ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കരുത്തുറ്റ വിജയം നല്കുന്ന ആവേശത്തില്‍ നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്യത്തെ നൂറ്റിമുപ്പത് കോടി ജനങ്ങളെ സാക്ഷിയാക്കി മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാമൂഴത്തിന് തുടക്കം കുറിക്കുമ്പോള്‍ ലോക രാഷ്ട്രങ്ങള്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് വൈകിട്ട് ഏഴു മണിയോടെ രാഷ്ട്രപതിഭവനില്‍ ആരംഭിക്കും. മോദിക്കൊപ്പം ഇരുപതോളം ക്യാബിനറ്റ് മന്ത്രിമാരും അത്രതന്നെ സഹമന്ത്രിമാരും ചുമതലയേല്‍ക്കും. 2014ല്‍ 23 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 10 സഹമന്ത്രിമാരും പത്ത് സഹമന്ത്രിമാരും അടക്കം 44 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രധനമന്ത്രിസ്ഥാനം വഹിക്കുന്ന അരുണ്‍ ജെയ്റ്റ്ലി, അനാരോഗ്യം കണക്കിലെടുത്ത് തന്നെ മന്ത്രിസഭയിലേക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് മോദിക്ക് കത്തു നല്‍കിയിട്ടുണ്ട്. രാത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വീട്ടിലെത്തി മോദി അദ്ദേഹവുമായി ചര്‍ച്ച നടത്തി.
ഇന്ന് രാവിലെ ഏഴു മണിക്ക് രാജ്ഘട്ടില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെയും സമാധികളില്‍ പുഷ്പ്പാര്‍ച്ചന നടത്തുന്ന പ്രധാനമന്ത്രി 7.30ന് ഇന്ത്യാഗേറ്റിന് സമീപത്തെ ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പമര്പ്പിക്കും. തുടര്‍ന്ന് പുതുതായി മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി പ്രഭാതഭക്ഷണം കഴിക്കും. ഇന്നലെ രാത്രിയോടെ എല്ലാ മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിയുടേയും പാര്‍ട്ടി അധ്യക്ഷന്റെയും ഫോണ്‍ സന്ദേശങ്ങള്‍ എത്തിയിട്ടുണ്ട്. ആരൊക്കെ മന്ത്രിമാരാവും എന്നതു സംബന്ധിച്ച വിവരങ്ങള്‍ അവസാന നിമിഷം വരെ മാധ്യമങ്ങളില്‍ നിന്ന് രഹസ്യമാക്കി വെയ്ക്കാന്‍ ബിജെപി സവിശേഷ ശ്രദ്ധയാണ് പുലര്‍ത്തിയത്.
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗന്നാഥ്, ഭൂട്ടാന് പ്രധാനമന്ത്രി ഡോ. ലോട്ട ഷെറിങ്, തായ്ലന്റ് രാജപ്രതിനിധി ഗ്രിസഡ ബൂന്റാച്ച്, മ്യാന്മര് പ്രസിഡന്റ് യു വിന് മിന്റ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, കിര്‍ഗിസഥാന്‍ റിപ്പബ്ലിക് പ്രസിഡന്റ് സൂരോണ്‍ബെ ജീന്‍ബെകോവ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി എന്നിവരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന രാഷ്ട്രനേതാക്കള്‍.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ഒഴിച്ചുള്ള എല്ലാ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ്സില്‍ നിന്ന് സോണിയാഗാന്ധിയും രാഹുല്ഗാന്ധിയുമടക്കമുള്ളവര് പങ്കെടുക്കുമെന്നാണ് സൂചന. കുമ്മനം രാജശേഖരന്, അഡ്വ. പി.എസ് ശ്രീധരന് പിള്ള, വി. മുരളീധരന് എംപി, പി.കെ കൃഷ്ണദാസ്, കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, എ.എന്‍ രാധാകൃഷ്ണന്, തുഷാര്‍ വെള്ളാപ്പള്ളി, പി.സി.തോമസ്, പി.സി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് 35 അംഗ എന്‍ഡിഎ സംഘമാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: