ഇതിനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുന്നേ തുടങ്ങി. സ്‌പോണ്‍സറെ കിട്ടുകയാണെങ്കില്‍ ഇന്ദുലേഖ ചുമര്‍ചിത്രമായി തെളിയും. 

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, കേരളത്തിന്റെ നഷ്ടമായ പാരമ്പര്യ തനിമകള്‍ ഉള്‍പ്പെടുത്തിയ  വേരുകള്‍ എന്ന സീരീസ്  ഇതൊക്കെ ചുമര്‍ചിത്രകലയില്‍ നിന്നുകൊണ്ടുതന്നെ, വഴിമാറിയുള്ള സഞ്ചാരമായിരുന്നു. ബേഡ് വിത്ത് ലേഡി, ഫ്‌ളവര്‍ വിത്ത് ലേഡി, യക്ഷി തുടങ്ങിയവയും വ്യത്യസ്ത ആശയങ്ങളുടെ ആവിഷ്‌കാരമായിരുന്നു. ടൈം ആന്‍ഡ് സ്‌പേസ് എന്ന കണ്‍സപ്ടിനെ ആധാരമാക്കിയുള്ള വര്‍ക്കുകളാണ് ഇപ്പോള്‍ നടക്കുന്നത്. 

വന്‍ പ്രോജക്ടുകള്‍ കാലടി സര്‍വ്വകലാശാല ഫൈന്‍ ആര്‍ട്‌സ് കണ്‍സോര്‍ഷ്യത്തിന്റെ പേരിലാക്കി മാറ്റുകയാണ് പതിവ്. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഒരുക്കിയ വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ ചുമര്‍ചിത്രം സാജുവിന്റെ നേതൃത്വത്തില്‍ ഫൈന്‍ ആര്‍ട്‌സ് കണ്‍സോര്‍ഷ്യമാണ് തയ്യാറാക്കിയത്.

കലയും മനസ്സും

വര്‍ഷങ്ങള്‍ക്ക് മുന്നേ തന്റെ പക്കല്‍ നിന്നും ചിത്രങ്ങള്‍ വാങ്ങാന്‍ വന്ന ആന്റിക്  വ്യാപാരിക്ക് മുന്നിലേക്ക്, കട്ടിലിനടിയില്‍ ചുരുട്ടിവച്ചിരുന്ന സൃഷ്ടികള്‍ എടുത്ത് കാണിക്കേണ്ടി വന്നിട്ടുണ്ട് ഈ കലാകാരന്. ആ ഭൂതകാലത്തില്‍ നിന്നാണ് റസിഡന്‍ഷ്യല്‍ ആര്‍ട്ട് ഗ്യാലറിയെന്ന ആശയ യാഥാര്‍ഥ്യത്തിലേക്കുള്ള പ്രയാണം സാര്‍ത്ഥകമായിരിക്കുന്നത്. അന്താരാഷ്‌ട്ര നിലവാരത്തില്‍ ഇവിടെ ചിത്രങ്ങള്‍ ആസ്വദിക്കാം. അതിനനുസരിച്ചുള്ള പ്രകാശ സജ്ജീകരണങ്ങള്‍ കാഴ്ചയെ കൂടുതല്‍ ഹൃദ്യമാക്കും. മാസത്തിലൊരിക്കല്‍ ഗാനസന്ധ്യ, ചുമര്‍ചിത്രരചനാ പരിശീലനം തുടങ്ങി കല ആസ്വദിക്കാനും പഠിക്കാനും ഉള്ള സംവിധാനങ്ങള്‍ എല്ലാം സാജു ആസ്വാദകര്‍ക്കായി ഒരുക്കുന്നു.  പറവൂര്‍ ചെറിയപല്ലംതുരുത്ത് കുറ്റിയാര്‍പാടം പാലത്തിന് സമീപം പറവൂര്‍ പുഴയുടെ തീരത്താണ് ആര്‍ട്ട് ആന്‍ഡ് മൈന്‍ഡ് റസിഡന്‍ഷ്യല്‍ ആര്‍ട്ട് ഗ്യാലറി. 

പുരസ്‌കാരങ്ങള്‍, നേട്ടങ്ങള്‍ 

1992-ല്‍ ലളിതകലാ അക്കാദമിയുടെ ഉന്നത ബഹുമതി പത്രം. 1994-ല്‍  ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ്. 1995-ല്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ചുമര്‍ചിത്രകലയ്‌ക്കുള്ള ജൂനിയര്‍ ഫെലോഷിപ്പ്. 2001-ല്‍ കലാദര്‍പ്പണം സംസ്ഥാന പുരസ്‌കാരം. 2006-ല്‍ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ്. 2014-ല്‍ സാഗ ഇന്റര്‍നാഷണല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ്(ഷാര്‍ജ). 2014-ല്‍ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍. 

കുടുംബം

തുരുത്തില്‍ വീട്ടില്‍ സുകുമാരന്‍-ലീല ദമ്പതികളുടെ മകനാണ് സാജു തുരുത്തില്‍. ഭാര്യ പെരുമ്പാവൂര്‍ ഐസിഡിഎസില്‍ പ്രോജക്ട് ഓഫീസറായ ഡോ.സീന. മകന്‍ മാധവ് പ്ലസ് ടു വിദ്യാര്‍ത്ഥി.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക